കടലിനും ചൂടേറുന്നു; ഭൂമി അഭിമുഖീകരിക്കുന്നത് ജീവന്റെ നിലനിൽപ്പ്‌


സരിന്‍.എസ്.രാജന്‍

പ്രതീകാത്മക ചിത്രം | Photo-Gettyimage

രേഖപ്പെടുത്തിയതിൽ ഉഷ്ണമേറിയ അഞ്ചാം വർഷം. സമുദ്ര താപനില ഉയർന്നു പൊങ്ങിയതും കടന്നുപോയ വർഷത്തിൽ. യൂറോപ്യൻ യൂണിയന്റെ റിപ്പോർട്ട് ശരിവെക്കുകയാണ് അമേരിക്കയിൽനിന്നുള്ള പുതിയ കണ്ടെത്തൽ. രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ അഞ്ചാം വർഷമായിരുന്നു കഴിഞ്ഞതെന്നായിരുന്നു യൂറോപ്യൻ യൂണിയനിലെ ഗവേഷകരുടെ കണ്ടെത്തൽ. ശരാശരിയെ അപേക്ഷിച്ച് 2022-ൽ ആഗോള താപനിലയിൽ 0.89 ഡിഗ്രി സെൽഷ്യസ് വർധനവാണ് രേഖപ്പെടുത്തിയതെന്ന് ന്യൂയോർക്കിലെ ഗൊദാർദ് ഇൻസ്റ്റിട്ട്യൂട്ട് ഫോർ സ്‌പേസ് സ്റ്റഡീസിലെ ഗവേഷകർ പറയുന്നു. 1951 മുതൽ 1980 വരെയുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു ഇത്.

2015-ൽ സംഭവിച്ചത്
1880-ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ചൂടേറിയ നാലാം വർഷമായിരുന്നു 2015. പസഫിക് സമുദ്രത്തിൽ ലാ നിനാ പ്രതിഭാസം കണ്ടെത്തിയിട്ടു പോലും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ആഗോള താപനിലയിൽ ചെറിയ ചില വ്യതിയാനങ്ങൾ ലാ നിനാ പ്രതിഭാസം മൂലമുണ്ടാകാറുണ്ട്. എന്നാൽ 2022-ൽ ഇതും സംഭവിച്ചില്ല. കഴിഞ്ഞ് ഒൻപത് വർഷവും ചൂടിന്റെ കാര്യത്തിൽ സ്ഥിതി മറിച്ചായിരുന്നില്ല. തുടർച്ചയായി ചൂടേറിയ ഒൻപതു വർഷങ്ങളാണ് നാം അഭിമുഖീകരിച്ചതെന്ന് പല പഠന റിപ്പോർട്ടുകളും ശരിവെയ്ക്കുന്നു. 19-ാം നൂറ്റാണ്ടിലെ ശരാശരി താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-ൽ 1.11 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വർധിച്ചു വരുന്ന താപനില ലോകമെമ്പാടും അപായമണി മുഴക്കിക്കഴിഞ്ഞു. താപനില വർധന മറ്റൊരു മുന്നറിയിപ്പിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വിദ്ഗധർ പറയുന്നു. കാട്ടുതീ സംഭവങ്ങൾ കൂടുതൽ വ്യാപകമാവുന്നു. ചുഴലിക്കാറ്റുകൾ യഥാർത്ഥ കരുത്ത് കാട്ടുന്നു. സമുദ്രനിരപ്പ് കൂടുന്നു. ഇതെല്ലാം താപനില വർധനവിന്റെ പരിണിത ഫലങ്ങളായി കണക്കാക്കാം. കാലാവസ്ഥാ വ്യതിയാനം എത്രമാത്രം അപകടകരമാണെന്നും അത് എത്രമാത്രം ഭവിഷ്യത്തുണ്ടാക്കാൻ കെൽപ്പുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നതാണ് പുതിയ പഠന റിപ്പോർട്ട്. എന്നാൽ യു.എസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് മറ്റൊന്നിലേക്കാണ്.

