ണ്ണൂരിന്റെ കടല്‍ത്തീര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത് വീടിന്റെ കോലായയില്‍ ഇരുന്നാല്‍ അകലെ കണ്ണൂര്‍സിറ്റിയിലെ പുരാതന പള്ളിയും കണ്ണൂര്‍ കോട്ടയുമെല്ലാം കാണാം. മൈലുകള്‍ നീണ്ടുകിടക്കുന്ന മനോഹരമായ വൃത്തിയുള്ള കടപ്പുറം, കടല്‍  ഭിത്തികെട്ടി നശിപ്പിച്ച പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും നിറഞ്ഞ ഇന്നത്തെ കടല്‍പ്പുറത്തിന്റെ കാഴ്ചയില്‍ എനിക്ക് വല്ലാത്തൊരു 'നൊസ്റ്റാള്‍ജിയ' നല്‍കുന്നു. 

കടലും കടപ്പുറവും എനിക്ക് ഒരു ജൈവശക്തിയാണ്. ജീവിക്കുന്ന വ്യക്തിത്വമാണ്. വികാരക്ഷോഭങ്ങളും വിചാര സാന്ദ്രതയും എല്ലാമായി നിലനില്‍ക്കുന്ന വ്യക്തിത്വം ഓരോ വ്യത്യസ്ത വേഷങ്ങളില്‍ വ്യത്വസ്ഥ കഥാപാത്രങ്ങളെ കാഴ്ചവെക്കുന്ന ഒരു നടനെപ്പോലെ കടല്‍ ഓരോ സീസണിലും വ്യത്യസ്ത രൂപങ്ങളില്‍ നിലനില്‍ക്കുന്നു. 

മണ്‍സൂണിന്റെ വരവോടെ കടല്‍ പൂര്‍ണ്ണക്ഷോഭത്തിലെത്തുന്നു. കടല്‍പ്പുറം പൂര്‍ണ്ണമായും കടലെടുക്കുന്നു. പൂഴിക്കടിയില്‍  മറഞ്ഞുനിന്ന പാറകള്‍ പുറത്തുവരുന്നു. അവയില്‍ തിരകള്‍ അടിച്ചു ചിതറുന്നു. ആഗസ്ത് കഴിയുമ്പോള്‍ ഓണക്കാലത്തിന്റെ വരവോടെ പാറക്കല്ലുകള്‍ പൂഴികൊണ്ട് മൂടപ്പെടുന്നു, ചെറിയൊരു കടല്‍പ്പുറം രൂപപ്പെടുന്നു, കടല്‍ പിറകോട്ട് നീങ്ങുന്നു. സപ്തംബര്‍ ഒക്ടോബര്‍ മാസത്തില്‍ കടല്‍ ഏറെ പിറകോട്ടുപോകുന്നു. കൂടുതല്‍ ശാന്തമാവുന്നു. ധാരാളം മീന്‍ വര്‍ഗ്ഗങ്ങള്‍ തീരത്തോടടുത്ത് എത്തുന്നു. കടല്‍ തീരഗ്രാമങ്ങളിലെ  അമേച്വര്‍ മീന്‍ പിടത്തക്കാരുടെ കാലമാണിത്. 

നവംബറോടെ കടല്‍ കുറച്ച് മുന്നോട്ട് കയറുന്നു. സക്രിയമാകുന്ന കടല്‍ക്ഷോഭം എന്നു തോന്നിക്കുന്ന വിധത്തില്‍ അതിശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുന്നു. കടലിനെ അറിയുന്നവര്‍ക്ക് പേടിയുണ്ടാവില്ല. കടലില്‍ കളിക്കാനും തിരമാലകളില്‍ കുത്തിമറിയാനും ഒക്കെയുള്ള കാലമാണിത്. കടലിന്റെ മറ്റൊരു പ്രക്രിയയുടെ സമയമാണിത്. കടപ്പുറം പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഓരോ തിരമാലയും കടലില്‍നിന്നും പൂഴി കടപ്പുറത്തേക്ക് അടിച്ചുകയറ്റുന്നു. 

