കാടുകളിൽ കടുവയുണ്ടെങ്കിൽ ആവാസവ്യവസ്ഥ സന്തുലിതമാണെന്നു പറയാം. ഓരോ കടുവയും പോറ്റിവളർത്തുന്നത് ഒരു കാടിനെയാണ്. വന്യജീവി ആവാസവ്യവസ്ഥയുടെ മുകൾത്തട്ടിലാണ് കടുവ,
ഭക്ഷ്യശൃംഖലയുടെ പരമമായ ബിന്ദു. അതിവേഗം പെറ്റുപെരുകുന്ന സസ്യഭുക്കുകളുടെ എണ്ണം നിയന്ത്രിക്കുന്ന കാടിന്റെ സന്തുലിതാവസ്ഥയുടെ കാവലാൾ. എന്നാൽ, മരുന്നുനിർമിക്കാൻ ശരീരാവയവങ്ങൾക്കുവേണ്ടിയും
നാട്ടിലിറങ്ങുന്നതിന്റെ പേരിലും പതിറ്റാണ്ടുകളായി കടുവകൾ വേട്ടയാടപ്പെടുന്നു. ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കടുവകൾ ഏറെ സുരക്ഷിതർ ഇന്ത്യയിലാണ്. 2014 മുതൽ 2018 വരെ രാജ്യത്തെ
കടുവകളുടെ എണ്ണം 33 ശതമാനമായി വർധിച്ചത് പ്രതീക്ഷയേകുന്നു

‘കാടില്ലാതെ കടുവകളില്ല,
തണലായ കാടിനെ
കടുവകൾ കാക്കും’

(ഉദ്യോഗപർവം, മഹാഭാരതം)

2010-ൽ റഷ്യയിലെ സെയ്‌ന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന സമ്മേളനത്തിൽ നമ്മുടെ രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കും എന്ന പ്രതിജ്ഞ ഇന്ത്യ എടുത്തിരുന്നു. നാലുവർഷം ബാക്കിനിൽക്കേ നാം ആ വലിയനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കടുവസംരക്ഷണ മേഖലയിൽ നമ്മുടെ രാജ്യവും ജനങ്ങളും കൈവരിച്ച വലിയ വിജയമാണിത്.
ഇരുപത്തിഅയ്യായിരത്തിലേറെ ക്യാമറ ട്രാപ്പ് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് 35 ദശലക്ഷത്തിലേറെ ചിത്രങ്ങൾ പരിശോധിച്ച് നാം അടുത്തിടെ നടത്തിയ കടുവ കണക്കെടുപ്പ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാംതന്നെ നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് അവലോകനം ചെയ്തത്. ലോകത്തുതന്നെ ഇത്തരത്തിൽ ഒരു ബൃഹത്തായ കണക്കെടുപ്പ് ഇത് ആദ്യമായാണ്.
നമ്മുടെ വനഭൂമിയിലെ അനാഥരോ ഉപേക്ഷിക്കപ്പെട്ടതോ ആയ കടുവക്കുഞ്ഞുങ്ങൾ, പ്രായമായതോ മുറിവേറ്റതോ ആയ മുതിർന്ന കടുവകൾ എന്നിവയുടെ പാലനത്തിനായി ഒരു പ്രവർത്തനച്ചട്ടത്തിനു (SoP)തന്നെ ഭരണകൂടം രൂപംനൽകിയിട്ടുണ്ട്. കടുവകൾ നമ്മുടെ കന്നുകാലികളെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതിനായി മറ്റൊരു പ്രവർത്തനച്ചട്ടത്തിനും നാം രൂപംനൽകി.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കടുവകളുടെ നിരീക്ഷണം സാധ്യമാക്കുന്ന, എം സ്‌ട്രൈപ്‌സിനും (Monitoring System for Tiger's Intensive Protection and Ecological Status-  MSTrIPES) നമ്മുടെ ഭരണകൂടം തുടക്കമിട്ടു. ആൻഡ്രോയ്ഡ് ഉപകരണങ്ങളിലും ലഭ്യമാക്കിയിട്ടുള്ള ഈ സംവിധാനത്തിൽ രാജ്യത്തെ 50 കടുവസംരക്ഷണ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ കടുവകളുടെ എണ്ണത്തിലാണ് നാമിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നടത്തുന്ന ശ്രമങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളും മികച്ചതാണ്.

