പ്രിലാണേറ്റവും ക്രൂരമാസമെന്ന കവിവാക്യം കാലാവസ്ഥയുടെ കാര്യത്തിൽ അക്ഷരംപ്രതി സത്യമായിത്തീർന്നിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണിപ്പോൾ കേരളം. അസഹ്യമാംവിധം കടുത്തുകഴിഞ്ഞ വേനൽ ശുഭവാർത്തകളൊന്നും കൊണ്ടുവരുന്നില്ല. ഭൂഗർഭജല നിരപ്പ്‌ ആപത്‌കരമാംവിധം താഴ്‌ന്നിരിക്കുന്നു. കുടിവെള്ളക്ഷാമം സംസ്ഥാനത്തെങ്ങും ഒരുപോലെ രൂക്ഷമാണ്‌. കിണറുകളും ജലസംഭരണികളും വറ്റിത്തുടങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ രണ്ടുപതിറ്റാണ്ടിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയിരിക്കുന്നു. 31 അടികൂടി ജലനിരപ്പു താഴ്‌ന്നാൽ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം പൂർണമായും നിലയ്ക്കും.

പരമാവധി 28 ദിവസംകൂടി വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമേ അണക്കെട്ടിലുള്ളൂവെന്ന്‌ വൈദ്യുതി ബോർഡ്‌ മുന്നറിയിപ്പു നൽകിക്കഴിഞ്ഞിരിക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്‌ ജലോപയോഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. നഗരത്തിനു വെള്ളംനൽകുന്ന അരുവിക്കര ജലസംഭരണിയിലേക്ക്‌  കിലോമീറ്ററുകൾ അകലെയുള്ള നെയ്യാർ അണയിൽനിന്ന്‌ പുതിയ കുഴലുകളിട്ട്‌ വെള്ളമെത്തിക്കാനുള്ള വമ്പൻ പദ്ധതി പുരോഗമിക്കുകയാണിപ്പോൾ; അതിന്റെ വിജയസാധ്യതയിൽ ഉറപ്പില്ലെങ്കിലും. അറുപതിനായിരത്തോളം ആളുകൾ ജോലിചെയ്യുന്ന തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജലക്ഷാമം മൂലം പകുതിയോളം ശൗചാലയങ്ങൾ പൂട്ടിക്കഴിഞ്ഞതിൽ നിന്നും സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കാം.

കേരളം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണിത്‌. ചൂടു രൂക്ഷമാവുന്ന മേയ്‌മാസത്തിൽ വേനൽമഴ പതിവുണ്ടെങ്കിലും കാലാവസ്ഥയുടെ ക്രമക്കണക്കെല്ലാം തെറ്റിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്‌ അതു പ്രതീക്ഷിക്കുകവയ്യ. മഴയുമായി എത്തുന്ന ജൂണും ഓർമകളിൽ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. കാലക്കേടിന്റെ ഇക്കാലത്തെ നേരിടാൻ നാം ഒരൊറ്റ ജനതയായി ഉണർന്നു പ്രവർത്തിച്ചേ തീരൂ. പുതിയൊരു ജലവിവേകത്തിലേക്കാണു നാം ഉണരേണ്ടത്‌. തുള്ളിവെള്ളവും പാഴാക്കുകയില്ലെന്ന്‌ ആബാലവൃദ്ധം മലയാളികളും സ്വാത്മപ്രേരിതമായി പ്രതിജ്ഞചെയ്തും അതുപാലിച്ചുംവേണം ആ ജലവിവേകം പ്രകടിപ്പിക്കേണ്ടത്‌.

വീട്ടിൽനിന്നു തുടങ്ങുന്ന ജലസംരക്ഷണയത്നമാണത്‌. ഒരുമണിക്കൂർ നേരം വൈദ്യുതി കെടുത്താൻ ആഹ്വാനം ചെയ്യുന്ന ലോകവ്യാപകമായ ‘ഭൗമദിന’ത്തിൽ എല്ലാവിളക്കുകളും തെളിക്കുകയും വാഹനങ്ങളുടെ ഹോൺ മുഴക്കരുതെന്നു നിശ്ചയിച്ച ദിവസം തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്യുന്ന മലയാളിശീലം, ആശാസ്യമല്ലാത്ത സിനിസിസമായിത്തീരുന്ന അലംഭാവം ഉപേക്ഷിച്ച്‌ നമുക്ക്‌ വെള്ളം സംരക്ഷിക്കേണ്ടതുണ്ട്‌, മനുഷ്യനും സസ്യജന്തുപ്രകൃതിക്കുംവേണ്ടി.