rain sea shore

ഡിസംബര്‍ ജനുവരി ആവുന്നതോടെ കടല്‍പ്പുറം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പലസ്ഥലത്തും ഫുട്‌ബോള്‍ കളിക്കാന്‍ പാകത്തില്‍ കടല്‍പ്പുറം രൂപംകൊള്ളുന്നു. കടല്‍ ഭിത്തികള്‍ കെട്ടിയതോടെ  കടല്‍ പുതത്തിന്റെ വിശാലതയും ഭംഗിയും നഷ്ട്ടപ്പെട്ടു  ഫിബ്രവരി മാര്‍ച്ച് മാസങ്ങളില്‍ മിനുക്കു പണികള്‍ നടക്കും. ചെറിയ ചില കടല്‍ക്ഷോഭങ്ങളില്‍ കടപ്പുറം അല്പം തിരിച്ചെടുക്കുകയും വീണ്ടും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്യും. ഇണങ്ങിയും പിണങ്ങിയും ഉള്ള നിലനില്പ്. 

ഏപ്രില്‍ മെയ് മാസങ്ങളിലൂടെ മറ്റൊരു പ്രക്രിയ നടക്കും. വൈകുന്നേരങ്ങളിലെ നിരന്തരമായ കാറ്റാണത്. ആ കാറ്റില്‍ നേരിയ പൂഴി നിരന്തരമായി വടക്കുനിന്നും തെക്കോട്ട് പറക്കും. കടപ്പുറത്തിന്റെ ഉപരിതലം മിനുക്കപ്പെടും. വെറും കാലില്‍ നടക്കുമ്പോള്‍ സംഗീതാത്മകമായ ഒരു ശബ്ദം ഉണ്ടാകും. കടപ്പുറത്തിന്റെ ഉപരിതലം മുഴുവന്‍ നികത്തി നിരത്തി മിനുസമാക്കപ്പെടും. ഈ കാറ്റിനെ ഞങ്ങളുടെ നാട്ടില്‍ 'ഉച്ചാര്‍കാറ്റ്' എന്നാണ് വിളിച്ചിരുന്നത്. 'മണ്‍സൂണി'ന് മുമ്പ് അറബികളുടെ പായ്ക്കപ്പലുകള്‍ ഈ കാറ്റ് ഉപയോഗിച്ചാണ് മലബാര്‍ തീരത്ത് എത്തിയത്. എന്റെ ചെറുപ്പത്തില്‍ തന്നെ അനേകം പായ്ക്കപ്പലുകള്‍ (ഉരു) അകലങ്ങളിലൂടെ നീങ്ങിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. മെയ് മാസം അവസാനത്തോടെ കടലിന്റെ ഈ നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാകുന്നു. 

ജൂണ്‍   തുടക്കം മണ്‍സൂണിന്റെ വരവ്. ഇടിയും മിന്നലും കൊടുങ്കാറ്റിനു സമാനമായ തെങ്ങുകളെയും മരങ്ങളെയും കടപുഴക്കുന്ന കാറ്റ് ആകാശവും കടലും ഇരുളിപ്പിക്കുന്ന മേഘങ്ങളുടെ കൂട്ടം. കനത്ത മഴ. ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളില്‍ ഒന്ന്. അതൊരു അനുഭവം തന്നെയാണ്. കടല്‍ അനന്തമായി ക്ഷോഭിക്കുന്നു. ഒറ്റദിവസം കൊണ്ട് കടപ്പുറം പൂര്‍ണ്ണമായും ഇല്ലാതാവുന്നു. ഒരു കൊല്ലത്തെ നിര്‍മ്മാണപ്രക്രിയ മുഴുവന്‍ ഒറ്റദിവസം കൊണ്ട് ഇല്ലാതാവുന്നു. നാറാണത്ത് ഭ്രാന്തനെപ്പോലെ ഓരോ കൊല്ലവും കടല്‍ ഇത് ആവര്‍ത്തിക്കുന്നു. ഇരുണ്ട കടല്‍, തിരമാലകള്‍ തീരത്തെ പാറകളില്‍ വന്നിടിച്ച് ആകാശത്തോളം ചിതറുന്നു ഭയാനകമായ ശബ്ദത്തോടെ. പരിചയമില്ലാത്തവര്‍ക്ക് കടല്‍തീരത്ത് വീടുകളില്‍ ഉറങ്ങാന്‍ പറ്റില്ല. ഇതൊക്കെ 'സീസണല്‍''  ഭാവങ്ങള്‍ മാത്രമാണ്.

