കേവലമൊരു ഭൂപ്രദേശമല്ല കുട്ടനാട്. വളരെ സവിശേഷമായ ഭൂപ്രകൃതിയും ജലപ്രകൃതിയുമുള്ള തണ്ണീർത്തടമാണത്. അതിനാൽ, അതിസൂക്ഷ്മമായ സംവേദനക്ഷമതയുള്ള പ്രദേശവും.

മുമ്പ് പ്രകൃതിയുമായി ചേർന്നായിരുന്നു കുട്ടനാട്ടിലെ ജീവിതം. കൃത്യമായി വന്നുപോകുന്ന വെള്ളപ്പൊക്കം കുട്ടനാടൻ ജനതയ്ക്കു പ്രശ്നമായിരുന്നില്ല. കയറിയതുപോലെ ഇറങ്ങുന്ന വെള്ളം ഇവിടത്തെ വയലുകളിൽ എക്കൽ നിക്ഷേപിച്ചു. അത്‌ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കി. വള്ളംതുഴച്ചിലും മീൻപിടിത്തവുമൊക്കെയായി വെള്ളപ്പൊക്കക്കാലം ആഘോഷമാക്കിയിരുന്നു ഒരുകാലത്ത്.

ഇന്നു വെള്ളപ്പൊക്കമെന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. 2018-ലെ മഹാപ്രളയം കുട്ടനാടിനുണ്ടാക്കിയ ദുരിതം അത്രയ്ക്കു ഭീകരമായിരുന്നു. കയറുന്ന വെള്ളം ഒഴുകിപ്പോകാതെ മാസങ്ങളോളം കെട്ടിക്കിടന്നുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ കുട്ടനാടൻജീവിതത്തെ ദുരിതക്കയത്തിലാഴ്‌ത്തുന്നത്.

കുട്ടനാടിന്റെ നിർമലമായ പ്രകൃതിയിൽ മനുഷ്യൻ ഏൽപ്പിച്ച ആഘാതങ്ങളാണ് ഈ നിലയിലെത്തിച്ചത്. വെള്ളപ്പൊക്കം, മലിനീകരണം, കൃഷിനാശം, കീടബാധ, കളകളുടെയും രോഗവാഹികളായ ജീവികളുടെയും വർധനയുമെല്ലാം കുട്ടനാടൻ പരിസ്ഥിതിക്കും ജനജീവിതത്തിനും ഭീഷണിയുയർത്തുന്നു. ഇതു കായൽനിലങ്ങളിൽ മാത്രമല്ല കുട്ടനാട്ടിലാകെ ദുരിതം വിതയ്ക്കുന്നു.

സർവത്ര വെള്ളം, കുടിക്കാൻ ഒരുതുള്ളിയില്ല

മഴക്കാലം അവസാനിച്ചാൽ ഒരുമാസത്തിനകം കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം തുടങ്ങുകയായി. പുഴകളിലെ വെള്ളം കൈക്കുമ്പിളിൽ കോരിക്കുടിച്ച ഒാർമ പഴയതലമുറയിൽപ്പെട്ടവർക്കുണ്ട്. ഇപ്പോഴതു ചിന്തിക്കാൻപോലുമാവില്ല.
പാടശേഖരങ്ങളിലൂടെയും അവയ്ക്ക് അതിരിട്ടും കടന്നുപോകുന്ന, വലുതും ചെറുതുമായ ഒട്ടേറെ തോടുകൾ കുട്ടനാട്ടിലുണ്ടായിരുന്നു. കുട്ടനാടിനു ചേരാത്തതും അശാസ്ത്രീയവുമായ വികസനകാഴ്ചപ്പാടിന്റെ ഫലമായി ഇവയിൽ പലതും നികന്നു. ഉള്ളവ കൈയേറ്റംകാരണം ശോഷിക്കുകയോ ഇല്ലാതാവുകയോ ചെയ്തു. പുഴകളും വലക്കണ്ണികൾ പോലെയുള്ള ഈ തോടുകളും വേമ്പനാട്ടുകായലുമൊക്കെയാണ് കുട്ടനാടിന്റെ ജീവനാഡികൾ.

പണ്ട്, കുത്തിയൊലിച്ചുവരുന്ന മലവെള്ളത്തെ ഈ തോടുകളും ജലാശയങ്ങളും വയലേലകളുമെല്ലാം ചേർന്ന് ഉൾക്കൊണ്ടിരുന്നു. ഇവയിലൂടെ വേമ്പനാട്ടുകായലിലേക്കു വെള്ളം അനർഗളം ഒഴുകിയിരുന്നു. ആ വെള്ളം മുഴുവൻ ഉൾക്കൊള്ളാൻ കായലിനും അന്നു കഴിയുമായിരുന്നു.

വികസനത്തിന്റെ ഭാഗമായി പാടവരമ്പുകൾ വീതിയേറിയ റോഡുകളായി മാറ്റിയതോടെ തോടുകൾക്കു പലതിനും വീതികുറഞ്ഞു. കട്ടകുത്ത് പോലെയുള്ള പാരമ്പര്യസമ്പ്രദായങ്ങളിൽനിന്ന് അകന്നതോടെ തോടുകളിൽ എക്കൽ നിറഞ്ഞ്‌ നീരൊഴുക്കു കുറഞ്ഞു. വെള്ളത്തെ ഉൾക്കൊള്ളാനുള്ള കഴിവ് അവയ്ക്കു നഷ്ടമായി. വേമ്പനാട്ടുകായലിന്റെ പലഭാഗത്തും എക്കലടിഞ്ഞും കളകൾ നിറഞ്ഞും ഒഴുക്കു നിലച്ചു.

