ചില മനുഷ്യർ ഈ ഭൂമിയിൽ വ്യത്യസ്തമായ ജീവിതം നയിക്കുന്നുണ്ട്. അമേരിക്കക്കാരനായ റോബ് ഗ്രീൻഫീൽഡിന്റെ ജീവിതപരീക്ഷണങ്ങൾ അത്തരത്തിലുള്ളതാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല, മറ്റുള്ളവർ ഉപയോഗിക്കാതെകിടക്കുന്ന ഭൂമിയിൽ സ്വയം കൃഷിചെയ്തുണ്ടാക്കിയതേ കഴിക്കൂ, സൈക്കിളിൽമാത്രമേ സഞ്ചരിക്കൂ, പത്തുഡോളർപോലും നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടില്ല, ക്രെഡിറ്റ് കാർഡില്ല, ആകെ സ്വത്തെന്ന് പറയാവുന്നത് വസ്ത്രങ്ങളും നിത്യോപയോഗ സാമഗ്രികളുമടങ്ങുന്ന 111 വസ്തുക്കൾ മാത്രം... അത്യാഗ്രഹങ്ങളില്ലാതെ, അപരന് ദോഷം വരുത്താതെ, പരിസ്ഥിതിക്ക് മുറിവേല്പിക്കാതെ ഈ അമേരിക്കക്കാരൻ ജീവിക്കുന്നു.
സ്വന്തമായി കൃഷിചെയ്തുണ്ടാക്കിയതോ പൊതുസ്ഥലങ്ങളില്‍നിന്ന് സ്വയം തേടി കണ്ടുപിടിച്ചതോ അല്ലാത്തതൊന്നും ഒരു വര്‍ഷത്തേക്ക് കഴിക്കാതിരിക്കുക എന്ന ആശയം റോബ് ഗ്രീന്‍ഫീല്‍ഡ് എന്ന അമേരിക്കന്‍ യുവാവിന്റെ തലയിലുദിച്ചത് 2017-ന്റെ അന്ത്യത്തിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മധ്യപടിഞ്ഞാറന്‍ സംസ്ഥാനമായ വിസ്‌കോണ്‍സിനില്‍ ജനിച്ചുവളര്‍ന്ന റോബിന് ഈ ചിന്തയുണ്ടായത് ആയിരക്കണക്കിന് കിലോമീറ്ററകലെ തെക്കുകിഴക്കന്‍ യു.എസ്. സ്റ്റേറ്റായ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍വെച്ചാണ്. അവിടെ സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ലാതെ നില്‍ക്കുമ്പോഴാണ് ചിന്ത. ആദ്യപ്രശ്‌നം ഓര്‍ലാന്‍ഡോയില്‍ തരിശായ സ്ഥലം കണ്ടെത്തലായിരുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ലിസ റേയെന്ന 62-കാരി പ്രശ്‌നം പരിഹരിച്ചു. കാടുപിടിച്ച് പാഴാവുന്ന സ്വന്തം പുല്‍ത്തകിടിയെ ഓര്‍ത്ത് വിഷമിക്കുകയായിരുന്നു അവര്‍.
ഏതാനും മാസംകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ പഴയ സാധനങ്ങള്‍കൊണ്ട് 10 അടി സമചതുരത്തില്‍ ഒരു വീട് റോബ് കെട്ടിപ്പൊക്കി. തരിശുഭൂമിയില്‍ കൃഷിതുടങ്ങാന്‍ ഏറെ തയ്യാറെടുക്കണം. ധാരാളം വായിച്ചു, സ്ഥലത്തെ പ്രകൃതികൃഷി സംഘത്തില്‍ ചേര്‍ന്നു, എത്രയോ കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു, നഴ്സറികള്‍ ഉപേക്ഷിച്ച തൈകളും വിത്തുകളും ശേഖരിച്ചു. സസ്യങ്ങളില്‍ ഭക്ഷ്യയോഗ്യമായതും അല്ലാത്തതും ഏതൊക്കെ എന്നറിയാന്‍ ഓണ്‍ലൈനായി ധാരാളം വിവരങ്ങള്‍ കണ്ടെത്തി; ഏതൊക്കെ ചെടികള്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ നടണമെന്നും ഓരോന്നിനും എത്ര വെള്ളവും വളവും വേണമെന്നുമുള്ള അടിസ്ഥാനവിവരങ്ങള്‍ക്ക് പുറമേയാണിത്. ഒരു വര്‍ഷം നീളുന്ന തന്റെ പദ്ധതി ആരംഭിക്കുന്നിടംവരെ എത്താന്‍ പത്തുമാസമെടുത്തു.