ഓരോ ദിവസവും കടലിനു രൂപഭാവ മാറ്റങ്ങള്‍ ഉണ്ട്. രാത്രിയും പകലും കടലും തീരവും വ്യതസ്തമാവുന്നു. കാറ്റ് ഉള്ളപ്പോഴും കാറ്റ് ഇല്ലാത്തപ്പോഴും കടല്‍ വ്യത്യസ്ഥമാണ്.  പുലര്‍ച്ചെയിലും സന്ധ്യയിലും കടല്‍ ഭാവവും രൂപവും മാറുന്നു. ഇരുട്ടുള്ള രാത്രികളും നിലാവുള്ള രാത്രികളും കടലും തീരവും വ്യതസ്ത വികാരങ്ങള്‍ നല്‍കുന്നു.  പുലെര്‌ച്ചേ മൂന്ന് മണിക്ക് കടല്‍ പുറത്തു ഒറ്റയ്ക്ക് ഇരുന്നു കടലും പ്രകൃതിയും  ആസ്വദിക്കുന്നതും, ഇരുണ്ട രാത്രിയില്‍ ഒറ്റയ്ക്ക് കാണുന്ന ആകാശകാഴ്ച്ചകളും ചിലപ്പോള്‍ മനസ്സിന്റെ താളങ്ങള്‍ പോലും തെറ്റിച്ചേക്കാം.  

rush sea

കടല്‍തീരത്തിന്റെ മഴക്കാലം അക്കാലത്ത് സാധാരണക്കാര്‍ക്ക് സുഖകരമായ കാര്യമായിരുന്നില്ല. ഞങ്ങളുടെ കടല്‍തീരത്ത് മീന്‍പിടുത്തത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ ഇല്ലായിരുന്നു. രണ്ടു കിലോമീറ്റര്‍ തെക്കുമാറി മീന്‍പിടുത്തക്കാരുടെ ഗ്രാമമുണ്ട്. എങ്കിലും പൊതുവെ മഴക്കാലം വിഷമത്തിന്റെ കാലമായിരുന്നു സാധാരണക്കാര്‍ക്ക്. കനത്ത മഴ അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കും. പലപ്പോഴും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഴ, കടലില്‍ നിന്നും നിരന്തരം ചീറി അടിക്കുന്ന കാറ്റ്, മഴയെ വാതിലിലൂടെയും ജനലിലൂടെയും വീടിന്റെ ഉള്ളില്‍ എത്തിക്കും. മണ്‍കട്ട കൊണ്ട് ഉണ്ടാക്കിയ വീടുകളാണ് പലതും കടല്‍ത്തീരത്ത്. അവയെ സംരക്ഷിച്ചില്ലെങ്കില്‍ വീട് ഇടിഞ്ഞ് വീഴും. അതുകൊണ്ട് കടലിന് അഭിമുഖമായ വശങ്ങള്‍ കൃത്യമായി മെടഞ്ഞ ഓലകൊണ്ട് കെട്ടി മഴ കടക്കാതെ സൂക്ഷിക്കണം. തീരത്തുള്ള എല്ലാ വീടുകളും മറകെട്ടി ഭദ്രമാക്കും. വടക്കും പടിഞ്ഞാറും ഭാഗങ്ങളാണ് ഇങ്ങനെ ഭദ്രമാക്കുന്നത്.

സ്‌കൂളില്‍ മണ്‍സൂണിനെക്കുറിച്ച് പഠിച്ചപ്പോഴാണ് ഒരു സംശയം ഉദിച്ചത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്താണ് ഞങ്ങളെ പഠിപ്പിച്ചത്. അതിലെന്തോ പന്തികേടുണ്ടെന്ന് തോന്നി. തെക്കുപടിഞ്ഞാറന്‍ ആണെങ്കില്‍ എന്തുകൊണ്ടാണ് വടക്കു പടിഞ്ഞാറു നിന്ന് മഴ വരുന്നത്? ഒരിക്കലും തെക്കുപടിഞ്ഞാറുനിന്ന് മഴ വരുന്നത് കണ്ടില്ല. എന്നും വടക്കുപടിഞ്ഞാറന്‍ ചക്രവാളത്തില്‍ നിന്ന് പതുക്കെ മേഘങ്ങള്‍ ഉയരും. ക്രമേണ അത് ആകാശങ്ങളെ മറയ്ക്കും. കഠിനമായ കാറ്റും പിറകെ കനത്ത മഴയും എല്ലാ വടക്കുപടിഞ്ഞാറു നിന്ന്. പിന്നെന്താണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എന്നു വിളിക്കുന്നത്. 