വേമ്പനാട് തണ്ണീർത്തടവ്യവസ്ഥ

അഞ്ചുനദികളിലൂടെയും ഒട്ടേറെ തോടുകളിലൂടെയും വരുന്ന വെള്ളത്തെ പൂർണമായും ഏറ്റുവാങ്ങി കടലിൽ എത്തിക്കാനാവാതെ വേമ്പനാട്ടുകായലും ചക്രശ്വാസം വലിക്കുകയാണിന്ന്. മലിനമാണ് ഈ തോടുകളും പുഴകളും കായലുമെല്ലാം.  തെക്ക് കായംകുളംകായൽമുതൽ വടക്ക് കൊച്ചി അഴിമുഖംവരെ നീണ്ടുകിടക്കുന്ന കായൽപ്പരപ്പാണ് വേമ്പനാട് തണ്ണീർത്തടം. ഇതിന്റെ ഭാഗമാണ് കുട്ടനാട്. അഞ്ചു നദികൾ പ്രതിവർഷം 13,000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് കുട്ടനാട്ടിലെത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വേമ്പനാട്ടുകായലിലേക്ക് ഒഴുകിമാറും. വേനൽക്കാലത്ത് വേമ്പനാട്ടുകായലിലെ ജലനിരപ്പു താഴുമ്പോൾ അറബിക്കടലിൽനിന്നുള്ള ഉപ്പു(ഓരു)വെള്ളം കായലിലും കുട്ടനാട്ടിലും കയറും.

തടസ്സപ്പെടുത്തിയത് സ്വാഭാവിക പാരിസ്ഥിതിക ധർമങ്ങളെ

വെള്ളപ്പൊക്കത്തെയും ഓരുവെള്ളം കയറ്റത്തെയും അടിസ്ഥാനപ്പെടുത്തിയാണ് കുട്ടനാട് തണ്ണീർത്തട വ്യവസ്ഥ രൂപപ്പെട്ടത്. ഇവിടത്തെ പ്രകൃതിയുടെ സവിശേഷതകൾക്കെല്ലാം പ്രത്യേക പാരിസ്ഥിതിക ധർമങ്ങളുമുണ്ട്.
വേനൽക്കാലത്തെ ഓരുവെള്ളക്കയറ്റം കുട്ടനാടിനെ ശുദ്ധീകരിക്കുന്ന പ്രകൃതിയുടെ തന്നെ ഇടപെടലാണ്. അടിഞ്ഞുകൂടിയ അഴുക്കിനെ ഇല്ലാതാക്കൽ, കളകളെ നശിപ്പിക്കൽ, അപകടകാരികളായ സൂക്ഷ്മജീവികളെയും കീടങ്ങളെയും ഇല്ലാതാക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സ്വാഭാവികമായി നടക്കുന്നു.

കായലിന്റെയും കനാലുകളുടെയും അഴികളുടെയും പൊഴികളുടെയും ശൃംഖലയും തടസ്സമില്ലാത്ത തുടർച്ചയും വെള്ളമൊഴുക്കിനെ സുഗമമാക്കിയിരുന്നു. സ്വാഭാവികമായ ഈ നീരൊഴുക്കുസംവിധാനമാണ് കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷിച്ചിരുന്നത്. ജലസന്തുലനത്തിനും പാരിസ്ഥിതിക നിലനിൽപ്പിനും അടിസ്ഥാനവും ഇവതന്നെ.

വികസനത്തിന്റെ പേരിൽ നടത്തിയ ഇടപെടലുകൾ ഈ സ്വാഭാവിക സംവിധാനത്തിനുമേലുള്ള കൈയേറ്റമായിമാറി. ഈ സംവിധാനത്തിന്റെ പാരിസ്ഥിതികധർമങ്ങൾ തടസ്സപ്പെടുത്തിയതോടെ ദുരിതങ്ങൾക്കും തുടക്കമായി.

പ്രധാന പ്രശ്നങ്ങൾ

വെള്ളപ്പൊക്കവും വെള്ളക്കെട്ടും
  വരൾച്ച-ശുദ്ധജലക്ഷാമം
-കുടിവെള്ളപ്രശ്നം
  ഓരുവെള്ളം(ഉപ്പുവെള്ളം)കയറ്റം
  മണ്ണിലെ അമ്ളത കൂടി കാർഷിക
മേഖലയിലുണ്ടായ പ്രതിസന്ധി
  ജല-പരിസ്ഥിതി മലിനീകരണം
  കാലാവസ്ഥാ വ്യതിയാനം 
കാരണമുള്ള ഭീഷണികൾ
  വേമ്പനാട്ടുകായൽ നേരിടുന്ന 
പ്രശ്നങ്ങൾ
  മത്സ്യസമ്പത്തിലുണ്ടായ കുറവ്

തയ്യാറാക്കിയത്‌: എം.എസ്. ഗോപകുമാർ കെ. രംഗനാഥ് കൃഷ്ണ