മറ്റ് റിപ്പോര്‍ട്ടുകള്‍
1880-ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ആറാം വർഷമാണ് നാം അഭിമുഖീകരിച്ചതെന്നാണ് യു.എസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ചൂടേറിയ അഞ്ചാം വർഷമായിരുന്നുവെന്നാണ് യൂറോപ്യൻ യൂണിയൻ ഗവേഷകരും നൽകുന്ന സൂചന. ഓരോ ദശാബ്ദം കഴിയുമ്പോഴും താപനിലയിൽ 0.2 ഡിഗ്രി സെൽഷ്യസിന്റെ വർധനവ് രേഖപ്പെടുത്തുന്നതായി പുതിയ റിപ്പോർട്ടും അഭിപ്രായപ്പെടുന്നു. ഇത് പാരീസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് മാർഗതടസ്സം സൃഷ്ടിക്കും. ആഗോള താപനില വർധന 1.5 ഡിഗ്രിക്കുള്ളിൽ ചുരുക്കുകയെന്നതാണ് പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

മാറി വരുന്ന കാലാവസ്ഥാ ലോകമെമ്പാടും നിരവധി കാലാവസ്ഥാ പ്രതിസന്ധികള്‍ക്കും കാരണമായി. മുന്‍കാല റെക്കോഡുകള്‍ പഴങ്കഥയാവുന്ന സംഭവത്തിന് കൂടിയാണ് 2022 സാക്ഷ്യം വഹിച്ചത്. സമുദ്ര താപനിലയിലടക്കം വര്‍ധനവ് രേഖപ്പെടുത്തി.

ആഗോള താപ വര്‍ധനവിന്റെ പ്രധാന പരിണിത ഫലങ്ങളിലൊന്ന് കൂടിയാണ് കാട്ടുതീ സംഭവങ്ങള്‍ | Photo-Gettyimage

പ്രളയം വിഴുങ്ങിയ പാക്കിസ്താനും യൂറോപ്പിലെ വേനലും
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനലാണ് യൂറോപ്പിൽ രേഖപ്പെടുത്തിയത്. പാകിസ്താനിൽ പ്രളയം വിഴുങ്ങിയത് 1,700-ഓളം മനുഷ്യരെയാണ്. ഉഗാണ്ടയിൽ വില്ലനായത് വരൾച്ചയാണെങ്കിൽ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ കാഠിന്യമേറിയ കാട്ടുതീ വെല്ലുവിളിയായി. ഭൂമിയിൽ താപനിലയിലടക്കം വർധന രേഖപ്പെടുത്താനുള്ള പ്രധാന കാരണങ്ങളെന്താണ്? പ്രകൃതിപരമായ മാറ്റങ്ങളല്ല കാരണമെന്നാണ് പല കോണുകളിൽനിന്നും ഉയരുന്ന അഭിപ്രായം.

ഹരിതഗൃഹ വാതക ബഹിർഗമനം തന്നെയാണ് ഇവിടെയും വില്ലനാവുന്നത്. ആഗോള ബഹിർഗമനം കുറയ്ക്കുന്നതിൽ പങ്കാളികളാകുമെന്ന് ലോകരാജ്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും ഒന്നും നടപ്പിൽ വരാത്ത അവസ്ഥ. കോവിഡ് കാലത്ത് ചെറിയ തോതിൽ ഹരിതഗൃഹ വാതക ബഹിർഗമനം കുറഞ്ഞിരുന്നു. 2020-ലായിരുന്നു ഇത്. എന്നാൽ, 2022 ബഹിർഗമനങ്ങൾ പുതിയ റെക്കോഡുകൾ താണ്ടി. കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം ഏറ്റവും ഉയർന്ന തോതിലായിരുന്നു 2022-ൽ. ഭൂമി കഴിഞ്ഞ 30 ലക്ഷം വർഷം അഭിമുഖീകരിക്കാത്ത തരത്തിലുള്ള കാർബൺ ബഹിർഗമനമാണ് നിലവിൽ സംഭവിക്കുന്നത്.

