രിസ്ഥിതി ദിനം (ജൂണ്‍ 5) കഴിഞ്ഞ് മൂന്നു ദിവസമേ ആയിട്ടുള്ളു ഇന്നേക്ക്. ഇതാ അതുപോലെ പ്രാധാന്യമുള്ള മറ്റൊരു ദിവസം കൂടി എത്തിയിരിക്കുന്നു - ലോക സമുദ്ര ദിനം. നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഭാവി (our oceans, our future)  എന്നതാണ് ഈ വര്‍ഷത്തെ ലോക സമുദ്രദിനത്തിന്റെ വിഷയം.   1992 -ല്‍ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ കാനഡയാണ് ലോക സമുദ്ര ദിനം ആചരിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത്.  പിന്നീട് 2008 -ല്‍ ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയതോടെ എല്ലാ വര്‍ഷവും ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിച്ചുവരുന്നു. 

നമ്മള്‍ കടലിനു അടുത്തല്ലല്ലോ താമസിക്കുന്നത്. അതുകൊണ്ട് കടല്‍ മലിനമായാല്‍ നമുക്കെന്ത്? എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ കേട്ടോളൂ, മനുഷ്യനുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന്  അത്യന്താപേക്ഷിതമാണ് മലിനമാകാത്ത കടല്‍. കാരണം നമ്മളൊക്കെ ജീവിക്കുന്നത് ഭൂമിയിലാണ്. ഭൂമിയുടെ എഴുപതുശതമാനവും കടലും. അതിനാല്‍ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ജലഗ്രഹം എന്നൊരു പേരു കൂടിയുണ്ട് ഭൂമിക്ക്.  വന്‍കരകള്‍, ദ്വീപുകള്‍, ദ്വീപ സമൂഹങ്ങള്‍ എന്നിവയ്ക്കു ചുറ്റുമായി പരന്നുകിടക്കുന്ന ലവണ ജലാശയങ്ങളെയാണ് സമുദ്രങ്ങള്‍ എന്നു വിളിക്കുന്നത്.

അതില്‍ തീരുന്നില്ല കടലിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം. ജൈവവൈവിധ്യം ഏറ്റവുമധികം ഉള്ളത് സമുദ്രത്തിലാണ്. വലിയൊരു ആവാസ വ്യവസ്ഥയുണ്ട് കടലിന്. ഭൂമിയിലെ ബയോസ്ഫിയറില്‍ 90 ശതമാനവും സമുദ്രത്തിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എണ്ണമറ്റ  ജീവികള്‍ കടലില്‍ വസിക്കുന്നു. അതില്‍ ചില മത്സ്യങ്ങള്‍ നമ്മുടെയൊക്കെ ആഹാരവുമാണ്. അതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ആളുകള്‍ തൊഴിലെടുത്തു ജീവിക്കുന്നു. കടലിലെ ചെറിയൊരു താളപ്പിഴ പോലും വലിയ തോതില്‍ മനുഷ്യന് ദുരിതം വിതയ്ക്കും.

കടലും മലിനം

ഓരോ വര്‍ഷവും  2000 കോടി ടണ്‍ മാലിന്യം കടലിലേക്ക് എത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.  തുറമുഖമേഖലകളില്‍ ഓടകളില്‍ നിന്നും ഒഴുകിയെത്തുന്ന മാലിന്യവും വ്യവസായങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യവുമൊക്കെ ഇതില്‍ പെടും. പല തരത്തിലുള്ള വിഷാംശങ്ങള്‍ ഇങ്ങനെ കടലിലെത്തുന്നു. നദികള്‍ വഴി എത്തിച്ചേരുന്ന മാലിന്യം, കപ്പലുകളില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നും പുറന്തള്ളുന്ന എണ്ണ,  സംസ്‌കാരിക്കാത്ത മലിനജലം, ഭക്ഷണമാലിന്യങ്ങള്‍,  കാര്‍ബണിക മാലിന്യങ്ങള്‍, ഖനികളില്‍ നിന്നും മറ്റുമുള്ള അപകടകരമായ ലോഹങ്ങള്‍, റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍, കടലോരത്തെ ചപ്പുചവറുകള്‍ എന്നിവയൊക്കെയായി ഇവ ഏറെയുണ്ട്. ലോകത്തിലെ വന്‍നഗരങ്ങളില്‍ പലതും കടലോരത്താണ്. 

ഏറ്റവും വരുമാനമുള്ള രാജ്യം!