സ്വന്തമായി തേനീച്ചകള്‍, കടല്‍വെള്ളം തിളപ്പിച്ച് ഉപ്പ്
അങ്ങനെ 2018 നവംബറില്‍ ആ പരീക്ഷണം ആരംഭിച്ചു. 'കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ ഭക്ഷണം 100 ശതമാനവും ഞാന്‍തന്നെ വളര്‍ത്തിയതോ തേടിപ്പിടിച്ചതോ ആണ്. ഹോട്ടലില്ല, കടയില്ലാ, ബാറില്‍നിന്നൊരു ഡ്രിങ്ക് പോലുമില്ല. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കൃഷി ചെയ്യാന്‍ അയല്‍ക്കാരുടെയെല്ലാം മുറ്റങ്ങള്‍ തോട്ടങ്ങളാക്കി, വിളവ് അവരുമായി പങ്കിട്ടു. അക്കാലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ എന്റെ വാസസ്ഥലവും താവളവുമാക്കാന്‍ 100 ചതുരശ്ര അടി ചെറുവീടുമുണ്ടാക്കി. എന്റെ തോട്ടത്തില്‍ ഞാന്‍ നൂറിലേറെ ഭക്ഷ്യസസ്യങ്ങള്‍ കൃഷിചെയ്തു. വാഴക്കയും പപ്പായയും പോലുള്ള പഴങ്ങള്‍, കാബേജും ചീരയും മുരിങ്ങയും പോലുള്ള ഇലക്കറികള്‍, കപ്പയും മധുരക്കിഴങ്ങും ഉരുളക്കിഴങ്ങും, മത്തനും കാരറ്റും പയറുകളും ബീറ്റ്റൂട്ടും... എത്രയോ പച്ചക്കറികള്‍. ഭക്ഷണത്തിന് രുചിപകരാന്‍ മുളകുകളും സുഗന്ധസസ്യങ്ങളും. ഞാന്‍ തേനീച്ചകളെയും വളര്‍ത്തുന്നു, സ്വന്തമായി മധുരമുണ്ടാക്കാന്‍' -2019 നവംബര്‍ അന്ത്യത്തില്‍ റോബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വല്ലപ്പോഴും നോണ്‍വെജ് കഴിക്കണമെന്നുണ്ടെങ്കില്‍ റോബ് വല്ലവരും വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയാല്‍ കടല്‍ത്തീരത്തുപോയി മീന്‍പിടിക്കും, അല്ലെങ്കില്‍ അമേരിക്കക്കാര്‍ 'റോഡ്കില്‍' എന്നുവിളിക്കുന്ന, ഹൈവേകളില്‍ വണ്ടിയിടിച്ചുചാവുന്ന മൃഗങ്ങളുടെ മാംസം. അത്രതന്നെ. കടല്‍വെള്ളം തിളപ്പിച്ചാണ് സ്വന്തം ആവശ്യത്തിനുള്ള ഉപ്പുപോലും ഉണ്ടാക്കുന്നത്.
'എന്റെ ഷെല്‍ഫില്‍ നിറയെ ഓറഞ്ചുകളും ചെറുനാരങ്ങകളുമുണ്ട്. ജനലിനുവെളിയില്‍ നിറയെ പലതരം തേനീച്ചകളാണ്. തോട്ടം നിറയെ കറിപ്പച്ചിലകളാണ്. എന്തുചെയ്യണമെന്നറിയാത്തത്രയും പപ്പായകളുണ്ട്. ഇതിനുപുറമേ പുറമ്പോക്കുകളില്‍നിന്ന് ഭക്ഷണം സംഭരിക്കുന്നുണ്ട്. ഒരു നഗരത്തിനുള്ളില്‍ ഇത് പാടാണെന്നുതോന്നാം. പക്ഷേ, ഒര്‍ലാന്‍ഡോയില്‍ പലയിടത്തും കാട്ടുഭക്ഷണങ്ങള്‍ സമൃദ്ധമായി വളരുന്നുണ്ട്. ഇന്നുതന്നെ കാലത്ത് ഒരു പാര്‍ക്കിനുള്ളില്‍നിന്ന് ലൊക്യാറ്റുകള്‍ (ഒരുതരം ചൈനീസ് മധുരനാരങ്ങ) പറിച്ചെടുത്തു, ഒരു കുറ്റിക്കാട്ടിനുള്ളില്‍നിന്ന് സുറിനാം ചെറികളും. അടുത്തുള്ള ഗോള്‍ഫ് കോഴ്സിനും ബൈക്ക് ട്രെയിലിനും ഇടയിലുള്ള സ്ഥലത്ത് ധാരാളം കാട്ടുമധുരക്കിഴങ്ങുകള്‍ വളരുന്നുണ്ട്. പുറമ്പോക്കുകളില്‍ വളരുന്ന തെങ്ങുകളില്‍നിന്ന് സംഭരിച്ച തേങ്ങകള്‍ ആവശ്യത്തിനുണ്ടെങ്കിലും എന്തെങ്കിലും പൊരിച്ചുതിന്നാന്‍മാത്രം എണ്ണ ഞാന്‍ ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഞാന്‍ യു.എസിലെ 49 സംസ്ഥാനത്തും സഞ്ചരിച്ചിട്ടുണ്ട്. എല്ലായിടത്തും പുറമ്പോക്കുകളില്‍ ഭക്ഷണം വളരുന്നത് കണ്ടിട്ടുമുണ്ട്. പെന്‍സില്‍വാനിയയിലൂടെ സൈക്കിളോടിച്ചുപോകുമ്പോള്‍ എല്ലായിടത്തും കണ്ടത് മള്‍ബറികളായിരുന്നു. വിസ്‌കോണ്‍സിനില്‍ കാട്ടുമരങ്ങളായി വളരുന്നത് ആപ്പിളുകളും പിയറുകളും പ്ലമ്മുകളുമാണ്' -റോബ് പറയുന്നു.
