ക്ഷത്രങ്ങള്‍ കുടപിടിക്കുന്ന പര്‍വതനിരകളിലെ പക്ഷിക്കൂട് ആരെയും വിസ്മയിപ്പിക്കും. ആണ്‍ പക്ഷിയാണ് ശില്പി -രാജശില്‍പ്പി. ജീവിത സഖിയെ തേടിയുള്ള യാത്രയില്‍ കൂടുകാണാന്‍ പെണ്‍പക്ഷി നിശ്ശബ്ദയായി എത്തും. വാതില്‍പ്പടിയില്‍ ആണ്‍പക്ഷി കാത്തുനില്‍ക്കും. ആകാംക്ഷയുടെ നിമിഷങ്ങള്‍... ഹൃദയമിടിപ്പ് മിന്നല്‍ വേഗത്തിലാകും.

പെണ്‍പക്ഷിയുടേത് സൂക്ഷ്മമായ നിരീക്ഷണമാകും. മേല്‍ക്കൂരയിലും ചുവരുകളിലും നിലത്തും പലതവണ നോക്കും... ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. മനസ്സിനിണങ്ങിയ  കൂടാണെങ്കില്‍ നിര്‍വൃതി. പെണ്‍പക്ഷി വാതില്‍പ്പടിയില്‍ എത്തി ആണ്‍പക്ഷിയെ ആര്‍ദ്രമായി ഒന്നു നോക്കും... അര്‍ഥവത്തായ നോട്ടം. ജീവിതത്തില്‍ വസന്തം വിരിയിച്ച ചിറകടിയുടെ ശബ്ദം... ധന്യനിമിഷങ്ങള്‍. അവര്‍ ഒന്നായി... ചിറകുകള്‍ ചേര്‍ത്ത്  സ്പര്‍ശം... അപ്പോള്‍ വനത്തില്‍ പെരുമ്പറയുടെ മുഴക്കം... അത് ഈ പക്ഷികള്‍ക്ക് മാത്രമേ കേള്‍ക്കാന്‍ കഴിയൂ.

Bowerbird

ഇന്‍ഡൊനീഷ്യന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട പടിഞ്ഞാറന്‍ പാപ്പുവ ദ്വീപിലെ അതിവിദൂരമായ 'അര്‍ഫാക്' മലനിരകളിലെ ഹരിതഭംഗിയാര്‍ന്ന മഴക്കാടുകളിലാണ് ശില്പികളായ 'ബോവര്‍' പക്ഷികളുടെ വാസസ്ഥലം. 21 ഇനത്തില്‍പ്പെട്ട ബോവര്‍പക്ഷികള്‍ ഇന്‍ഡൊനീഷ്യയിലും ഓസ്‌ട്രേലിയയിലും ന്യൂഗിനിയിലുമുണ്ട്. ഇളകിമറിയുന്ന കടല്‍ ചുറ്റും. ഉരുളന്‍ കല്ലുകളും കട്ടിയില്ലാത്ത മണ്ണും നിറഞ്ഞ മലനിരകളിലൂടെ കുത്തനെയുള്ള കയറ്റം കയറി, അതീവ സാഹസികമായി കാല്‍നടയാത്ര ചെയ്തു വേണം ഒറ്റപ്പെട്ട പ്രതീതിയുള്ള ദ്വീപായ പടിഞ്ഞാറന്‍ പാപ്പുവില്‍ എത്താന്‍. നടന്നുപോകുന്ന വഴികളില്‍ അമ്പും വില്ലുമായി, കാഴ്ചയില്‍ പ്രാകൃത രൂപത്തിലുള്ള ആദിവാസികളെ കാണാം. പക്ഷികളെ ക്യാമറയില്‍ പകര്‍ത്താന്‍ കൊച്ചിയില്‍ നിന്ന് ഭൂഖണ്ഡങ്ങള്‍ തേടിയുള്ള യാത്ര പരിചിതമാക്കിയ സാബു കിണറ്റുകര എന്ന യുവാവ് ബോവര്‍ പക്ഷികളുടെ സങ്കേതത്തില്‍ കാലുകള്‍കുത്തി ആത്മസാഫല്യം നേടി.