മഹാസമുദ്രങ്ങളെയെല്ലാം ചേര്‍ന്ന് ഒരു രാജ്യമായി കണക്കാക്കുകയാണെങ്കില്‍ ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം അതായിരിക്കും. സമുദ്രത്തിന്റെ ആകെ മൂല്യം അമേരിക്കയുടെയും ചൈനയുടെതിനേക്കാളും കൂടുതലാണ്. ഉദാഹരണത്തിനായി ഒരു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ ഘനവുമുള്ള സമുദ്രജലത്തില്‍ ഒരു കിലോഗ്രാം വരെ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആകെയുള്ള സമുദ്രജലത്തില്‍ 136 കോടി കിലോഗ്രാമിലധികം സ്വര്‍ണ്ണം അലിഞ്ഞ് കിടക്കുന്നു. പക്ഷേ ഇവ ചെലവ് കുറഞ്ഞ രീതിയില്‍ വേര്‍തിരിച്ചെടുക്കാന്‍ നമ്മുടെ സാങ്കേതിക വിദ്യ വളര്‍ന്നിട്ടില്ല. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും സുഭിക്ഷമായി എത്ര തലമുറ വേണമെങ്കിലും ജീവിക്കാനുള്ള സ്വത്ത് കടലിന് സ്വന്തമായുണ്ട്.

പ്ലാസ്റ്റിക് തിന്നുന്ന മത്സ്യങ്ങള്‍

സമുദ്ര ശാസ്ത്രജ്ഞര്‍ തീരത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള 504 ഇനം മത്സ്യങ്ങളെ പരിശോധിച്ചതില്‍ 184 മത്സ്യങ്ങളുടെ ഉദരത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. കടലിലെത്തുന്ന പ്ലാസ്റ്റിക്കുകള്‍ ചെറിയ തരികളായി മാറും.   കടല്‍ മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍ ജീവികള്‍ തങ്ങളുടെ ഭക്ഷണമായി കരുതി ഇത് അകത്താക്കുകയാണ് ചെയ്യുന്നത്. മത്സ്യത്തിലൂടെ അത് കഴിക്കുന്ന ഭൂരിപക്ഷം മനുഷ്യരിലും ഈ പ്ലാസ്റ്റിക്കെത്തും. ഭാവിയില്‍ മനുഷ്യന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി ഇത് മാറും. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2050 ആകുമ്പോള്‍ കടലില്‍ മീനിനെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കിന്റെ അവശിഷ്ടമായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. ഒരു വര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് കടലിലെത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മനുഷ്യനെ ആധുനികനാക്കിയ കടല്‍

കാലാവസ്ഥ നിയന്ത്രണം, ഭക്ഷ്യവിഭവങ്ങള്‍, മത്സ്യബന്ധനം, ഔഷധങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകങ്ങള്‍, ടൂറിസം, ഗതാഗതം തുടങ്ങിയ മനുഷ്യസമൂഹത്തിന്റെ മുഖച്ഛായ മാറ്റിയ സേവനങ്ങളാണ് സമുദ്രങ്ങള്‍ നമുക്കായി ചെയ്തു തരുന്നത്.

ആഗോളതാപനം ഭൂമിയെ ചുട്ട്‌പൊള്ളിക്കുമ്പോള്‍ ഈ 

താപം കുറയ്ക്കുവാനുള്ള ശ്രമവും കടല്‍ നടത്തുന്നുണ്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ 50 ശതമാനം കടല്‍ ആഗിരണം ചെയ്ത് നമ്മെ സഹായിക്കുന്നു. കടല്‍ സസ്യങ്ങളില്‍ നിന്ന് ഓക്‌സിജനുകള്‍ ധാരാളമായി ഉല്‍പാദിപ്പിച്ച് ഓക്‌സിജന്‍-കാര്‍ബണ്‍ തുലനാവസ്ഥ നിലനിര്‍ത്തുകയും കരയിലെ ജീവികള്‍ക്കുള്ള ജീവവായു നല്‍കുകയും ചെയ്യുന്നു.

കടലിലെ പ്ലാസ്റ്റിക് ദ്വീപ്

വടക്ക് പസഫിക് സമുദ്രത്തില്‍ ഒരു ദ്വീപിന്റെ ആവിര്‍ഭാവം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഇന്ത്യയിലെ ഉത്തര്‍പ്രദേശും, മധ്യപ്രദേശും കൂട്ടിയിണക്കിയാലുണ്ടാകുന്നയത്രയും വിസ്തീര്‍ണ്ണമുണ്ട് ഇതിന്. കൃത്രിമ ഉപഗ്രഹം വഴിയായിരുന്നു അത് വരെ ഭൂപടത്തിലില്ലായിരുന്ന ഈ വലിയ ദ്വീപിനെക്കുറിച്ച് ശാസ്ത്രസംഘം കണ്ടെത്തിയത്. സമുദ്രത്തില്‍ തള്ളപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ അടിഞ്ഞ് കൂടിയാണ് ഈ ദ്വീപ് ഉണ്ടായത്.

