Alanis ObomsawinWhen the last tree is cut, the last fish is caught, and the last river is polluted; when to breathe the air is sickening, you will realize, too late, that wealth is not in bank accounts and that you can't eat money-Alanis Obomsawin (American-Canadian Filmmaker)

ഓസോണ്‍ വിള്ളല്‍ അടയുന്നു. 2020 ഡിസംബറില്‍വന്ന ഈ വാര്‍ത്ത ശാസ്ത്രലോകത്തിന് ഒരു താത്കാലിക ആശ്വാസമാണെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്ക് ഇത് ഒരു ഓര്‍മപ്പെടുത്തലാണ്, കരുതലുകളില്‍നിന്ന് പിന്നോട്ടുപോകാറായിട്ടില്ല എന്ന ഓര്‍മപ്പെടുത്തല്‍. 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനുമുള്ള (ഡ്രൈ എയറില്‍ എന്ന സങ്കല്പത്തില്‍) ഭൗമാന്തരീക്ഷത്തെ, വാതകസംയുക്തങ്ങളും എയറോസോളുകളും പിന്നെ അതിസൂക്ഷ്മമായ പൊടിപടലങ്ങളും അടങ്ങുന്ന, ഭൂമിയെ പൊതിഞ്ഞിരിക്കുന്ന, ഒരു പുതപ്പായി കരുതിയാല്‍, ഈ പുതപ്പില്‍ കേവലം 0.00006 ശതമാനം മാത്രമുള്ള ഓസോണ്‍ എന്ന വാതകത്തിന്റെ ഗാഢതയുടെ (Concentration) മാറ്റങ്ങളില്‍ എന്തുകൊണ്ട് ശാസ്ത്രലോകം ആശങ്കപ്പെടുന്നു? ഓസോണ്‍ ദിനവും 'ഓസോണ്‍ ജീവിതത്തിന്: ഓസോണ്‍ പാളിയുടെ സംരക്ഷണത്തിന്റെ 36 വര്‍ഷങ്ങള്‍' എന്ന ഓസോണ്‍ദിനസന്ദേശവും ഉയര്‍ത്തുന്ന ആശയങ്ങളും ആശങ്കകളും നമുക്ക് ശാസ്ത്രീയമായി പരിശോധിക്കാം.

ഓസോണിന്റെ കഥ

മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ കൂടിയതാണ് ഒരു ഓസോണ്‍ തന്മാത്ര. ഓക്‌സിജനെക്കാള്‍ സ്ഥിരത കുറഞ്ഞതും മികച്ച ഓക്‌സീകാരി ആയതുകൊണ്ടും ഓസോണ്‍ വളരെ വേഗത്തില്‍ മറ്റു പദാര്‍ഥങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. കൂടാതെ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് വികിരണങ്ങളെ ആഗിരണം ചെയ്യാനുള്ള ശേഷിയും ഓസോണിനെ മറ്റു വാതകങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.

ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളുടെ അളവുകളെ സൂചിപ്പിക്കാന്‍ നമുക്ക് വോള്യം ശതമാനം (Volume Percentage) ഉപയോഗിക്കാം. ഇവയില്‍ നൈട്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ വാതകങ്ങുടെ വോള്യം ശതമാനം ഭൂമിയുടെ പ്രതലത്തില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍വരെ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. ഈ മേഖലയെ ഹോമോസ്പിയര്‍ എന്ന് വിളിക്കുന്നു. പക്ഷേ, ഓസോണിന്റെ വോള്യം ശതമാനത്തിന്റെ ഉയരത്തിനനുസരിച്ചുള്ള വ്യതിയാനം (Vertical Profile of volume percentage of ozone) പരിശോധിച്ചാല്‍ ഭൗമാന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത് ഭൂമിയുടെ പ്രതലത്തില്‍നിന്ന് ഏകദേശം 12 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഉയരത്തിനിടയ്ക്കുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ്. ഈ മേഖലയില്‍ ഓസോണ്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗത്തെ നമുക്ക് ഓസോണ്‍ പാളി എന്ന് വിളിക്കാം. സൂര്യനില്‍നിന്നുവരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99 ശതമാനവും ഈ പാളി ആഗിരണം ചെയ്യുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവിടെയുള്ള ഓസോണിനെ നമുക്ക് സ്ട്രാറ്റോസ്ഫിയറിക് ഓസോണ്‍ (സ്ട്രാറ്റോസ്ഫിയറില്‍ കാണുന്ന ഓസോണ്‍) അഥവാ ഗുഡ് ഓസോണ്‍ എന്ന് വിളിക്കാം. പിന്നെയുള്ള പത്തു ശതമാനം കാണപ്പെടുന്നത് ഭൂമിയില്‍നിന്ന് 12 കിലോമീറ്റര്‍ ഉയരത്തിനു താഴെയുള്ളതും മഴ, മഞ്ഞ് തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ നമ്മളില്‍ സ്വാധീനമുള്ളതുമായ ട്രോപ്പോസ്ഫിയര്‍ എന്ന മേഖലയിലാണ്. ഈ മേഖലയിലെ ഓസോണ്‍ ഒരു ദ്വിതീയമലിനീകാരിയും ശക്തമായ ഓക്‌സീകാരിയും ആയതിനാല്‍ പരിധിയില്‍ക്കഴിഞ്ഞുള്ള ഓസോണ്‍ സമ്പര്‍ക്കം ശ്വാസതടസ്സങ്ങള്‍ക്ക് കാരണമാകുകയും ഭൂമിയിലെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു. കൂടാതെ വിളകളുടെ വളര്‍ച്ചയെയും ഉത്പാദനക്ഷമതയെയും ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഈ പ്രദേശത്തെ ഓസോണിനെ ട്രോപ്പോസ്ഫിയറിക് ഓസോണ്‍ അഥവാ ബാഡ് ഓസോണ്‍ എന്നും വിളിക്കാം.

ഓസോണ്‍ ശോഷണവും അന്റാര്‍ട്ടിക് തുളയും

വ്യാവസായിക-സാമ്പത്തിക മേഖലകളിലെ വളര്‍ച്ചയ്ക്ക് നാം ഉപയോഗിക്കുന്ന പാദാര്‍ഥങ്ങളില്‍ പലതും (Chlorofluorocarbons (CFCs), Halons, Carbontetrachloride (CCl4), Methylbromide (CH3Br)) ഓസോണ്‍ ശോഷകാരികളാണ്. ഇവ അറ്റ്മോസ്‌ഫെറിക് സര്‍ക്കുലേഷന്‍വഴി സ്ട്രാറ്റോസ്ഫിയറില്‍ എത്തിച്ചേര്‍ന്ന് ഓസോണിനെ നശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഓസോണ്‍ പാളിയുടെ ശോഷണത്തെക്കുറിച്ച് 1974-ല്‍ മാരിയോ ജെ. മോളിനോ, ഫ്രാങ്ക് ഷെര്‍വുഡ് റോളണ്ട് എന്നിവര്‍ മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് 1985-ല്‍ അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലെ സ്ട്രാറ്റോസ്ഫിയറിക് ഓസോണ്‍ കുറയുന്നതായും സ്ഥിരീകരിച്ചു. പിന്നീട് ഉപഗ്രഹങ്ങളുടെയും 1986-ല്‍ ആരംഭിച്ച നാഷണല്‍ ഓസോണ്‍ എക്‌സ്പഡിഷനിലൂടെയും അന്റാര്‍ട്ടിക് ഓസോണ്‍ ഹോളിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിച്ചു. അന്റാര്‍ട്ടിക്കയ്ക്ക് മുകളില്‍ ധ്രുവനീര്‍ച്ചുഴി (polar vertex) എന്ന വൃത്താകൃതിയിലുള്ള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാര്‍ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ (സി.എഫ്.സി.) അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ ക്ലോറിനും ബ്രോമിനുമായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിന്‍ ഓസോണ്‍ പാളിയെ ആക്രമിച്ച് ഓസോണ്‍ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുന്നു.

