കനത്തമഴയും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾ പൊട്ടലുകളും മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ പ്രതിഭാസങ്ങളല്ല. 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തോടും ഉരുൾപൊട്ടലുകളോടും കൂടിയാണ് സാധാരണക്കാരായ മലയാളികൾ ഇത്തരത്തിലുള്ള മണ്ണിടിച്ചിലുകൾക്ക് പ്രധാന കാരണത്തിൽ ഒന്നായ ‘സോയിൽ പൈപ്പിങ്‌’ എന്ന വാക്ക് കൂടുതലായി കേട്ടുതുടങ്ങിയത്. എന്നാൽ, സോയിൽ പൈപ്പിങ്ങിനെപ്പറ്റിയുള്ള ആദ്യ
പഠനങ്ങൾ ഇതിനും ഏതാണ്ട് ഒരു പതിറ്റാണ്ടുമുമ്പുതന്നെ കേരളത്തിൽ നടന്നിരുന്നു. 
 
2005-ലാണ് കണ്ണൂർ ജില്ലയിലെ തിരുമേനി എന്ന സ്ഥലത്ത്‌ ഭൂമി ഇടിഞ്ഞുതാഴുന്നതിനെപ്പറ്റി തിരുവനന്തപുരത്തെ ദേശീയ ഭൗമ പഠനകേന്ദ്രം (NCESS) പഠനം നടത്തുകയും സോയിൽ പൈപ്പിങ് എന്ന പ്രതിഭാസമാണ് ഇതിനു കാരണമെന്നു ആദ്യമായി കണ്ടെത്തുകയും ചെയ്തത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ കണ്ണീരിലാഴ്ത്തിയ കവളപ്പാറ, പുത്തുമല മണ്ണിടിച്ചിലുകളുടെ പ്രധാന കാരണവും സോയിൽ പൈപ്പിങ്‌ ആണെന്നാണ് ഭൗമശാസ്ത്ര വിദഗ്ധരുടെ പ്രാഥമികനിഗമനം.
 
എന്താണ് സോയിൽ പൈപ്പിങ്‌
 
ഭൗമോപരിതലത്തിലെ മണ്ണൊലിപ്പ് തടയുന്നതിൽ സസ്യങ്ങൾക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ട്. എന്നാൽ മണ്ണൊലിപ്പ് എന്നത് ഭൂമിയുടെ ഉപരിതലത്തിൽ (Surface) മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രതിഭാസമല്ല. ഭൗമാന്തർ ഭാഗത്തും മണ്ണൊലിപ്പ് പ്രക്രിയ നടക്കുന്നുണ്ട്.  ഉപരിതല മണ്ണൊലിപ്പ് (Surface Erosion) പോലെ ഭൂഗർഭ മണ്ണൊലിപ്പ് (Subsurface Erosion) അത്രയധികം പഠനവിധേയമായിട്ടില്ല. ഭൗമാന്തർ ഭാഗത്തു നടക്കുന്ന പ്രതിഭാസമായതിനാൽ സാധാരണ ഗതിയിൽ നിരീക്ഷിക്കാൻ സാധിക്കാത്തതാണ്  ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഭൂമി വിണ്ടു കീറുകയോ കിണർ ഇടിഞ്ഞു താഴുകയോ പോലെയുള്ള അസാധാരണ സംഭവങ്ങൾ നടക്കുമ്പോൾ മാത്രമേ സോയിൽ പൈപ്പിങ്‌ ജനങ്ങളുടെയും ഭൗമശാസ്ത്രജ്ഞരുടെയും ശ്രദ്ധയിൽ വരുകയുള്ളൂ. ഇത്തരം ഭൂഗർഭ മണ്ണൊലിപ്പ്, ഭൗമോപരിതല ഘടനയെ മാറ്റുകയും ആ സ്ഥലങ്ങളിലെ ജലമൊഴുക്കിനെ സ്വാധീനിക്കുകയും കുന്നിൻചെരിവുകളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിനും കാരണമാകും.
 
