പുല്‍പള്ളിയില്‍ മുള ശേഖരിക്കാന്‍ വനത്തില്‍പ്പോയ യുവാവിനെ കടുവ കൊന്നു തിന്നത് കഴിഞ്ഞ ദിവസമാണ്. കതവാക്കുന്ന് ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ മാധവദാസിന്റെയും ജാനുവിന്റെയും മകന്‍ ശിവകുമാര്‍ ആണ് കൊല്ലപ്പെട്ടത്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോളനിയില്‍നിന്ന് ഒരു കിലോ മീറ്ററോളം ഉള്‍വനത്തില്‍ കടുവ തിന്ന നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കതവാക്കുന്നില്‍ കടുവയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയും കാട്ടുപോത്തും ആനയും കാട്ടുപന്നിയുമെല്ലാം നാട്ടിലേക്കിറങ്ങുന്നത് ഇവിടെ പതിവാണ്. കഴിഞ്ഞവര്‍ഷവും കതവാക്കുന്നില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരേ കടുവയുടെ ആക്രമണമുണ്ടായിരുന്നു. രണ്ട് കടുവകള്‍ സ്ഥിരമായി ഈ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉപജീവനത്തിനായി കാട്ടില്‍നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ശേഖരിക്കാന്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുമതിയുണ്ട്. ഇതു പ്രകാരം കോളനിക്ക് സമീപത്തെ കാട്ടില്‍ പോയപ്പോഴാണ് ശിവകുമാര്‍ കടുവയ്ക്ക് ഇരയായത്.
വയനാട്ടില്‍ കാട്ടുമൃഗങ്ങള്‍ക്കിരയാവുന്ന മനുഷ്യരില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശിവകുമാര്‍. ഇത് കതവാക്കുന്നിലെ മാത്രം സ്ഥിതിയുമല്ല. മേഖലയിലെ ആയിരക്കണക്കിന് പേര്‍ വന്യമൃഗശല്യം മൂലം മരിച്ചും മരിക്കാതെയും ദുരിതസമാനമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. വളര്‍ത്തുമൃഗങ്ങളും കാര്‍ഷിക വിളകളും വലിയ തോതില്‍ വന്യമൃഗങ്ങള്‍ക്ക് ഇരയാകുകയാണ്. കോവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുമ്പോഴാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് വന്യമൃഗശല്യവും വയനാട്ടിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നന്നത്.
'നാടുവിടുകയല്ലാതെ ഞങ്ങള്‍ക്കു മറ്റു മാര്‍ഗമില്ല...'
കൃഷി മാത്രം ഉപജീവനമായിക്കണ്ട് വയനാട്ടിലേയ്ക്ക് കുടിയേറിയവരുടെ പിന്‍തലമുറക്കാരാണ് വയനാട്ടിലെ ഇപ്പോഴുള്ള കര്‍ഷകരില്‍ ഭൂരിപക്ഷവും. കാടിനെയും കാട്ടുമൃഗങ്ങളെയും എതിരിട്ടും സഹവസിച്ചും നല്ല പരിചയമുള്ളവര്‍. എന്നാല്‍ കുറച്ചു കാലമായി വനമേഖലയിലുള്ള കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത് മുന്‍പില്ലാത്തവിധം രൂക്ഷമായ കാട്ടുമൃഗശല്യമാണെന്നു ഇവര്‍. കൃഷിയും വളര്‍ത്തുമൃഗങ്ങളും മാത്രമല്ല മനുഷ്യരും വന്യമൃഗങ്ങള്‍ക്ക് ഇരയാകുന്നു. വാഴയും ചേനയും കപ്പയും മാത്രമല്ല, വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന തെങ്ങും കമുകും റബ്ബറുമെല്ലാം ഒരു നിമിഷംകൊണ്ട് കണ്‍മുന്നില്‍ നശിപ്പിക്കപ്പെടുന്നതിന്റെ വേദനയും ഭീതിയുമാണ് ഈ കര്‍ഷകര്‍ക്കു പങ്കുവെക്കാനുള്ളത്.

