കേരളത്തിന്റെ തനതായ ഭൂപ്രകൃതിയുടെ സന്തുലിതാവസ്ഥ പരിരക്ഷിക്കുന്നതിനും ധാതുഖനന മേഖലകളുടെ സുതാര്യമായ നടത്തിപ്പിനും സുപ്രധാനമായ പങ്കു വഹിക്കുന്ന ശാസ്ത്രവിഭാഗമാണ് ജിയോളജി. എന്നാല്‍ ഈ ശാസ്ത്രശാഖയുടെ സാധ്യതകള്‍ കേരളസംസ്ഥാനം വേണ്ടവിധത്തില്‍ പരിഗണിക്കുന്നുണ്ടോ എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടേണ്ട താണ്. വകുപ്പിന്റെ ചുമതലകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മൈനിങ് ആന്‍ഡ് ജിയോളജിയുടെ പ്രവര്‍ത്തനം മൈനിങ് എന്നതിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു. 'ജിയോളജി' എന്നത് വകുപ്പിന്റെ പേരില്‍ മാത്രം ഒതുങ്ങി പോകുന്നു. ജോലിക്കാരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവാണ് പ്രധാനമായും വകുപ്പിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നത്. ആവശ്യത്തിന് ജിയോളജി ബിരുദധാരികളും യോഗ്യത ലിസ്റ്റില്‍ ഇടം നേടിയവരും നിലനില്‍ക്കെ ഈ മേഖലയിലെ ഇത്തരമൊരു പ്രതിസന്ധി സങ്കടകരമാണ്. കേരളത്തില്‍ നിലവിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവിലെ സ്റ്റാഫ് സ്‌ട്രെങ്ത് ഉപയോഗിച്ചു ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. അതു പരിഹരിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ മണ്ണ് ഖനനം കരിങ്കല്ല്, വെട്ടുകല്ല് ഖനനം എന്നതുപോലെ ദുരന്തനിവാരണം, മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നീ മേഖലകളില്‍ കൂടി വകുപ്പിന് സ്വാധീനം ചെലുത്താനാകും.

മഴക്കാലത്തു കേരളത്തിലെ മലയോര മേഖലകളില്‍ വന്‍തോതില്‍ ഉരുൾപൊട്ടലുകളും മണ്ണൊലിപ്പുകളും പതിവായിരിക്കുന്നു. സോയില്‍ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങള്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തിലെ ഭൂഘടനയെ കുറിച്ച് വേണ്ടവിധമുള്ള ശാസ്ത്രീയ അറിവുകള്‍ പൊതുജന സമക്ഷം എത്താത്തത് ഈ പ്രതിഭാസങ്ങളുടെ ആക്കം കൂട്ടുന്നു. പരിസ്ഥിതിലോല മേഖലയായ മലയോരത്തു നടക്കുന്ന ഖനന  നിര്‍മാണ പ്രവര്‍ത്തങ്ങള്‍ കൃത്യമായി മോണിറ്ററിങ് ചെയ്യണമെന്നിരിക്കെ അതു നടപ്പിലാക്കേണ്ട മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വേണ്ടത്ര ജിയോളജിസ്‌റ്മാരില്ലാതെ ഈ ലക്ഷ്യം കൈവരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. 

കേരളത്തില്‍ ആകെ 30 അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍

കര്‍ണാടകയിലെ ജിയോളജിസ്റ്റ്കളുടെ ആകെ എണ്ണം 265 

 