ഭൂഗർഭ മണ്ണൊലിപ്പിന്റെ ഒരു പ്രധാന മാർഗമാണ് സോയിൽ പൈപ്പിങ് അഥവാ ‘കുഴലീകൃത മണ്ണൊലിപ്പ്’. മഴ പെയ്യുമ്പോൾ മണ്ണിൽ ഊറിയിറങ്ങുന്ന ജലം മണ്ണിനെ പൂരിതമാക്കുകയും തന്മൂലം ഉറപ്പുകുറവുള്ള മേഖലകളിലെ  ഭൗമാന്തർ ഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ  തന്നെ കുഴലുകൾ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുന്ന പ്രതിഭാസത്തെയാണ് ഭൗമശാസ്ത്രജ്ഞർ സോയിൽ പൈപ്പിങ് എന്ന് വിളിക്കുന്നത്. ഭൗമോപരിതലത്തോട് ചേർന്നോ, ഒട്ടേറെ മീറ്ററുകൾ താഴെ വരെയോ കാണപ്പെടാറുള്ള ഈ കുഴലുകൾക്ക് മില്ലീമീറ്ററുകൾമുതൽ മീറ്ററുകൾവരെ വ്യാസമുണ്ടാകും. ഇങ്ങനെ മണ്ണൊലിച്ചു പോകുന്നതിന്റെ ഫലമായി മണ്ണിടിച്ചിൽമുതൽ ഉരുൾ പൊട്ടലുകൾവരെ ഉണ്ടാകാം. 2016-ൽ ദേശീയ ഭൗമി പഠനകേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ട് ഇടുക്കി, കണ്ണൂർ, കാസർകോട്‌, കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലെ 30-ഓളം സ്ഥലങ്ങളിൽ സോയിൽ പൈപ്പിങ് പ്രതിഭാസം വ്യാപകമാണെന്ന്  കണ്ടെത്തിയിട്ടുണ്ട്. 
 
കാരണങ്ങൾ 
 
ഭൂപ്രകൃതി, ചെരിവ്, മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂഗർഭജലത്തിന്റെ ഒഴുക്ക്, കാർഷികരീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങി സോയിൽ പൈപ്പിങ്ങിനു കാരണമാകുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കേരളത്തിൽ ലഭിച്ചതുപോലെയുള്ള അതിതീവ്രമഴ മണ്ണിലേക്ക്‌ ഒരുപാട് ജലം ഊർന്നിറങ്ങുന്നതിനും അതുവഴി പൈപ്പിങ് കൂട്ടുന്നതിനും കാരണമായിട്ടുണ്ട്. ഭൗമോപരിതലത്തിലെ പച്ചപ്പ് നശിപ്പിക്കുന്നതും ഭൂമി തരിശായി ഇടുന്നതും മണ്ണിൽ വിള്ളലുകൾ രൂപപ്പെടുന്നതിനും അത് പൈപ്പിങ്ങിലേക്ക്‌ വഴിതെളിക്കുന്നതിനും കാരണമാകും. വലിയ വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ മണ്ണിൽ അവശേഷിക്കുന്ന വേരുകൾ ദ്രവിച്ചുണ്ടാകുന്ന കുഴലുകളും എലി പോലെയുള്ള ജീവികൾ ഉണ്ടാക്കുന്ന മാളങ്ങളും സോയിൽ പൈപ്പുകളായി മാറാറുണ്ട്. കുന്നുകളിലെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നതും അനിയന്ത്രിതമായ ഖനനവും കൃഷി രീതികളിലുണ്ടാകുന്ന മാറ്റങ്ങളും എല്ലാം സോയിൽ പൈപ്പിങ്ങിനെ ത്വരപ്പെടുത്തുന്ന ഘടകങ്ങളാണ്.  മണ്ണിന്റെ അമ്ലത്വവും കളിമണ്ണിന്റെ അളവും സോയിൽ പൈപ്പിങ്ങിനെ സ്വാധീനിക്കും.
 
