രുപാട് മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നതിനെ പൊതുവേ നമ്മള്‍ കാടെന്ന് വിളിക്കും. എന്നാല്‍ നന്ദകുമാറിന് അത് കാടല്ല, മറിച്ച് സന്തോഷമാണ്. കഠിന പരിശ്രമംകൊണ്ട് ഉണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍പറഞ്ഞാല്‍ 'വുഡ്‌ലാന്‍ഡ്'. പാരിസ്ഥിതിക പ്രാധാന്യമുള്ള മരങ്ങളും ഔഷധസസ്യങ്ങളും വൈവിധ്യമാര്‍ന്ന ഓര്‍ക്കിഡുകളും മുളകളുമെല്ലാമാണ് നന്ദകുമാറിന്റെ വുഡ്‌ലാന്‍ഡിലുള്ളത്. മടക്കിമലയിലാണ് ഒന്നരയേക്കര്‍ സ്ഥലത്ത് നന്ദകുമാറിന്റെ വുഡ് ലാന്‍ഡ്.

ബോധവത്കരണമല്ല, വേണ്ടത് ആക്ഷന്‍പ്ലാന്‍

1990-ല്‍ കൊമേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ നന്ദകുമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ എന്‍വയോണ്‍മെന്റ് അവയര്‍നെസ് കാമ്പയിനിലൂടെയാണ് വൃക്ഷസംരക്ഷണത്തിലേക്കെത്തുന്നത്. കാമ്പയിനിന്റെ ഭാഗമായി ഒട്ടേറെ സ്ഥലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ക്കും മറ്റും നേതൃത്വംനല്‍കി. ചെറുപ്പംമുതലേ മരങ്ങളെയും പ്രകൃതിയെയും സ്‌നേഹിച്ച നന്ദകുമാറിന് ഇതൊരു തുടക്കമായിരുന്നു. സംഘടനകളുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് കാട് ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. ബോധവത്കരണം കൊണ്ടുമാത്രം വൃക്ഷസംരക്ഷണരംഗത്ത് ഒന്നും നടക്കില്ല, ആക്ഷന്‍ പ്ലാനാണ് വേണ്ടത്. നമുക്ക് നമ്മളോടുതന്നെ നീതിബോധം ഉണ്ടാവേണ്ട കാര്യമുണ്ട്. നമ്മള്‍ ചെയ്യാതെ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുന്നതില്‍ അര്‍ഥമില്ല, നന്ദകുമാര്‍ പറയുന്നു.

2003-ലാണ് ഈ സ്ഥലം വിലയ്ക്കുവാങ്ങുന്നത്. വാങ്ങുമ്പോള്‍ നിറയെ കല്ലുകള്‍ നിറഞ്ഞ, ചുരുക്കം മരങ്ങള്‍ മാത്രമുള്ള തരിശുഭൂമിയായിരുന്നു. 18 വര്‍ഷത്തെ പ്രയത്‌നമാണ് ഈ ഒന്നരയേക്കര്‍ ഭൂമിക്ക് പുതിയമുഖം നല്‍കിയത്. ആദ്യപടിയായി ശീമക്കൊന്നയും മുരിക്കും നട്ടു. ശേഷം മാവ്, പ്ലാവ് പോലുള്ളവയും. തരിശുനിലത്തിന് പച്ചപ്പ് നല്‍കുകയായിരുന്നു ലക്ഷ്യം. ഇന്ന് അടയ്ക്കാ പൈന്‍, അണലിവേഗം, ചോലപ്പുന്ന, ഇരുമ്പകം, കമ്പകം, നായ്‌ച്ചേര്, വെള്ള അകില്‍ തുടങ്ങി 165-ഓളം വൃക്ഷങ്ങള്‍ ഈ ഭൂമിയിലുണ്ട്. 

