ചുറ്റും പച്ചപ്പു നിറഞ്ഞ പാറക്കൂട്ടങ്ങള്‍ അതിനുള്ളില്‍ ദൈവം ഒളിപ്പിച്ചുവെച്ച വെള്ളമണല്‍ തീരം, തെളിമയുള്ള ജലം... പറഞ്ഞു വരുമ്പോള്‍ തന്നെ മനസില്‍ ഓടി വരുന്നത് കഹോ നാ പ്യാര്‍ ഹെ യിലേയോ, ഹൗസ് ഫുളിലേയോ, ബാഗിയിലേയോ രംഗങ്ങളാകും. അല്ലെങ്കില്‍ ബാര്‍ ബാര്‍ ദേഖോയില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീന കൈഫും നിറഞ്ഞാടിയ ആ ഗാന രംഗം തന്നെയായിരിക്കും. 

ഒരു പാട് സിനിമാ രംഗങ്ങള്‍ ഷൂട്ട് ചെയ്ത തായ്‌ലാന്‍ഡിലെ മായാ ബേ ഇന്നൊരു പ്രതീകമാണ്. അടുത്ത കാലത്ത് മാത്രമാണ് ഒരു ഉല്ലാസ കേന്ദ്രമായി മായാ ബേ മാറിയത്. കഴിഞ്ഞ ഇരുപതു വര്‍ഷം മനുഷ്യന്‍ പ്രകൃതിയോട് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തു. ഒടുവില്‍ അവിടത്തെ ഭരണകൂടം തന്നെ മുന്‍കൈയെടുത്ത് നഷ്ടപ്പെട്ട പ്രകൃതിയെ അതിന്റെ ഗാംഭീര്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ആ ശ്രമം ഏറെ വിജയം കണ്ടു കഴിഞ്ഞു. 

Maya Bay

തായ്‌ലന്‍ഡിലെ ദ്വീപ സമൂഹങ്ങളിലൊന്നിലാണ് ഫി ഫി ഐലന്‍ഡിലെ മായാ ബേ ഒളിപ്പിച്ചു വച്ചിരുന്നത്. ഫുകെ, ക്രാബി തുടങ്ങിയ വിനോദ സഞ്ചാര മേഖലയിലെത്തുന്നവര്‍ വന്നു പോകുന്ന സ്ഥലമായിരുന്നു മായാ ബേ. ബോളിവുഡ് സിനിമകളിലെ സ്ഥിരം രംഗമായതുകൊണ്ടു തന്നെയാണ് ഇന്ത്യക്കാര്‍ക്ക് ഈ മേഖല ഇഷ്ട സന്ദര്‍ശന കേന്ദ്രമായത്.

2000 ല്‍ ലിയനാഡോ ഡി കാപ്രിയോ നായകനാ 'ദ ബീച്ച'് എന്ന  സിനിമയാണ് ലോകത്തിന് മുന്നില്‍ മായാ ബേയെ പോപ്പുലറാക്കിയത് എന്ന് പറയാം. അതിന് പിന്നാലെ ആ കടലിടുക്കിന്റെ ഭംഗി തേടി നിരവധി സിനിമാക്കാരെത്തി. സിനിമാ ഗാനങ്ങളുടെ സ്ഥിരം ലൊക്കേഷനായി. അന്നുവരെ അധികമൊന്നും മനുഷ്യ സ്പര്‍ശമേല്‍ക്കാതിരുന്ന മേഖലയിലേക്ക് പിന്നെ വിനോദ സഞ്ചാര പ്രവാഹമായിരുന്നു. ആ അവസരം സര്‍ക്കാരും മുതലെടുത്തു. 2016 ല്‍ ചൈനീസ് ടൂറിസം കമ്പനികള്‍ ഇവിടേക്ക് നോട്ടമിട്ടതോടെ തിരക്കേറിയ വിനോദ സഞ്ചാരങ്ങളിലൊന്നായി മാറി. 

2008 ല്‍ ഒരു ദിവസം 171 പേര്‍ മാത്രമായിരുന്നു മായാ ബേയില്‍ എത്തിയിരുന്നതെങ്കില്‍ 2017 ല്‍  ദിവസം ശരാശരി 3520 പേര്‍ എത്തിയിരുന്നതായാണ് കണക്ക്. വിനോദ സഞ്ചാരികള്‍ക്കൊപ്പം പ്ലാസ്റ്റിക്കും വന്‍ തോതിലെത്തി. ഭക്ഷണ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറി അവിടെ. വിനോദ സഞ്ചാരികളേയും കൊണ്ടുവരുന്ന ബോട്ടുകള്‍ പുറത്തുവിടുന്ന മാലിന്യങ്ങള്‍ വേറെ. 

maya bay

കഴിഞ്ഞ വര്‍ഷമാണ് ഫിഫി ദ്വീപസമൂഹത്തിലെ ഭരണകൂടം ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. അതിന് മുന്നില്‍ അവര്‍ക്ക് ഒരു വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. മായാ ബേ സ്ഥിതിചെയ്യുന്ന നാഷണല്‍ പാര്‍ക്കിന്റെ അധികൃതരും, വനം പരിസ്ഥിതി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും അടിയന്തര യോഗം ചേര്‍ന്നു. സ്ഥലം വിശദമായി പരിശോധിച്ച അവര്‍ ഒറ്റ ടൂറിസ്റ്റു ബോട്ടു പോലും അങ്ങോട്ട് കടത്തിവിടരുതെന്ന് തീരുമാനമെടുത്തു.