ലക്ഷണങ്ങൾ
 
ഭൂമിയുടെ അർബുദം എന്നാണ് സോയിൽ പൈപ്പിങ് അറിയപ്പെടുന്നത്. ശരീരത്തിനുള്ളിൽ തിരിച്ചറിയപ്പെടാതെ അർബുദകോശങ്ങൾ പിടിമുറുക്കുന്നതു പോലെ ഭൗമാന്തർ ഭാഗത്തുനടക്കുന്ന പ്രതിഭാസമായതിനാലാണ് സോയിൽ പൈപ്പിങ്ങിന്‌ ഈ വിശേഷണം ലഭിച്ചത്. ഇക്കാരണത്താൽത്തന്നെ, പൈപ്പിങ് നടക്കുന്നത് തിരിച്ചറിയുന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്. മിക്കവാറും സ്ഥലങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന വിള്ളലുകളും മണ്ണിടിച്ചിലുകളുമാണ് ഉള്ളിൽ പൈപ്പിങ് നടക്കുന്നുണ്ടെന്ന സൂചന നൽകുന്നത്. അപൂർവം ചില സന്ദർഭങ്ങളിൽ കിണറുകൾ കുഴിച്ചെത്തുമ്പോൾ പൈപ്പിങ് മൂലമുണ്ടായ വലിയ ഗുഹകൾ പ്രത്യക്ഷപ്പെടാറുണ്ട്. കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നതും കിണറുകൾ അപ്പാടെ ഇടിഞ്ഞുതാഴുന്നതും കേരളത്തിൽ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഭൗമാന്തർ ഭാഗത്തു പൈപ്പിങ് മൂലമുണ്ടായ വിടവുകളിലേക്ക് മുകൾഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുന്നതാണ് വിള്ളലുകൾ രൂപപ്പെടാനും ഭൗമോപരിതലം അല്പാല്പമായോ ഒറ്റയടിക്കോ താഴ്ന്നു പോകുന്നതിനും കാരണമാകുന്നത്. എന്നാൽ, നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ മറ്റു ചില ലക്ഷണങ്ങളിലൂടെ സോയിൽ പൈപ്പിങ് തിരിച്ചറിയാൻ സാധിക്കും. മണ്ണിനടിയിൽനിന്ന് വെള്ളവും ചെളിയും കലർന്ന് പുറത്തുവരുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കോഴിക്കോട് പൈക്കാടൻ മലയിൽ ഉൾപ്പെടെ ഇക്കഴിഞ്ഞ ആഴ്ചകളിൽ ഈ പ്രതിഭാസം ദൃശ്യമായിരുന്നു. ശക്തമായ മഴയുള്ള സമയങ്ങളിൽ മൺതിട്ടകൾക്കുള്ളിൽ നിന്നും വെള്ളം ശക്തിയായി പുറത്തേക്കു വരുന്നതും ഭൂമിക്കടിയിൽ കുഴലുകൾ ഉള്ളതിന്റെ സൂചനയാണ്. ഇങ്ങനെ വെള്ളത്തോടൊപ്പം വരുന്ന മണ്ണ് ചെറു കുന്നുകൾ ആയോ (Piping Mound) പരന്ന രീതിയിലോ (Piping Fan) ചെരിവുകളിലും താഴ്വാരങ്ങളിലും നിക്ഷേപിക്കപ്പെടാം. ഇവയും ആ പ്രദേശങ്ങളിൽ കുഴലീകൃത മണ്ണൊലിപ്പ് നടക്കുന്നതിന്റെ ലക്ഷണങ്ങളാണ്. 
 
കേരളത്തിലെ മണ്ണിടിച്ചിലുകളും സോയിൽ പൈപ്പിങ്ങും
 
കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സോയിൽ പൈപ്പിങ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കവളപ്പാറയിലും പുത്തുമലയിലും കഴിഞ്ഞ ആഴ്ചയുണ്ടായ ദുരന്തങ്ങളോടെയാണ് കേരളത്തിൽ സോയിൽ പൈപ്പിങ് വീണ്ടും ചർച്ചാ വിഷയമാകുന്നത്. പുത്തുമലയിൽ പാറയ്ക്കു മുകളിലുള്ള മേൽമണ്ണിന്റെ ഘനം വെറും ഒന്നര മീറ്റർ മാത്രമായിരുന്നു എന്നുള്ളതും അവിടെ സംഭവിച്ച ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. തേയില കൃഷിക്കുവേണ്ടി 1980-കളിൽ നടന്ന വ്യാപകമായ മരം മുറിക്കലുകൾ ഈ മേഖലയിൽ സോയിൽ പൈപ്പിങ് നടക്കുന്നതിനു കാരണമായെന്നും അങ്ങനെ അസ്ഥിരമായ ഈ മല കനത്ത മഴയിൽ തകർന്നടിഞ്ഞതുമാണ് ദുരന്തത്തിലേക്ക് വഴി തെളിച്ചതെന്നുമാണ് ജില്ലാ മണ്ണുസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. കവളപ്പാറയിൽ റബ്ബർ നടാനായി ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജെ.സി.ബി. ഉപയോഗിച്ച് ആഴത്തിൽ എടുക്കുന്ന കുഴികൾ ഒരുപാട് മഴവെള്ളം ഉൾക്കൊള്ളുകയും പൈപ്പിങ്ങിലേക്കു നയിക്കുകയും ചെയ്യാം എന്നുള്ളത് ഒരു വസ്തുതയാണെങ്കിലും ഈ ദുരന്തത്തിന്റെ പിന്നിലെ യഥാർഥകാരണം ഇതുതന്നെയാണോ എന്നുള്ളത് ശാസ്ത്രീയമായ അപഗ്രഥനങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട്. 
 