നൂല്‍പ്പുഴ പഞ്ചായത്തിലെ നെന്‍മേനിക്കുന്ന് സ്വദേശിയായ പി.എസ് സുരേന്ദ്രന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വയനാട്ടിലേയ്ക്ക് കുടിയേറിയതാണ്. ഇപ്പോള്‍ വയനാട് വിട്ടുപോയാല്‍ മതിയെന്നാണ് ആഗ്രഹമെന്ന് കര്‍ഷകനായ സുരേന്ദ്രന്‍ പറയുന്നു. കാരണം മറ്റൊന്നുമല്ല, ഉപജീവനമാര്‍ഗം തന്നെ ഇല്ലാതാക്കുംവിധം കാട്ടുമൃഗങ്ങള്‍ എല്ലാം നശിപ്പിക്കുകയാണ്. ഇദ്ദേഹത്തിന് തെങ്ങ്, കമുക്, വാഴ, തെങ്ങ്, ഇഞ്ചി, ചേന എന്നിവയെല്ലാം കൃഷിയുണ്ട്. ആന, പന്നി, മാന്‍ തുടങ്ങിയവയെല്ലാം കാടിറങ്ങി വന്ന് കൃഷി നശിപ്പിക്കുന്നു. വാഴയും ചേനയും ചവിട്ടിയും ചുവടിളക്കിയും നശിപ്പിക്കന്നത് മാത്രമല്ല, തെങ്ങ് ചുവടോടെ പറിച്ചെറിയും. ഒന്നും ബാക്കിവെക്കില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. അദ്ദേഹം പറയുന്നു.
പറശ്ശേരി മോഹനന് തോട്ടാമൂലയില്‍ രണ്ടേക്കര്‍ പറമ്പും അതുകൂടാതെ വയലുമുണ്ട്. തെങ്ങ്, കമുക്, കാപ്പി തുടങ്ങിയവയും മറ്റ് ഇടകൃഷികളുമുണ്ട്. 'വാഴ പോലുള്ള കൃഷികള്‍ പോയാല്‍ പോകട്ടെ എന്നുവെക്കാം. എന്നാല്‍ വര്‍ഷങ്ങളെടുത്ത് വളര്‍ത്തിക്കൊണ്ടു വരുന്ന തെങ്ങും കമുകും കാപ്പിയുമൊക്കെയാണ് ആനയും പന്നിയുമൊക്കെ ഇറങ്ങി നശിപ്പിക്കുന്നത്. എന്തുചെയ്യും?' മോഹനന്‍ ചോദിക്കുന്നു. കാടിനോടടുത്ത പല ജനവാസ കേന്ദ്രങ്ങളും കടുവയുടെയും ആനയടക്കമുള്ള മറ്റു കാട്ടുമൃഗങ്ങളുടെയും ഭീഷണിയിലാണ്. മനുഷ്യര്‍ക്കുനേരെയും ആനയുടെയും കടുവയുടെയുമെല്ലാം ആക്രമണമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
കുരുമുളക് വള്ളി വളര്‍ത്താന്‍ ഒരു മുരിക്കുകാല്‍ നട്ടാല്‍ പോലും കാട്ടില്‍നിന്ന് മാനുകള്‍ വന്ന് അതിന്റെ തോല്‍ മുഴുവന്‍ തിന്നുതീര്‍ക്കും. മാവില്‍ മാങ്ങയുണ്ടാകുമ്പോള്‍ ആന വന്ന് പറിച്ചുതിന്നും. തെങ്ങും കമുകുമെല്ലാം ചോടോടെ മറിച്ചിടും. വാഴത്തോട്ടം ചവിട്ടിനിരത്തും. ഒരു തവണ ആനയിറങ്ങിയാല്‍ അവിടെ ഒരു തരിപോലും ബാക്കിവയ്ക്കില്ല. തെങ്ങിന്റെയും മറ്റും കൂമ്പുപോലും ശേഷിപ്പിക്കാതെ തിന്നു നശിപ്പിച്ചാണ് ആനകള്‍ തിരിച്ചുപോകുന്നതെന്ന് കര്‍ഷകനും ഫോട്ടോഗ്രാഫറുമായ എന്‍. പി. ജയന്‍ പറഞ്ഞു.