മുങ്ങുന്ന ദ്വീപുകള്‍

ലോക ജനസംഖ്യയില്‍ 10 ശതമാനത്തോളം ജനങ്ങള്‍ ദ്വീപുകളിലാണ് വസിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം ദ്വീപുകളും ജനവാസയോഗ്യമല്ല. ആഗോള താപനം മൂലം കടലിലെ ചൂട് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്നതിനാല്‍ ഈ ദ്വീപുകള്‍ പലതും കടല്‍വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.ശാന്ത സമുദ്രത്തിലെ 33 ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്നതും 811 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ളതുമായ കിരീബാസ് എന്ന ദ്വീപ് രാഷ്ട്രത്തിന്റെ ആയുസ്സ് ഐക്യരാഷ്ട്രസഭ കണക്കാക്കിയിരിക്കുന്നത് 60 വര്‍ഷം മാത്രമാണ്. അതിനിടയില്‍ദ്വീപ് വിട്ട്‌പൊയ്‌ക്കൊള്ളാന്‍ അവിടുത്തെ ഭരണകൂടം ജനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കടലിലുമുണ്ട് കുന്നും കുഴിയും

നമ്മുടെ കരയിലെ പോലെ തന്നെ കടലിലും സമതലങ്ങളും ഗര്‍ത്തങ്ങളും കുന്നുകളും ഉണ്ട്. ഭൂപ്രകൃതി അനുസരിച്ച് കടല്‍ത്തട്ടിനെ പലതായി തിരിച്ചിട്ടുണ്ട്. ആദ്യത്തേത് കടല്‍ത്തീരമാണ്. അതു കഴിഞ്ഞാല്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ് (ന്ത്ൃറഹൃവൃറമാ ീസവാശ) എന്ന ഭാഗം. താരതമ്യേന ആഴം കുറഞ്ഞ ഈ ഭാഗം പരന്നുകിടക്കുന്നു. ഇത് അവസാനിക്കുന്ന ഭാഗത്തിന്  കോണ്ടിനെന്റല്‍ ബ്രേക്ക് എന്നാണ് പേര്. അവിടെ നിന്നും കുത്തനെ അടുത്ത ഭാഗം ആയ കോണ്ടിനെന്റല്‍ സ്ലോപ്  ആരംഭിക്കുന്നു. ഇതു കഴിഞ്ഞാല്‍ ആഴക്കടല്‍ ആയി. 200 മീറ്ററും അതിനു മേലെയും ഉള്ള ഭാഗത്തെ ആണ് ആഴക്കടല്‍ എന്ന് വിളിക്കുന്നത്.

മേഖലയില്‍ കുന്നുകളും ഗര്‍ത്തങ്ങളും സമതലങ്ങളും കാണാം. മറ്റൊരു വര്‍ഗീകരണം പ്രകാശത്തിന്റെ സാന്നിധ്യം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രകാശം ഉള്ള ഇടം എന്നും പ്രകാശം എത്താത്ത ഇടം  എന്നുമാണത്. ഏതാണ്ട് 200 മീറ്റര്‍ ആഴത്തില്‍ വരെ ആണ് കടലില്‍ പ്രകാശം എത്തുന്നത്. അത് കഴിഞ്ഞാല്‍ ഇരുട്ടും, തണുപ്പും മര്‍ദവും പ്രത്യേക നിരക്കില്‍ വര്‍ദ്ധിക്കുകയും സവിശേഷമായ ആഴക്കടല്‍ എന്ന  ആവാസ വ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നു. 

വരുണനും പോസിഡോണും 

ഭാരതത്തില്‍ വരുണനെ കടലിന്റെ ദേവനായി കരുതുന്നു. ഗ്രീക്ക് പുരാണ പ്രകാരം പോസിഡോന്‍ ആണ് ജലദേവന്‍. നോഹയുടെ  നൗകയും, മത്സ്യ അവതാര കഥയും കടലിന്റെ പൗരാണിക ബന്ധം സൂചിപ്പിക്കുന്നു.  അമരത്വം നല്‍കുന്ന അമൃതിനായി കടല്‍ കടഞ്ഞപ്പോള്‍ വിലമതിക്കാനാവാത്ത വസ്തുക്കള്‍ ലഭിച്ചു എന്ന് പുരാണം പറയുന്നത് കടലിലെ വിഭവങ്ങളുടെ സമൃദ്ധിയെയും വിശാലതയെയും ആണ് സൂചിപ്പിക്കുന്നത്. 

ബ്ലൂ ഇക്കണോമി!

2004 - ല്‍ ഗുന്തര്‍പോളി എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുന്നോട്ട് വച്ച ആശയമാണിത്. കടല്‍ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്താതെ അതിനെ സംരക്ഷിച്ച് കൊണ്ട് സമുദ്രസ്രോതസ്സിനെ ഉപയോഗപ്പെടുത്തുകയാണ് ബ്ലൂ ഇക്കണോമി കൊണ്ട് ഉദ്ദേശിക്കുന്നത്.

തയ്യാറാക്കിയത്:  സി. കരുണാകരന്‍, വലിയശാല രാജു, ഡോ. പ്രജിത്ത് കെ.കെ.