quarry

സ്റ്റാഫ് ഘടന

നിലവിലെ സ്റ്റാഫ് ഘടന അനുസരിച്ച് 58 ജിയോളജിസ്റ്റ്മാരാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിൽ സേവനമനുഷ്ഠിക്കുന്നത്. അതില്‍ 30 അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകളും ഉള്‍പ്പെടുന്നു.  14 ജില്ലയുള്ള (77 താലൂക്ക്) കേരളത്തില്‍ ആകെ 30 അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ എന്ന അനുപാതം തീര്‍ത്തും അപര്യാപ്തമാണ്.  അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 219 അസിസ്റ്റന്റ് ജിയോളജിസ്റ്റു തസ്തികകകളാണ് ഉള്ളത്. അവിടെയുള്ള ജിയോളജിസ്റ്റ്കളുടെ ആകെ എണ്ണം 265 ആണ്. 175 താലൂക്കുകളുള്ള കര്‍ണാടകയില്‍ മൈനിംങ് ചെയ്യാനുള്ള മേഖലകള്‍ കൂടുതലുണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ഒരു താലൂക്കില്‍ കുറഞ്ഞത് ഒരാളെങ്കിലും എന്ന അനുപാതം അവിടെ നിലനില്‍ക്കുന്നു. തമിഴ്‌നാട് ഇക്കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്. തമിഴ്‌നാട്ടില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരുടെ സേവനം PWD, കൃഷി, തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളില്‍ കൂടി പ്രയോജനപ്പെടുത്തുന്നു. അതേ മാതൃകയില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരുടെ സേവനം PWD, കൃഷി, തദ്ദേശ വകുപ്പുകളില്‍ കൂടി ഉപയോഗിക്കേണ്ടതുണ്ട്.

1998 ലാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സ്റ്റാഫ് പുന:സംഘടന അവസാനമായി നടപ്പിലാക്കിയത്.  അതിനുശേഷം നിരവധി ചുമതലകള്‍ വകുപ്പിന് നല്‍കപ്പെടുകയുണ്ടായി. 2015ലെ KMMC ചട്ടപ്രകാരം മേല്‍മണ്ണ് നീല്‍ക്കുന്നതിനുള്ള അനുമതി നല്‍കല്‍, പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള പാരിസ്ഥിതികാനുമതി പരിഗണിക്കുന്ന കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി, DMF മെമ്പര്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി ജിയോളജിസ്റ്റ്മാരില്‍ നിക്ഷിപ്തമായിരിക്കുന്നു.  മേല്‍പ്പറഞ്ഞ കര്‍ത്തവ്യങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണെടുപ്പ് നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതു പോലെ സമയബന്ധിതമായി തീര്‍ക്കേണ്ട പല ജോലികളും ജീവനക്കാരുടെ അപര്യാപ്തതമൂലം ജില്ലാ ഓഫീസുകളില്‍ കെട്ടികിടക്കുന്നു. 

കേരളത്തിന്റെ വിസ്തൃതിയുടെ ഏകദേശം 27000 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളും മണ്ണെടുപ്പോ മറ്റേതെങ്കിലും തരത്തിലുള്ള ഖനനനിര്‍മാണപ്രവര്‍ത്തനങ്ങളോ സാധ്യമാകുന്ന മേഖലകളാണ്. അതനുസരിച്ച് 1188 ചതുരശ്ര കിമീ പ്രദേശത്തിന് ഒരു ജിയോളജിസ്റ്റ് എന്ന അനുപാതമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 
 
2018-2019 കാലയളവില്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ജിയോളജി സമൂഹത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന് ആ പ്രദേശങ്ങളില്‍ ഭൂഘടനയെ മാറ്റിമറിക്കുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് (SGPB Report). അനധികൃത ഖനനവും അശാസ്ത്രീയമായ മണ്ണെടുപ്പും കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയേറ്റി. കെട്ടിടനിര്‍മ്മാണത്തിനും കൃഷിയാവശ്യത്തിനുമായി ഭൂഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അവ പ്രകൃതിയെ എത്രത്തോളം ബാധിക്കുമെന്നും, ഭൂഘടനാമാറ്റങ്ങള്‍ പ്രസ്തുത പ്രദേശത്തിന് അനുയോജ്യമാണോ എന്നുപഠിക്കാന്‍ ജിയോളജിസ്റ്റ് വിഭാഗത്തിന് നിര്‍ണായകമായ പങ്കുവഹിക്കാനാകും. മുന്‍ കാലഘട്ടങ്ങളില്‍ നമ്മള്‍ അവഗണിച്ച ഇക്കാര്യങ്ങളാണ് കേരളത്തെ വന്‍ പ്രകൃതിദുരന്തത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇപ്പഴും മൈനിങ് ജിയോളജി എന്നാല്‍ ക്വാറികള്ക്കും മണല്‍ എടുപ്പിനും ലൈസന്‍സ് കൊടുക്കുന്ന ഒരു വകുപ്പ് മാത്രമാണ്. 

അറബിക്കടലിലില്‍ രൂപംകൊള്ളുന്ന ന്യൂന്യമര്‍ദ്ദം  കാരണം ഉണ്ടാകുന്ന മേഘവിസ്‌ഫോടങ്ങള്‍ ആഗോള താപനത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. നമ്മള്‍ ഇനി ചൂട് കൂടിയ ഒരു WARM സൈക്കിള്‍ ലേക്ക് ആണ് കടന്നു പോകുന്നത്. വരും വർഷങ്ങൾ കടുത്ത വേനലിനും അതി തീവ്ര മഴയ്ക്കും ഇത് വഴി വെക്കും. മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ചു വളരെ സുരക്ഷിതമായതു കൊണ്ടാവാം നമ്മുടെ സമൂഹത്തിനു ഭൂശാസ്ത്രമായ കാഴ്ചപ്പാട് ഇല്ലാതെ പോയത്.  ഇപ്പഴും മൈനിങ് ജിയോളജി എന്നാല്‍ ക്വാറികള്ക്കും മണല്‍ എടുപ്പിനും ലൈസന്‍സ് കൊടുക്കുന്ന ഒരു വകുപ്പ് മാത്രമാണ്. 

അനുമതി പ്രകാരം പ്രവര്‍ത്തിക്കുന്ന 723 ക്വാറികള്‍ ആണ് കേരളത്തിൽ. എന്നാല്‍ KFRI നടത്തിയ പഠനപ്രകാരം 5000ത്തില്‍ പരം ക്വാറികള്‍ നിലവിലുണ്ട്.

quarryകേരളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പാറകളും ചെങ്കല്ലുകളും ആണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.  മണ്ണെടുപ്പും പാറ ഖനനവും ചെങ്കല്‍ ഖനനവും നമ്മുടെ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവയുടെ നിയന്ത്രിതമായ ഖനനം എക്കാലത്തും അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ ഖനന മണ്ണെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ അതിന് കൃത്യമായ മോണിറ്ററിംഗ് സംവിധാനങ്ങള്‍ ആവശ്യമാണ്. പക്ഷേ നിലവിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യമല്ല.

മൂന്നാര്‍, വയനാട്, ഇടുക്കി പോലുള്ള മലയോരമേഖലകളില്‍ അനധികൃത ഖനനം നടക്കുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി പ്രകാരം പ്രവര്‍ത്തിക്കുന്ന 723 ക്വാറികള്‍ ആണ് നിലവിലുള്ളത്. എന്നാല്‍ KFRI നടത്തിയ പഠനപ്രകാരം 5000ത്തില്‍ പരം ക്വാറികള്‍ കേരളത്തില്‍ നിലവിലുണ്ട്. അനധികൃത ക്വാറികള്‍ കണ്ടെത്തുന്നതിന് ഇപ്പോഴുള്ള സംവിധാനത്തിലൂടെ കഴിയുകയില്ല. ആയതിനു ശക്തമായ നിരീക്ഷണം നടത്തി സര്‍ക്കാരിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. 

മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ (20192020) കേരളത്തിലെ അനധികൃത ഖനനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അനധികൃതവും അശാസ്ത്രീയവുമായ ഖനനം തടയുന്നതിനും ധാതുഗതാഗതം നിയന്ത്രിക്കുന്നതിനും സ്‌ക്വാഡ് പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് സമിതി നിരീക്ഷിച്ചു. 14 ജില്ലകള്‍ക്കായി 3 സ്‌ക്വാഡുളാണ് നിലവിലുള്ളത്. വകുപ്പിന്റെ പോർട്ടലില്‍ തന്നെ അയ്യായിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ധാതു ഗതാഗതത്തിനായി എൻറോള്‍ ചെയ്തിട്ടുണ്ട്. ദിവസവും ഏകദേശം 2000 ലോഡുകള്‍ ഗതാഗതം ചെയ്യുന്നുമുണ്ട്. ഇതുകൂടാതെ, അനധികൃത ഗതാഗതം കൂടി ആകുമ്പോള്‍ മുപ്പതിനായിരം കവിയും. ഇത്തരത്തിലുള്ള അനധികൃത ഖനന ധാതു ഗതാഗതം വഴി സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട റവന്യൂവാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ജില്ലക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയില്‍ ഫലപ്രദമായി സ്‌ക്വാഡ് പ്രവര്‍ത്തനം വിപുലീകരിച്ചാല്‍ മാത്രമേ റവന്യൂ ചോര്‍ച്ച തടയുവാന്‍ കഴിയുകയുള്ളൂ.

കേരളത്തിലെ പാറകളില്‍ മൈനിങ് പ്ലാന്‍ പ്രവര്‍ത്തനം നടപ്പിലാക്കി തുടങ്ങിയത് 2015 മുതലാണ്. ക്വാറികള്‍ മൈനിങ് പ്ലാന്‍ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിനായി നിരന്തര ക്വാറി സര്‍വേയും മേല്‍നോട്ടവും ആവശ്യമാണ്. എന്നാല്‍ പരിമിതമായ മാനവശേഷിയും അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരുടെ എണ്ണകുറവും കാരണം പലപ്പോഴും ഇക്കാര്യങ്ങളില്‍ കാലതാമസം നേരിടുന്നു. 

quarry
കോടശ്ശേരി മലമുകളിലെ കരിങ്കൽ ക്വാറിയിൽ അപകടഭീഷണിയുയർത്തി കെട്ടിനിൽക്കുന്ന വെള്ളം.
ഫയൽ ചിത്രം

തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ അനധികൃത ഖനനധാതു ഗതാഗത പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആവശ്യത്തിന് അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ വടക്കന്‍ ജില്ലകളില്‍ പോലുമില്ല. വടക്കന്‍ ജില്ലകള്‍ക്കായി ഒരു സ്‌ക്വാഡ് മാത്രമേ ഉള്ളൂ. ഇത്തരത്തില്‍ അനധികൃത ഖനനം മൂലമുള്ള നികുതി നഷ്ടവും പാരിസ്ഥിതിക പ്രശ്‌നങ്ങളും അനുദിനം വര്‍ധിച്ചു കൊണ്ട് ഇരിക്കുക ആണ്.

ശരിയായി തയ്യാറാക്കിയ ഖനന പദ്ധതിക്ക് അനുസൃതമായി പരിസ്ഥിതിക്ക് വലിയ നാശനഷ്ടം ഉണ്ടാക്കാതെ പാരിസ്ഥിതിക ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെയും (NGT) സമീപകാല വിധിന്യായത്തില്‍ പ്രതിപാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഖനന മണ്ണെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള ചുമതല മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കേരള ഗവണ്‍മെന്റ് നല്‍കുകയുണ്ടായി (2020 ഇറങ്ങിയ ഉത്തരവില്‍). ജിയോളജിസ്റ്റ്മാര്‍ക്ക് മാത്രം കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന ഈ ചുമതല, വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിമാരുടെ എണ്ണക്കുറവ് കാരണം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലേക്ക് മാറ്റി നല്‍കാന്‍ വകുപ്പിന് ആവശ്യപ്പെടേണ്ടതായിവന്നു. അതുപോലെ കേരളത്തിലെ നദികളില്‍ നിന്ന് മണലെടുക്കുന്നതുമായി ബന്ധപ്പെട്ട് കടവുകള്‍ക്ക് അനുമതി നല്‍കേണ്ട ചുമതല റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുകയുണ്ടായി. റവന്യൂ വകുപ്പുകളില്‍ ജിയോളജിസ്റ്റ് തസ്തിക ഇല്ലെന്നിരിക്കെ, ഈ പ്രവര്‍ത്തനങ്ങള്‍ ശരിയായ മാനദണ്ഡങ്ങളനുസരിക്കുന്നുണ്ടോയെന്നു സംശയമാണ്. വകുപ്പ് മേല്‍നോട്ടം വഹിക്കേണ്ട പാരിസ്ഥിതിക അനുമതി നല്‍കല്‍, കടവുകള്‍ക്ക് പെര്‍മിഷന്‍ നല്‍കല്‍ എന്നീ ചുമതലകള്‍ വകുപ്പ് തന്നെ നടത്തേണ്ടതുണ്ട് അല്ലാത്തപക്ഷം വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാഹചര്യമൊരുക്കും. 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന EIA2020 ഡ്രാഫ്റ്റ് അനുസരിച്ച് അഞ്ചരഏക്കര്‍ വരെയുള്ള സ്ഥലത്ത് അനുമതിയില്ലാതെ തന്നെ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഒന്നര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള സ്ഥലത്ത് (35 ഏക്ക4) നിര്‍മാണം നടത്താന്‍ ഇനി മുന്‍കൂര്‍ അനുമതിയും ആവശ്യമില്ല. പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ നല്‍കി 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ അത് അനുവദിച്ചതായി കണക്കാക്കപ്പെടും. EIA2020 സംബന്ധിച്ച് തര്‍ക്കങ്ങള്‍ കോടതിയില്‍ നിലനില്‍ക്കെ ഖനന വ്യവസായങ്ങളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കി പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം നിലവില്‍ വന്നതിനാല്‍ തന്നെ കൃത്യമായ മേല്‍നോട്ടം നടപടികളില്ലെങ്കില്‍ അവ അനധികൃത ഖനനം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമം ആക്കാതെ ഇവയൊന്നും പ്രതിരോധിക്കാനും ആകില്ല.

റീ ബില്‍ഡ് കേരള പദ്ധതിയിലൂടെ തദ്ദേശ തലത്തില്‍ ദുരന്തനിവാരണ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടല്ലോ. എന്നാല്‍ തദ്ദേശ വകുപ്പിലെ സാധാരണ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാരും തന്നെ ദുരന്തത്തിന് നിവാരണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള ശാസ്ത്രീയമായി വിഷയങ്ങള്‍ പഠിച്ചവരോ, ആയതില്‍ പരിശീലനം ലഭിച്ചവരോ അല്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ശാസ്ത്രീയമായ അടിത്തറ ആവശ്യമാണ് .

2016 കോടതി വിധിപ്രകാരമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവില്‍ (1644/2017/വ്യവ) സ്റ്റാഫ് പുന:സംഘടന ശാസ്ത്രീയമായി പരിഷ്‌കരിക്കേണ്ടത് അത്യന്താപേക്ഷികമാണെന്നും ജില്ലയില്‍ 2 പുതിയ അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണമെന്നും പ്രതിപാദിക്കുന്നു. വകുപ്പ് പുരോഗതി വിലയിരുത്തുന്നതില്‍നായി ബഹു. വ്യവസായ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 05/12/2019 ചേര്‍ന്ന യോഗ തീരുമാന പ്രകാരം 69  ഓളം അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി ഒരു പ്രൊപോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അത് ഈ ഒരു അടിയന്തിര സാഹചര്യത്തിലും നടപ്പിലായിട്ടില്ല.

മൈനിങ് സര്‍വെയ്‌ലന്‍സ് സിസ്റ്റം (MSS) കാര്യക്ഷമമാക്കുന്നതിനും വകുപ്പിലെ വരുമാന ചോര്‍ച്ച തടയുന്നതിനും, വകുപ്പിനെ കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള ഏക പോംവഴി വകുപ്പിലെ ജിയോളജിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്. വകുപ്പുകളില്‍ പ്രൊമോഷന്‍ നടപടികള്‍ മന്ദഗതിയില്‍ ആണ് നടക്കുന്നത്. ഡെപ്യൂട്ടി ഡിറക്ടര്‍സ് ന്റെ കസേരകകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങി മാസങ്ങളായി. പത്തു കൊല്ലങ്ങപ്പുറം നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റിലെ നിയമനകളെ ഇത് ബാധിച്ചു കൊണ്ടിരിക്കുകയാണ്.

(തയ്യാറാക്കിയത് ടീം ജിയോളജി- ജിയോളജി ഉദ്യോഗാര്‍ഥികളുടെ സംഘടന)

Content Highlights: Careers in Geology Department kerala