ഒരു ദിവസം ധൈര്യം സംഭരിച്ച് മറ്റെന്തോ പഠിപ്പിച്ചു കൊണ്ടിരുന്ന സോഷ്യല്‍സ്റ്റഡീസ് മാഷോട് ഈ സംശയം ചോദിച്ചു. 'ഇരിക്കടാ അവടെ, തെമ്മാടിത്തമേ ചോദിക്കൂ' ഉത്തരം കിട്ടി. ചോദ്യം മനസ്സില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഓരോ മഴക്കാലവും ആ ചോദ്യത്തിനെ ഉത്തേജിപ്പിച്ചു. മുതിര്‍ന്നപ്പോള്‍ പുസ്തകങ്ങളിലൊക്കെ തപ്പി. പത്രങ്ങളിലും വാരികകളിലും വരുന്ന മഴയെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചു. എവിടെയും ഉത്തരമില്ല. അന്ന് 'ഗൂഗിള്‍' ഇല്ല.

rain

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ പൂണെ സന്ദര്‍ശിച്ചപ്പോള്‍ പൂണെ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ എന്റെ ഒരു ബന്ധുവിന്റെ കൂടെയാണ് താമസിച്ചത്. രാത്രി ടെറസ്സില്‍ ഇരുന്ന് നക്ഷത്രങ്ങളെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചുമൊക്കെ സംസാരിച്ച യുവശാസ്ത്രജ്ഞന്റെ കൗതുകം ഞാനും പങ്കുവെച്ചു. കുറച്ചു കഴിഞ്ഞ് ഞാന്‍ ഒരു ക്ഷമാപണത്തോടു കൂടി അയാളോടു പറഞ്ഞു. ചോദിക്കുന്നത് വിഡ്ഢിത്തമാണെങ്കില്‍ ക്ഷമിക്കണം. മണ്‍സൂണിനെ ക്കുറിച്ചുള്ള സംശയം ഞാന്‍ അവതരിപ്പിച്ചു. മഴ വരുന്നത് കാണുന്നത് വടക്കുപടിഞ്ഞാറു നിന്നാണ് പിന്നെന്താണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നു വിളിക്കുന്നത്? 

അയാള്‍ ചിരിച്ചില്ല. പിന്നെ പറഞ്ഞു. മണ്‍സൂണ്‍ തെക്കുപടിഞ്ഞാറന്‍ തന്നെയാണ്. പക്ഷേ നിങ്ങള്‍ പറയുന്നത് ശരിയാണ്. മലബാര്‍ മേഖലയില്‍ മഴ വരുന്നത് വടക്കുപടിഞ്ഞാറു നിന്നാണ്. മണ്‍സൂണ്‍ കാലഘട്ടത്തില്‍ ഏകദേശം മംഗലാപുരത്തിന് പടിഞ്ഞാറായി കടലില്‍ ഒരു തരം സ്ഥിരമായ 'ഡിപ്രഷന്‍' പോലുള്ള ഒരു സംവിധാനം ഉണ്ടാവും.. അത് തെക്കു നിന്നും വരുന്ന മഴക്കാറ്റിനെ ഒന്നു കറക്കിവിടും. അതുകൊണ്ട് ആ മേഖലയില്‍ മഴ വരുന്നത് വടക്കുപടിഞ്ഞാറുനിന്നാണ്. കന്യാകുമാരിയില്‍ നിന്നുതുടങ്ങി വടക്കോട്ടു നീങ്ങുന്ന മഴ മലബാര്‍ മേഖലയില്‍ കറങ്ങി വടക്കുപടിഞ്ഞാറാനായി. അതുകഴിഞ്ഞ് വീണ്ടും തെക്കുപടിഞ്ഞാറാനായി യാത്ര തുടരുന്നു. അതുകൊണ്ടാണ് മുംബൈയിലും മറ്റും വീടുകളുടെ തെക്കുപടിഞ്ഞാറു ഭാഗം ഇക്കാലത്ത് മറച്ച് സംരക്ഷിക്കുന്നത്.

