മയ്യഴി : ''പുഴകള്‍ക്ക് ഒരു താളവും ഭാവവും സംഗീതവുമുണ്ട്. അതനുസരിച്ചാണ് പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഇല്ലാതാക്കുകയാണ് മനുഷ്യരില്‍ ചിലര്‍. നമ്മുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയാണ് ഇക്കൂട്ടര്‍. ലോകത്തെ എല്ലാ സംസ്‌കാരങ്ങളും വളര്‍ന്നുവന്നത് പുഴയോരത്താണെന്ന ചരിത്രവും നമ്മള്‍ മറക്കുന്നു...''-പറയുന്നത് വര്‍ഷങ്ങളായി മയ്യഴിയില്‍ ജീവിക്കുന്ന പാലക്കാട് കല്പാത്തി സ്വദേശിനി സി.കെ.രാജലക്ഷ്മി.

പുഴയും മറ്റ് ജലസ്രോതസ്സുകളും ഇല്ലാതാവുന്നത് മനുഷ്യരാശിയടക്കമുള്ള ജീവജാലങ്ങളുടെ നാശത്തിന് കാരണമാവുമെന്ന തിരിച്ചറിവാണ് ഇവരെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചത്. വര്‍ഷങ്ങളായി പുഴ കൈയേറ്റങ്ങള്‍ക്കും മലിനീകരണത്തിനുമെതിരെ മുന്‍പന്തിയിലുണ്ട്. സംസ്ഥാന നദീതട സംരക്ഷണസമിതി പ്രവര്‍ത്തകയായ ഇവര്‍ ഭാരതപ്പുഴയിലെ മണല്‍വാരലിനും മണല്‍ മാഫിയക്കുമെതിരെ നടക്കുന്ന സമരങ്ങളിലും സജീവം. തുഷാരഗിരിയിലെ വനഭൂമി കൈയേറ്റം, പുഴകൈയേറ്റം എന്നിവയ്‌ക്കെതിരെ നടന്ന പോരാട്ടങ്ങള്‍ക്കൊപ്പവും ഇവരുണ്ട്. മാഹി ആനവാതുക്കലിലാണ് താമസം.

'മയ്യഴിപ്പുഴ സംരക്ഷക'

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഏക്കര്‍കണക്കിന് ചതുപ്പുപ്രദേശം നികത്തലും കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കലും നടന്നപ്പോഴാണ് മയ്യഴിപ്പുഴയുടെ സംരക്ഷണത്തിനായി ഇടപെടുന്നത്. തുടര്‍ന്നാണ് 'മയ്യഴിപ്പുഴ സംരക്ഷണസമിതി' നിലവില്‍ വന്നത്.

മാലിന്യസംസ്‌കരണത്തിന് സംവിധാനങ്ങളൊന്നുമില്ലാതിരുന്ന മാഹിയില്‍ 2012-ല്‍ പൈപ്പ് കമ്പോസ്റ്റും റിങ് കമ്പോസ്റ്റും വീടുകളിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി. ഉപയോഗശൂന്യമായി പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി റീസൈക്ലിങ് യൂണിറ്റുകളിലെത്തിക്കാനും നേതൃത്വം നല്‍കി.

ജീവകാരുണ്യപ്രവര്‍ത്തക കൂടിയായ രാജലക്ഷ്മി അഗതികള്‍ക്കും ആരോരുമില്ലാത്ത വയോധികര്‍ക്കും രോഗികള്‍ക്കുമൊക്കെ ആശ്വാസവും ആശ്രയവുമാണ്.

പുകവലിക്കെതിരെ ഇവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റ് ഏറെ ശ്രദ്ധേയമാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി തെരുവുനാടകങ്ങള്‍ രചിക്കാനും അവതരിപ്പിക്കാനും നേതൃത്വം നല്‍കിവരുന്നു. എഴുത്തുകാരി കൂടിയാണ്. ഇവരുടെ പുസ്തകമാണ് 'ആകസ്മികതയുടെ കൈയൊപ്പുകള്‍'.

ഭര്‍ത്താവ് മാഹി ഫിഷറീസിലെ ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച മച്ചിങ്ങല്‍ പ്രകാശ് ഇവരുടെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. സനല്‍ പ്രകാശ് (പുതുച്ചേരി), മിഥുന്‍ പ്രകാശ് (സൗദി) എന്നിവരാണ് മക്കള്‍.

content highlights: rajalakshmi, environmentalist