യിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ കോതമംഗലത്ത് എൻജിനീയറിങ്ങിന്‌ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ഓരോ പഠനാവധിക്കാലവും ഞാൻ മൂന്നാറിനടുത്തുള്ള കല്ലാറിലാണ് ചെലവഴിച്ചത്. എന്റെ സഹപാഠിയായിരുന്ന ജ്യോർട്ടിക്ക് അന്നവിടെ ഒരു വലിയ ഏലത്തോട്ടം ഉണ്ടായിരുന്നു.  ജ്യോർട്ടിയുടെ കുടുംബത്തിന് കോതമംഗലത്ത് വൻ ബിസിനസുകൾ വേറെ ഉണ്ടായിരുന്നതിനാൽ തോട്ടത്തിന്റെ മേൽനോട്ടത്തിന് ഇടയ്ക്ക് അവിടെ പോകേണ്ട ഉത്തരവാദിത്വം അവനായിരുന്നു. അവന്റെ കൂട്ടിന് ഞാനും പോകും.താഴത്തെ കല്ലാറിനും മുകളിലെ കല്ലാറിനും ഇടയ്ക്കുള്ള മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള തോട്ടമാണ് മഞ്ഞയിൽ എസ്റ്റേറ്റ്. അവിടത്തെ എസ്റ്റേറ്റ് ബംഗ്ലാവിലാണ് താമസം. എസ്റ്റേറ്റ് ബംഗ്ലാവ് എന്ന് പേരുമാത്രമേയുള്ളൂ. പുകപ്പുരയും അടുക്കളയും കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് രണ്ടു കട്ടിൽ, അത്രതന്നെ. പകലെല്ലാം പഠനം, വൈകീട്ട് കല്ലാർപുഴയിൽ മുങ്ങിക്കുളി. രാത്രി അവിടെ വൈദ്യുതിയില്ലാത്തതിനാൽ ഏഴുമണിക്ക് ഭക്ഷണം.  പിന്നെ കിടന്നുറക്കം. ഇതുതന്നെപണി.

പഠനത്തിനിടയ്ക്ക് ചിലദിവസം ഞങ്ങൾ മൂന്നാർ ടൗണിൽ പോകും. കല്ലാർ കഴിഞ്ഞാലുടൻ തേയിലത്തോട്ടങ്ങളായി. വല്ലപ്പോഴുംമാത്രം വരുന്ന ട്രാൻസ്പോർട്ട് ബസുകൾ, ദേവികുളത്തുനിന്നും സൂര്യനെല്ലിയിൽനിന്നുമൊക്കെ വരുന്ന പി.പി.കെ. ബസ്, തേയില കയറ്റിപ്പോകുന്ന ട്രാക്ടർ അത്രയൊക്കയേ അന്നത്തെ മൂന്നാറിലുള്ളൂ. ടൗണിൽ എത്തിയാൽത്തന്നെ കടകൾ ഏറെയില്ല. ഉച്ചയ്ക്ക് രണ്ടുമണികഴിഞ്ഞാൽ അവിടെ ഒരു ചായകിട്ടാൻ പോലുമുള്ള സാധ്യതയില്ല. ടാറ്റാ കമ്പനിയുടെ ക്ലബ്ബിൽപോയി ഒരു ചായ കുടിച്ച് മടങ്ങും. അതായിരുന്നു അന്നത്തെ രീതി.

രണ്ടായിരത്തി പതിനഞ്ചിലെ ഡിസംബറിൽ ഞാൻ വീണ്ടും മൂന്നാറിലെത്തി. ഇതിനകം മൂന്നാറിനെപ്പറ്റി ഞാൻ ഏറെ വായിച്ചിരുന്നു. കൈയേറ്റത്തെപ്പറ്റി, കെട്ടിടം പൊളിക്കലിനെപ്പറ്റി, വ്യാജപട്ടയങ്ങളെപ്പറ്റി, തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മൂന്നാർ നഗരം മുങ്ങിപ്പോയതിനെപ്പറ്റി, ഇരവികുളത്തെ വരയാടുകളെപ്പറ്റി, പഴയകാലത്തെ ആലുവ-മൂന്നാർ റോഡുകളെപ്പറ്റി, പുരാതനകാലത്തെ മുനിയറകളെപ്പറ്റി എല്ലാമെല്ലാം. അതുകൊണ്ടുതന്നെ ഇത്തവണത്തെ സന്ദർശനം ഇതിനെപ്പറ്റിയെല്ലാം കൂടുതൽ അറിയാനും പറ്റിയാൽ എഴുതാനും ഉദ്ദേശിച്ചുള്ളതായിരുന്നു.