എന്നാലും ഇപ്പോഴും എന്റെ മനസ്സില്‍ പലപ്പോഴും തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും കൂടിക്കുഴഞ്ഞാണ് ഇരിക്കുന്നത്. എല്ലാംകൂടി മഴയോടും കടലിനോടും   ഒരു വല്ലാത്ത അടുപ്പമുണ്ട് എനിക്ക്. ഒരു അഭിനിവേശത്തോളമെത്തുന്ന വികാരം. മഴ കഠിനവും ഭീകരവുമാവുന്നതും കടല്‍ ക്ഷോഭം കൊള്ളുന്നതും  കൂടുതല്‍ സന്തോഷം നല്‍കും.

rain

കടല്‍ത്തീരത്ത് നല്ല നിരീക്ഷണപാടവമുണ്ടെങ്കില്‍ മഴ വരുന്നതും പോകുന്നതും കൃത്യമായി പ്രവചിക്കാം. ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ മഴയെ പ്രവചിക്കാം. ഒരു കുട അന്ന് വിലപ്പെട്ട വസ്തുവായിരുന്നു. പ്രത്യേകിച്ച് മഴക്കാലത്ത്. കുട കുറെയെണ്ണം കളഞ്ഞപ്പോള്‍ പിന്നെ സ്‌കൂളില്‍ പോകുമ്പോള്‍ കുടയെടുക്കാതെയായി. പതിനഞ്ചു വയസ്സിനുശേഷം ഞാന്‍ കുട ഉപയോഗിച്ചിട്ടില്ലെന്ന് പറയാം. വളരെ ചുരുക്കം അവസരങ്ങളിലൊഴിച്ച്. എന്നാല്‍ കാര്യമായി നനയാറുമില്ല.

1984 ലാണ് എന്നു തോന്നുന്നു അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എല്ലാം ചേര്‍ന്ന് മണ്‍സൂണിനെക്കുറിച്ച് വലിയൊരു പഠനം നടത്തി. 'ഇന്ത്യാ മഹാസമുദ്രം' ആയിരുന്നു പ്രധാന കേന്ദ്രം. കപ്പലുകളും വിമാനങ്ങളും ഒക്കെ ഉപയോഗിച്ചുള്ള വിശദമായ പഠനം. മണ്‍സൂണിന്റെ രഹസ്യങ്ങളിലേക്ക് എത്തിനോക്കി. 'ദ ഹിന്ദു' പത്രത്തില്‍ ഈ പഠനങ്ങളെക്കുറിച്ച് വിശദമായ ലേഖനങ്ങള്‍ വന്നു. 'മോണക്സ്' എന്നായിരുന്നു പഠനത്തിന്റെ പേര്. മണ്‍സൂണിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ആ പഠനത്തില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല.

1987 ലാണെന്ന് തോന്നുന്നു കേരളത്തില്‍ മെയ് പകുതിയോടെ കഠിനമായ മഴ തുടങ്ങി. സാധാരണ കാണുന്ന മണ്‍സൂണിന്റെ വരവ് തന്നെ. പക്ഷേ നമ്മുടെ 'കാലാവസ്ഥ നിരീക്ഷകന്‍' പറഞ്ഞുകൊണ്ടേയിരുന്നു അത് വേനല്‍മഴയാണ് 'പ്രീമണ്‍സൂണ്‍' എന്നൊക്കെ. അത് മണ്‍സൂണ്‍ തന്നെയാണ് എന്ന് പറഞ്ഞ എന്നെ സുഹൃത്തുക്കള്‍ കളിയാക്കി. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നമ്മുടെ കാലാവസ്ഥ നിരീക്ഷകന്‍ സ്ഥിരീകരിച്ചു വന്നത് മണ്‍സൂണ്‍ തന്നെയാണെന്ന്.