മാറി വരുന്ന കാലാവസ്ഥ

മാറി കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് നാം അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളി. തണുപ്പേറിയ പ്രദേശങ്ങൾ കടുത്ത ചൂടിന് വിധേയമായി. ആർട്ടിക്കിൽ സംഭവിച്ചതും മറ്റൊന്നല്ല. തണുപ്പേറിയ പ്രദേശമെന്ന ഖ്യാതി നേടിയ ആർട്ടിക്കാണ് ചൂടിന് ഏറ്റവുമധികം വിധേയമായത്. ആഗോള ശരാശരിയേക്കാൾ നാല് മടങ്ങ് താപനിലയാണ് ആർട്ടിക്കിൽ രേഖപ്പെടുത്തിയത്. അന്റാർട്ടിക്കയിലും സ്ഥിതി വിഭിന്നമല്ല. അതിവേഗത്തിൽ ഉരുകിത്തീരുന്ന ഹിമാനികൾ ഇതോടു ചേർത്തു വായിക്കാവുന്നതാണ്. ഹിമാനികളുടെ 80 ശതമാനം അഥവാ അഞ്ചിൽ നാല് ഹിമാനികൾ 2100-ഓടെ വിസ്മൃതിയിലാകുമെന്നാണ് കാർണി മെല്ലൺ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡേവിഡ് റൗൺസ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവും താഴ്ന്ന തോതിൽ ഹരിതഗൃഹ വാതക ബഹിർഗമനം നടക്കുകയാണെങ്കിൽ പോലും 25 ശതമാനം വരുന്ന ഹിമാനികൾ അപ്രത്യക്ഷമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഹിമാനികൾ ഉരുകി തീരുന്നതും താപവർധനവും തമ്മിൽ എന്താണ് ബന്ധം? എന്തു കൊണ്ടാണ് ഹിമാനികൾ ഉരുകുന്നത് താപവർധനവുമായി ചേർത്ത് വായിക്കാനാവുന്നത്? താപവർധന മഞ്ഞുരുകലിന് ആക്കം കൂട്ടുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. മഞ്ഞുരുകലിന് വേഗത കൂടുന്നത് ചെറിയ ദ്വീപ് രാഷ്ട്രങ്ങൾ ഇല്ലാതാകാനുള്ള കാരണമാകുന്നു. ഹിമാനികഅലിഞ്ഞു പോവുന്നത് ടൂറിസം, സാംസ്‌കാരിക മൂല്യങ്ങളെ ബാധിക്കുമെന്നും ഉറപ്പ്. അപ്പോൾ ചെറു ദ്വീപ് രാഷ്ട്രങ്ങളുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന വിടവുകൾ ഊഹിക്കാവുന്നതേയുള്ളൂ.

മഞ്ഞുരുകുമ്പോഴുണ്ടാവുന്ന ജലം സമുദ്രങ്ങളിലാണ് എത്തിപ്പെടുക. ഇത് ആഗോള സമുദ്ര നിരപ്പ് ഉയർത്തും. 1900 മുതൽ ആഗോള സമുദ്രനിരപ്പിൽ 15 മുതൽ 25 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതേ തോത് തുടരുകയാണെങ്കിൽ പസഫിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ സമുദ്ര നിരപ്പിൽ ഒരു മീറ്റർ കൂടി വർധനവുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

1900 മുതല്‍ ആഗോള സമുദ്ര നിരപ്പില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേ തോത് തുടരുകയാണെങ്കില്‍ പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെ സമുദ്ര നിരപ്പില്‍ ഒരു മീറ്റര്‍ കൂടി വര്‍ധനവുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത് | Photo-Gettyimage

ആഗോള സമുദ്ര നിരപ്പ്
ഐക്യരാഷ്ട്രസഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങളിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. അഞ്ച് ദ്വീപ് രാഷ്ട്രങ്ങൾ താമസയോഗ്യമല്ലാതാകുമെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാല ദ്വീപ്, തുവാളു, മാർഷൽ ദ്വീപ്, നൗരു, കിരിബാറ്റി തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങളാണ് ഇത്തരത്തിൽ വെല്ലുവിളി നേരിടുന്നത്. ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ ആഗോള സമുദ്രനിരപ്പിലേക്ക് വൻതോതിൽ സംഭാവന നൽകുന്നതായി നേച്വർ എന്ന ജേണലിൽ കഴിഞ്ഞ വർഷമാദ്യം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.

