രമ്പരാഗത ഊര്‍ജ്ജോത്പാദനരീതികള്‍ പ്രകൃതിക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങളുടെ ആഴം മനസ്സിലാക്കിയ ശാസ്ത്രസാങ്കേതിക ലോകം, സുസ്ഥിരമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കേണ്ടതിന്റെയും ഉപയോഗിക്കേണ്ടതിന്റെയും അനിവാര്യത കാലങ്ങളായി നമ്മളെ ഓര്‍മ്മപെടുത്തുന്നുണ്ട്. ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷവും പരമ്പരാഗത രീതികള്‍ (ഹരിതഗൃഹ വാതകങ്ങള്‍ക്കു കാരണമാവുന്ന കല്‍ക്കരി, ഡീസല്‍ മുതലായ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വൈദ്യുതിയുത്്പാദനം)  ഉപേക്ഷിച്ച് സോളാര്‍, കാറ്റ് മുതലായ സുസ്ഥിരോര്‍ജ്ജപദ്ധതികളിലേക്കു പതുക്കെ ചുവട് മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൂമിശാസ്ത്രപരമായി തന്നെ സൂര്യപ്രകാശത്തിന്റെയും മറ്റു അനുബന്ധ പ്രകൃതി വിഭവങ്ങളുടെയും അധികലഭ്യത ആസ്വദിക്കുന്ന ഇന്ത്യയിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പതുക്കെ പ്രകടമായി തുടങ്ങിയിട്ടുണ്ട്. വലിയ തോതില്‍ സുസ്ഥിരമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും അത് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് നവസാങ്കേതികവിദ്യകളിലും പുതിയ നയങ്ങളുടെ ക്രിയാത്മകമായ ഉപയോഗസാധ്യതകളിലുമാണ്. 2022 ഓടെ 175 GW ശേഷിയുള്ള പുനരുപയോഗ ഊര്‍ജ്ജോത്പാദനനിലയങ്ങള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യ ലക്ഷ്യം ്‌വെക്കുന്നത്. 

എന്നാല്‍ കേരളത്തിലെ സ്ഥിതി ഒരല്‍പം വ്യത്യസ്തമാണ്. 2022 ഓടെ കേരളം ലക്ഷ്യം വെച്ചിട്ടുള്ള 1870 MW ശേഷിയുള്ള അക്ഷയോര്‍ജ്ജ പദ്ധതികളുടെ 10 ശതമാനം മാത്രമേ 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് പൂര്‍ത്തീകരിച്ചിട്ടുള്ളു. കേരളത്തിലെ അതിവേഗതയിലുള്ള നഗരവത്കരണവും അനുയോജ്യമായ ഭൂമിയുടെ ലഭ്യതാക്കുറവും വലിയ സൗരോര്‍ജ്ജപദ്ധതികള്‍ സാധ്യമാക്കുന്നതിന് സംസ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 2018-19 കാലയളവില്‍ സംസ്ഥാനത്തിന്റെ വൈദ്യുതിയുപഭോഗത്തിന്റെ 75 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായത്.  ഈ വര്‍ഷത്തിലെ KSEB കണക്കനുസരിച്ചു ഇത്തരത്തില്‍ വൈദ്യുതി വാങ്ങുന്നതിനു വേണ്ടി മാത്രം ബോര്‍ഡ് 7869 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. സംസ്ഥാന ബ്ജറ്റില്‍ ആ വര്‍ഷം ആരോഗ്യ രംഗത്തിനു വേണ്ടി നീക്കിവെച്ച തുകയുടെ ഏകദേശം 6 ഇരട്ടിയോളം വരും ഈ തുക എന്നുള്ളത് ചേര്‍ത്ത് വായിക്കുമ്പോഴായിരിക്കും ഒരുപക്ഷെ ഈ തുകയുടെ വലുപ്പം നമുക്ക് ശരിയായി ഉള്‍കൊള്ളാന്‍ സാധിക്കുന്നത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കനുസരിച്ചു കേരളത്തിലെ വൈദ്യുതിയുപഭോഗം വരുന്ന 5 വര്‍ഷത്തില്‍ ഒന്നര മടങ്ങ് വര്‍ധിക്കും എന്നിരിക്കെ, സംസ്ഥാനത്തെ ഊര്‍ജ്ജമേഖല സുസ്ഥിരതയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിന് വേണ്ടി കുറേകൂടി കാര്യക്ഷമമായി പ്രവര്‍ത്തനരീതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണം.