ആരുടെയെങ്കിലും വീട്ടുമുറ്റത്ത് ഫലവൃക്ഷത്തില്‍നിന്ന് പഴങ്ങള്‍ വീണുകിടക്കുന്നതുകണ്ടാല്‍ റോബ് നേരെപോയി വാതിലില്‍മുട്ടി, കുറച്ചുപഴം താനെടുത്തോട്ടെയെന്ന് വീട്ടുടമയോട് ചോദിക്കും. ആരും ഇതേവരെ വേണ്ട എന്നുപറഞ്ഞിട്ടില്ലെന്നുമാത്രമല്ല പലര്‍ക്കും അത് സന്തോഷമാണുതാനും. ഒര്‍ലാന്‍ഡോയില്‍ പൊതുജനങ്ങള്‍ക്കുള്ള പാര്‍ക്കുകളില്‍നിന്ന് ഇത് ചെയ്യുന്നത് നഗരസഭയുടെ ചട്ടങ്ങള്‍ക്കെതിരാണെങ്കിലും നഗരങ്ങള്‍ പിറക്കുന്നതിനുംമുമ്പുള്ള ഭൂമിയുടെ ചട്ടമാണ് താന്‍ പിന്തുടരുന്നതെന്ന ന്യായംപറഞ്ഞ് അയാള്‍ അവിടെനിന്നും പഴങ്ങള്‍ പറിക്കും.
യൂട്യൂബിലും താരം
ഒരുവര്‍ഷംമുമ്പ് വെറും പുല്‍ത്തകിടിപോലെയിരുന്ന മുറ്റങ്ങളിലെ പച്ചക്കറികളുടെ സമൃദ്ധമായ ഹരിതാഭയ്ക്കുനടുവില്‍ നിന്നുകൊണ്ട് സന്തോഷത്തിന്റെ ചിരിയുമായി സ്വന്തം കഥപറയുന്ന റോബിന്റെ യൂട്യൂബ് വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. റോബിനെപ്പറ്റി വര്‍ണശബളമായ സചിത്ര ഫീച്ചറുകള്‍ നാഷണല്‍ ജിയോഗ്രാഫിക്കും ന്യൂയോര്‍ക്ക്് ടൈംസും ദ ഗാര്‍ഡിയനുമടക്കം ഡസന്‍ കണക്കിന് ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ വന്നു. റോബിന്റെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം അഞ്ചുലക്ഷത്തിലേറെയാണ്. പക്ഷേ, ഇത്രയും 'സെലിബ്രിറ്റി'യായ ചെറുപ്പക്കാരന് പത്തുഡോളര്‍പോലും നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടില്ല, ക്രെഡിറ്റ് കാര്‍ഡില്ല, സ്വന്തമായി വീടും പറമ്പും കാറും മോട്ടോര്‍സൈക്കിളുമില്ല. ആകെ സ്വത്തെന്ന് പറയാവുന്നത് വസ്ത്രങ്ങളും നിത്യോപയോഗസാമഗ്രികളുമടങ്ങുന്ന 111 വസ്തുക്കള്‍മാത്രം. അടുക്കിവെച്ചാല്‍ എല്ലാംകൂടെ ഒരു ബാക്ക്പാക്കില്‍ നിറച്ച് തോളില്‍ തൂക്കാം.