ആ കാലത്ത് ഞാന്‍ സിബിഐയില്‍ ജോലി ചെയ്യുകയായിരുന്നു എറണാകുളത്ത്. ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന 'ഉരുക്കള്‍' (പായ്ക്കപ്പല്‍) സ്ഥിരമായി മുങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം എനിക്ക് നടത്തേണ്ടിവന്നു. മണ്‍സൂണ്‍ തുടക്കത്തിന് മുമ്പ് ബോംബൈയില്‍ നിന്ന് പുറപ്പെടുന്ന ഉരു മണ്‍സൂണ്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് കേരളത്തിലെത്തുന്നതിന് മുമ്പ് മുങ്ങിപ്പോകും. കടല്‍ക്ഷോഭം ഇല്ല എന്ന് പറയാന്‍ ആര്‍ക്കും പറ്റില്ല. ഇത്തരം കേസ്സുകളും അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കാലാവസ്ഥാ നിലയം മുതല്‍ ബോംബൈ വരെ കാലാവസ്ഥ നിലയങ്ങളിലും തുറമുഖങ്ങളിലും എനിക്ക് അന്വേഷണം നടത്തേണ്ടിവന്നു. 

കടലും മഴയും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ആ അന്വേഷണം രസകരമായിരുന്നു. കേസ്സന്വേഷണത്തിലുപരി ഒരു പഠനമായിരുന്നു. അതിനുശേഷം ഞാന്‍ ബോംബെയിലേക്ക് സ്ഥലം മാറി. ഒരു പ്രധാന കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എനിക്ക് ഡല്‍ഹിയില്‍ സ്ഥിരമായി പോകേണ്ടിയിരുന്നു. ഇന്ത്യയുടെ വിവിധ ഓയില്‍ കമ്പനികളുടെ 'ഫണ്ട്' നിയന്ത്രിച്ചിരുന്ന OIDB (ഓയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്മെന്റ് ബോര്‍ഡ്) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കേസ്സായിരുന്നു. ഡല്‍ഹിയിലെ OIDB യുടെ ഓഫീസിലെ സ്ഥിര സന്ദര്‍ശകനായിരുന്ന ഞാന്‍ ആ ഓഫീസിന്റെ 'ഹെഡ്' ആയ അരവിന്ദ് കൗശലുമായി നിരന്തരമായി ബന്ധപ്പെടേണ്ടിയിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ക്കപ്പുറത്ത് സാഹിത്യവും സാമൂഹ്യപ്രശ്നങ്ങളുമൊക്കെ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. 

സാമൂഹ്യബോധമുള്ള വ്യത്യസ്തമായി ചിന്തിക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൌശലിന്റെ അനുജനാണ് അദ്ദേഹം. പിന്നിട് കേന്ദ്ര ഗവണ്മെന്റ് സിക്രട്ടറിയായി.   അങ്ങനെ ഏതോ ചര്‍ച്ചയില്‍ മഴയെക്കുറിച്ചുള്ള എന്റെ ഇഷ്ടം മനസ്സിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞു. നല്ലൊരു പുസ്തകമുണ്ട് ഞാന്‍ തരാം. അദ്ദേഹത്തിന് നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു. പിറ്റേ ദിവസം പുസ്തകം കൊണ്ടുവന്നു. 

അലക്സാണ്ടര്‍ ഫ്രെയിസറിന്റെ 'ചെയിസിങ്ങ് ദ മണ്‍സൂണ്‍'. വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് അത് ഇഷ്ടപ്പെട്ടു. മണ്‍സൂണിനെക്കുറിച്ച് പഠിക്കാന്‍ കേരളത്തിലെത്തുന്ന അലക്സാണ്ടര്‍ ഫ്രെയിസര്‍ ആദ്യമെത്തുന്നത് തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലാണ്. അവിടെ അദ്ദേഹം കണ്ടുമുട്ടിയ പുസ്തകത്തില്‍ പറയുന്ന പല വ്യക്തികളും എനിക്ക് നേരിട്ട് പരിചയമുള്ളവരായിരുന്നു, എന്റെ നേരത്തെ പറഞ്ഞ അന്വേഷണത്തിന്റെ ഭാഗമായി ഞാന്‍ കണ്ട് ചര്‍ച്ച ചെയ്തവര്‍. 