ഇന്‍ഡൊനീഷ്യന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട സുലവേസിയില്‍ എത്തി, അവിടെ നിന്ന് മനോക്വാരി ചെറു വിമാനത്താവളത്തില്‍ ഇറങ്ങണം. നീണ്ട ഒമ്പത് മണിക്കൂര്‍ തുടര്‍ന്ന ജീപ്പുയാത്ര. നിഗൂഢപാത മുന്നില്‍. അതു പിന്നിട്ട് അര്‍ഫാക് മലനിരകളില്‍ എത്തണം. വഴികാട്ടിയായി ഒരു ആദിവാസിയുണ്ട്. രാത്രി കിടന്നുറങ്ങാന്‍ മരത്തിന്റെ തുറന്ന  കുടിലുകള്‍. സുഖസൗകര്യങ്ങള്‍ ത്യജിക്കാനുള്ള പ്രതിജ്ഞയോടെ തുടക്കം.

ബോവര്‍ പക്ഷികളെ തേടി മഴക്കാടുകളില്‍ വീണ്ടും കാല്‍നട. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വൃക്ഷത്തലപ്പുകള്‍ക്കിടയില്‍ ഒരു കൂട് കണ്ടു. അതോടെ, സാഹസികയാത്രയ്ക്ക് ആശ്വാസമായി. അല്‍പ്പം അകലെ വഴികാട്ടിയോടൊപ്പം നിശ്ശബ്ദമായി  ഇരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍-ഡിസംബര്‍  ആണ് ആണ്‍പക്ഷി കൂടു നിര്‍മിച്ച കാലം. അതിശൈത്യത്തില്‍ കമ്പിളിപുതച്ച് കാത്തിരുന്നു. അപ്പോള്‍ പെണ്‍പക്ഷി വരുമെന്നറിഞ്ഞ് പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന ആണിനെ ക്യാമറയില്‍ പകര്‍ത്താന്‍ സാബു കിണറ്റുകരയ്ക്ക് കഴിഞ്ഞു... അവിസ്മരണീയമായ നിമിഷത്തിന്റെ പിറവി.

Bowerbirdരണ്ടടിയോളം പൊക്കമുള്ള മേല്‍ക്കൂരയാണ് കൂടിനുള്ളത്. നാരുകളും നേര്‍ത്ത നീണ്ട വേരുകളും കൊക്കിലൊതുങ്ങുന്ന ചെറിയ കമ്പുകളും കോര്‍ത്തു വച്ചിരിക്കുന്ന രീതിയിലാണ് കൂട്. ഒന്നൊന്നായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന കണ്ണികള്‍. രണ്ടുമാസം പിന്നിട്ട അധ്വാനത്തിലൂടെ, ആണ്‍പക്ഷി നിര്‍മിച്ച കൂടിന്റെ ശില്പഭംഗി ആരെയും വിസ്മയിപ്പിക്കും. നിലത്ത് തൂണുകള്‍ ഇല്ലാത്തതാണ് മേല്‍ക്കൂര.

തിരുമുറ്റത്ത് വര്‍ണക്കാഴ്ചകളും ആണ്‍പക്ഷി ഒരുക്കിയിട്ടുണ്ട്. പല നിറത്തിലുള്ള പൂവിന്റെ ഇതളുകളും ചത്തുപോയ വണ്ടിന്റെയും ഷഡ്പദങ്ങളുടെയും തിളങ്ങിയ ശരീരഭാഗങ്ങളും കലാപരമായി അടുക്കിവച്ചിരിക്കുന്നു. കൂടും തിരുമുറ്റവും സൗന്ദര്യത്തിന്റെ തുടിപ്പുകളായി മാറുന്നു. ശാന്തമായ അന്തരീക്ഷം. ശത്രുജീവികള്‍ ആരും പരിസരത്തില്ല, പക്ഷിയെ പിടിക്കുന്ന പാമ്പുകളുമില്ല.