അതില്‍ ഏറിയപങ്കും ഐ.യു.സി.എന്‍. റെഡ് ഡേറ്റാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തദ്ദേശീയ വൃക്ഷങ്ങളാണ്. കുന്നുംമലയും കയറിയിറങ്ങി നന്ദകുമാര്‍ തന്നെ ശേഖരിച്ചവയാണ് ഇവയിലധികവും. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍നിന്നാണ് വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ തൈകള്‍ ലഭിച്ചത്. കാടിന്റെ ഓരംചേര്‍ന്ന് ഒരു കാവും നന്ദകുമാര്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ പൂജയും മറ്റും നടത്താറുണ്ട്. വാങ്ങിയസമയത്ത് രണ്ടുമരങ്ങളാണ് കാവിനുള്ളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ആനമുള, കുറ്റിമുള, പുല്ലുമുള, ബുദ്ധാബെല്ലി ബാംബു തുടങ്ങി 20 മുളയിനങ്ങള്‍തന്നെ ഇതിനുള്ളിലുണ്ട്. മരങ്ങളും മുളകളും കൂടാതെ 150-ലധികം ഔഷധസസ്യങ്ങളും നന്ദകുമാറിന്റെ കാടിനുള്ളിലുണ്ട്.

സാമൂഹിക വിഷയങ്ങൾ, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  JOIN Whatsapp group

ഭംഗികൂട്ടാന്‍ ഓര്‍ക്കിഡുകള്‍

ഓര്‍ക്കിഡുകളാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പുരയിടത്തിലെ എല്ലാ മരങ്ങളിലും തദ്ദേശീയ ഓര്‍ക്കിഡുകള്‍ വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് മൂന്നുനാലുവര്‍ഷം മാത്രമേ പ്രായമായിട്ടുള്ളൂ. ഇപ്പോള്‍ കുരങ്ങുശല്യം കാരണം കുറേയധികം ഓര്‍ക്കിഡ് ചെടികള്‍ വീടിനോട് ചേര്‍ന്നുള്ള രണ്ട് മരങ്ങളിലേക്ക് മാറ്റി. ഇതില്‍ ഒരു മരത്തില്‍മാത്രം 60-ലധികം ഓര്‍ക്കിഡ് സ്പീഷീസുകളാണുള്ളത്. മരത്തില്‍ ചുറ്റിയ അധികം വണ്ണമില്ലാത്ത കയറുകളിലാണ് ഓര്‍ക്കിഡുകള്‍ വളരുന്നത്. കട്ടിയുള്ള തൊലിയുള്ള മരങ്ങളില്‍ ഓര്‍ക്കിഡ് ചെടികള്‍ നടുന്നതാണ് വേര് നന്നായി പിടിക്കാന്‍ ഉത്തമം. അന്തരീക്ഷത്തില്‍ നിന്നാണ് ഓര്‍ക്കിഡുകള്‍ പോഷകങ്ങള്‍ ശേഖരിക്കുക. ബ്രിറ്റില്‍ ഓര്‍ക്കിഡ്, സ്‌പോട്ടഡ് ലീഫ് ഓര്‍ക്കിഡ്, ഗ്രാസി ഡെന്‍ഡ്രോബിയം, ടൈനി ബള്‍ബ് ഡെന്‍ഡ്രോബിയം, ഗോള്‍ഡന്‍ ഡെന്‍ഡ്രോബിയം തുടങ്ങി ഗ്രാമഫോണിന്റെ ആകൃതിയിലുള്ള ഗ്രാമഫോണ്‍ ഓര്‍ക്കിഡ് മുതലായ എപിഫൈറ്റിക്ക് വിഭാഗത്തില്‍പ്പെട്ട (മരങ്ങളില്‍ വളരുന്ന) 80-ലധികം ഓര്‍ക്കിഡ് ഇനങ്ങളും സൗത്ത് ഇന്ത്യന്‍ ജുവല്‍ ഓര്‍ക്കിഡ്, ബാംബു ഓര്‍ക്കിഡ്, മലബാര്‍ ഡാഫോഡില്‍ ഓര്‍ക്കിഡ് തുടങ്ങി മണ്ണില്‍വളരുന്ന 30-ലധികം ടെറസ്ട്രിയല്‍ ഓര്‍ക്കിഡ് ഇനങ്ങളും നന്ദകുമാറിന്റെ കൈവശമുണ്ട്. വംശനാശഭീഷണി നേരിടുന്ന ഓര്‍ക്കിഡുകളാണ് ഇവയിലേറെയും. ചിലതാകട്ടെ പശ്ചിമഘട്ട മലനിരകളില്‍മാത്രം കണ്ടുവരുന്ന അപൂര്‍വയിനങ്ങളും. പലതിനും പ്രാദേശിക പേരുകളില്ല. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഓര്‍ക്കിഡിന് 'അജമുഖി' എന്ന പേരുവീണത് പൂവിന് ആടിന്റെ മുഖത്തോടുള്ള രൂപസാദൃശ്യം കണ്ടാണ്. പൂക്കളുടെ രൂപത്തിലും ഭാവത്തിലുമുള്ള സവിശേഷതകളാണ് ഓര്‍ക്കിഡ് ചെടികളുടെ വ്യത്യസ്തതയാര്‍ന്ന പേരുകള്‍ക്ക് കാരണം. ഓര്‍ക്കിഡുകളെ തിരിച്ചറിയുന്നതിനും പൂക്കളുടെ ഇത്തരം പ്രത്യേകതകള്‍ സഹായിക്കും.

