അന്നന്ന് പെയുന്ന മഴയല്ല പശ്ചിമഘട്ട പുഴകളില്‍ ഒഴുകുന്നത്. മുന്‍പേ സംഭരിച്ചുവെച്ച ഭൂഗര്‍ഭ ജലമാണ് ഉറവകള്‍വഴി പുഴകളിലേക്ക് എത്തുന്നത്. നേരത്തേ പെയ്ത മഴയുടെ ഓര്‍മകളാണ് നമ്മുടെ പുഴകള്‍- ഇന്ന് ലോക നദീദിനം

ദി വെറുമൊരു ജലവാഹിനി മാത്രമല്ല. കരയിലെ ജലചാക്രികതയുടെ ജീവനാഡി കൂടിയാണ്. കടലില്‍നിന്നും കരയില്‍നിന്നും നീരാവിയാവുന്ന ജലം അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് മേഘങ്ങളായി ഘനീഭവിച്ച് മഴയോ മഞ്ഞോ ആയി പെയ്തിറങ്ങി ഭൂമിയുടെ ഉപരിതലത്തിലൂടെയോ ഭൂഗര്‍ഭത്തിലൂടെയോ ഒഴുകി കടലിലെത്തി വീണ്ടും യാത്ര തുടരുന്ന ജീവസന്ധാരണ പ്രക്രിയയാണ് ജലചാക്രികത.

ജലത്തിന്റെയും സൗരോര്‍ജത്തിന്റെയും ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഭൂമിയിലെ ജൈവ ആവാസവ്യവസ്ഥകളും ജൈവ വൈവിധ്യവും തീരുമാനിക്കപ്പെടുന്നു. ജലചാക്രികതയുടെ ഗതി തന്നെ തീരുമാനിക്കുന്നത് സൗരോര്‍ജത്തിന്റെ ലഭ്യതയാണ്. ഭൂമധ്യരേഖയുടെ തെക്കും വടക്കുമായി 25ഡിഗ്രി അക്ഷാംശത്തിനുള്ളില്‍ കിടക്കുന്ന ഉഷ്ണമേഖലാപ്രദേശത്താണ് ഭൂമിയില്‍ ഏറ്റവും അധികം സൗരോര്‍ജം ലഭിക്കുന്നത്. ഇതില്‍ത്തന്നെ ഭൂവിസ്തൃതിയില്‍ വെറും പത്തുശതമാനത്തില്‍ താഴെയുള്ള മഴ കൂടുതലുള്ള ആര്‍ദ്ര ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഭൂമിയിലെ മൊത്തം ജൈവ വൈവിധ്യത്തിന്റെ 40-50 ശതമാനവും. ഇവിടെത്തന്നെയാണ് ഭൂമിയിലെ 40 ശതമാനം കാടുകളും. ഈ ആര്‍ദ്ര ഉഷ്ണമേഖല, കരയില്‍ നിന്നുള്ള ബാഷ്പീകരണത്തിന്റെ മുഖ്യസ്രോതസ്സും കടലിലേക്കുള്ള ശുദ്ധജലത്തിന്റെ പ്രധാന ഉറവിടവുമാണ്. അങ്ങനെ ഭൂമിയുടെ ജലചാക്രികതയെയും അന്തരീക്ഷ പരിസഞ്ചരണത്തെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും കേരളമുള്‍പ്പെടുന്ന ഈ ചെറിയ ഭൂവിഭാഗമാണ്.ഈ കാരണങ്ങള്‍കൊണ്ടുതന്നെ ആര്‍ദ്ര ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നിന്നുത്ഭവിക്കുന്ന പുഴകള്‍ക്കെല്ലാം ഭൂമിയുടെ കാലാവസ്ഥാ നിയന്ത്രണത്തില്‍ വലിയ പ്രസക്തിയാണുള്ളത്.