നീണ്ട ഒമ്പത് ദിവസങ്ങള്‍ ഈ ചെറുദ്വീപിലും പരിസരങ്ങളിലുമായിട്ടായിരുന്നു സാബുവിന്റെ യാത്ര. 'പറുദീസ പക്ഷി'കളെയും വേണ്ടത്ര ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞു. അതിന് സുലവേസിയില്‍ നിന്ന് മറ്റൊരു ദിശയിലേക്ക് യാത്ര വേണം. സൊറോങ് എന്ന ചെറു വിമാനത്താവളത്തില്‍ നിന്ന് നാലു മണിക്കൂര്‍ കടല്‍യാത്ര. ചെറിയൊരു ബോട്ട്... വേലിയേറ്റത്തിന് അനുസരിച്ചാണ് ബോട്ടിന്റെ നീക്കം. പിന്നീട് നീണ്ട നാലുമണിക്കൂര്‍ കാല്‍നട. അവിടെയും സാഹസികത മുഖമുദ്രയാക്കിയാല്‍ മാത്രമേ പക്ഷികളെ നിരീക്ഷിക്കാനും ക്യാമറയില്‍ പകര്‍ത്താനും കഴിയൂവെന്ന് സാബു പറഞ്ഞു.

സുലവേസി ദ്വീപിന് ഭൂപടത്തില്‍ 'കിനാവള്ളി'യുടെ ആകൃതിയാണ്. ഇന്‍ഡൊനീഷ്യന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമാണിത്. അവിടെയും മഴക്കാടുകള്‍ നിറഞ്ഞതാണ് ഭൂപ്രദേശം. ലോറേ ലിന്റു സങ്കേതത്തില്‍ നിന്നാണ് അത്യപൂര്‍വമായ ഒരു പക്ഷിയെ കിട്ടിയതെന്ന് സാബു പറഞ്ഞു. അതായിരുന്നു 'ചെകുത്താന്‍ രാച്ചുക്ക്' (satanic nightjar). കല്ലുകള്‍ നിറഞ്ഞ മലനിരകളിലൂടെ അതീവ സാഹസികമായ കയറ്റംകയറി വേണം ഈ പക്ഷിയെ കാണാന്‍.

ആദിവാസിയായ വഴികാട്ടി പറഞ്ഞു: ''തീര്‍ച്ചയായും പക്ഷിയെ കാണിച്ചുതരാം.'' സാഹസികരായ പക്ഷി നിരീക്ഷകര്‍ മാത്രമേ ഈ പക്ഷിയെ തേടി ഇവിടെ എത്താറുള്ളൂ. ആദ്യമായി എത്തുന്നവര്‍ ക്ഷീണിച്ച് തളരും. വിശ്രമത്തിനു ശേഷമേ വീണ്ടും മലകയറാന്‍ കഴിയൂ. ഇനി, എത്തിയിട്ട് എന്തു കാര്യം? ചിലപ്പോള്‍ പക്ഷിയെ കണ്ടെന്നു വരില്ല. 'പക്ഷിയുടെ വാസസ്ഥലങ്ങള്‍ വഴികാട്ടികളായ ആദിവാസികള്‍ക്ക് കൃത്യമായി അറിയാം' അങ്ങനെയാണ് ഫോട്ടോഗ്രാഫര്‍മാര്‍ ആശ്വസിക്കുക. നടന്നുനടന്ന് കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ പക്ഷിയെ  വഴികാട്ടി കാണിച്ചുതന്നു. ആദ്യമായി എത്തുന്നവര്‍ക്ക് പക്ഷിയെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. സൂക്ഷിച്ച്, ആകാംക്ഷയില്‍ ഇമവെട്ടാതെ  നോക്കിയപ്പോള്‍ അതാ 'ചെകുത്താന്‍ പക്ഷി' ഇരിക്കുന്നു.

Bowerbird

ഒരു നിമിഷം... ശ്വാസമടക്കി പക്ഷിയെ കണ്‍കുളിര്‍ക്കെ നോക്കി. മുന്നില്‍ ആളുകളെ കണ്ടപ്പോള്‍ പക്ഷി വായ്‌പൊളിച്ചു. വിശാലമായ ചിറകുകകള്‍ വിടര്‍ത്തി, മെല്ലെ എഴുന്നേറ്റു. പക്ഷേ, ആളുകളെക്കണ്ടാല്‍ പക്ഷി ഭയന്ന് ചിറകടിച്ച് ഓടില്ല. ഒരുപക്ഷേ, ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി വായ് കൂടുതല്‍ പൊളിച്ചേക്കും... ചെകുത്താന്റെ 'വിക്രിയകള്‍'. ചുവപ്പ് നിറമാണ്... വായ് പൊളിച്ചാല്‍ രക്തവര്‍ണം... ശരീരത്തിനും ചിറകിനും കറുത്തനിറം... ഒരു ചെകുത്താന്റെ രൂപം.