അത്തരമൊരു തീരുമാനത്തിലേക്ക് അവരെ നയിച്ച പ്രധാന കാരണം അവിടത്തെ ജൈവ ഘടനയില്‍ വന്ന മാറ്റങ്ങളായിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിന് ബോട്ടുകള്‍ കടക്കാതിരിക്കാന്‍ മായാ ബേ തുടങ്ങുന്നിടത്ത് ഒരു വലിയ വടം കെട്ടി. അവിടെ നിരീക്ഷണവും ശക്തമാക്കി. കടല്‍ വഴിയെത്തുന്ന വിനോദ സഞ്ചാരികളെ തടഞ്ഞു. മായാ ബേ കാണണമെങ്കില്‍ വനത്തിലൂടെ സഞ്ചരിച്ചെത്തണം. എത്തിയാല്‍ തന്നെയും പഴയ പോലെ തീരത്ത് ഉന്മാദിക്കാനോ, വെള്ളത്തില്‍ നൃത്തമാടാനോ കഴിയില്ല.

maya bay

ഫിഫിയിലെ ജൈവഘടനയേക്കുറിച്ച് പഠനം നടത്തിയ ഡോ. താംറോങ്ങിന്റെ കണ്ടുപിടിത്തം ഞെട്ടിക്കുന്നതായിരുന്നു. 1998-99 കാലത്ത് ജലാശയ ജൈവ ആവാസ വ്യവസ്ഥയില്‍ 30 ശതമാനത്തോളം മാത്രമേ നാശമുണ്ടായിരുന്നുവെങ്കില്‍ പത്തു വര്‍ഷം കൊണ്ട് അത് 77 ശതമാനമായി. 

സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം ഇപ്പോള്‍ പഴയ ആവാസ വ്യവസ്ഥയെ തിരിച്ചുകൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. തീരത്തു നിന്നും ഒലിച്ചുപോയ വെള്ള മണല്‍ പ്രകൃതി തന്നെ തിരികെ നിക്ഷേപിച്ചു. വെള്ളത്തില്‍ നശിച്ചു പോയ ഭംഗിയുള്ള സസ്യങ്ങളും പലായനം ചെയ്ത മത്സ്യങ്ങളും തിരികെയെത്തി. മായാ ബേ പഴയ മായാ ബേയായിത്തുടങ്ങി.

Maya Bay

ഇന്നും അവിടെ ചെന്നാല്‍ വിനോദ സഞ്ചാര ബോട്ടുകളുടെ വലിയ നിര കാണാം. അവര്‍ വടം കെട്ടി നിര്‍ത്തിയ അതിര്‍ത്തിക്കിപ്പുറത്തു നിന്ന് ദൂരെ 300 മീറ്റദൂരെ, പണ്ട് വിനോദ സഞ്ചാരികള്‍ നിറഞ്ഞു തുളുമ്പിയ, നിരവധി സിനിമകള്‍ക്ക് വേദിയായ മായാ ബേയെ ഗൈഡുകള്‍ കാണിച്ചു കൊടുക്കുന്നത് കാണാം.

മായാ ബേയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പെന്ന പോലെ സ്രാവുകള്‍ കുഞ്ഞുങ്ങളെയുല്‍പ്പാദിപ്പിച്ച് വളര്‍ത്താന്‍ ഇവിടെ എത്താറുണ്ട്. നാടുവിട്ട അലങ്കാര മത്സ്യങ്ങള്‍ തിരിച്ചെത്തിയതായും സ്ഥലം സന്ദര്‍ശിച്ച ബിബിസി ലേഖിക സൈറ ആഷര്‍ വെളിപ്പെടുത്തുന്നു. 
 

Maya bay

ഫിഫി ഭരണകൂടം ലോകത്തിന് മാതൃകയായത് അങ്ങനെയാണ്. വിനോദ സഞ്ചാരികളെ നിയന്ത്രിച്ച് നശിച്ചുകൊണ്ടിക്കുന്ന പ്രകൃതിയെ തിരിച്ചു പിടിച്ച കഥയാണ് മായാ ബേ ക്ക് ഇന്ന് പറയാനുള്ളത്. 

Content highlights: Maya bay The real Story of a beach, good news for nature lovers