വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കാന്‍ രൂപികൃതമായ ഇരവികുളം വന്യമൃഗ സങ്കേതത്തിന്റെ പിറവി എങ്ങനെയാണ്? 

കണ്ണെഞ്ചിപ്പിക്കുന്ന പൂല്‍മേടുകള്‍ നിറഞ്ഞതാണ് മൂന്നാറിനു സമീപമുള്ള ഇരവിക്കുളം. വരയാടുകള്‍ക്ക് ഏറ്റവും ആനുയോജ്യ ആവാസവ്യവസ്ഥ. ദക്ഷിണേന്ത്യയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന ആനമുടി ഇവിടെയാണ്.

വരയാടുകളുടെ സ്വര്‍ഗഭൂമിയായ ഇരവിക്കുളം വന്യമൃഗ സങ്കേതത്തിന്റെ പിറവിയ്ക്കു പിന്നില്‍ ഒരു കഥയുണ്ട്. പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും വേണ്ടി സ്വയം സമര്‍പിച്ച ചില വ്യക്തികളുണ്ട്..

1971 ല്‍ സ്വകാര്യ വനങ്ങള്‍ ദേശസാല്‍ക്കരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി. ഹൈക്കോടതിയും സുപ്രീം കോടതിയും ആത് ശരിവെച്ചു. പുല്‍മേടുകള്‍ നിറഞ്ഞ മൂന്നാര്‍ ഭാഗത്തെ വനഭൂമി ഭൂരഹിതര്‍ക്ക് നല്‍കാനാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

അതുവരെ കണ്ണന്‍ ദേവന്‍ തേയിലക്കമ്പനിയുടെ അധീനതയിലായിരുന്നു ഈ പുല്‍മേടുകളും വനഭൂമിയും. ഇംഗ്ലീഷുകാരായ കണ്ണന്‍ദേവന്‍ കമ്പനി മാനേജര്‍മാര്‍ പ്രകൃതി സംരക്ഷകരായിരുന്നു. അവര്‍ വരയാടുകള്‍ക്ക് പ്രത്യേക  ശ്രദ്ധ നല്‍കി. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവന്നിരുന്ന വരയാടുകള്‍ ഇരവികുളത്തായിരുന്നു കൂടുതലുണ്ടായിരുന്നത്. മൂന്നാറില്‍ നിന്ന് ഏഴ് കിലോമിറ്റര്‍ അകലെയുളള രാജമലയില്‍ വരയാടുകളെ തൊട്ടടുത്ത് കാണാന്‍ കഴിയുമായിരുന്നു.

വരയാടുകളുടെ ലോകം

ദൃശ്യഭംഗിയുടെ പ്രതീകമായി നോക്കത്താത്ത ദൂരം പരന്നുകിടക്കുന്ന പുല്‍മേടുകള്‍ക്ക് എന്തു സംഭവിക്കും? സര്‍ക്കാര്‍ ആത് ഭൂരഹിതര്‍ക്ക് നല്‍ക്കുമോ? അത് സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ വരയാടുകള്‍ക്ക് നിലനില്‍പ്പുളളു.

ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി സംരക്ഷകനായ ഡോ:എം.കെ രഞ്ജിത് സിങ്ങ് മുന്‍ കേന്ദ്ര വനംവകുപ്പ് സെക്രട്ടറിയാണ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത് സിങ്ങിന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'A Life with Wildlife'. ഇപ്പോള്‍ ഡല്‍ഹിയില്‍ വിശ്രമജീവിതം നയിക്കുന്നു. 

അന്ന് കേന്ദ്രസര്‍ക്കാരിന്റെ വനം വകുപ്പ് സെക്രട്ടറിയായിരുന്നത് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ: എം. കെ. രഞ്ജിത് സിങ്ങ് ആയിരുന്നു. വരയാടുകള്‍ സംരക്ഷിക്കപ്പെടണമെന്നായിരുന്നു കണ്ണന്‍ ദേവന്‍ തേയിലക്കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനും ഇംഗ്ഗീഷുകാരനുമായ ഗോള്‍ഡ്‌സ്‌ബെറിയുടെയും മറ്റു സീനിയര്‍ ഉദ്യോഗസ്ഥരായ സമര്‍സിങ്ങിന്റെയും കെ. എന്‍.  ചങ്കപ്പയുടെയും ഉറച്ച തീരുമാനം. അവര്‍ ഡല്‍ഹിയിലുളള രഞ്ജിത് സിങ്ങുമായി ബന്ധപ്പെട്ടു.