ആരോഗ്യമുള്ള ചെറുപ്പക്കാരന്‍
താനിത് ചെയ്യുന്നത് എല്ലാവരും അനുകരിക്കാന്‍വേണ്ടിയല്ലെന്ന്് റോബ് പറയുന്നു. 'ഞാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാരനാണ്. ഇതൊക്കെ ചെയ്യാന്‍ ധാരാളം സമയവും വേണം. ആഴ്ചയില്‍ കുറഞ്ഞത് 60 മണിക്കൂര്‍. ഭക്ഷണവുമായി നമ്മുടെ ബന്ധമില്ലായ്മ തെളിയിച്ചുകാട്ടാനാണിത്. കഴിക്കുന്ന ഭക്ഷണം എവിടെ, എങ്ങനെ വളര്‍ത്തിയതാണെന്നോ എങ്ങനെ എത്തിച്ചതാണെന്നോ എങ്ങനെയാണത് സംസ്‌കരിച്ചതെന്നോ എങ്ങനെയാണ് പൊതിഞ്ഞിരിക്കുന്നതെന്നോ വിതരണംചെയ്യുന്നതെന്നോ ആര്‍ക്കും അറിയില്ല. തീര്‍ത്തും വ്യത്യസ്തമായി, ആരോഗ്യപൂര്‍ണമായി, സന്തുഷ്ടമായി ജീവിക്കാനാവുമെന്ന് കാണിച്ചുകൊടുക്കാനാണ് ഇതൊക്കെ ചെയ്യുന്നത്'.
സാഹസികന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍, സംരംഭകന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന റോബ് ഗ്രീന്‍ ഒരു പതിറ്റാണ്ടായി, മറ്റുള്ളവര്‍ക്ക് വിചിത്രമെന്ന് തോന്നുന്ന രീതിയില്‍ സ്വജീവിതംവെച്ച് പരീക്ഷണങ്ങള്‍ നടത്തുകയാണ്. എല്ലാം ഭൂമിയുടെയും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെയും ആരോഗ്യപൂര്‍ണമായ, സന്തുഷ്ടമായ നിലനില്‍പ്പിനുവേണ്ടി.
അമേരിക്കന്‍ സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ ആഷ്ലാന്‍ഡില്‍ 1986-ല്‍ ജനിച്ച റോബ്, ഏകയായി നാലുമക്കളെ വളര്‍ത്തിയ അമ്മയുടെ മകനാണ്. 18-ാം വയസ്സില്‍ ആഷ്ലാന്‍ഡ് സ്‌കൂളില്‍നിന്ന് പഠിച്ചിറങ്ങുമ്പോഴേക്കും ബോയ് സ്‌കൗട്ടുകളിലെ ഉന്നതപദവിയായ ഈഗിള്‍ സ്‌കൗട്ട് ആയിക്കഴിഞ്ഞിരുന്നു റോബ്. ബിരുദപഠനം യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍ ലാ-ക്രോസില്‍. ശാസ്ത്രബിരുദത്തിനായുള്ള പഠനകാലത്ത് റോബിന്റെ അഭിലാഷം 30 വയസ്സാകുമ്പോഴേക്കും ലക്ഷപ്രഭുവാകലായിരുന്നു. അതിനായി പഠനകാലത്തുതന്നെ പുസ്തകങ്ങളും മറ്റും വിറ്റുനടന്നു. ഇതിനായി ആഴ്ചയില്‍ 80 മണിക്കൂര്‍ ചെലവഴിക്കുമായിരുന്നു.
തുടക്കം ഭക്ഷണത്തില്‍
ബിരുദംനേടിയശേഷം ഗ്രീന്‍ഫീല്‍ഡ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു മാര്‍ക്കറ്റിങ് കമ്പനി തുടങ്ങി. അന്നത്തെ കാലത്തെപ്പറ്റി റോബ്തന്നെ പറയുന്നു:
'എനിക്ക് രണ്ടുകാറുണ്ടായിരുന്നു. വാള്‍മാര്‍ട്ടിലാണ് ഷോപ്പിങ്. എന്റെ പങ്ക് പ്ലാസ്റ്റിക് ബാഗുകള്‍ ഞാനും വീട്ടിലെത്തിച്ചു. ധാരാളം വെള്ളം പാഴാക്കി, ആവശ്യത്തിലേറെ മാംസം കഴിച്ചു, പിന്നെ എപ്പോഴും പുതുപുത്തന്‍ ഗാഡ്ജറ്റുകള്‍തന്നെ വേണം...''
അക്കാലത്ത് വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളുമെല്ലാം റോബിനെ പുതിയൊരു അവബോധത്തിലേക്ക് ഉണര്‍ത്തുകയായിരുന്നു. 2011 മുതല്‍ അയാളുടെ ജീവിതരീതികള്‍ മാറിത്തുടങ്ങി. ആദ്യം ഭക്ഷണത്തിലായിരുന്നു തുടക്കം. സംസ്‌കരിച്ച ഭക്ഷണവും മാംസവും കുറച്ചു. തുടര്‍ന്നങ്ങോട്ട് റോബിന്റെ ജീവിതത്തില്‍ മാറ്റങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു.
(2020 ജനുവരി 19ന് മാതൃഭൂമി വാരാന്തപ്പതിപ്പ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്)