ഓസോണ്‍ശോഷണം തിരിച്ചറിഞ്ഞ് 1987 സെപ്റ്റംബര്‍ 16-ന് രാഷ്ട്രത്തലവന്മാര്‍ കാനഡയിലെ മോണ്‍ട്രിയലില്‍ ഒത്തുചേര്‍ന്ന് ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഒരു ഉടമ്പടി ഒപ്പുവെച്ചു. ഇതിനകം ഇന്ത്യ ഉള്‍പ്പെടെ 198 രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായിക്കഴിഞ്ഞു. ഈ ഉടമ്പടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ 1994 മുതല്‍ സെപ്റ്റംബര്‍ 16 ഓസോണ്‍ സംരക്ഷണദിനമായി ആചരിച്ചുതുടങ്ങി. 1997-ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ നടന്ന ലോകശാസ്ത്ര കൂടിച്ചേരലിന്റെ തീരുമാനപ്രകാരം കാര്‍ബണ്‍ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ 149 രാജ്യങ്ങള്‍ക്ക് യു.എന്‍. ലക്ഷ്യം നിശ്ചയിച്ചുനല്‍കി. മിക്കരാജ്യങ്ങളും ഇത് മുഖവിലയ്‌ക്കെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ ഓസോണ്‍ പാളികളിലെ വിള്ളലുകളും ചെറുതായിവരുന്നു. ഇത്രയും പറഞ്ഞത് ഓസോണ്‍ പാളിയുടെ ചരിത്രം. പക്ഷേ, യഥാര്‍ഥ കഥ ഇനി ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. കാരണം, ശാസ്ത്രലോകം അവതരിപ്പിക്കുന്ന ആശങ്കകളില്‍ ഒന്നുമാത്രമാണ് ഓസോണ്‍ പാളിയിലെ വിള്ളലുകള്‍.

ഗ്രീന്‍ലന്‍ഡില്‍ മഴപെയ്യുമ്പോള്‍

ഇത്തരത്തില്‍ പല ആശങ്കകളും അവയുടെ ശാസ്ത്രീയമായ അവലോകനവും പരിഹാരങ്ങളും ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (കജഇഇ) എന്ന കൂട്ടായ്മയുടെ ആറാമത് അസെസ്മെന്റ് റിപ്പോര്‍ട്ടായി (AR-6) പ്രസിദ്ധീകരിച്ചെങ്കിലും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളെ എത്രത്തോളം നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു എന്നത് ചര്‍ച്ചചെയ്യേണ്ടതാണ്. കാര്‍ബണ്‍ഡെഓക്‌സൈഡ്, മീഥൈല്‍ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയ്ക്കനുസരിച്ച്, ഭൂമിയിലെ ചൂടുകൂടുന്നതും ആന്റാര്‍ട്ടിക്, ആര്‍ട്ടിക് മേഖലകളിലെ മഞ്ഞുപാളികള്‍ ഉരുകുന്നതും കൂടാതെ ഓഗസ്റ്റ് 14-ന് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളില്‍ ഉയരംകൂടിയ പ്രദേശത്ത് (സമ്മിറ്റ്, സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3216 മീറ്റര്‍ ഉയരം) ചരിത്രത്തിലാദ്യമായി പെയ്ത മഴയും നമ്മെ സ്വാധീനിക്കുന്നതെങ്ങനെ എന്ന സംശയവും സാധാരണമാണ്.