നിലവില്‍ കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 99 ശതമാനവും ജലവൈദ്യുതി പദ്ധതികളില്‍ നിന്നാണ് വരുന്നത്. ഇതിന് പുറമെ കേരളത്തില്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 278 MW ശേഷിയുള്ള ജലവൈദ്യുത പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ പല രീതിയിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇത്തരത്തിലുള്ള വലിയ ജലവൈദ്യുത പദ്ധതികളെ തുടര്‍ന്നും ആശ്രയിക്കുവാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം പല രീതിയിലുള്ള ആശങ്കകള്‍ക്ക് വഴി വെയ്ക്കുന്നുണ്ടെന്നു പറയാതെ വയ്യ.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സുസ്ഥിരമായ ഊര്‍ജ്ജത്തിലേക്കുള്ള ചുവടുമാറ്റത്തിന് സഹായകമായേക്കാവുന്ന അഞ്ച് നിര്‍ദേശങ്ങള്‍ ഞങ്ങള്‍ പുതിയ ഭരണനേതൃത്വത്തിന് മുന്നില്‍ വെക്കുന്നു . 

1. സുസ്ഥിരവും സമഗ്രവുമായ ആസൂത്രണത്തിലൂടെ KSEB യുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക 

2019 ലെ കേരളാ പവര്‍ പോളിസി പ്രകാരം സാമ്പത്തികസ്ഥിതി മോശമാണെന്ന് വിലയിരുത്തപ്പെട്ടിരുന്ന KSEBയുടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ സാമ്പത്തികപ്രകടനം താരതമ്യേന മെച്ചപ്പെട്ടു വരുന്നതായി കാണാം. ഇത് പറയുമ്പോള്‍ തന്നെ ഭൂരിഭാഗം വൈദ്യുതിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തില്‍ കാര്യമായി മാറ്റമില്ലാതെ തുടരുന്നത് ബോര്‍ഡിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്താതെ വയ്യ. ഇതിനു പുറമെ കാര്യക്ഷമമായി വൈദ്യുതി വാങ്ങാന്‍ സാധിക്കാത്തതു വഴി സാമ്പത്തികബാധ്യതകള്‍ മാത്രം ബാക്കിവെയ്ക്കുന്ന ചില വൈദ്യുതി കരാറുകളും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉദാഹരണത്തിന്, താരതമ്യേന ചെലവ് കൂടിയ വൈദ്യുതി ഉത്്പാദിപ്പിക്കുന്ന എന്‍.ടി.പി.സി. പ്ലാന്റില്‍ നിന്ന് KSEB വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കരാറടിസ്ഥാനത്തില്‍ നിശ്ചിത തുകയായ 100 കോടി രൂപ എല്ലാ വര്‍ഷവും  ബോര്‍ഡ് എന്‍.ടി.പി.സി.ക്കു നല്‍കണം. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഉയര്‍ന്ന ഡിമാന്‍ഡ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടിയാണ് ബോര്‍ഡ് ഇത്തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുന്നതെങ്കില്‍ കൂടി സാമ്പത്തികമായി നഷ്ടം വരാത്ത മറ്റു സാദ്ധ്യതകള്‍ കൂടെ പരിഗണിക്കുന്നത് നന്നായിരിക്കും. ഇതോടൊപ്പം, അത്യന്തം അസ്ഥിരമായ പീക്ക് ഡിമാന്‍ഡ് ഫലപ്രദമായി നിയന്ത്രിക്കാന്‍ കൂടുതല്‍ ഡിമാന്‍ഡ് സൈഡ് മാനേജ്മന്റ് പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. 
സംസ്ഥാനത്തിന്റെ സുസ്ഥിരമായ ഊര്‍ജ്ജത്തിലേക്കുള്ള ചുവടുമാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ട സ്ഥാപനം എന്ന നിലയില്‍ KSEB പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വിപണിയും സാമ്പത്തികസാധ്യതകളും മനസ്സിലാക്കിക്കൊണ്ട് പുതിയ പദ്ധതികളും പ്രവര്‍ത്തനരീതികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. അന്യരാജ്യങ്ങളില്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനു സഹായകമായ ഗ്രീന്‍ താരിഫ്, വിര്‍ച്വല്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് മുതലായ നൂതന ആശയങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ ബോര്‍ഡിനെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വേഗത്തില്‍ സുസ്ഥിരതയിലേക്കുള്ള മാറ്റം സാധ്യമാവും. കൂടാതെ മാറുന്ന ലോകത്തിനനുസരിച്ചു ആസൂത്രണം ചെയ്യുമ്പോള്‍ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് പ്ലാനിങ് (IRP) പോലത്തെ ക്രിയാത്മകവും സമഗ്രവുമായ ആസൂത്രണരീതികള്‍ അവലംബിച്ചു കൊണ്ടുള്ള പ്രവര്‍ത്തനരീതികള്‍ ആവിഷ്‌കരിക്കുന്നത് ബോര്‍ഡിന് ഗുണം ചെയ്യും.