മരങ്ങള്‍ക്കിടയിലൂടെ ഒരു നടത്തം

ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന നന്ദകുമാറിന് എല്ലാദിവസവും രാവിലെ മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ശീലമുണ്ട്. മഴയില്ലെങ്കില്‍ നടത്തം വൈകുന്നേരവുമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദങ്ങളും വിഷമങ്ങളുമെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നത് ഈ നടത്തമാണ്. മാനസികാരോഗ്യത്തിന് ഇതിലുംമികച്ച മാര്‍ഗങ്ങളില്ല. വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ തൈകള്‍ സംഘടിപ്പിച്ച് ഒരു നഴ്‌സറിയാണ് നന്ദകുമാറിന്റെ അടുത്തലക്ഷ്യം. ഗവേഷണാവശ്യങ്ങള്‍ക്കും മറ്റുമായി ഇവിടേക്കെത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും സന്തോഷം മാത്രമേയുള്ളു. ഭാര്യ അനിതയും സി.എ.യ്ക്ക് പഠിക്കുന്ന മകള്‍ ശ്വേതയും വേണ്ട പിന്തുണകള്‍ നല്‍കി നന്ദകുമാറിനൊപ്പമുണ്ട്.

''പുതുതലമുറയിലെ ഒരുപാടുപേര്‍ സംരക്ഷണമേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്. നമ്മള്‍ കാടിന്റെയടുത്തേക്ക് പോയി റിസോര്‍ട്ടുകള്‍ ഉണ്ടാക്കും. സത്യത്തില്‍ വേണ്ടത് റിസോര്‍ട്ടിന്റെയടുത്ത് കാടുണ്ടാക്കുകയാണ്. വനസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭൂമിയുടെ മൂന്നിലൊരു ഭാഗമെങ്കിലും വനമായിരിക്കണമെന്നതാണ് അടിസ്ഥാന തത്ത്വം. അത് ആരെങ്കിലുമൊക്കെ ചെയ്തുവെച്ചെങ്കില്‍മാത്രമേ ഭൂമി നിലനില്‍ക്കുകയുള്ളു. അല്ലെങ്കില്‍ നമ്മള്‍തന്നെ നമ്മുടെ നാശത്തിന് ആക്കംകൂട്ടും'', നന്ദകുമാര്‍ പറഞ്ഞുനിര്‍ത്തി.

content highlights: Nandakumar and his woodland