Riverവായുവിന്റെ ചൂട് ഒരു ഡിഗ്രി കൂടുമ്പോള്‍, എട്ട്-പത്ത് ശതമാനം അധികം നീരാവി സംഭരിക്കാനുള്ള ശേഷിയാണ് കൂടുന്നത്. ഭൗമ മണ്ഡലത്തിലെ വര്‍ധിച്ച ചൂടിന്റെ തൊണ്ണൂറു ശതമാനവും കടലാണ് ഉള്‍ക്കൊണ്ടത്. ഇതുമൂലം കടലിലെ ചൂടും ബാഷ്പീകരണത്തിന്റെ തോതും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ വര്‍ധിച്ച ജലസാന്നിധ്യം പല വിപത്തുകളുടെയും തുടക്കമാണ്. കടലിന്റെയും കരയുടെയും താപം ആഗിരണം ചെയ്യാനുള്ള കഴിവിലെ വ്യത്യാസം കാറ്റിന്റെ ശക്തിയെ, ദിശയെ സ്വാധീനിക്കുന്നതിനനുസരിച്ച് പേമാരികള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വരള്‍ച്ചയ്ക്കും വഴിയൊരുക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ജലചാക്രികതയുടെ വേഗം 24 ശതമാനംവരെ വര്‍ധിച്ചതായാണ് പഠനങ്ങള്‍ പറയുന്നത്. നാം പരിചയിച്ചിട്ടുള്ളതിനെക്കാള്‍ അനിശ്ചതത്വം കൂടിയതും അപ്രതീക്ഷിത മാറ്റങ്ങളേറെയുമുള്ള കാലങ്ങളാണ് വരാനിരിക്കുന്നത്.

പശ്ചിമഘട്ടനദികളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം

ഒരു പുഴയുടെ ഉദ്ഭവവും സ്വഭാവവും ഒഴുകുന്ന വഴിയും അതതു ഭൂപ്രദേശത്തിന്റെ കാലാവസ്ഥ, മഴ, മല, കാട് മണ്ണ് ഇവയുടെ പ്രത്യേകതകള്‍, ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു. മഴ നീര്‍ച്ചാലായി രൂപം മാറുന്ന പ്രക്രിയ സംഭവിക്കുന്നത് ഒരു നീര്‍മറിത്തടത്തിന്റെ ചെരിവുകളിലാണ്. ഒരു മലഞ്ചരിവില്‍ പതിക്കുന്ന മഴ സസ്യാവരണ ചാര്‍ത്തിനിടയില്‍ക്കൂടെയോ നേരിട്ടോ മണ്ണില്‍ പതിക്കുന്നു. മണ്ണിന്റെ അവസ്ഥ അനുസരിച്ച് അത് ഉപരിതലത്തിലൂടെ ഒഴുകിപ്പോവുകയോ ഭാഗികമായോ പൂര്‍ണമായോ മണ്ണില്‍ ആഗിരണപ്പെടുകയോ ചെയ്യുന്നു. മണ്ണില്‍ ആഗിരണം ചെയ്യപ്പെടുന്ന ജലത്തിന് മൂന്നുവഴികള്‍ സ്വീകരിക്കാം. നേരിട്ടുള്ളതോ സസ്യങ്ങള്‍ വഴിയുള്ളതോ ആയ ബാഷ്പീകരണം വഴി അന്തരീക്ഷത്തില്‍ തിരിച്ചെത്താം; ഉപരിതല ഒഴുക്കായി നീര്‍ച്ചാലുകളിലേക്ക് എത്താം; ഭൂഗര്‍ഭ ജലമായോ ആഴത്തിലുള്ള ഭൂസംഭരണികളിലോ എത്തിപ്പെടാം. ഈ ഭൂഗര്‍ഭ ജലം പിന്നീട് നീര്‍ച്ചാലുകളിലേക്ക് തരംപോലെ എത്താം എത്താതിരിക്കാം.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവുകള്‍ ദേശീയ ശരാശരിയിലും മൂന്നിരട്ടി അധികം മഴ ലഭിക്കുന്ന ഭൂപ്രദേശമാണ്. ഇതില്‍ മുഖ്യ പങ്കും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വഴിയാണ്. ഇതില്‍ത്തന്നെ പ്രാദേശിക വ്യത്യാസങ്ങള്‍ 1500 മുതല്‍ 8000 മില്ലിമീറ്റര്‍ വരെ കാണാം. ഇത്രയും അധികം മഴ കിട്ടിയിരുന്നത് തീവ്രമായ പെയ്ത്തായിട്ടല്ല, മറിച്ച് തുടര്‍ച്ചയായ നേര്‍ത്ത മഴയായിട്ടായിരുന്നു. സഹ്യാദ്രി മഴക്കാടുകളിലെ മണ്ണിന് ഈ മഴയെ താങ്ങാനും എടുക്കാനും സൂക്ഷിക്കാനും ഉറവകള്‍വഴി നീര്‍ച്ചാലുകളിലേക്ക് ഒഴുക്കാനും ഉള്ള അതിശയകരമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ എത്ര വലിയ മഴയിലും ഉപരിതലത്തിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഈ കാടുകളില്‍ സാധാരണ കാണാന്‍ കഴിയില്ല.