ഫോറസ്റ്റ് വകുപ്പ് കാടിനും കൃഷിയിടത്തിനും ഇടയ്ക്ക് കെട്ടിയിട്ടുള്ള വേലി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് മോഹനന്‍ പറയുന്നു. 'കിടങ്ങുണ്ട്. പക്ഷെ ഇടിഞ്ഞു തൂര്‍ന്നു കിടക്കുകയാണ്. അത് വീണ്ടും കിടങ്ങാക്കി മാറ്റാനോ വേലികള്‍ പുനസ്ഥാപിക്കാനോ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല. പരാതി നല്‍കിയിട്ടൊന്നും ഒരു പ്രയോജനവുമില്ല. മാനിനെ ഒക്കെ ഓടിക്കാന്‍ കര്‍ഷകര്‍ത്തന്നെ കമ്പിവേലിയുണ്ടാക്കിയാല്‍ ഫോറസ്റ്റുകാര്‍ വന്ന് പ്രശ്നമുണ്ടാക്കും, കേസെടുക്കും. മറ്റൊരു പ്രയോജനവും അവരെക്കൊണ്ട് ലഭിക്കുന്നില്ല.' മോഹനന്‍ പറയുന്നു.
'കൃഷി നശിപ്പിക്കപ്പെട്ടാല്‍ വനം വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് നോക്കും, പോകും. നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയാല്‍, പതിനായിരം രൂപയ്ക്ക് എഴുതിക്കൊടുത്താല്‍ അഞ്ഞൂറ് രൂപ കിട്ടിയാലായി. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ഓരോ തവണയും കൃഷി ഒരു പരീക്ഷണമാണ്. വിളവെടുക്കാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. വയനാട് വിട്ട് പോകുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇവിടെ നില്‍ക്കാനാവാത്ത അവസ്ഥയാണ്. സ്ഥലം വിറ്റ് പോകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. കോവിഡ് കൂടിയായപ്പോള്‍ നില്‍ക്കക്കള്ളിയല്ലാത്ത സാഹചര്യമാണ്.' സുരേന്ദ്രന്‍ പറയുന്നു.
പ്രതിരോധങ്ങള്‍ പാഴാവുന്നു
കാടും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വയനാട്ടില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയുമെല്ലാം മൃഗങ്ങളെ പേടിപ്പിച്ച് ഓടിക്കുകയായിരുന്ന പരമ്പരാഗത രീതി. എന്നാല്‍ അതൊന്നും ഇപ്പോള്‍ മതിയാവുന്നില്ല. കിടങ്ങും വൈദ്യുതവേലിയും ഉണ്ട്. എന്നാല്‍ ഇവ കൊണ്ടൊന്നും ഒരു കാര്യവുമില്ല. കിടങ്ങുകളോ വൈദ്യുത വേലികളോ ഫലപ്രദമാകുന്നില്ല. അറ്റകുറ്റപ്പണിയും സംരക്ഷണവുമില്ലാതെ കിടങ്ങുകളില്‍ മണ്ണ് നിറഞ്ഞു. കമ്പിവേലികള്‍ തകര്‍ത്താണ് മൃഗങ്ങള്‍ കൃഷിടത്തേയ്ക്ക് ഇറങ്ങുന്നത്.
നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളൊക്കെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളാണ്. ഓരോ വര്‍ഷം കഴിയും തോറും ശല്യം കൂടിക്കൂടി വരികയാണ്. കാട്ടില്‍ മൃഗങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അതാണ് ഉപദ്രവം പെരുകാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൃഷിയിടത്തില്‍ ബാക്കിയുള്ളവ സംരക്ഷിക്കാന്‍ ഫെന്‍സിങ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പല കര്‍ഷകരും. ആഭരണങ്ങള്‍ പണയംവെച്ചും കടം വാങ്ങിയും വേലി നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാകട്ടെ അതിനുള്ള സാധാനങ്ങള്‍ക്ക് വലിയ വിലയും. ലോക്ക്ഡൗണിനെ തുടര്‍ന്ന് കടകള്‍ തുറന്നപ്പോള്‍ ഇത്തരം സാധനങ്ങള്‍ക്ക് വലിയ ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. ലഭ്യമായവയ്ക്കാകട്ടെ അമിതവിലയും നല്‍കണം. കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കൂടി പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്.