നീന്തലിൽ അഗ്രഗണ്യർ

 •     ഒറ്റക്കുതിപ്പിൽ 6 മീറ്റർവരെ എത്താനാകും.
 •     മണിക്കൂറിൽ 65 കിലോമീറ്ററിൽ കുറയാത്ത വേഗം
 •     നല്ല നീന്തൽക്കാർ. ആറുകിലോ മീറ്റർവരെ നീന്തും. സുന്ദർബൻസിൽദ്വീപുകളിൽനിന്ന് ദ്വീപുകളിലേക്ക് ഇവർ നീന്തിയെത്താറുണ്ട്.
 •     ശരീരത്തിന് ഭാരമേറെയുള്ളതിനാൽ മരംകയറില്ല. എന്നാൽ വലിയ ചാഞ്ഞ മരങ്ങളിൽ കയറിപ്പറ്റും.

ഏകാന്ത വേട്ടക്കാർ

 •     ശീലം രാത്രിയിലെ ഏകാന്ത വേട്ട.
 •     കടുവകളുടെ ഗർജനം മൂന്നുകിലോമീറ്റർവരെ കേൾക്കാം.
 •     മാനുകളും കുളമ്പുകളുള്ള ജീവികളുമാണ് ഇഷ്ടഭോജനം. കാട്ടുപോത്തു മുതൽ തേൻകരടിവരെ     35 കിലോഗ്രാം മാംസംവരെ ഒറ്റയിരിപ്പിൽ കഴിക്കാനാവും     കുടുംബജീവിതമില്ലാത്ത ഏകാകി. ഇണചേരാൻ മാത്രം തുണ.

വേട്ടക്കാരുടെ ഉന്നം

 • തലച്ചോറ്-മടി, മുഖക്കുരു എന്നിവയുടെ ചികിത്സയ്ക്കായി
 • മീശരോമങ്ങൾ-ഭാഗ്യംകൊണ്ടുവരുമെന്ന പ്രതീക്ഷയിൽ മന്ത്രത്തകിടുകളുണ്ടാക്കാൻ
 • കൃഷ്ണമണി-അപസ്മാരത്തിനും മലമ്പനിക്കും മരുന്നെന്ന വിശ്വാസം.
 • പല്ല്-പനിചികിത്സയ്ക്കും മന്ത്രത്തകിടുണ്ടാക്കാനും
 • ഹൃദയം, ശ്വാസകോശം, കരൾ, പിത്താശയം -മെനിഞ്ചൈറ്റിസുമായി ബന്ധപ്പെട്ട് കുട്ടികളിലെ ചികിത്സയ്ക്ക് നല്ലത്‌ എന്ന അന്ധവിശ്വാസം.
 • കൊഴുപ്പ്-കുഷ്ഠം, വാതരോഗം തുടങ്ങിയവയുടെ പരമ്പരാഗത ചികിത്സാരീതിയിൽ.
 • തൊലി -കാർപ്പറ്റ്, ഗൃഹാലങ്കാരം
 • നഖം -ഉറക്കക്കുറവിന്‌ മരുന്നായും മയക്കുമരുന്നായും ഉപയോഗിക്കുന്നു. ആഭരണനിർമാണത്തിനും.
 • എല്ല് -വാതചികിത്സയ്ക്കായുള്ള കടുവരസായനം, എല്ലുപൊടി എന്നിവയുണ്ടാക്കാൻ. അൾസർ, മലേറിയ എന്നിവമാറുമെന്ന അന്ധവിശ്വാസം.  
 • ലിംഗം-സംയോഗാസക്തിയുണ്ടാക്കുമെന്ന  അന്ധവിശ്വാസം.
 • വാൽ-വാതം, ത്വക്ക് സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ഔഷധനിർമാണത്തിന്.