അന്ന് സംസ്ഥാന വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ആയിരുന്നത് കെ. കെ നായര്‍ ആയിരുന്നു. കേരളത്തിന്റെ മേല്‍ക്കൂര എന്ന് വിശേഷിപ്പെട്ടിരുന്ന ഇരവികുളത്തേയ്ക്ക് അന്ന് നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോട്ടോര്‍ ബൈക്കിലാണ് രജ്ജിത് സിങ്ങ് ഉദ്യോഗസ്ഥരോടൊപ്പം ഇവിടെയെത്തിയത്.

രാജമല: വരയാടുകളുടെ താവളം

അന്നത്തെ വനം-ഭക്ഷ്യമന്ത്രി ബേബിജോണിനെ നേരില്‍കണ്ട് പുല്‍മേടുകള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് രഞ്ജിത് സിങ് സംസാരിച്ചു. കൂടെ വനംവകുപ്പിലെയും  കണ്ണന്‍ദേവന്‍ കമ്പനിയിലെയും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 3000 അടി ഉയരത്തിലുള്ള ഇരവികുളത്തെ പുല്‍മേടുകള്‍ക്ക് സമാനമായി ഇന്ന് വളരെ കുറച്ചു പുല്‍മേടുകള്‍മാത്രമേ ലോകത്തുള്ളൂ എന്ന് അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. 

''ഇവിടെ യാതൊരുവിധ കൃഷിയും പാടില്ല. പുല്‍മേടുകളെ അത് നശിപ്പിക്കും. അവശേഷിക്കുന്ന വരയാടുകള്‍ പൈതൃക സ്വത്താണ്. അവയെ സംരക്ഷിക്കണം'' വരയാടുകളുടെ സംരക്ഷണത്തിനായി പുല്‍മേടുകള്‍ നിലനിര്‍ത്താന്‍ എല്ലാ സഹായങ്ങളും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ണന്‍ദേവന്‍ കമ്പനിക്കുവേണ്ടി ടോള്‍ഡ്‌സ്ബറിയും മന്ത്രിയോട് പറഞ്ഞു.

ഡല്‍ഹിയില്‍ തിരിച്ചെത്തിയ രഞ്ജിത്‌സിങ് ഇക്കാര്യം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറിയിച്ചു. അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന് ഇന്ദിരാഗാന്ധി കത്തയച്ചു. ഇരവികുളത്തെ വന്യമൃഗ സങ്കേതമായി പ്രഖ്യാപിക്കണമെന്നായിരുന്നു അഭ്യര്‍ഥന. 

വരയാടുകളുടെ ലോകം

അപ്പോഴാണ് കേരളത്തിന് കൂടുതല്‍ അരി ആവശ്യപ്പെട്ടുകൊണ്ട് ഭക്ഷ്യമന്ത്രി ബേബിജോണിന്റെ അഭ്യര്‍ഥന കേന്ദ്രത്തിന് ലഭിക്കുന്നത്. അരി തരാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഷിന്‍ഡെ കേരള ഭക്ഷ്യമന്ത്രിക്ക് ഉറപ്പു നല്‍കി. പക്ഷേ, വരയാടുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമോ? അന്ന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അധികചുമതല കൂടി ഷിന്‍ഡെയ്ക്ക് ഉണ്ടായിരുന്നു.

ചര്‍ച്ച നടക്കുമ്പോള്‍ രഞ്ജിത് സിങ്ങും സന്നിഹിതനായിരുന്നു. തീര്‍ച്ചയായും അക്കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ബേബിജോണ്‍ പറഞ്ഞു. അരിയും വരയാടും ഒന്നിച്ചു പോകാനുള്ള നിലയിലായി. അരി നല്‍കാന്‍ കേന്ദ്രം സമ്മതിച്ചു. അതോടൊപ്പം ഇരവികുളം വന്യമൃഗ സങ്കേതത്തിന്റെ പിറവിയും ഉറപ്പായി.

1975ല്‍ അങ്ങനെ വരയാട് സ്വര്‍ഗഭൂമി പിറന്നു. 1978ല്‍ ദേശീയ ഉദ്യാനമായി (National Park) പ്രഖ്യാപിക്കപ്പെട്ടു. ഓരോ പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴും പൂക്കുന്ന നീലക്കുറിഞ്ഞി ഇനി 2018ല്‍ മൂന്നാര്‍ ഭാഗത്ത് പൂക്കും.

ചിത്രങ്ങള്‍ - വി.എസ്. ഷൈന്‍, എം.വി. സിനോജ്