റ് മാസം മുന്നെയാണ് കോഴിക്കോട് ജില്ലയിലെ പൂഴിത്തോടില്‍ നിന്ന് റബര്‍ വെട്ട് കഴിഞ്ഞുവരികയായിരുന്ന വിപിന്‍ ജോസിനെ കാട്ടുപന്നി അക്രമിക്കുന്നത്. ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ മുന്നില്‍ ചാടിയ കാട്ടുപന്നി മൂന്ന് തവണയാണ് വിപിനിനെ തുടര്‍ച്ചയായി കുത്തിയത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായപ്പോള്‍ വിപിനിന് നഷ്ടമായത് തന്റെ ജീവിതം കൂടിയാണ്. ഒരു കൈക്ക് സ്വാധീനമില്ലാതായി. ഇതോടെ ജോലി ചെയ്യാനുമാവുന്നില്ല. ഓപ്പറേഷന്‍ ചെയ്താല്‍ പോലും ശരിയാവുമെന്ന് ഡോക്ടര്‍മാരും ഉറപ്പ് പറയുന്നില്ല. ഭാര്യയും കൈക്കുഞ്ഞുമുള്ള വിപിന്‍ സര്‍ക്കാര്‍ സഹായത്തിനായും മറ്റും ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും തുച്ഛമായ നഷ്ടപരിഹാരമല്ലാതെ ഒന്നും കിട്ടിയില്ല. വനപാലകരോ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ജീവനെങ്കിലും തിരിച്ച് കിട്ടിയല്ലോ എന്ന ഒഴുക്കന്‍ മട്ടില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ഒഴിവാക്കിയ മട്ടിലുമാണ്. ഇതേ പോലെ രണ്ട് വര്‍ഷം മുമ്പായിരുന്നു നാട്ടിലിറങ്ങിയ കടുവ പതിഞ്ഞിരുന്ന് വയനാട് വടക്കനാടിലെ മണിയനെന്ന ആദിവാസി യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. അന്ന് ആ കുടുംബത്തിന് തിരിച്ച് കിട്ടിയത്  യുവാവിന്റെ തലയുടെ ഒരു ഭാഗവും വസ്ത്രങ്ങളും മാത്രമാണ്. ഇത്തരത്തില്‍ മലയോരങ്ങളില്‍ കാടിറങ്ങുന്ന വന്യ മൃഗങ്ങള്‍ കൃഷിയും ജീവനും ചവിട്ടി മെതിക്കുമ്പോള്‍ നാട് വിട്ട് ഓടുകയാണ് കര്‍ഷകര്‍. മാതൃഭൂമി ഡോട്‌കോം കര്‍ഷകരേയും ഇരകളേയും തേടി മലകയറുകയാണ്.

ഭീഷണിയായി മയിലും

കാട്ടുപന്നിയും ആനയും കടുവയും മാത്രമല്ല ഇത്രനാളും നമ്മള്‍ നിരുപദ്രവകാരിയെന്ന് കരുതിപോന്ന മയിലുകള്‍ പോലും അക്രമകാരികളാവുകയും നാട്ടിലിറങ്ങി ഭീതിപരത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തിന്റെ മലയോരങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. വന്യ മൃഗങ്ങള്‍ കൃഷിയിടങ്ങളിലറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നതിനും കര്‍ഷകരുടെ ജീവിതം  ചവിട്ടിമെതിക്കുന്നതിനും ശാശ്വതമായ ഒരു പരിഹാരവും വനപാലകര്‍ക്കോ മറ്റ് സര്‍ക്കാര്‍ അധികൃതര്‍ക്കോ കാണാന്‍ കഴിയുന്നില്ലെന്ന എന്നതാണ് വസ്തുത.

കല്ലെടുത്തെറിഞ്ഞാല്‍ പോലും കേസാകുന്ന സാഹചര്യത്തില്‍ നിസ്സഹായരായി കൃഷിയും നാടുമുപേക്ഷിച്ച് ഒളിച്ചോടുമ്പോഴും കാട്ടുപന്നികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഗണനയെങ്കിലും തങ്ങള്‍ക്കും നല്‍കണേയെന്ന് അപേക്ഷിക്കുകയാണ് കര്‍ഷകര്‍.