ഉഷ്ണതാപം
മനുഷ്യരാശിക്ക് താങ്ങാൻ കഴിയുന്നതിനേക്കാളേറെ അളവിൽ ഉഷ്ണതരംഗ സംഭവങ്ങൾ ഉണ്ടായേക്കുമെന്നാണ് വേൾഡ് ബാങ്കിന്റെ പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 'ക്ലൈമറ്റ് ഇൻവെസ്റ്റ്‌മെന്റ് ഓപ്പർച്യൂണിറ്റീസ് ഇൻ ഇന്ത്യാസ് കൂളിങ് സെക്ടർ' എന്ന തലക്കെട്ടിലുള്ള പഠന റിപ്പോർട്ട് ഇന്ത്യയിൽ ഉഷ്ണതരംഗ സംഭവങ്ങളുടെ ദൈർഘ്യം കൂടുന്നതായും കണ്ടെത്തി. വേഗത്തിലെത്തുന്ന ഊഷ്മാവ് വർധന വൈകിയാണ് അവസാനിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് കടക്കുന്ന സാഹചര്യമുണ്ടായി. വരും ദശാബ്ദങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഏറ്റവുമധികം ഉഷ്ണതരംഗ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് 2021 ഓഗസ്റ്റിലെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) റിപ്പോർട്ടും ശരിവെയ്ക്കുന്നു.

ഉഷ്ണതതരംഗം, വരൾച്ച, പ്രളയം പോലെയുള്ള സംഭവങ്ങൾ മൂലം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ലോകമെമ്പാടും ഉണ്ടാക്കിയതായാണ് വേൾഡ് മെറ്ററിയോളജിക്കൽ ഓർഗനൈസേഷന്റെ 'പ്രൊവിഷണൽ സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ ക്ലൈമറ്റ് ഇൻ 2022 റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആഗോള സമുദ്രനിരപ്പിൽ 1993 മുതൽ ഇരട്ടിയിലധികം വർധന രേഖപ്പെടുത്തി. 2022-ൽ ഇത് റെക്കോഡ് ഉയരത്തിലെത്തി. യൂറോപ്യൻ പർവ്വത നിരകളായ ആൽപ്‌സിലെ മഞ്ഞുരുകലാണ് 2022 സാക്ഷ്യം വഹിച്ച മറ്റൊരു പ്രധാന സംഭവം. ഗ്രീൻലൻഡിൽ തുടർച്ചയായ 26-ാമത്തെ വർഷവും മഞ്ഞുരുകുകയും സെപ്റ്റംബറിൽ പ്രദേശത്ത് ആദ്യമായി മഴ പെയ്യുകയും ചെയ്തു.

മറുമരുന്നാകുന്ന ഉച്ചകോടികള്‍
കാലാവസ്ഥാ പ്രതിസന്ധികൾക്ക് മറുമരുന്ന് തയ്യാറാക്കുകയാണ് കാലാവസ്ഥാ ഉച്ചകോടികളുടെ ലക്ഷ്യം. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയായ കോപ് 27 അടുത്ത അഞ്ചു വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കൂടിയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുന്നതിനായി വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിലും കോപ് 27-ൽ ധാരണയായിരുന്നു. സാമ്പത്തിക സഹായത്തിന്മേൽ ധാരണയാകാത്തതിനെ തുടർന്ന് ഉച്ചകോടി രണ്ടു ദിവസത്തേക്ക് കൂടി നീളുകയും ചെയ്തു. വേൾഡ് മെറ്ററിയോളജിക്കൽ ഓർഗനൈസേഷന്റെ അടുത്ത റിപ്പോർട്ട് 2023 ഏപ്രിലിലാകും പുറത്തിറങ്ങുക.