സോയിൽ പൈപ്പിങ് പ്രതിഭാസം കുന്നുകളെ അസ്ഥിരപ്പെടുത്തുന്നതിലേക്കും അതുവഴി മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ഉണ്ടാക്കുന്നതുപോലെത്തന്നെ ചില സ്ഥലങ്ങളിൽ കുന്നുകളെ ബലപ്പെടുത്തുന്നതിനും കാരണമാകാറുണ്ട്. ശക്തമായ മഴയിൽ മണ്ണിലേക്കിറങ്ങുന്ന വെള്ളത്തെ ഈ സോയിൽ പൈപ്പുകൾ അതിവേഗം പുറത്തെത്തിക്കുന്നതാണ് ഇതിനു കാരണം. ഇതുമൂലം മണ്ണ് വെള്ളത്താൽ പൂരിതമാകാതിരിക്കുകയും ഉരുൾ പൊട്ടൽ സാധ്യത കുറയുകയും ചെയ്യും. അതിനാൽ ഓരോ സ്ഥലത്തെയും ഭൂപ്രകൃതിയും ഭൂവിനിയോഗവും ജലമൊഴുക്കും സോയിൽ പൈപ്പുകളുടെ ഘടനയും എല്ലാം വിശദമായി പഠിച്ചാൽ മാത്രമേ അവിടത്തെ പൈപ്പിങ് അപകടകരമാണോ അല്ലയോ എന്നുപറയാൻ സാധിക്കൂ. 
 
(കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ  ഡിപ്പാർട്ട്‌മെന്റ് ഓഫ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്  അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ്‌ ഡോ.  പി. എസ്. സുനിൽ.അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌ ഡോ.  ടൈസൺ സെബാസ്റ്റ്യൻ)
 
പ്രതിരോധമാർഗങ്ങൾ
 
സോയിൽ പൈപ്പിങ്ങിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെപ്പറ്റി പല ഗവേഷണങ്ങളും നടന്നിട്ടുണ്ട്. പൈപ്പിങ് വഴി രൂപപ്പെട്ട കുഴലുകളിലേക്ക് മണ്ണ് നിറയ്ക്കുക എന്നതായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു പ്രതിരോധ മാർഗം. എന്നാൽ, ഇങ്ങനെ നിറയ്ക്കുന്ന മണ്ണും പൈപ്പിങ് വഴി നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ഇതൊരു ഫലപ്രദമായ പ്രതിരോധമാർഗമല്ല. രൂപപ്പെട്ട പൈപ്പുകളെ ആഴത്തിൽ കീറി നശിപ്പിക്കുകയും പൈപ്പുകളിലേക്ക്‌ വെള്ളം എത്താതെ വഴി തിരിച്ചു വിടുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ഉപയോഗിക്കുന്ന പ്രധാന പ്രതിരോധ രീതികളിൽ ചിലത്. സോയിൽ പൈപ്പുകളെ ഇങ്ങനെ നശിപ്പിക്കുന്നത്  വെള്ളം കുഴലിലൂടെ ഒഴുകാതെ എല്ലായിടത്തേക്കും ഒരേപോലെ അരിച്ചിറങ്ങാൻ കാരണമാകും.
 
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളത്തെ എത്രയും വേഗം അടുത്തുള്ള അരുവികളിലേക്ക് ചാലുകൾ കീറി വഴിതിരിച്ചുവിടുന്നത് സോയിൽ പൈപ്പുകളിലേക്ക് വെള്ളം എത്തുന്നത് തടയും. കയർ പോലെയുള്ള ജിയോടെക്‌സ്റ്റൈൽസും ഇങ്ങനെ വെള്ളത്തെ തടയാൻ ഉപയോഗിക്കാം വാഹനങ്ങളുടെ ടയറുകൾ ഉപയോഗിച്ച് പൈപ്പുകൾ നിറയ്ക്കുന്നത് വഴി ഒലിച്ചിറങ്ങുന്ന മണ്ണിനെ തടഞ്ഞു നിർത്താനും ഭൂമിയുടെ ദൃഢത നിലനിർത്താനും സാധിക്കും. പൈപ്പിങ് പ്രദേശങ്ങളിൽ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ് മറ്റൊരു പ്രതിരോധ മാർഗം. ഇത് വഴി ജലമൊഴുക്കിന്റെ വേഗം കുറയ്ക്കാനും മണ്ണൊലിച്ചു പോകാതെ സംരക്ഷിക്കാനും സാധിക്കും. ഓരോ സ്ഥലത്തിന്റെയും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വിളകൾ കൃഷി ചെയ്യുന്നതും പൈപ്പിങ് നടക്കുന്നതിൽനിന്ന് ഒരു പരിധിവരെഭൂമിയെ സംരക്ഷിക്കും.
 
content highlights: soil piping