കൈവിടാനാവില്ല കാടിനെ; കര്‍ഷകരെയും
കാട്ടില്‍ തീറ്റയ്ക്കും വെള്ളത്തിനും ലഭ്യതക്കുറവ് ഉണ്ടാകുമ്പോഴാണ് മൃഗങ്ങള്‍ നാട്ടിലേയ്ക്കിറങ്ങുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്:
കാട്ടിലെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും സംതുലനം നശിക്കുമ്പോഴാണ് മൃഗങ്ങള്‍ കൂടുതലായി കാട്ടിലേയ്ക്കിറങ്ങുന്നത്. കാട് സംരക്ഷിച്ചാല്‍ മാത്രമേ ആ സന്തുലനം സംരക്ഷിക്കാനാകൂ എന്ന് പരിസ്ഥിതി ഗവേഷകനും മൃഗസംരക്ഷണ വകുപ്പ് അസി. പ്രോജക്ട് ഓഫീസറുമായ ഡോ. അനില്‍ സക്കറിയ പറയുന്നു. 'കാടിന് അടുത്തുള്ള പ്രദേശത്തുള്ള കൃഷിക്കാരും കാട്ടുമൃങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിലൂടെയേ മുന്നോട്ടുപോകാനാകൂ. കാട്ടുമൃഗങ്ങളെ ആകര്‍ഷിക്കുന്ന സസ്യങ്ങളും ചെടികളും അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാതിരിക്കാം. വനം വകുപ്പിലെ ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ല. കാടിന്റെ അതിര്‍ത്തിയിലുള്ള കൃഷിക്കാരായ ജനങ്ങളാണ് പലപ്പോഴും കാട്ടുമൃഗങ്ങള്‍ നാട്ടിലെത്താതെ തടയുന്നത്. അപ്പോള്‍, കൃഷിക്കാരുമായി സഹകരിച്ച് അവരുടെ പ്രശ്നങ്ങളും കൂടി കണക്കിലെടുത്തു കൊണ്ടുവേണം കാട്ടുമൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍.' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വനം-വന്യജിവീ വകുപ്പിനെ മാത്രം ആശ്രയിച്ചാണ് നിലവില്‍ വന്യമൃഗങ്ങളുടെ പ്രശ്നം കൈകാര്യംചെയ്യപ്പെടുന്നത്. എന്നാല്‍ അവര്‍ക്ക് ചെയ്യാനാവുന്നതിന് പരിധിയുണ്ട്. വന്യമൃഗങ്ങളെ കര്‍ഷകര്‍ തന്നെ നേരിടേണ്ടിവരുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേയ്ക് നയിക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ, കാടിനെയും കര്‍ഷകരെയും ഒരു പോലെ പരിഗണിച്ചുകൊണ്ടുള്ള പരിഹാരമാര്‍ഗങ്ങളാണ് ആലോചിക്കേണ്ടതെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തിനു വേണ്ടിയായാലും വെള്ളത്തിനു വേണ്ടിയായാലും മൃഗങ്ങള്‍ പരിധിയില്‍ക്കൂടുതല്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. നഷ്ടപരിഹാരത്തിനായി അപേക്ഷകളുടെ നൂലാമാലകളും കാത്തിരിപ്പും ഒഴിവാക്കി നേരിടുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ശരിയായ സമയത്ത് ലഭ്യമാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കാടിനെയും കാട്ടുമൃഗങ്ങളെയും പരിഗണിക്കാതെ ഒരു നടപടിയും സ്വീകരിക്കാനാവില്ല എന്നത് വസ്തുതയാണ്. അതേസമയം, നാടിന്റെ നട്ടെല്ലായ കര്‍ഷകരുടെ കണ്ണീരും നഷ്ടങ്ങളും കാണാതിരിക്കാനുമാവില്ല. ഏകദേശം 80 ശതമാനത്തോളം പേര്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജില്ലയാണ് വയനാട്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലക്കുറവും അതുണ്ടാക്കിയ കടക്കെണിയും മൂലം നൂറു കണക്കിന് കര്‍ഷകര്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെട്ട ചരിത്രമുണ്ട് വയനാടിന്. ചോരയും നീരും നല്‍കി നട്ടു വളര്‍ത്തുന്നവ ഒരു നിമിഷംകൊണ്ട് ഇല്ലാതെയാകുന്ന സാഹചര്യം കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടംപോലെതന്നെ പ്രധാനമാണ് അതുണ്ടാക്കുന്ന മാനസികാഘാതവും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
Content Highlights: Wildlife destroys crops; wayanad farmers in are in great crisis