മഴപ്പെയ്ത്ത് കുറയുന്നതാണ് താപവർധനവിന്റെ മറ്റൊരു പരിണിത ഫലം. തുടർച്ചയായുള്ള നാല് മഴക്കാലത്ത് മഴയുടെ തോത് കിഴക്കൻ ആഫ്രിക്കയിൽ കുറഞ്ഞിരുന്നു. 40 വർഷത്തിനിടെ ഇത്രയും ദൈർഘ്യമേറിയ മഴയുടെ അളവ് കുറയൽ ഇതാദ്യമാണ്. ദശലക്ഷക്കണക്കിന് വരുന്ന ആളുകൾ ഇതുമൂലം ഭക്ഷ്യദൗർലഭ്യം നേരിട്ടു. യൂറോപ്പിൽ ഉഷ്ണതരംഗം മൂലം താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുകയും ചെയ്തു.

സമുദ്ര താപനിലയിലെ വർധനവിലും 2022 പുതിയ ഉയരങ്ങൾ കീഴടക്കി. കാർബൺ മലിനീകരണം പോലെയുള്ളവ മൂലം സമുദ്രങ്ങളിൽ ചൂട് ഉയരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ചൈന, യു.എസ്., ഇറ്റലി, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെഫലമായാണ് ഈ കണ്ടെത്തൽ. ഹരിതഗൃഹ വാതക ബഹിർഗമനം മൂലമുണ്ടാവുന്ന താപവർധനവിന്റെ 90 ശതമാനവും ആഗിരണം ചെയ്‌തെടുക്കുന്നത് സമുദ്രങ്ങളാണ്. പൂജ്യം കാർബൺ ബഹിർഗമനം എന്ന ലക്ഷ്യത്തിലേക്ക് ഭൂമിയെ എത്തിച്ചാൽ മാത്രമേ താപവർധനവിന് തടയിടുവാൻ കഴിയൂ. അതു വരെ റെക്കോഡുകൾ പഴങ്കഥയായി കൊണ്ടേയിരിക്കുമെന്നും വിദ്ഗധർ പറയുന്നു.

സമുദ്ര താപവര്‍ധനവ്
1950 മുതലാണ് സമുദ്രങ്ങളിൽ താപവർധന രേഖപ്പെടുത്താൻ തുടങ്ങിയത്. ഇത് 1985 വരെ തുടരുകയും ചെയ്തതായി പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അഡ്വാൻസസ് ഇൻ അറ്റ്‌മോസ്ഫറിക് സയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ലോകമെമ്പാടുമുള്ള 16 സ്ഥാപനങ്ങളിലെ 24 ഗവേഷകരുടെ ക്രോഡീകരണം കൂടിയാണ്. സമുദ്രങ്ങളുടെ സ്വാഭാവികത തന്നെ അനുദിനം താറുമാറായി കൊണ്ടിരിക്കുകയാണ്. കാർബൺ സിങ്കുകളായും സമുദ്രങ്ങൾ വർത്തിക്കുന്നു. വർധിച്ചു വരുന്ന ജലതാപനിലയും അമ്ലാംശവും സ്ട്രാറ്റിഫിക്കേഷൻ എന്ന അവസ്ഥയിലേക്ക് സമുദ്രങ്ങളെ കൊണ്ടെത്തിക്കുന്നു. മറ്റുള്ളവയുമായി കൂടിക്കലരാതെ തട്ടുകളായി സമുദ്രജലം തുടരുന്ന അവസ്ഥയാണിത്. ഡീഓക്‌സിജനേഷൻ എന്ന അവസ്ഥയിലേക്കാണ് സമുദ്രങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.

താപവർധന സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളെയും വ്യാപകമായി ബാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫുകൾക്ക് സംഭവിക്കുന്നതും മറ്റൊന്നല്ല. സമുദ്രത്തിലെ താപനില ഉയരുന്നത് പവിഴപ്പുറ്റുകളെ ബ്ലീച്ചിങ് എന്ന പ്രക്രിയയ്ക്ക് വിധേയരാവാൻ കാരണമാകും. പവിഴപ്പുറ്റുകൾ അതിൽ വാസമുറപ്പിച്ചിരിക്കുന്ന ആൽഗകളെ പുറന്തള്ളുകയും അതുവഴി വെള്ളനിറം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കോറൽ ബ്ലീച്ചിങ്. ചരിത്രത്തിലെ ഏഴാം ബ്ലീച്ചിങ് വരെ ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകൾ അഭിമുഖീകരിച്ചു കഴിഞ്ഞു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് നിരയായ ഗ്രേറ്റ് ബാരിയർ റീഫിനെ അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം ഉയർന്നു കഴിഞ്ഞു.