rain

ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ജീവനായ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ വിവരിക്കുന്നു. വരണ്ട ഉത്തരേന്ത്യന്‍ കൃഷിഭൂമികള്‍ മഴക്കുവേണ്ടി കാത്തിരിക്കുന്നത് വിവരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം പോലും മഴയുടെ ലഭ്യതക്കനുസരിച്ച് മാറ്റപ്പെടും എന്ന് പ്രവചിക്കുന്നു. ശക്തമായ പഠനം. കടുത്തച്ചൂടില്‍ വരണ്ട് ദാഹിക്കുന്ന ഇന്ത്യാ ഉപഭൂഖണ്ഡം മണ്‍സൂണിന്റെ കുളിര്‍മക്കുവേണ്ടി കാത്തുനില്‍ക്കുന്നു. പത്രങ്ങളിലെല്ലാം വരള്‍ച്ചയെക്കുറിച്ചും ജനത്തിന്റെ കഷ്ടപ്പാടിനെക്കുറിച്ചുമാത്രമാണ് വാര്‍ത്തകള്‍. 

രസകരവും ആഴത്തില്‍  ഉള്ളതുമായ ഒരു പഠനം.  അങ്ങനെ മഴ വന്നു. കന്യാകുമാരിയിലെ മുനമ്പില്‍ മഴയെ കാത്തുനില്‍ക്കുന്ന ടൂറിസ്റ്റുകള്‍. കൂട്ടത്തില്‍ 'ഫ്രെയിസറും'. മണ്‍സൂണിന്റെ കരയിലേക്കുള്ള കടന്നുവരവ് അദ്ദേഹം മനോഹരമായി വര്‍ണ്ണിക്കുന്നു. ഇടിമിന്നലുകള്‍, കൊടുങ്കാറ്റ് കറുത്തിരുണ്ട മേഘങ്ങള്‍ സൂര്യനെ മറച്ചുകൊണ്ട് കടന്നുവരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു 'ഇലക്ട്രിഫൈയിങ്ങ്' എക്സിപീരിയന്‍സ്. 

പിന്നെ മഴയുടെ വടക്കോട്ടുള്ള യാത്ര കേരളതീരത്തു കൂടെ കര്‍ണ്ണാടക മഹാരാഷ്ട്രയിലൂടെ ഉത്തരേന്ത്യന്‍ സമതലങ്ങളിലൂടെ ആസ്സാമിന്റെ വന്യതയില്‍ ഉറഞ്ഞുതുള്ളി നീങ്ങുന്ന മണ്‍സൂണ്‍. അത് വായിച്ചപ്പോള്‍ എനിക്കൊരു 'ഇലക്ട്രിഫൈയിങ്ങ് എക്സിപീരിയന്‍സ് ആണ് ഉണ്ടായത്. മണ്‍സൂണിനെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ സഞ്ചരിച്ച വഴികളിലൂടെയൊക്കെതന്നെയാണ് അദ്ദേഹവും സഞ്ചരിച്ചത്. കഠിനമഴയില്‍ മുങ്ങിപ്പോകുന്ന ബോംബെയും അതിന്റെ കഷ്ടപ്പാടുകളും അവിടുത്തെ ചേരികളിലെ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളും എല്ലാം എനിക്കറിയുന്നതു തന്നെ. 

വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നി. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എല്ലാ കൊല്ലവും കടന്നുകേറുന്നത് കേരളത്തിലേക്കാണ്. എന്തുകൊണ്ട് ഇന്നുവരെ ഒരു മലയാളിക്ക് അതേക്കുറിച്ച്‌ ഒരു പുസ്തകമെഴുതാന്‍ പറ്റിയില്ല? മലയാളി എന്തെങ്കിലും ലോകനിലവാരത്തില്‍ എഴുതിയിട്ടുണ്ടോ?  മറ്റൊന്നു കൂടി ഞാന്‍ മനസ്സിലാക്കി. ഒരു സ്വപ്നം പോലെ എന്റെ മനസ്സില്‍ ഞാന്‍ കൊണ്ടുനടന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ 'റൊമാന്റിക് ഫീലിങ്ങ്' ഒരു യാഥാര്‍ത്ഥ്യമാണ്

rain