അതിലോലമായ ആര്‍ദ്ര ഉഷ്ണമേഖലാകാടുകളില്‍ നിന്നുത്ഭവിക്കുന്ന പശ്ചിമഘട്ട നദികളുടെ ആഗോളപ്രസക്തിയും പ്രത്യേകതകളും ആഴത്തില്‍ മനസ്സിലാക്കി വേണം സംരക്ഷണ പരിപാലന പുനരുജ്ജീവന പദ്ധതികള്‍പോലും ആസൂത്രണം ചെയ്യാന്‍

 

ഭൂമിയുടെ ഉപരിതലത്തിനുതാഴെ കാണപ്പെടുന്ന ഒട്ടേറെ ഉറവകളിലൂടെയാണ് നമ്മുടെ പുഴകള്‍ ജനിക്കുന്നത്. ഉറവകള്‍ ഭൂമിക്കടിയിലൂടെ ഒഴുകി ഒന്നുചേര്‍ന്ന് ചെറിയ നീര്‍ച്ചാലുകളായി പുറത്തേക്ക് ഒഴുകുന്നു. ഈ നീര്‍ച്ചാലുകള്‍ തോടുകളായും ചെറുപുഴകളായും കൈവഴികളായും വളര്‍ന്ന് പുഴയായി മാറുന്നു. ഒരു ചെറിയ നീര്‍മറിത്തടത്തില്‍ ഒരുദിവസം മാത്രം പെയ്യുന്ന മഴയില്‍നിന്ന് നീരൊഴുക്കായി മാറുന്ന ജലം 15 മുതല്‍ 20 ശതമാനം വരെ ആണെങ്കില്‍ നാലുമുതല്‍ അഞ്ചുദിവസംവരെ നീണ്ടുനില്‍ക്കുന്ന മഴയില്‍ അത് 69 ശതമാനംവരെ ഉയരുന്നതായി കാണാം. അതുകൊണ്ടുതന്നെ പശ്ചിമഘട്ട മലനിരകളിലെ പുഴകളിലെ വെള്ളത്തിന്റെ ഭൂരിഭാഗവും ഭൂഗര്‍ഭജലമാണ്. അതുകൊണ്ടാണ് കാലവര്‍ഷത്തിനിടയ്ക്ക് ഇടയ്‌ക്കൊന്നു മഴ മാറിനിന്നാലും പുഴകളിലെ വെള്ളത്തിന്റെ നിരപ്പ് പെട്ടെന്ന് താഴാതിരിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യങ്ങളില്‍ തുടര്‍ച്ചയായ മഴ വെള്ളപ്പൊക്കങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. അതായത് അന്നന്ന് പെയുന്ന മഴയല്ല പശ്ചിമഘട്ട പുഴകളില്‍ ഒഴുകുന്നത്. മുന്‍പേ സംഭരിച്ചുവെച്ച ഭൂഗര്‍ഭ ജലമാണ് ഉറവകള്‍വഴി പുഴകളിലേക്ക് എത്തുന്നത്. നേരത്തേ പെയ്ത മഴയുടെ ഓര്‍മകളാണ് നമ്മുടെ പുഴകള്‍.