പൊതുനന്മയ്ക്കുവേണ്ടിയുള്ള ത്യാഗമാണ്‌ ജലവിവേകത്തിന്‌ ഏറ്റവുമാവശ്യം. വെള്ളം ഉപയോഗിക്കാതെ മനുഷ്യനും ജന്തുക്കൾക്കും സസ്യങ്ങൾക്കും  ജീവിക്കാനാവാത്തതിനാൽ നിയന്ത്രണം എന്നാണ്‌ ഈ സന്ദർഭത്തിൽ ത്യാഗത്തിനർഥം. പതിന്നാലാം നൂറ്റാണ്ടിലെ പാശ്ചാത്യ ക്രൈസ്തവ തത്ത്വചിന്തകനായിരുന്ന ഒക്കാമിലെ വില്യം പറഞ്ഞ ലളിതയുക്തിയാണു നാം സ്വീകരിക്കേണ്ടതെന്നു തോന്നുന്നു.
ഒരു പ്രശ്നത്തെയോ വസ്തുതയെയോ സമീപിക്കാൻ തുല്യമായ രണ്ടു വഴികളുണ്ടെങ്കിൽ ഏറ്റവും ലളിതമായതു സ്വീകരിക്കുക എന്നാണ്‌ വില്യം നിർദേശിച്ചത്‌.

ഒക്കാമിന്റെ കത്തി അഥവാ ‘ഒക്കാംസ്‌ റേസർ’ എന്നറിയപ്പെടുന്ന ആ താർക്കികയുക്തിക്കർഥം ഏതുപ്രശ്നത്തിനും സാധ്യമായ ഏറ്റവും ലളിതപരിഹാരം കണ്ടെത്തുകയെന്നാണ്‌. വെള്ളം പാഴാക്കലും അമിതോപയോഗവും ഒഴിവാക്കുക എന്ന സാധ്യമായ മാർഗമാണ്‌ നമുക്കേവർക്കും സ്വീകരിക്കാവുന്ന എളുപ്പവഴി. പൈപ്പു തുറന്നിട്ടു പല്ലുതേയ്ക്കുന്നവർ ഒരു പാത്രം വെള്ളത്തിലേക്കും ഷവറിൽ കുളിക്കുന്നവരും കുഴലുപയോഗിച്ച്‌ പൂന്തോട്ടം നനയ്ക്കുകയും വണ്ടി കഴുകുകയും ചെയ്യുന്നവരും തൊട്ടിയും കപ്പുമുപയോഗിക്കുന്നതിലേക്കും വഴിമാറിയാൽത്തന്നെ ഒരുപാടുവെള്ളം മിച്ചം പിടിക്കാം. പൊതുജലാശയങ്ങളിലേക്ക്‌ ഇറക്കിനിർത്തി വാഹനങ്ങൾ കഴുകി മാലിന്യമുണ്ടാക്കുന്നവരും സ്വയം നിയന്ത്രിക്കേണ്ടതുണ്ട്‌.

ഇതിന്റെ മറുവശത്താണ്‌ സർക്കാർ വകുപ്പുകൾ നിലകൊള്ളുന്നത്‌. വെള്ളം പാഴാക്കാതിരിക്കാനും മഴവെള്ളം സംഭരിക്കാനും  ആഹ്വാനം ചെയ്യുകയും പ്രായോഗിക പദ്ധതികൾ നിർദേശിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ സംസ്ഥാനസർക്കാർ തുടങ്ങിയിട്ടു കാലമേറെയായി. അവ പൂർണവിജയത്തിലെത്തിയിട്ടില്ലെന്നാണ്‌ ഇപ്പോഴത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്‌. ഘോരവരൾച്ചയ്ക്കിടയിലും പൈപ്പുപൊട്ടി  കുടിവെള്ളം പാഴാവുന്നതിന്റെ വാർത്തകൾ നിത്യേന പ്രത്യക്ഷപ്പെടുന്നത്‌ നമുക്കു പരിചിതമാണ്‌. അതുപരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വലിയ താത്‌പര്യമൊന്നും കാണിക്കാറില്ല. കുടിവെള്ളം മുട്ടുന്ന ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണ്‌ മഴയുടെ സ്വന്തം നാടുകൂടിയായ കേരളമെന്ന ബോധ്യത്തോടെ നാം ഉണരേണ്ടതുണ്ട്‌, ഇനിയെങ്കിലും.