ഗ്രീന്‍ലന്‍ഡ് മേഖലയിലെ മഞ്ഞുപാളികള്‍ മുഴുവനും ഉരുകിയാല്‍ ഏകദേശം ആറുമീറ്ററോളം സമുദ്രനിരപ്പ് ഉയരും. അപ്പോള്‍ 2130-തോടെ കേരളത്തിലെ 340 ചതുശ്രകിലോമീറ്റര്‍ സമുദ്രതീരപ്രദേശം കടലിനടിയിലാകും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളെ ഇത് സാരമായി ബാധിക്കുകയുംചെയ്യും

ഉത്തരം വളരെ ലളിതമാണ്, ഇവിടെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആമസോണിയന്‍ കാടുകളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി യൂറോപ്പിന്റെ പകുതിയോളം നശിപ്പിക്കാന്‍തക്ക പ്രഹരശേഷിയുള്ള ഒരു കൊടുങ്കാറ്റ് രൂപപ്പെടാന്‍ കാരണമായേക്കാം (ബട്ടര്‍ഫ്‌ലൈ ഇഫക്റ്റ്) എന്ന അതിശയോക്തിയും സൂചിപ്പിക്കുന്നത്, ഭൂമിയിലെ വിവിധ മേഖലകളിലെ പരസ്പര സ്വാധീനങ്ങളെക്കുറിച്ചാണ്. ഉദാഹരണമായി, ബാഫിന്‍ ദ്വീപുകള്‍ക്കു സമീപം രൂപപ്പെട്ട നൂനമര്‍ദമേഖലയുടെയും ഗ്രീന്‍ലന്‍ഡിന് തെക്കുകിഴക്കായി രൂപപ്പെട്ട ഉച്ചമര്‍ദമേഖലയുടെയും സ്വാധീനത്താല്‍ ഗ്രീന്‍ലന്‍ഡിന്റെ തെക്കുഭാഗത്തുനിന്ന് ചൂടുള്ള, ഈര്‍പ്പമുള്ള വായു എത്തിച്ചേരുകയും (ഈ വായുവിനെ Warm Air Mass എന്നു വിളിക്കാം) ഈ വായു ഗ്രീന്‍ലന്‍ഡിലെ തണുത്തതും ഈര്‍പ്പം വളരെ കുറഞ്ഞതുമായ വായുവുമായി (Cold Air Mass) സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സാന്ദ്രതയിലെ വ്യതിയാനങ്ങള്‍മൂലം ചൂടുവായു മുകളിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുന്നു (രണ്ട് വ്യത്യസ്തസ്വഭാവമുള്ള, വ്യത്യസ്തമേഖകളില്‍ രൂപപ്പെട്ട എയര്‍ മാസുകള്‍ കൂട്ടിയിടിക്കുന്നതുമൂലം രൂപപ്പെടുന്ന പ്രതിഭാസങ്ങളെ Frontal System എന്ന് അറിയപ്പെടുന്നു.) പക്ഷേ, ഈ പ്രദേശത്തെ താപം വാം എയര്‍ മാസിന്റെ സ്വാധീനത്താല്‍ ജലത്തിന്റെ ദ്രവണാങ്കത്തിനു മുകളിലായതുകൊണ്ടുതന്നെ ഇതിലെ ബാഷ്പം ഖനീഭവിച്ച് ഐസാകാതെ (ജലം ഖനീഭവിക്കുന്നത് 0 ഡിഗ്രി സെല്‍ഷ്യസിലാണ്) മഴയ്ക്ക് കാരണമാകുകയും ചെയ്തു. ഗ്രീന്‍ലന്‍ഡിലെ സമ്മിറ്റിലെ (ഐസ് പാളിയിലെ ഉയരംകൂടിയ പ്രദേശം) 43 വര്‍ഷങ്ങളിലെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ ആദ്യമായാണ് ഇവിടെ മഴയുണ്ടാകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം, അതുകൊണ്ട് ഈ മേഖലയിലെ ഒരു തീവ്രപ്രതിഭാസമായി ഇതിനെ നമുക്ക് പരിഗണിക്കാം. നേരത്തേ നാം വിശദീകരിച്ച ബട്ടര്‍ഫ്‌ലൈ ഇഫക്റ്റിന്റെ അടിസ്ഥാനത്തില്‍ ഇതിനെ പരിശോധിച്ചാല്‍, ഭൂമിയിലെ സന്തുലിതാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ ഫലമായിയിരിക്കാം ഈ തീവ്രപ്രതിഭാസത്തിനു കാരണം.

ഗ്രീന്‍ലന്‍ഡ് മേഖലയിലെ മഞ്ഞുപാളികള്‍ മുഴുവനും ഉരുകിയാല്‍ ഏകദേശം ആറുമീറ്ററോളം സമുദ്രനിരപ്പ് ഉയരും. അപ്പോള്‍ 2130-തോടെ കേരളത്തിലെ 340 ചതുശ്രകിലോമീറ്റര്‍ സമുദ്രതീരപ്രദേശം കടലിനടിയിലാകും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളെ ഇത് സാരമായി ബാധിക്കുകയുംചെയ്യും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ വെറും പഠനങ്ങള്‍ മാത്രമല്ലെന്നും ഒരു യാഥാര്‍ഥ്യമായി പലരൂപങ്ങളിലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതും പരിസ്ഥിതിദിനം, ഓസോണ്‍ദിനം, ജലദിനം എന്നിവ ആചരിക്കുമ്പോള്‍ നമുക്ക് ഓര്‍മിക്കാം.

സാമൂഹിക വിഷയങ്ങൾ, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

(കുസാറ്റിലെ അറ്റ്മോസ്ഫിയറിക് കെമിസ്ട്രി ആന്‍ഡ് ഫിസിക്‌സ് ലാബിലെ ഗവേഷകരാണ് ലേഖകര്‍)

ഓസോണിനെക്കുറിച്ച് പഠിക്കാം

:ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് അത്യന്താപേക്ഷിതവും അതേസമയം ഹാനികരവുമായ ഓസോണിനെക്കുറിച്ച് ഇനിയും ഏറെ അറിയാനുണ്ട്. വ്യാവസായിക പൂര്‍വ കാലഘട്ടത്തിലെ ഓസോണിന്റെ അളവുകളിലെ അനിശ്ചിതത്വവും വികസ്വരരാജ്യങ്ങളിലെ ദീര്‍ഘകാല ഓസോണ്‍ ഡേറ്റയുടെ അഭാവവും ഓസോണിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനത്തിനുള്ള വെല്ലുവിളികളാണ്. അതിനാല്‍ത്തന്നെ ഓസോണിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് അന്താരാഷ്ട്ര സംഘടനങ്ങളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. അവയില്‍ എടുത്തുപറയേണ്ടതാണ് 1948-ല്‍ സ്ഥാപിക്കപ്പെട്ട അന്താരാഷ്ട്ര ഓസോണ്‍ കമ്മിഷന്റെ പ്രവര്‍ത്തനം.

ഓസോണിനെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ സംഘടിപ്പിക്കുന്നതിനും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് അവ കൊണ്ടുവരുന്നതിനും അന്തരീക്ഷ വ്യതിയാനങ്ങളുടെയും രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായിവരുന്ന മാറ്റങ്ങളെ നിരീക്ഷിക്കുന്നതിനും ഈ കമ്മിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മികച്ച ഓസോണ്‍ പഠനത്തിനു നല്‍കിവരുന്ന ഡോബ്‌സണ്‍ അവാര്‍ഡും മൂല്യമുള്ള ഓസോണ്‍ മെഷര്‍മെന്റുകള്‍ ലഭ്യമാക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് നല്‍കിവരുന്ന ജോസഫ് ഫാര്‍മാന്‍ പുരസ്‌കാരവും ഇതിനുദാഹരണങ്ങളാണ്.

ഭൂമധ്യരേഖയ്ക്കടുത്തുള്ള സ്ഥാനവും വ്യാവസായിക, സാമ്പത്തിക മേഖലകളിലുള്ള വളര്‍ച്ചയും ഇന്ത്യയിലെ ഓസോണ്‍ മലിനീകരണത്തോത് വര്‍ധനയ്ക്ക് കാരണമാകുന്നു. എന്നാല്‍, ഓസോണ്‍ മലിനീകരണവും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തിനുള്ള ശാസ്ത്രീയമായ അവബോധം ഇനിയും ലഭിക്കേണ്ടതുണ്ട്.