ടൽത്തീരത്തുനിന്ന് നടന്നുകയറിയാലൊരു കാട്. കാടിന്റെ ഇരുട്ടും തണുപ്പും കാറ്റും. അധികമകലെയല്ലാതെ വശ്യതയാർന്ന കടൽക്കാഴ്ചയും. കോവളം ബീച്ചിൽ കാണാൻ കൂടുതലായി എന്തുണ്ടെന്ന ചോദ്യത്തിന് വരുന്ന സീസണിൽ ഉത്തരം കിട്ടും. കോവളത്തൊരു ‘സൈലന്റ് വാലി’ ഒരുങ്ങുകയാണ്. ബീച്ചിലെ ബഹളത്തിനും തിരക്കിനും ഇടവേള നൽകി അല്പനേരം നിശബ്ദമായി ഇരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇനി സൈലന്റ് വാലിയിലേക്ക് വരാം.

കോവളം ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിനും സർക്കാർ ഗസ്റ്റ് ഹൗസിനും ഇടയിലായാണ് നിശബ്ദ താഴ്‌വര ഒരുങ്ങുന്നത്. മരങ്ങൾ നിറഞ്ഞ് കാടിന്റെ പ്രതീതി ജനിപ്പിക്കുന്നതും നാലുവശത്തുനിന്നും താഴേക്കു ചെരിവുമുള്ള പ്രദേശമാണിത്. മയിലുകളും കുരങ്ങുകളും ഉൾപ്പെടെയുള്ള പക്ഷിമൃഗാദികളുമുണ്ട്.

ഗസ്റ്റ് ഹൗസിനോട് ചേർന്ന് തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന നീന്തൽക്കുളം ഉൾപ്പെടെയുള്ള മൂന്നേക്കർ സ്ഥലമാണ് ടൂറിസം വകുപ്പ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. നേരത്തെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തിന്റെ പരിസരത്തിന് വലിയ മാറ്റംവരുത്താതെ നിലനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 

kovalam

സൂര്യസ്നാനം ചെയ്യുന്നതിനും കടൽക്കാഴ്ച ആസ്വദിക്കുന്നതിനുമുള്ള പ്രത്യേക ഇരിപ്പിടങ്ങൾ (സൺബാത്ത് ആൻഡ് വീവ് ഡോക്ക്), കടലിലെ കുളി കഴിഞ്ഞെത്തുന്നവർക്ക് ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതിനുള്ള ഷവർ ബ്ലോക്‌സ്, കോഫിബാർ, ലൈബ്രറി, ഉദ്യാനം, റിസപ്ഷൻ ബ്ലോക്ക്, സെക്യൂരിറ്റി കാബിൻ, ബീച്ചിലേക്കുള്ള നടപ്പാത, പുൽത്തകിടി, ഇരിപ്പിടങ്ങൾ, വർണവിളക്കുകൾ എന്നിവയാണ് നിർമിക്കുന്നത്. താഴ്‌വരയിൽ നിന്നുകൊണ്ട് ലൈറ്റ് ഹൗസ് ബീച്ചു വരെയുള്ള വിശാലമായ കാഴ്ചയും ലഭിക്കും. 

സെപ്തംബറിൽ അടുത്ത ടൂറിസം സീസൺ ആരംഭിക്കുമ്പോൾ തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടാണ് ജോലികൾ പുരോഗമിക്കുന്നത്. കുളത്തിന്റെയും പടിക്കെട്ടിന്റെയും നവീകരണവും നടപ്പാതയുടെ നിർമാണവും പുരോഗമിക്കുന്നു. അനുബന്ധ കെട്ടിടങ്ങളുടെ പണിയും പൂർത്തിയായിവരുന്നു.

പാർക്കിന്റെ മുക്കാൽ ഭാഗത്തോളം പണികൾ പൂർത്തിയായിക്കഴിഞ്ഞെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. 2013 ജൂലായിൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം 2015 ഫെബ്രുവരിയിലാണ് ആരംഭിച്ചത്.