2967 ഇന്ത്യയിലുള്ള കടുവകൾ (2014 മുതൽ 33% വർധന)
ലോകത്തെ 70 ശതമാനവും ഇന്ത്യയിൽ

കഴിഞ്ഞ പത്തുവർഷംകൊണ്ട് ലോകത്തെ കടുവകൾ45 ശതമാനവും നശിച്ചു

ഇന്ത്യയിലേറ്റവുമധികം കടുവകളുള്ളത് മധ്യപ്രദേശിൽ526

രണ്ടാമത് കർണാടക 524

    20 ലക്ഷത്തോളം വർഷംമുമ്പ് കടുവകൾ ഭൂമുഖത്തുണ്ടായിരുന്നു
    ശാസ്‌ത്രീയനാമം: പാൻതേരിയ ടൈഗ്രിസ്‌

ഇന്ത്യയിലെ 50 കടുവസംരക്ഷണ കേന്ദ്രങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ കടുവസംരക്ഷണകേന്ദ്രം-ജിം കോർബറ്റ്-ഹെയ്‌ലി എന്നപേരിൽ 1936-ൽ സ്ഥാപിതമായി
1. ഉത്തരാഖണ്ഡ്
    ജിം കോർബറ്റ്, രാജാജി, അമർഗഢ്
2. രാജസ്ഥാൻ-രണഥംബോർ, മുകുന്ദര ഹിൽസ്
3. പശ്ചിമബംഗാൾ-സുന്ദർബൻസ്, ബുക്സ
4. മധ്യപ്രദേശ്-ബന്ധുവാഗഢ്,
കൻഹാ, സത്പുര, പന്ന, പെഞ്ച്,
5. ഡൽഹി-സരിസ്ക
6. കേരളം-പെരിയാർ, പറമ്പിക്കുളം
7. കർണാടകം-ബന്ദിപ്പൂർ, നാഗർഹോളെ, ബിലിഗിരി രംഗനാഥ, ഡാംഡേലി, ഭദ്ര
8. തമിഴ്നാട്-അണ്ണാമലൈ, കളക്കാട്‌, സത്യമംഗലം, മുതുമലൈ
9. ഛത്തീസ്ഗഢ്-ഇന്ദ്രാവതി, ആചാനക്‌മാർ, ഉദന്തി-സീതാനദി
10. അസം- മാനസ്, നാമേരി, കാസിരംഗ, ഒറംഗ്
11. മഹാരാഷ്ട്ര-തഡോബാ, നാഗ്‌സിറ, മേൽഘാട്, സഹ്യാദ്രി-മഹാരാഷ്ട്ര, ബോർ-മഹാരാഷ്ട്ര
12. ജാർഖണ്ഡ്-പലാമു
13. ഒഡിഷ-സിമലിപാൽ, സത്കോസിയ
14. അരുണാചൽ പ്രദേശ്-നാംദഫ, പക്കെ, കംലാങ്
15. ഉത്തർപ്രദേശ്-ദുധ്‌വ, പിലിഭിത്
16. ബിഹാർ-വാൽമീകി
17. മിസോറം-ഡംപ,
18. തെലങ്കാന-കവാൽ, അംറാബാദ്
19. ആന്ധ്രാപ്രദേശ്- നാഗാർജുനസാഗർ

കടുവമരണങ്ങൾ - 2020

മധ്യപ്രദേശ്      14
മഹാരാഷ്ട്ര      09
കേരളം      07
തമിഴ്‌നാട്      05
കർണാടക      05
ഉത്തർപ്രദേശ്      04
അസം      04
ഗോവ      04
ഉത്തരാഖണ്ഡ്      02
രാജസ്ഥാൻ      02
ബിഹാർ      01
ജാർഖണ്ഡ്     01
ആന്ധ്ര      01
പശ്ചിമബംഗാൾ      01

തയ്യാറാക്കിയത്: ഷിനില മാത്തോട്ടത്തിൽ, ടി.ജെ. ശ്രീജിത്ത്‌