ആദിവാസികളായ നാട്ടുകാര്‍ ഈ പക്ഷിയെ 'ചെകുത്താന്‍ പക്ഷി' എന്നു വിളിക്കും. അങ്ങനെയാണ് ആ പേരു വന്നത്. നാട്ടുകാര്‍ ഇങ്ങനെ പറയും: ''നിങ്ങള്‍ ഉറങ്ങിയാലും സാത്താന്‍ ഉറങ്ങില്ല. ഉറക്കത്തില്‍ ഈ ചെകുത്താന്‍ പക്ഷി നിങ്ങളുടെ മുറിയില്‍ എത്തി കണ്ണുകള്‍ കുത്തിപ്പൊട്ടിക്കും. കുട്ടികള്‍ പേടിക്കും.''

ഇതു കേട്ടപ്പോള്‍ സാബുവിന് ഓര്‍മവന്നത് 'ഡ്രാക്കുള'യെയാണ്. അല്ലെങ്കില്‍, ഹിച്ച്‌കോക്കിന്റെ 'ബേര്‍ഡ്‌സ്' എന്ന ചിത്രം. മനുഷ്യരെ ആക്രമിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഈ ചിത്രം, പ്രേക്ഷകരെ ഭയപ്പെടുത്തുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1931-ല്‍ പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയ ഈ പക്ഷിയെ പിന്നീട് കാണാറില്ലായിരുന്നു. 1996-ല്‍ വീണ്ടും കണ്ടെത്തി.
ഇന്‍ഡൊനീഷ്യന്‍ ദ്വീപസമൂഹത്തിലെ 'ഹല്‍മറാ' ദ്വീപില്‍ നിന്ന് കിട്ടിയ മറ്റൊരു അപൂര്‍വ പക്ഷിയാണ് 'സുല്‍ത്താന്‍ സാഹുല്‍ പിറ്റ' (sultan sahul pitta). കാവി എന്നാണ് ഇതിനെ വിളിക്കുന്നത്. 32 ഓളം ഇനങ്ങള്‍ ഇതിനുണ്ട്. ചുവപ്പും നീലയും ചാരനിറവുമുള്ള ഈ ഇനത്തില്‍പ്പെട്ട പക്ഷി ഗുരുതരമായ വംശനാശം നേരിടുന്നു. കാരണം, അതിന്റെ വാസസ്ഥലമായ ഹരിതവനങ്ങള്‍ നാശത്തെ നേരിടുന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. അഗ്നിപര്‍വതങ്ങള്‍ നിരവധി ഈ ദ്വീപിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ ജപ്പാന്‍കാരുടെ താവളമുണ്ടായിരുന്നു. 

 ഈ ദ്വീപില്‍ നിന്നാണ് ആകര്‍ഷകമായ 'അംബ്രല്ലാ കുക്കാറ്റു' (umbrella cuckattoo) എന്ന പക്ഷിയെയും സാബുവിന് ക്യാമറയില്‍ കിട്ടിയത്. സുലവേസി ദ്വീപില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ പക്ഷിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.