സൗന്ദര്യം ഒരു ശാപമാകുന്നു 

മൂന്നാറിനെ അന്നും ഇന്നും വേറിട്ടുനിർത്തുന്നത് മൂന്നാറിന്റെ അതിശയകരമായ പ്രകൃതിഭംഗിയാണ്.  ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ  മൂന്നാറിനെ കാണുമ്പോൾ അതിലും വലിയ ഒരു മലയോ മറ്റൊരു തേയിലത്തോട്ടമോ നല്ല ഒരു വെള്ളച്ചാട്ടമോ ഒന്നും ഞാൻ കണ്ടിട്ടില്ല. എന്നാൽ, ഈ മുപ്പതുവർഷത്തിനിടയ്ക്ക് ഞാൻ എവറസ്റ്റ് തൊട്ടുള്ള മലകളും ചൈനതൊട്ട് കെനിയ വരെയുള്ള തേയിലത്തോട്ടങ്ങളും വിക്ടോറിയമുതൽ നയാഗ്രവരെയുള്ള വെള്ളച്ചാട്ടങ്ങളും എല്ലാം കണ്ടുകഴിഞ്ഞതാണ്. എന്നിട്ടുപോലും പുലർച്ചെ കോടമഞ്ഞിൽ സൂര്യനുദിച്ചുയരുന്ന മൂന്നാർ, ആനമുടിമുതൽ പെട്ടിമുടിവരെയുള്ള ശിഖരങ്ങൾ, പച്ചപ്പരവതാനി വിരിച്ചപോലെയുള്ള തേയിലത്തോട്ടങ്ങൾ ഇതെല്ലാം ഇന്നും എന്നെ അതിശയിപ്പിക്കുന്നു. വെറുതെയല്ല, ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ ഇന്നും മൂന്നാറിലെത്തുന്നത്.  വെറുതെയല്ല, അടിമാലിമുതൽ ബൈസൺവാലിവരെ റിസോർട്ടുകൾ ഉയർന്നുപൊങ്ങുന്നത്. വെറുതെയല്ല, ടൂറിസ്റ്റ്‌സീസണുകളിലും അവധിദിവസങ്ങളിലും മൂന്നാർനഗരം ഗതാഗതക്കുരുക്കിൽ പെട്ടുപോകുന്നത്.  മഞ്ഞുവീഴ്ചയില്ലെങ്കിലും കാലാവസ്ഥ മാറുകയാണെങ്കിലും മൂന്നാർ ഇപ്പോഴും ഇന്ത്യയിലെ മറ്റേത് ഹിൽസ്റ്റേഷനുകളോടും കിടപിടിക്കുന്നത്രയും സൗന്ദര്യവതിയാണ്. ഈ സൗന്ദര്യംതന്നെയാണിപ്പോൾ മൂന്നാറിന് ശാപമായിരിക്കുന്നതും.

ടൂറിസ്റ്റുകളുടെ വൻ വർധനയും അവർക്കുവേണ്ടി ഉണ്ടാക്കപ്പെടുന്ന ഹോട്ടലുകളും റിസോർട്ടുകളും അവർ ഓരോരുത്തരും ഉണ്ടാക്കുന്ന പാരിസ്ഥിതിക കാല്പാടുകളുമെല്ലാം  മൂന്നാറിനെ ഞെരുക്കുന്നു. ഈ വികസനങ്ങളിൽ പലതും നടക്കുന്നത് കൈയേറിയ സ്ഥലത്തോ നിയമാനുസൃതമല്ലാത്ത രീതിയിലോ ഒക്കെയാണെന്ന് ആരോപണങ്ങളുണ്ടല്ലോ. നിയമവിരുദ്ധമായ പലതും പൊളിച്ചുകളയുകയും ചെയ്തു.