riverപുനരുജ്ജീവന പദ്ധതികള്‍ ആസൂത്രണംചെയ്യുമ്പോള്‍

മനുഷ്യന്റെ ഇടപെടല്‍ മൂലം പുഴയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ പരസ്പരാശ്രിതങ്ങളായ വിഭവങ്ങളുടെ ഉപയോഗവും (ഊര്‍ജം, ജലം, ഭൂമി) അതു തമ്മിലുള്ള ബന്ധങ്ങളും ഇതില്‍ കാലാവസ്ഥ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ചാലക്കുടിപ്പുഴയുടെ മുകള്‍ഭാഗങ്ങളില്‍ പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ഭാഗമായി നാല് അണകള്‍ കെട്ടി വെള്ളം തിരിച്ചുവിടുന്നതിനാല്‍ പുഴയുടെ താഴ്ഭാഗങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെടുകയും അത് പുഴയെ ആശ്രയിച്ചുള്ള മുന്‍ ഉപയോഗങ്ങളില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്തു. പുഴയിലെ ഒഴുക്കു കുറഞ്ഞതിനാല്‍ കരാറിനു മുമ്പ് നിലവിലുണ്ടായിരുന്ന ജലസേചന, ജലവൈദ്യുത പദ്ധതികളുടെ കാര്യക്ഷമത കുറയുകയും അതു തരണംചെയ്യാന്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുകയുമുണ്ടായി. ഇതിനുപുറമേ ചാലക്കുടി പുഴയിലെ ആദ്യ സംരംഭമായ തുമ്പൂര്‍മൂഴി ജലസേചന പദ്ധതിയുടെ ജലദൗര്‍ലഭ്യം പരിഹരിക്കാനായി അതിന്റെ ഇടതു കനാല്‍ അയക്കട്ട് പൂര്‍ണമായും ഇടമലയാര്‍ പദ്ധതിയിലേക്ക് മാറ്റുകയും ചെയ്തു. പുഴയില്‍ വെള്ളം കുറഞ്ഞതോടെ ഓരുവെള്ള ഭീഷണി കൂടി അതിനെ മറികടക്കാന്‍ പുഴ പെരിയാറുമായി ചേരുന്ന കണക്കന്‍കടവ് പ്രദേശത്ത് ഒരു റെഗുലേറ്ററും പണിയേണ്ടി വന്നു. തുമ്പൂര്‍മൂഴിക്കും കണക്കന്‍കടവ് റെഗുലേറ്ററിനും ഇടയിലുള്ള പ്രദേശങ്ങളില്‍ പുഴയില്‍നിന്ന് നേരിട്ട് വെള്ളം പമ്പുചെയ്ത് നനച്ചിരുന്ന നൂറു കണക്കിന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പമ്പുകള്‍ തന്നെ മാറ്റി സ്ഥാപിക്കുകയും ജലനിരപ്പ് ഉയര്‍ത്താന്‍ തടയണകള്‍ കെട്ടുകയും ചെയ്തു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp Group 

വര്‍ഷകാലത്തിനു ശേഷം ഒഴുക്കു നിലയ്ക്കുന്നതിനാല്‍, മത്സ്യ വൈവിധ്യത്തില്‍ മഹാനദിയായ ഗംഗയെപ്പോലും വെല്ലുന്ന ഈ ചെറു ചാലക്കുടിയാറില്‍, മത്സ്യജൈവസമ്പത്തിന്ന് നാശോന്മുഖമാണ്. തിരിഞ്ഞു നോക്കുമ്പോള്‍ 1970-നു ശേഷം ചാലക്കുടിപ്പുഴയില്‍ നടപ്പാക്കിയ വികസന പദ്ധതികളെല്ലാംതന്നെ നേരിട്ടോ പരോക്ഷമായോ പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വേണ്ടിയുള്ളവയായിരുന്നു. 2018-ലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ചാലക്കുടിപ്പുഴയുടെ താഴ്ഭാഗത്തെ പ്രദേശങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഈ പരസ്പരബന്ധിതമായ വിഭവ ഉപയോഗങ്ങളുടെയും ആഘാതങ്ങളുടെയും തുടര്‍ച്ചയാണ്. കാലാവസ്ഥാ വ്യതിയാനവുംകൂടി ഈ സമവാക്യത്തിലേക്കു വരുമ്പോള്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷവും നമ്മുടെ അനുഭവതലങ്ങള്‍ക്കപ്പുറവുമായിരിക്കും.

ജല-ജൈവശാസ്ത്രത്തിന്റെയും പ്രാദേശിക വിജ്ഞാനത്തിന്റെയും സമഗ്രതയില്‍, ക്രിയാത്മകമായ ജനകീയ പങ്കാളിത്തത്തിന്റെ കെട്ടുറപ്പോടെ സമീപിച്ചാലേ കാലാവസ്ഥാവ്യതിയാന കാലത്ത് പുഴകള്‍ വഴികാട്ടികളാവൂ.

( 'കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും മൂലം ഇന്ത്യന്‍ നദികള്‍ക്കുണ്ടായിട്ടുള്ള ആഘാതങ്ങള്‍' എന്ന പ്രബന്ധത്തിന് ഐ.ഐ.ടി. ബോംബെയുടെ മികച്ച തീസിസ് പുരസ്‌കാരം ലഭിച്ച ലേഖകന്‍ ഇപ്പോള്‍, ഇക്വിനോക്ട് കമ്യൂണിറ്റി സോഴ്സ്ഡ് മോഡലിങ് സൊല്യൂഷന്‍സിന്റെ ചീഫ് ഏക്‌സിക്യുട്ടീവ് ഓഫീസറാണ്)