ശ്രീലങ്കയില്‍ നിന്നുള്ള അത്യപൂര്‍വമായ 'സെരന്‍ ദീപ് മൂങ്ങ' (serendip scops owl) യുടെ കുഞ്ഞുങ്ങളെയും തന്റെ യാത്രകള്‍ക്കിടയില്‍ സാബുവിന് കിട്ടി. സിന്‍ഹരാജ് വന്യമൃഗ സങ്കേതത്തില്‍, മുളങ്കാടുകളില്‍ നിന്നാണ് ഇവയുടെ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ വഴികാട്ടിക്ക് കഴിഞ്ഞത്. ചാരനിറത്തിലുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വളരെ കുറച്ച് വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കു മാത്രമേ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. പ്രകൃതി ഇക്കാര്യത്തില്‍ സാബുവിനെയും അനുഗ്രഹിച്ചു. തന്റെ ചില അപൂര്‍വ ചിത്രങ്ങള്‍ 'നാഷണല്‍ ജിയോഗ്രാഫിക്' മാസികയെയും ആകര്‍ഷിച്ചു. അന്വേഷണങ്ങള്‍ തുടര്‍ന്നുള്ള സാഹസിക യാത്രയ്ക്ക് പ്രചോദനമായിത്തീര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Bowerbird

കൊച്ചി നഗരത്തില്‍ വെണ്ണലയിലാണ് സാബു താമസിക്കുന്നത്. സ്വന്തം ബിസിനസ് നടത്തുന്നു. ദുബായിയില്‍ കുറച്ചുകാലം ജോലി ചെയ്തശേഷം കൊച്ചിയില്‍ തിരിച്ചെത്തി. 2013-ല്‍ വാഗമണ്‍ യാത്രയില്‍ ചെറിയൊരു ക്യാമറയില്‍ എടുത്ത ഒരു കുരുവിയുടെ ചിത്രമാണ് പക്ഷിനിരീക്ഷണത്തിലും ഫോട്ടോഗ്രാഫിയിലും വഴിത്തിരിവായത്. ''ഇത് ഏതു കുരുവി...?' -സുഹത്തുക്കള്‍ തിരക്കി. പേര് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. പേര് അന്വേഷിച്ച് സാലിം അലിയുടെ പുസ്തകം വാങ്ങി വായിച്ചു. തുടര്‍ന്ന്, പുസ്തകങ്ങള്‍ ഷെല്‍ഫില്‍ കൂടുതലായി നിരന്നു.

തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ തുടര്‍ന്ന് ക്യാമറയുമായി യാത്ര തുടങ്ങി... ശ്രീലങ്കയിലും ഹിമാലയത്തിലും ഫിലിപ്പീന്‍സിലും ആഫ്രിക്കയിലും ക്യാമറയുമായി നടന്നു... രണ്ടുതവണ പാപ്പുവ ന്യൂഗിനിയില്‍ 'പറുദീസ പക്ഷികളെ' തേടി അലഞ്ഞു. ഇന്‍ഡൊനീഷ്യയിലേക്കും യാത്ര നീണ്ടു. പുസ്തകങ്ങളും ക്യാമറയും മാറി മാറി വാങ്ങി. ഇന്ത്യക്കകത്തും പുറത്തും സുഹൃദ്വലയം വലുതായി. ഓരോ രാജ്യത്തും അപൂര്‍വ പക്ഷികളെ ലക്ഷ്യമിട്ടാണ് യാത്ര.

ഇനി അടുത്ത വര്‍ഷം ജൂണില്‍ ആറുപേര്‍ അടങ്ങുന്ന മലയാളിസംഘത്തെ പറുദീസ പക്ഷികളുടെ നാടായ പാപ്പുവ ന്യൂഗിനിയിലേക്ക് നയിക്കാനുള്ള തിടുക്കത്തിലാണ് അദ്ദേഹം. സാഹസികതയും ക്ഷമയും കൈമുതലാക്കിയാല്‍, പക്ഷിനിരീക്ഷണത്തിലും ഫോട്ടോഗ്രാഫിയിലും വിജയത്തിന്റെ പടവുകള്‍ പിന്നിടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ''സുഹൃദ് ബന്ധങ്ങള്‍ അതിന് തിളക്കം കൂട്ടും''.

പക്ഷിനിരീക്ഷകരുടെ എണ്ണം ഇന്ത്യയില്‍ കൂടി വരുന്നു. മുമ്പ് ബൈനോക്കുലറുകള്‍ കഴുത്തിലിട്ടിരുന്നവര്‍, ഇപ്പോള്‍ വിലപിടിപ്പുള്ള നവീന ക്യാമറകളും കൈയിലൊതുക്കി, വനത്തിലേക്ക് പ്രകൃതിയെ പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്ര വ്യാപിപ്പിക്കുന്നു.