kollamകൊട്ടാരക്കര പൂവറ്റൂരിലെ മിനിയുടെയും ചന്ദ്രമോഹനന്റെയും വീട്ടില്‍ പരിസ്ഥിതിദിനവും വനദിനവും ഒന്നും പ്രത്യേകം ആഘോഷിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. കാരണം അവിടെ എന്നും വനമഹോത്സവം തന്നെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്ന അപൂര്‍വ ഫലവൃക്ഷങ്ങളും നമ്മുടെ തനതു വൃക്ഷങ്ങളും ചെടികളും എല്ലാം നിറഞ്ഞൊരു കൊച്ചുകാടാണ് ഇവിടം.

രണ്ടരയേക്കര്‍ വരുന്ന പുരയിടത്തിലൂടെ നടക്കുമ്പോള്‍ കാട്ടിലൂടെ ട്രെക്കിങ് നടത്തുന്ന ഒരനുഭവമാണ്. പന്നല്‍ചെടികള്‍ കാടുപോലെ കിടക്കുന്നിടത്ത് പെട്ടെന്ന് ആമസോണ്‍ വനാന്തരങ്ങളെ ഓര്‍മ്മിപ്പിക്കുമെങ്കില്‍ ചിലയിടത്ത് ഔഷധവനം പോലെയാണ്.

രുദ്രാക്ഷം, ഇരുമ്പറപ്പി, സോപ്പ്നട്ട്, മക്കൊത്തദേവ, ബാലുജഡാലു, നീര്‍മരുത്, കടമ്പ്, പൂജകര്‍പ്പൂരം, രാജ്ഗുളി, മനിലാചെറി, കാട്ടുകറിവേപ്പ്, ദുരിയന്‍, ബ്ലാക് സപ്പോട്ട, മരമുന്തിരി, ബോധിവൃക്ഷം, അണലിവേഗം, മരക്കപ്പലണ്ടി, എല്ല് പൊട്ടിയാല്‍ പ്ളാസ്റ്ററു പോലെ ഉപയോഗിക്കാവുന്ന പശയുള്ള എല്ലൂറ്റി എന്നിങ്ങനെ നമ്മള്‍ അധികം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മരങ്ങളാണിവിടെ എന്നതാണ് ഈ കാടിന്റെ പ്രത്യേകത.

kollamപച്ചപ്പിനു നടുവില്‍ നല്ലൊരു ജലസ്രോതസ്സും ഉണ്ട്. ചുറ്റി നടന്നു കഴിയുമ്പോള്‍ സപ്പോട്ടയും പേരയും കഴിക്കാന്‍ തന്നു. ഊണു കഴിഞ്ഞ് പോരാന്‍ നേരം ഒരു കൊച്ചുകായ തന്നു. ഇതൊന്ന് കഴിച്ചുനോക്കെന്ന് പറഞ്ഞു. കഴിച്ചപ്പോ പ്രത്യേക രുചിയൊന്നും തോന്നിയില്ല.

ഇനിയാണ് മാജിക്. ഈ നാരങ്ങ ഒന്നു കഴിച്ചു നോക്കെന്നും പറഞ്ഞ് നല്ല പുളിയുള്ള നാരങ്ങ ഒരു കഷണം തന്നു. കഴിച്ചപ്പോ ശരിക്കും അത്ഭുതപ്പെട്ടുപോയി. പുളിയന്‍ നാരങ്ങയ്ക്ക് മധുരം. ഇതാണ് മിറാക്കിള്‍ ഫ്രൂട്ട്. ഈ പഴം കഴിച്ചാല്‍ പിന്നീട് പന്ത്രണ്ട് മണിക്കൂര്‍ പുളിയുള്ള എന്തു കഴിച്ചാലും മധുരമായിരിക്കും.

ചെടികള്‍ പലയിടത്തു നിന്നും വാങ്ങുന്നതും സമാനരീതിയില്‍ പുരയിടം കാടാക്കുന്നവരുടെ വീടുകളില്‍ പോവുമ്പോള്‍ കൊണ്ടുവരുന്നതുമെല്ലാം ഉണ്ട്. അവിടെ ഇല്ലാത്ത ചെടികളുടെ വിത്തോ തൈയോ അങ്ങോട്ടും കൊടുക്കും.

kollam
ചന്ദ്രമോഹനും മിനിയും മക്കള്‍ക്കൊപ്പം.

അങ്ങിനെ മരങ്ങളേയും ചെടികളേയും പുസ്തകങ്ങളേയും സംഗീതത്തേയും സ്നേഹിക്കുന്നൊരു ജീവിമാണ് ഈ കുടുംബത്തിന്റെത്. വാട്ടര്‍ അതോറിറ്റിയില്‍നിന്ന് ഡിവിഷണല്‍ അക്കൗണ്ടന്റായി വിരമിച്ച ചന്ദ്രമോഹനും റെയ്കി മാസ്റ്ററായ മിനിയും മക്കളായ വിഷ്ണുവും വിധുവും എല്ലാവരും ഒരു കൂട്ടായാണ് ഈ കാടിനു വേണ്ടി നിലകൊള്ളുന്നത്. വിധു ഒരു വയലിനിസ്റ്റ് കൂടിയാണ്. അവന്റെ സംഗീതത്തിനൊപ്പം പാടാന്‍ അതിഥികളേറെയെത്താറുണ്ട്; പ്രകൃതിയുടെ പാട്ടുകാര്‍.

content highlights: family from kollam plants varius trees and plants in their land