കൂട്ടമായെത്തും സര്‍വതും നശിപ്പിക്കും

കാട്ടാനയുടേയും കാട്ടുപന്നിയുടേയുമെല്ലാം ശല്യമായിരുന്നു മുന്‍പൊക്കെ മലയോരങ്ങളില്‍ നിന്ന് കേട്ടിരുന്നത്. പക്ഷെ  കൂട്ടമായെത്തുന്ന മാനുകളും കുരങ്ങുകളും മയിലുകളുമെല്ലാം കാടിനോട് ചേര്‍ന്ന നാട്ടുമ്പുറങ്ങളിലും കൃഷിയിടങ്ങളിലും ഇന്ന് പട്ടാപ്പകല്‍ കാഴ്ചകളാണ്. ഇവയ്ക്കാവശ്യമായ തീറ്റയും വെള്ളവുമെല്ലാം കാട്ടിലുള്ളതിനേക്കാള്‍ മനുഷ്യരുടെ ഇടയിലാണുള്ളത്. നാട്ടിലെത്തുന്ന കുരങ്ങുകളും മാനുകളും അവിടെ ചെലവിടുകയും അവരുടെ സ്ഥിരം സങ്കേതമാക്കുകയും ചെയ്യുന്നു. കൃഷിയിടത്തെത്തുന്ന കുരുങ്ങുകള്‍ കാട്ടിലേക്ക് തിരിച്ച് പോവുന്നില്ലെന്ന് പറയുന്നു കര്‍ഷകര്‍. കപ്പയും ചേനയും തേങ്ങയുമെല്ലാം അവരുടെ പുതിയ ഭക്ഷണമായി മാറുകയും  ചെയ്തു.

1പുല്‍പള്ളിയിലെ ടോമിയും ഷൈനും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് വീടിന് തൊട്ടടുത്ത സ്ഥലത്ത് ലക്ഷണങ്ങള്‍ മുടക്കി പറമ്പ് നിരത്തി ചേന കൃഷിയിറക്കിയത്. പകുതി മൂപ്പായതോടെ പറമ്പ് മുഴുവന്‍ കുരുങ്ങുകള്‍ കീഴടക്കി. കിഴങ്ങ് കുഴിച്ചെടുത്ത് ഭക്ഷിച്ച ശേഷം തണ്ട് പോലും നശിപ്പിച്ച് കുരുങ്ങുകള്‍ വിളയാടിയപ്പോള്‍ ആരോട് പരാതി പറയണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ഈ കര്‍ഷകര്‍. തിന്ന് കഴിഞ്ഞ ശേഷം ഉയരം കൂടിയ മരങ്ങളില്‍ അഭയം പ്രാപിക്കുന്നതിനാല്‍ എറിഞ്ഞോടിക്കാന്‍ പോലും കഴിയുന്നില്ലന്ന് പറയുന്നു ഇവര്‍. നഷ്ടപരിഹാരത്തിനാണെങ്കില്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന ചെലവ് പോവും കിട്ടുന്നുമില്ല.

.സമാന ഭീഷണിയാണ് മാനുകളില്‍ നിന്നും കര്‍ഷകര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. കോവിഡ് കാലത്തിനും പ്രളയത്തിനും ശേഷം അതിജീവിക്കാന്‍ ശ്രമിക്കുന്ന നെല്‍കര്‍ഷകരേയാണ് മാനുകള്‍ വലിയ രീതിയില്‍ കുടുക്കിലാക്കുന്നത്. കൃഷിയെടുത്ത ആദ്യ ഘട്ടങ്ങളിലൊന്നും ഇവയെത്തില്ലെങ്കിലും നെല്ലുകള്‍ വിളയാന്‍ തുടങ്ങുന്നതോടെ കൂട്ടമായി വയലിലിറങ്ങും.

കൊയ്യാനായ നെല്ലുകളെല്ലാം തിന്ന് തീര്‍ത്ത് മല മൂത്ര വിസര്‍ജനവും നടത്തി തിരിച്ച് പോവും. കല്ലെടുത്തെറിഞ്ഞാല്‍ പോലും കേസാകുമെന്നതിനാല്‍ എല്ലാം നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് കര്‍ഷകര്‍.

കാട്ടാന കൂട്ടമായി എത്തിയാല്‍ കൃഷിയിടം തകര്‍ത്തേ മടങ്ങൂ. ഒറ്റയാന്‍ വന്നാല്‍ ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മുന്നില്‍പെട്ടാല്‍ ജീവിതം അപകടത്തിലാകും. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ജീവിതം തള്ളിനീക്കുന്നതു തന്നെ ഭയന്നാണ്. ചെന്നായ, മുള്ളന്‍ പന്നി, മരപ്പട്ടി തുടങ്ങിയവയെല്ലാം അതിര്‍ത്തിയിലെ പൊന്തക്കാടുകളില്‍ താവളം കണ്ടെത്തിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കാട്ടിലും പരിസരങ്ങളിലെ ഇളംകാടുകളിലും മാത്രം കണ്ടിരുന്ന മരപ്പട്ടി തെങ്ങില്‍ കയറി കരിക്കുപറിച്ച് വെള്ളം കുടിച്ച് തൊണ്ട് വലിച്ചെറിയുകയാണ്. പണ്ടൊക്കെ ഓലപ്പടക്കം പൊട്ടിച്ചും പന്തം കത്തിച്ചു പേടിപ്പിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കി തിരിച്ചോടിക്കുമായിരുന്നു. എന്നാല്‍ ഇന്ന് എത്ര ശബ്ദം ഉണ്ടാക്കിയാലും ഇവയൊന്നും പോകില്ലെന്നും കര്‍ഷകര്‍ പറയുന്നു.

കമ്പിവേലി, സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുട ങ്ങി കാട്ടുമൃഗങ്ങള്‍ക്കെതിരേ പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപി ക്കാറുണ്ടെങ്കിലും അവയൊന്നും ഫല വത്താകുന്നില്ല. കിടങ്ങുകള്‍ കീറിയ പ്രദേശങ്ങളില്‍ അതിടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളി ലെത്തുന്നു. ഇപ്പോള്‍ മലയോര മേഖലയ്ക്കപ്പുറം മറ്റു ഗ്രാമങ്ങളിലേയ്ക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു.

വന്യമൃഗസംരക്ഷണ നിയമവും നൂലാമാലകളും

വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും എന്തിന് ശല്യം ചെയ്യുന്നതു പോലും കുറ്റകരമാണ്. കൃഷി നശിപ്പിച്ചാലും ആളുകളെ ആക്ര മിച്ചാലും അവയെ പ്രതിരോധിക്കാനാകാതെ നാട്ടുകാര്‍ നിസഹായരാകുന്നു. ആരെങ്കിലും ഇവരെ ആക്രമിച്ചാല്‍ വലഞ്ഞതു തന്നെ. നിയമത്തിന്റെ നൂലാ മാലകളില്‍ കുരുങ്ങി അവന്റെ ജീവിതം തുലഞ്ഞു. കര്‍ഷകരുടെ മുറവിളിയെത്തുടര്‍ന്ന് കോടതിയെ സമീപിച്ച ചുരുക്കം ചില കര്‍ഷകര്‍ക്ക് കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഏത് വിധേനയും കൊല്ലാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഈ അനുമതി എല്ലാ കര്‍ഷകര്‍ക്കും നല്‍കമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.    

.നഷ്ടപരിഹരം അകലെ

കാട്ടുമൃഗങ്ങള്‍ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം നാമമാത്രം. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയടക്കമുള്ള കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയാണ്. ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള്‍ നശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ വനം വകുപ്പ് മുഖേന നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണു തുകയില്‍ കുറവു വരുത്തിയത്. വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനിയുണ്ടായാല്‍ പത്തു ലക്ഷം രൂപയും പരിക്കേറ്റാല്‍ 75,000 രൂപയുമാണ് ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം. മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സിന്റെ മാതൃകയില്‍ നഷ്ടപരിഹാരം കണക്കാക്കി തുക നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നട്ടെല്ലിനും മറ്റും പരിക്കേറ്റ്, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്കു 75,000 രൂപ കൊണ്ട് എന്തു ചെയ്യാന്‍ കഴിയും.

നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്റെ ഓഫീസുകള്‍ കയറി ഇറങ്ങിയ പല കര്‍ഷകര്‍ക്കും ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ യാത്രാ ചെലവിലും മറ്റുമായി നഷ്ട പ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഇപ്രകാരമാണ്. കായ്കുന്ന തെങ്ങ്(770 രൂപ), കുലച്ചവാഴ(110 രൂപ),വെട്ടുന്ന റബ്ബര്‍(330 രൂപ),കായ്കുന്ന കശുമാവ്(165 രൂപ),കായ്ക്കുന്ന ജാതി(440 രൂപ),കൊക്കോ(110 രൂപ) എന്നിങ്ങനെയാണ്. എന്നാല്‍  ഇതൊന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ വീണ്ടും അന്വേഷണം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കുന്നത്. പട്ടയത്തിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നശിച്ച വിളകളുടെ ഫോട്ടോ എന്നിവടയക്കമാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനുശേഷം തുക അനുവദിച്ച് ഉത്തരവുണ്ടായാല്‍ അതോടൊപ്പം ലഭിക്കുന്ന ബില്ലില്‍ റവന്യു സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷകന്‍ ഒപ്പിട്ട് വനംവകുപ്പിന്റെ ഡിവിഷനില്‍ ഓഫീസില്‍ എത്തിക്കണം. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് മുന്‍ഗണന ക്രമത്തില്‍ ലഭ്യമാക്കുന്നമെന്നാണ് ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്. ചുരുക്കത്തില്‍ യാത്രാചെലവ് ഉള്‍പ്പെടെ മുടക്കുന്ന കര്‍ഷകന്റെ കൈവശം നഷ്ടപരിഹാരതുക ലഭിക്കണമെങ്കില്‍ വീണ്ടും കാത്തിരിക്കണം.

പദ്ധതി രേഖ മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് വനം വകുപ്പ്

മനുഷ്യ - വന്യജീവി സംഘര്‍ഷം തടയുന്നതിന് വനം വകുപ്പ് തയാറാക്കിയ പദ്ധതി രേഖ  മുഖ്യമന്ത്രി പിണറായി വിജയന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന് കെമാറി. മനുഷ്യ വാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും ആനകള്‍ പ്രവേശിക്കുന്നത് തടയാന്‍ കിടങ്ങുകള്‍, സൗരോര്‍ജ വേലികള്‍, തൂക്കിയിടാവുന്ന സോളാര്‍ വേലി, വന്യമൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന തരം ചെടികള്‍ വച്ചുപിടിപ്പിക്കുക. ആനമയക്കി, ശക്തി കൂടിയ മുളക് ചെടികള്‍, വന്യമൃഗങ്ങള്‍ക്ക് കടന്നുവരാന്‍ തടസം സൃഷ്ടിക്കുന്ന തരം പനകള്‍, മറ്റ് ചെടികള്‍ എന്നിവ നിരനിരയായി കൂട്ടമായി വച്ചുപിടിപ്പിച്ച് ജൈവവേലി തയാറാക്കും. മനുഷ്യനും വന്യമൃഗങ്ങളും നേരിട്ട് കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ഇതിനായി വിവിധ പ്രദേശങ്ങളില്‍ ഉള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. അവര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് ദ്രുതകര്‍മസേന കൈകാര്യം ചെയ്യുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇലക്ട്രോണിക് സന്ദേശമായി (എസ്.എം.എസ് ഉള്‍പ്പെടെ) രജിസ്റ്റര്‍ ചെയ്യപ്പെട്ട ആളുകള്‍ക്ക് മുന്നറിയിപ്പായി നല്‍കും. തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് പദ്ധതിയിലുള്ളത്. വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യല്‍, മൃഗങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന സാഹചര്യം  ഒഴിവാക്കുക, ജീവിത ശൈലിയില്‍ മാറ്റം വരുത്തുക തുടങ്ങിയവ സംബന്ധിച്ച വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും പദ്ധതി രേഖയില്‍ വ്യക്തമാക്കുന്നു.

Content Highlights: Farmers and Wild life Conflict issues