പക്ഷേ, മൂന്നാറിന്റെ ദുരന്തം നിയമം അനുസരിക്കാത്ത വികസനം തടഞ്ഞതുകൊണ്ടുമാത്രം തീരില്ല. നിയമപരമായി ശരിയാണെങ്കിലും ശാസ്ത്രീയമായ ഭൂവിനിയോഗം അല്ലെങ്കിൽപിന്നെ കാര്യമില്ല. തീരദേശമായാലും തണ്ണീർത്തടമായാലും മലഞ്ചെരിവായാലും ഓരോ ഭൂമിക്കും അതിന്റെതായ ആവാസവ്യവസ്ഥധർമം (Ecsoystem Function) ഉണ്ട്.  മഴയെ കുറച്ചുകൂടുതൽസമയം ചെരിവിൽ പിടിച്ചുനിർത്തി ജലലഭ്യത വർധിപ്പിക്കുക, മണ്ണൊലിപ്പ്‌ തടയുക, മണ്ണിടിച്ചിൽ കുറയ്ക്കുക എന്നിങ്ങനെ പല കാര്യങ്ങളും മലയിലെ സസ്യജാലങ്ങളെല്ലാം ചെയ്യുന്നുണ്ട്. ആ സത്യം അറിഞ്ഞുള്ള ഭൂവികസനത്തിനുമാത്രമേ മലയുടെ പൂർണത്വം (Integrtiy) കാത്തുസൂക്ഷിക്കാൻ പറ്റുകയുള്ളൂ. പക്ഷേ, ഇത്‌ ചെയ്യണമെങ്കിൽ ഓരോ കുന്നിനെയും താഴ്‌വരയെയും ഒറ്റയൂണിറ്റായി കണ്ടുവേണം  ഭൂവിനിയോഗം തീരുമാനിക്കാനും വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനും. മൂന്നാർപോലെത്തന്നെ മനോഹരമായ സ്വിറ്റ്‌സർലൻഡിൽ മലഞ്ചെരിവുകളുടെ വികസനം അവിടത്തെ സർക്കാരാണ് ആസൂത്രണം ചെയ്യുന്നത്.   മലയിലെ ഭൂമി ആരുടെതായാലും അതിനെ നോക്കിനടത്തുന്നത് വനംവകുപ്പാണ്. ആ ഭൂമിയിൽ മരംവെട്ടാൻ പോയിട്ട് സ്വന്തം മക്കൾക്കായിപ്പോലും വീതംവെയ്ക്കാനോ മുറിച്ചുവിൽക്കാനോ ആർക്കും അവകാശമില്ല.

മൂന്നാറിലെ സ്ഥിതി നേരേതിരിച്ചാണ്.  മലഞ്ചെരിവുകൾ തുണ്ടംതുണ്ടമാക്കി കച്ചവടം നടത്തിക്കൊണ്ടിരിക്കയാണ്. ഈ ഓരോ തുണ്ട് വസ്തുവിന്റെയും ഉടമകൾ സ്വന്തം താത്‌പര്യപ്രകാരം നിയമവിധേയമായും അല്ലാതെയും അതിൽ വികസനംകൊണ്ടുവരുന്നു.  ഓരോ തുണ്ടിലെയും വികസനത്തിന്റെ നിയമവശം നോക്കാനല്ലാതെ അത് പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുന്നെന്നതിനെപ്പറ്റി പഠിക്കാൻ വനംവകുപ്പിനോ, നടപടിയെടുക്കാൻ പഞ്ചായത്തിനോ സാധിക്കുന്നില്ല. പലപ്പോഴും അതിനുള്ള അറിവോ നിയമത്തിന്റെ പരിരക്ഷയോ ഇല്ലാത്തതും അതിനുകാരണമാണ്. ഫലത്തിൽ, ഒരു വൻ അണക്കെട്ടുമൂലമോ വൻകിട റിസോർട്ട് മൂലമോ ഒന്നുമല്ല മൂന്നാർ നശിക്കുന്നത്. മറിച്ച്, ആയിരം ചെറിയ മുറിവുകളിലൂടെയാണ്. സ്ഥലത്തിന്റെ വ്യക്തിഗതമായ അവകാശം എന്തുതന്നെയായാലും മൂന്നാറിന്റെ മൊത്തം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിക്കുമാത്രമേ മൂന്നാറിലെ ദുരന്തം തടയാൻപറ്റൂ.

മലകയറുന്ന വെള്ളം, മലമിറങ്ങുന്ന പുഴ

മൂന്നാറിലേക്കുള്ള യാത്രയിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് നിറയെ കുപ്പിവെള്ളവുമായി വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന മൂന്ന് ട്രക്കുകളാണ്. മൂന്നാറിൽ കുപ്പിവെള്ളഫാക്ടറി തുടങ്ങിയോയെന്ന് ഞാൻ സംശയിച്ചു. ശുദ്ധജലമുള്ള മലകളിൽനിന്നുള്ള വെള്ളം കുപ്പിയിലാക്കി വിൽക്കുന്നത് വലിയ ലാഭക്കച്ചവടമാണ്. പക്ഷേ, മൂന്നാറിലെ സ്ഥിതി തിരിച്ചാണ്. ഈ കുപ്പിവെള്ളമെല്ലാം താഴെനിന്ന്‌ മൂന്നാറിലെ ടൂറിസ്റ്റുകൾക്കുവേണ്ടി മലകയറി വരുന്നതാണ്.  കേരളത്തിന്റെ നീരുറവകളാണ് നമ്മുടെ മലകൾ, അവിടെനിന്ന്‌ വെള്ളമൊഴുകി താഴെ എത്തുമ്പോഴേക്കും അതിൽ മാലിന്യം അനവധി ചേർന്നിട്ടുണ്ടാകും. അപ്പോൾപ്പിന്നെ അത് ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും മലകയറ്റുന്നതിന്റെ അർഥശൂന്യത, അതുണ്ടാക്കുന്ന കാർബൺ ഫുട്പ്രിന്റ് രണ്ടും ആലോചിക്കേണ്ടതാണ്.