ഉരുകി തീരുന്ന മഞ്ഞുപാളികളാണ് ഹിമക്കരടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. മഞ്ഞുപാളികളുടെ ഉരുകി തീരല്‍ വേട്ടയാടല്‍, പ്രത്യുത്പാദനം എന്നവയെയും രൂക്ഷമായി ബാധിക്കുന്നു | Photo: Gettyimage

ഹിമക്കരടികളെയും താപനില വർധന രൂക്ഷമായി ബാധിച്ചു കഴിഞ്ഞു. ലോകത്തിലെ ഹിമക്കരടികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ചർച്ചിൽ സിറ്റിയിൽ പോലും ഇവയുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. 2016-ൽ 842 ഹിമക്കരടികളുണ്ടായിരുന്ന കാനഡയുടെ പടിഞ്ഞാറൻ ഹഡ്‌സൺ ബേയിൽ 2021-ലെ പുതിയ കണക്കുകൾ പ്രകാരം 618 ഹിമക്കരടികളായി കുറഞ്ഞു. 1980-ൽ മേഖലയിലുണ്ടായിരുന്ന ഹിമക്കരടികളുടെ എണ്ണത്തിന്റെ പകുതി മാത്രമാണിത്. ആർട്ടിക് മഞ്ഞുപാളികളെയാണ് ഉപജീവനത്തിനായി മേഖലയിലെ ഹിമക്കരടികൾ ആശ്രയിക്കുന്നത്. എന്നാൽ ഉയർന്നു കൊണ്ടിരിക്കുന്ന താപനില മഞ്ഞുരുകൽ പോലെയുള്ള സംഭവങ്ങളിലേക്ക് നയിച്ചു. ഉപജീവനം, വേട്ടയാടൽ, പ്രത്യുത്പാദനം എന്നിവയ്ക്കായി ഹിമക്കരടികൾ മഞ്ഞുപാളികളെ ആശ്രയിക്കുമ്പോൾ വില്ലനാവുന്നത് കാലാവസ്ഥാ വ്യതിയാനമാണ്.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പോലെയുള്ളവ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ പാരിസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യമായ ആഗോള താപ വർധന് 1.5 ഡിഗ്രിക്കുള്ളിൽ ചുരുക്കുക അസാധ്യമായേക്കും. ഭയാനകമായ ചൂടായിരിക്കും ഇത് ഭൂമിക്ക് സൃഷ്ടിക്കുക. പ്രളയം, ഉഷ്ണതാപം, വരൾച്ച പോലെയുള്ള നിത്യസംഭവങ്ങളായി തീർന്നേക്കാമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. കാർബൺ ബഹിർഗമനത്തിലടക്കം പുതിയ റെക്കോഡുകൾ 2022 താണ്ടുകയുണ്ടായി. പ്രത്യക്ഷത്തിൽ അപകടകാരികളല്ലെങ്കിലും ഭൂമിക്ക് മാരകദോഷം സൃഷ്ടിക്കുന്നമീഥെയ്ൻ ബഹിർഗമനവും ചെറിയ തോതിലല്ല നടക്കുന്നത്. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ വൻതോതിൽ വനനശീകരണം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പ്രദേശത്ത് നടക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മറ്റു പ്രദേശങ്ങളെയും ബാധിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങൾ നൽകുന്ന സൂചന.

ഒരൊറ്റ ഭൂമിയാണ് നമുക്കുള്ളത്. കരുതാം ഭൂമിയെ നല്ലൊരു നാളേയ്ക്കായി.

Content Highlights: 2022 to be considered as the record breaking year in environmental aspects


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented