ലോകജനത അഭിമുഖീകരിക്കുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം. ഇത് നമ്മുടെ പ്രകൃതിയെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കേരളജനതയെ ഭൗമതാപനവും കാലാവസ്ഥാവ്യതിയാനവും എങ്ങനെയെല്ലാം ബാധിക്കാമെന്നും അതിനെ പ്രതിരോധിക്കാന്‍ എന്തെല്ലാം ചെയ്യാമെന്നും പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

കാലാവസ്ഥാവ്യതിയാനവും ഭൗമതാപനവും

പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവു വര്‍ദ്ധിക്കുന്നു. ഇത് ഒരു കമ്പിളിപ്പുതപ്പുപോലെ വര്‍ത്തിക്കുകയും ചൂട് പുറത്തേക്കു പോകുന്നതു തടയുകയും ചെയ്യുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടാതെ നീരാവി, മീഥെയ്ന്‍, ഓസോണ്‍ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കാര്‍ബണ്‍ ഡയോക്‌സൈഡാണ്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂട് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യമാണ്. എന്നാല്‍, ഇവയുടെ അളവ് അധികമായാല്‍  അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണ് ഭൗമതാപനത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും നയിക്കുന്നത്. 

കടല്‍നിരപ്പുയരുക, മഴയുടെ അളവു കുറയുക, അമിത മഴയും കഠിനമായ വരള്‍ച്ചയും ഉണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക തുടങ്ങിയ പ്രതിഭാസങ്ങള്‍ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നതിന്റെ ഫലമാണ്. ആഗോളതാപനത്തിന്റെ ഫലമായി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി സമുദ്രത്തിലെത്തുന്നത് സസ്യങ്ങളുടെയും ജന്തുക്കളുടെയും ജീവിതത്തില്‍ സാരമായ പ്രശ്‌നങ്ങളുണ്ടാക്കും. മിക്ക ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും ഉല്‍പ്പാദനക്ഷമത കുറയും. സമുദ്രജലത്തിന്റെ താപനില ഉയരുമ്പോള്‍ ചിലതരം മത്സ്യങ്ങള്‍ ചൂടുകുറഞ്ഞ പ്രദേശത്തേക്കു് നീങ്ങും. ജലത്തിന്റെ അമ്ലതയിലുണ്ടാകുന്ന മാറ്റം ചിലതരം മത്സ്യങ്ങളെയും പവിഴപ്പുറ്റുകളെയും നശിപ്പിക്കും. രോഗാണുക്കളുടെ വിതരണത്തില്‍ മാറ്റംവരുന്നതുകൊണ്ട് രോഗങ്ങളുടെതന്നെ വിതരണം മാറും.

climate
ചിത്രം 1 

 

ഈ നൂറ്റാണ്ടില്‍ ഓരോ വര്‍ഷവും ഭൂമിയിലെ ശരാശരി അന്തരീക്ഷതാപനില പുതിയ റെക്കോഡ് സൃഷ്ടിക്കുകയാണ്. അതായത്, ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് (1880-കള്‍ മുതല്‍ ഉപകരണങ്ങളുപയോഗിച്ച് മനുഷ്യന്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയെങ്കിലും മറ്റു സ്രോതസ്സുകളില്‍നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടായിരത്തോളം വര്‍ഷം മുന്‍പത്തെ താപനില കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്) ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഭൂമിയുടെ അന്തരീക്ഷത്തിലുള്ളത്, അത് ഓരോ വര്‍ഷവും കൂടിവരികയുമാണ് (ചിത്രം 1 നോക്കൂ).

കാലാവസ്ഥാ വ്യതിയാനവും നമ്മളും

കേരളത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ളത് തീരപ്രദേശത്തായതുകൊണ്ട് കടല്‍നിരപ്പുയരുന്നത് വളരെയധികം ജനങ്ങളെ ബുദ്ധിമുട്ടിക്കും. കടലാക്രമണം ഇനി കൂടുതല്‍ ശക്തമാകും. കൂടാതെ, മറ്റു പ്രശ്‌നങ്ങളും ഉണ്ടാകുന്നതുകൊണ്ട് (വിശേഷിച്ച് ചിലതരം മത്സ്യങ്ങള്‍ ഇല്ലാതാവുകയും മറ്റു പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നതുകൊണ്ട്) തീരദേശത്തു ജീവിക്കുന്നവരെയായിരിക്കാം ഭൗമതാപനം ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ കേരളജനത മുഴുവനും കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകും എന്നതിനു സംശയമൊന്നുമില്ല. 

പൊതുവെ ചൂടു കൂടുന്നതും വരള്‍ച്ചയും പ്രളയവും കൂടുതല്‍ തീവ്രമാവുകയും കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നത് എല്ലാവരെയും ബുദ്ധിമുട്ടിക്കുമല്ലൊ. സസ്യങ്ങളുടെ ഉല്പാദനക്ഷമത കുറയുന്നതുമൂലം കര്‍ഷകരും സസ്യാഹാരം ഇഷ്ടപ്പെടുന്നവരും കഷ്ടപ്പെടും. അരിയും മറ്റും പുറംദേശങ്ങളില്‍നിന്നു കൂടുതലായി കൊണ്ടുവരേണ്ടിവരുമെന്നു മാത്രമല്ല, തമിഴ്‌നാട്ടിലും ഒരുപക്ഷെ ആന്ധ്രപ്രദേശിലും നെല്ലിന്റെ ഉല്പാദനക്ഷമത കുറയുന്നതുമൂലം കൂടുതല്‍ ദൂരത്തുനിന്നും കൊണ്ടുവരേണ്ടതായി വരികയും ചെയ്യാം.

draught

കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്‌നം നദികളിലേയ്ക്ക് ഉപ്പുവെള്ളം കടന്നുകയറും എന്നതാണ്. ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലും വേനല്‍ക്കാലത്ത് ഉപ്പുവെള്ളം കയറുന്നുണ്ട്. മഴകുറയുന്നതുമൂലം നദിയിലൂടെയുള്ള ജലപ്രവാഹം കുറയുന്നത് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാം. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതുമാണ് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിന് കാരണമായിട്ടുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഈ പ്രശ്‌നത്തെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ തീവ്രമാക്കുമെന്ന് വേണം കരുതാന്‍.

നമുക്കെന്തു ചെയ്യാനാവും?

ഇന്ത്യയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറച്ചതുകൊണ്ട് ആഗോളതാപനം കുറയാനും നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയില്ല. കാരണം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കൂടുതലുള്ളത് സമ്പന്നമായ പാശ്ചാത്യരാജ്യങ്ങളിലാണ്. 2015 നവംബറില്‍ പാരിസില്‍ ഒപ്പിട്ട ഉടമ്പടിയനുസരിച്ച് എല്ലാ രാജ്യങ്ങളും ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ബാധ്യസ്ഥരാണ്. ആ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയത് തിരിച്ചടിയായെങ്കിലും അവിടെത്തന്നെയും മറ്റു വികസിതരാജ്യങ്ങളിലും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യയും ചൈനയും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ട് എന്നത് സന്തോഷകരമാണ്. എന്നാല്‍, കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാന്‍പോകുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടിക്കാണാനും അവയെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാനും ഇന്ത്യന്‍ സര്‍ക്കാരും കേരളസര്‍ക്കാരും വേണ്ടത്ര ശുഷ്‌ക്കാന്തി കാട്ടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് അക്കാര്യത്തില്‍ നമുക്ക് എന്തെല്ലാം ചെയ്യാനാവും എന്നു പരിശോധിക്കാം.

ജനങ്ങളെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് പ്രധാനം. കാരണം, ജനങ്ങളുടെ പൂര്‍ണമനസ്സാലെയുള്ള സഹകരണമില്ലാതെ സര്‍ക്കാരിനു മാത്രമായി കാലാവസ്ഥാവ്യതിയാനത്തെ നേരിടാനാവില്ല. നമുക്കുതന്നെ സഹിക്കാനാവാത്ത ചൂടാണ് ഇപ്പോള്‍ മിക്കവര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നത്. അതിനെ നരിടാന്‍ ജലസ്രോതസ്സുകള്‍, ജലാശയങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നത് സഹായിക്കും. 

Global Warming

ഇതുകൂടാതെ, താപനില ഉയരുന്നതനുസരിച്ച് കടല്‍ എത്രത്തോളം കരയിലേക്ക് കടന്നുകയറാന്‍ സാധ്യതയുണ്ടെന്നു കണക്കുകൂട്ടി ആ പ്രദേശത്തു വസിക്കുന്നവര്‍ക്കു മാറിത്താമസിക്കാനുള്ള സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുക, പദ്ധതികളുണ്ടാക്കുക, എന്നുതുടങ്ങി പലതും ചെയ്യാനുണ്ട്. ചിലവ മാത്രം സൂചിപ്പിക്കാം.

1. രോഗങ്ങളുടെ വിതരണത്തില്‍ മാറ്റമുണ്ടായാല്‍ അതിനെ നേരിടാനായി ആരോഗ്യസംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ തയാറെടുക്കണം. 
2. സസ്യങ്ങളുടെ ഉല്പാദനക്ഷമത കുറയുമ്പോള്‍ അതിനെ നേരിടാനായി പുതിയ വിത്തിനങ്ങള്‍ വികസിപ്പിക്കുകയൊ മറ്റെന്തെങ്കിലും വഴികള്‍ തേടുകയൊ ചെയ്യുക.
3. ശക്തിയായ മഴ കൂടുതലായി ഉണ്ടായാല്‍ പ്രളയമുണ്ടാകുന്നതു തടയാനായി വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷിക്കുന്നതിനേപ്പറ്റി പറയുന്നവരെ വികസനവിരുദ്ധര്‍ എന്നു മുദ്രകുത്തി അധിക്ഷേപിക്കുകയാണല്ലൊ പതിവ്. ഇപ്പോഴത്തെ അസഹനീയമായ ചൂടനുഭവിച്ചിട്ടെങ്കിലും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയെങ്കില്‍! 

(തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍). 

Content highlights: climate change, global warming