മൂന്നാറിലെ വെള്ളം പക്ഷേ, മലയ്ക്കുമുകളിലേ മലിനമാണ്. ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന മൂന്നാറിൽ ഇപ്പോഴും ഖരമാലിന്യ നിർമാർജനത്തിന് ആധുനികമോ സംയോജിതമോ ആയ ഒരു പദ്ധതിയില്ല. കുറച്ചുപേരെല്ലാം സ്വന്തമായി റിസോർട്ടിനകത്തുതന്നെ മാലിന്യനിർമാർജനം എന്നപേരിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്കുന്നു, പക്ഷേ, ഭൂരിഭാഗവും മാലിന്യം മലഞ്ചെരിവിലോ തെരുവോരത്തോ എറിയുന്നു. പള്ളിവാസൽ പഞ്ചായത്തോഫീസിന്റെ നേർ എതിർവശത്ത് മലഞ്ചെരിവിൽ ഒരു വലിയ മാലിന്യക്കൂമ്പാരമാണ്. അതുവഴിയേ പോകുന്ന ആർക്കും കാണാൻ വയ്യെങ്കിലും ഓഫീസിൽ ഇരിക്കുന്നവരുടെ മൂക്കിൽ അറിയേണ്ടതാണ്. പക്ഷേ, ഏറ്റവും വലിയ കഷ്ടമതല്ല. മൂന്നാറിലെ ഖരമാലിന്യം ഭൂരിഭാഗവും ചെന്നെത്തുന്നത് പഴയ ആലുവ-മൂന്നാർ റോഡിന്റെ വശത്താണ്. ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നാണിപ്പോൾ മൂന്നാർ നദി ഉദ്‌ഭവിക്കുന്നതും. അവിടെയെങ്ങും തുറന്നുകിടക്കുന്നതിന്റെ പടം ആരോ എടുത്തിട്ടതിനാൽ ഇപ്പോൾ മാലിന്യം മണ്ണിട്ടുമൂടുക എന്നതാണ് പ്രധാന നിർമാർജനരീതി. അടുത്ത നൂറുവർഷക്കാലം അതവിടെ കിടന്ന് ജലത്തെയും പരിസ്ഥിതിയെയും മലിനപ്പെടുത്തും.

മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഇതൊന്നും കാണുന്നില്ല. Out of Sight is Out of Mind എന്ന് പറഞ്ഞപോലെ റിസോർട്ടുടമകൾ പറയുന്ന പണവും കൊടുത്ത് കുപ്പിവെള്ളവും വാങ്ങിക്കുടിച്ച് കാഴ്ചകൾ കണ്ട് അവർ മലയിറങ്ങുന്നു. അവരുടെ ഉപഭോഗത്തിന്റെ അവശിഷ്ടങ്ങൾ എവിടെ എത്തുന്നെന്ന് അവർ അറിയണം.കൂടാതെ, അവരുണ്ടാക്കുന്ന പരിസ്ഥിതിമലിനീകരണത്തിന്റെ പരിഹാരത്തിന് അവർ അല്പം പണം ചെലവാക്കുകയും വേണം. ദിവസം 2000 രൂപ വാടകയുള്ള മുറിയെടുത്ത് താമസിക്കുന്നവരോട് 200 രൂപ പരിസ്ഥിതിസംരക്ഷണത്തിനുള്ള ടാക്സ് ആയി ഈടാക്കുന്നതിൽ ഒരുകുഴപ്പവുമില്ല. ഇങ്ങനെ സംഭരിക്കുന്ന പണംകൊണ്ട് ആധുനികമായ ഒരു മാലിന്യനിർമാർജനപദ്ധതി നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇതൊന്നും വിപ്ലവകരമായ കാര്യമല്ല.
(തുടരും)

(ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പ്രോഗ്രാമിൽ (യു.എൻ.ഇ.പി.) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകൻ)