മാറ്റിവെച്ച വാൽവുമായി ഹൃദയം മിടിക്കുന്നത് ബാലകൃഷ്ണൻ മനസ്സുകൊണ്ട് കേൾക്കാറുണ്ട്. സുരങ്കയിലൂടെ നീങ്ങുമ്പോൾ കുന്നിന്റെ ഹൃദയധമനിക്കുള്ളിൽ വെള്ളം ഒഴുകുന്നതും അതേതാളത്തിൽ കേൾക്കാമെന്ന് ബാലകൃഷ്ണൻ പറയുന്നു. വീടിന്റെയും വിളകളുടെയും ദാഹം തീർക്കാൻ ഒറ്റയ്ക്ക് കുന്നിനുള്ളിലേക്ക് വെള്ളംേത​ടി പിക്കാസും കൈക്കോട്ടുമേന്തി ബാലകൃഷ്ണൻ പോയി. ആ ഇരുണ്ട വഴിയിൽനിന്ന് അദ്ദേഹം തിരിച്ചെത്തിയത് തെളിനീരുറവയുമായായിരുന്നു. 

ബേഡഡുക്ക എരിഞ്ഞിപ്പുഴയിലെ സി.കെ.ബാലകൃഷ്ണൻ കാസർകോട് ചിന്മയ വിദ്യാലയത്തിലെ അധ്യാപകനാണ്. എരിഞ്ഞിപ്പുഴയിലെ കുന്നിൻചരിവിൽ വീട്ടാവശ്യത്തിനും കൃഷി നനയ്ക്കുന്നതിനുമായി വർഷങ്ങൾക്കുമുമ്പ് ഉണ്ടാക്കിയ തുരങ്കത്തിൽനിന്നുള്ള വെള്ളത്തിന്റെ വരവ് കഴിഞ്ഞ വേനലിൽ കുറഞ്ഞതോടെയാണ് അടുത്ത വേനൽ കടുക്കുന്നതിനു മുമ്പുതന്നെ മറ്റൊരു തുരങ്കമുണ്ടാക്കണമെന്ന് മനസ്സിലുറപ്പിച്ചത്.

വീട്ടിൽ വർഷങ്ങൾക്കുമുമ്പ് ഉണ്ടാക്കിയിരുന്ന തുരങ്കനിർമിതിയിൽ സഹായിയായി പ്രവർത്തിച്ചതാണ് ധൈര്യം പകർന്നത്. വെള്ളത്തിന്റെ സൂചകത്തിനും മറ്റാരെയും ആശ്രയിച്ചില്ല. വീട് നിൽക്കുന്ന സ്വന്തമായുള്ള ഒരേക്കറിൽ ഏറെയും കുന്നിൻചെരിവാണ്. വീട്ടിൽനിന്ന് 40 മീറ്റർ ദൂരെയാണ് കുന്ന് തുരന്നത്. കഴിഞ്ഞ ഡിസംബർ അവധിയിലാണ് നിർമാണം തുടങ്ങിയത്. ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളിലുമായിരുന്നു നിർമാണം. 20 മീറ്ററോളം തുരന്നപ്പോൽത്തന്നെ നല്ല സ്ഫടികംപോലുള്ള വെള്ളംകിട്ടി. വീട്ടാവശ്യത്തിനും കൃഷിനനയ്ക്കാനുമുള്ള വെള്ളത്തിന് ഇനി ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു. തുരങ്കത്തിൽനിന്ന് പൈപ്പുവഴി വീടിനുമുകളിലെ സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനു സൗകര്യമൊരുക്കാനാണ് പദ്ധതി. 

എട്ടുവർഷംമുമ്പ് പുട്ടപർത്തിയിലെ സത്യസായി ബാബയുടെ ആസ്പത്രിയിൽനിന്ന് ബാലകൃഷ്ണന്റെ ഹൃദയവാൾവ് മാറ്റിവച്ചിരുന്നു. അതുകൊണ്ടതന്നെ ദിവസം അഞ്ചുമണിക്കൂർ മാത്രമാണ് തുരങ്കനിർമിതിക്കായി ചെലവഴിച്ചത്. യേശുദാസിനെ ഏറെ ആരാധിക്കുന്ന അമ്പത്തിമൂന്നുകാരനായ ബാലകൃഷ്ണൻ പഴയ പാട്ടുകൾ ആസ്വദിച്ചുതന്നെയായിരുന്നു തുരങ്കനിർമാണവും.  തുറന്ന കിണർനിർമാണം ​െചലവേറിയതും സ്വന്തമായുള്ള നിർമാണം അപ്രായോഗികമായതിനാലുമാണ് തുരങ്കംതന്നെ നിർമിക്കാൻ തീരുമാനിച്ചത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഴയകാല പ്രവർത്തകനായ ബാലകൃഷ്ണൻ വീട്ടുപറമ്പിൽ നിരവധി നീർക്കുഴികൾ കുഴിച്ച് ജലസംരക്ഷണത്തിനും സ്വാഭാവികമരങ്ങൾ നട്ടുവളർത്തി പ്രകൃതിസംരക്ഷണത്തിനും ഊന്നൽ നൽകുന്നു.

ബേത്തൂർപാറ ഗവ. ഹൈസ്കൂൾ അധ്യാപിക  ബി.സി.യമുനയാണ് ഭാര്യ. പൊവ്വൽ എൽ.ബി.എസ്. എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാംവർഷ വിദ്യാർഥിനി ശ്യാമ, ബേത്തൂർപാറ സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥി ശ്യാംദാസ് എന്നിവർ മക്കളാണ്.