2.  ഫ്‌ളോട്ടിങ് സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് വേണ്ടി പ്രത്യേകമായി ആസൂത്രണവും നയരൂപീകരണവും 

ഭൂമിശാസ്ത്രപരമായുള്ള കേരളത്തിന്റെ സവിശേഷതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികള്‍ ഒന്നിന് പുറമെ മറ്റൊന്നായി ഉയര്‍ന്നു വന്നത്. മറ്റൊരു രീതിയില്‍ ഇതേ ജലസ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തികൊണ്ടു സ്ഥാപിക്കാവുന്ന സൗരോര്‍ജ്ജനിലയങ്ങളാണ് ഫ്‌ലോട്ടിങ് സോളാര്‍ പ്ലാന്റുകള്‍. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ സൗരോര്‍ജ്ജനിലയങ്ങള്‍ സ്ഥാപിക്കാനാവശ്യമായ അനുയോജ്യഭൂമിയുടെ ലഭ്യതയ്ക്കുറവെന്ന വെല്ലുവിളി പരിഹരിക്കാന്‍ പ്രാപ്തമായ സാങ്കേതികവിദ്യ എന്നുള്ള നിലയ്ക്കും കൂടിയാണ് ഫ്‌ലോട്ടിങ് സോളാര്‍ സംസ്ഥാനത്തു കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഭൂമിക്കു പകരം ഡാമുകളുടെയോ മറ്റു അനുയോജ്യമായ ജലവിഭവങ്ങളുടെയോ ഉപരിതലത്തിലാണ് ഇത്തരം പ്ലാന്റുകള്‍ സാധാരണയായി സ്ഥാപിക്കുക എന്നുള്ളത് കൊണ്ട് തന്നെ ഇത്തരം പദ്ധതികള്‍ മൂലമുണ്ടായേക്കാവുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ കൂടി പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട നയങ്ങള്‍ രൂപീകരിക്കാനും സംസ്ഥാനം മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. നിലവില്‍ 517 MW ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതികള്‍ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

3. നഗരങ്ങളെയും കെട്ടിടങ്ങളേയും കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുക 

2012 -ലെ  കേരളാ അര്‍ബനൈസേഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ നഗരവത്കരണ നിരക്ക് 47 ശതമാനത്തിനു മുകളിലാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വളര്‍ച്ച കൂടെ പരിഗണിക്കുമ്പോള്‍ ഇതെന്തായാലും നിലവില്‍ 60 ശതമാനത്തിനു മുകളില്‍ എത്തിയിരിക്കാനാണ് സാധ്യത. ജനസാന്ദ്രത കൂടുതലായത് കൊണ്ടുതന്നെ നഗരങ്ങളില്‍, ഗ്രാമങ്ങളെ അപേക്ഷിച്ചു കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാനുള്ള സാധ്യതയുണ്ട് . ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് സംസ്ഥാനത്തെ കെട്ടിടങ്ങളുടെ ഊര്‍ജക്ഷമത. 2019 ലെ കണക്കനുസരിച്ചു കേരളത്തിലെ ആകെയുള്ള ഊര്‍ജ്ജോപഭോഗത്തിന്റെ 67 ശതമാനത്തോളം പങ്ക് കെട്ടിടങ്ങള്‍ക്കുള്ളതാണ്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു ഇത് വളരെ കൂടുതലാണ്. തങ്ങളുടെ സ്വന്തം കെട്ടിടങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വയം പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്താല്‍ അത് പൊതുജനങ്ങള്‍ക്ക് തന്നെ മാതൃകയാവുന്ന രീതിയിലുള്ള ഒരു മാറ്റം ആവും . എനര്‍ജി മാനേജ്മന്റ് സെന്റര്‍ ഈയിടെ പ്രഖ്യാപിച്ച ഊര്‍ജ്ജയാന്‍ പദ്ധതി ഇത്തരത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഊര്‍ജ്ജക്ഷമമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപൂരം, കോഴിക്കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ മുതലായ കോര്‍പറേഷനുകള്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. 
ഇതോടൊപ്പം തന്നെ ഊര്‍ജ്ജക്ഷമതയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ട് നമ്മുടെ വീടുകളും കെട്ടിടങ്ങളും കൂടുതല്‍ ഊര്‍ജ്ജക്ഷമമായി പണിയുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കണം. 3 കിടപ്പുമുറികളെങ്കിലുമുള്ള കൊച്ചിയിലെ 129 അപ്പാര്‍ട്‌മെന്റുകളെ കേന്ദ്രീകരിച്ചുള്ള WRI -യുടെ ഒരു പഠനത്തില്‍, ഓരോ കെട്ടിടങ്ങളിലും ശരാശരി 3 എയര്‍ കണ്ടിഷണറുകളെങ്കിലും ഉണ്ടെന്നു നിരീക്ഷിച്ചിരുന്നു. ഭാവിയില്‍ അന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടിഷണറുകളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് വരാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഊര്‍ജ്ജക്ഷമതയുള്ള എയര്‍ കണ്ടിഷണറുകളെ കേന്ദ്രീകരിച്ചുള്ള ഡിമാന്‍ഡ് സൈഡ് മാനേജ്മന്റ് പ്രോഗ്രാമുകള്‍ ആവിഷ്‌കരിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമായേക്കും. 

സുസ്ഥിരവും ഊര്‍ജ്ജക്ഷമവുമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം ഒരു പക്ഷെ ആവശ്യമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാന്‍ ഓഫ് ആക്കികൊണ്ടാവാം! ഇത്തരം ചെറിയ മാറ്റങ്ങള്‍ക്കു പോലും ഒരു സമൂഹം എന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുവാനുള്ള ശേഷിയുണ്ടെന്നുള്ളതാണ് സത്യം.

4. തദ്ദേശ സ്വയംഭരണസ്ഥാപങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ടുള്ള ഊര്‍ജ്ജപദ്ധതികള്‍ 

രാജ്യത്തെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യുട്രല്‍ പഞ്ചായത്താണ് വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത്. ദീര്ഘവീക്ഷണത്തോടൊപ്പം സുസ്ഥിരമായ വികസനകാഴ്ചപ്പാടുകള്‍ സമന്വയിപ്പിച്ചുകൊണ്ടു ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം എങ്ങനെ തന്നില്‍ നിക്ഷിപ്തമായ അധികാരം ലോകത്തിനു തന്നെ മാതൃകയാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തി എന്നുള്ളതിന്റെ മികച്ച ഉദാഹരണമാണ് ഈ പഞ്ചായത്ത്. 
ഇന്ത്യയിലാദ്യമായി പൊതുജനപങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് കൂടുതല്‍ ഊര്‍ജ്ജക്ഷമമാവുന്നതിനു വേണ്ടി ഒരു പഞ്ചായത്ത് മുഴുവന്‍ ഫിലമെന്റ് ബള്‍ബുകള്‍ ഒഴിവാക്കി LED ബുള്‍ബുകളിലേക്കു ചുവടു മാറിയതും കേരളത്തിലെ ഒരു ഗ്രാമത്തിലാണ്. കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് പഞ്ചായത്താണ് ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ഫ്രീ പഞ്ചായത്ത്.

തുടര്‍ന്നും സുസ്ഥിരമായ ഊര്‍ജ്ജവികസന പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും അവയുടെ ഗുണങ്ങള്‍ പൊതുജനത്തിലേക്കു നേരിട്ട് എത്തിക്കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിനിധീകരിക്കുന്ന അധികാര വികേന്ദ്രീകൃത ഭരണസങ്കല്പങ്ങള്‍ക്കു സാധിക്കും. നൂതനമായ മാലിന്യ സംസ്‌ക്കരണ പദ്ധതികളിലൂടെയും, ജൈവവൈവിധ്യസംരക്ഷണ പദ്ധതികളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാവുന്നതാണ്. ഇവയെല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഊര്‍ജ്ജമേഖലയുടെ സുസ്ഥിരമായ വികസനകാഴ്ചപ്പാടിന് മിഴിവേകും എന്നുള്ളതില്‍ സംശയമില്ല.

5. ഭാവിയിലെ സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പദ്ധതികളും 

ഇടുക്കിയിലെ രാമക്കല്‍മേടില്‍ ഒരേ സമയം കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതിയുത്പാദിപ്പിക്കുവാന്‍ സാധിക്കുന്ന ഹൈബ്രിഡ് ഊര്‍ജ്ജനിലയങ്ങളുടെ സാദ്ധ്യതകള്‍ മനസ്സിലാക്കുവാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിയും കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള അനെര്‍ട്ടും പഠനം നടത്തിയിരുന്നു. വ്യത്യസ്ത പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നും ഉത്്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം കൂടുതല്‍ സ്ഥിരതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഗ്രിഡുകളെ സംബന്ധിച്ചുള്ള പഠനങ്ങളും പദ്ധതികളും പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും പഠനങ്ങള്‍ക്കും പദ്ധതികള്‍ക്കും അപ്പുറത്തേക്ക് ഇവയെല്ലാം മുഖ്യധാരയിലേക്ക് ഫലപ്രദമായി എത്തേണ്ടതുണ്ട്. അതുപോലെ കേരളം വളരെ പരിമിതമായി മാത്രം പഠനത്തിന് വിധേയമാക്കിയിട്ടുള്ള ഒരു മേഖലയാണ് ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി. അനെര്‍ട്ടിന്റെ ഒരു പഠനം പ്രകാരം, കേരളത്തിലെ തീരദേശങ്ങളിലെ കാറ്റിന്റെ വേഗത ഏകദേശ 8 - 9 m/sec ആണെന്നിരിക്കെ ഇത്തരം പദ്ധതികള്‍ക്കുള്ള സാധ്യത വളരെയേറെയാണ് (പാരിസ്ഥിതിക ആഘാത സാദ്ധ്യതകള്‍ പഠിച്ചു കൊണ്ട് തന്നെ). പുനരുപയോഗയോര്‍ജ്ജം കൊണ്ട് ഉത്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജനാണ് സംസ്ഥാനത്തിന് മുതല്കൂട്ടായേക്കാവുന്ന മറ്റൊരു മേഖല. 
കോവിഡ് മഹാമാരി പലരീതിയിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോഴും, മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാവുന്ന രീതിയില്‍ ആസൂത്രണാവൈഭവവും പ്രവര്‍ത്തനമികവും കാഴ്ചവെച്ചിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. മുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ സുസ്ഥിരോര്‍ജ്ജ മേഖലയിലും കേരളത്തെ മുന്നിലെത്തിക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കും എന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് .

( ദിലന്‍ സുബ്രമണ്യന്‍, സുമേധ മാലവിയാ, കുനാല്‍ ശങ്കര്‍ WRI India യിലെ എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള ഗവേഷകരാണ്. ജി.ശിവരാമകൃഷ്ണന്‍ കേരളത്തിലെ സുസ്ഥിരോര്‍ജ്ജ മേഖലയിലെ മുതിര്‍ന്ന കണ്‍സല്‍ട്ടന്റ് ആണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

content highlights: Electricity consumption of Kerala and sustainable energy possibilities