ടന്നും ഒാടിയും കുതിച്ചും-പിന്നിട്ട പാതകൾ കൂടുതലും വനപ്രദേശങ്ങളിലൂടെയായിരുന്നു. വെള്ളച്ചാട്ടവും അരുവികളും കണ്ടപ്പോൾ അതിൽ നീരാടി. മലനിരകളിൽ ഓടിക്കയറി മേഘങ്ങളെ തലോടി. അത്യപൂർവപക്ഷികളെ നേരിൽക്കണ്ട്‌ സ്വയം മറന്ന്‌ ആഹ്ലാദിച്ചു. പ്രകൃതിയിൽ ലയിച്ചു. 

ബ്രിട്ടനിൽനിന്ന്‌ കാതറൈൻ ലവ്‌റിയും ഭർത്താവ്‌ ഡേവിഡും പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി തെക്കേ അമേരിക്കയിൽ കാൽനടയായി യാത്ര തുടങ്ങി. പിന്നെ അക്ഷരാർഥത്തിൽ വിശ്രമമില്ലാതെ ഓടി ചരിത്രം സൃഷ്ടിച്ചു. തെക്കേ അമേരിക്കയിലൂടെയുള്ള യാത്രയല്ലേ, ഇംഗ്ലീഷ്‌ സംസാരിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ദൗത്യം തുടങ്ങുന്നതിനുമുമ്പ്‌ കാതറൈൻ പറഞ്ഞു.

കാതറൈനും ഡേവിഡും സ്പാനിഷ്‌ പഠിച്ചു. തെക്കേ അമേരിക്കയിലെ പ്രമുഖഭാഷകളിൽ ഒന്ന്‌ സ്പാനിഷാണ്‌. 
തെക്കേ അമേരിക്കയിലെ അത്യപൂർവമായ  മഴക്കാടുകളും പ്രകൃതിസമ്പത്തും നശിക്കുന്നു. മനുഷ്യന്റെ കടന്നാക്രമണമാണ്‌ പ്രധാനകാരണം.  ഇതിനെതിരേ ബോധവത്‌കരണമാണ്‌ തങ്ങളുടെ ദൗത്യം നിർവഹിച്ചത്‌. അത്‌ ഏറക്കുറെ വിജയിച്ചു. കൊച്ചുകുട്ടികളും തങ്ങളോടൊപ്പം പ്രസ്തുത സന്ദേശം പകരുന്നതിനായി തെരുവിലിറങ്ങിയെന്ന്‌ തങ്ങളുടെ അനുഭവങ്ങൾ ‘മാതൃഭൂമി’ നഗരവുമായി പങ്കിട്ടുകൊണ്ട്‌ കാതറൈൻ പറഞ്ഞു.

ചിലിയിൽനിന്ന്‌ അർജന്റീനയിലേക്കും പാറ്റഗോണിയയിലേക്കും ബൊളീവിയയിലേക്കും വെനസ്വേലയിലേക്കും തുടർന്ന്‌ കരീബിയൻ കടലിന്റെ തീരത്തിലേക്കും അവർ കടന്നു. അപ്പോഴേക്കും 6504 മൈലുകൾ ദമ്പതിമാർ പിന്നിട്ടു.

അജ്ഞാതമായ ഒരു ഭൂഖണ്ഡത്തിലൂടെ ഇംഗ്ലീഷുകാരായ നമ്മൾ ഓടുമ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കും?  അതായിരുന്നു ഇരുവരും ആലോചിച്ചത്‌. പക്ഷേ, കാതറൈന്‌ ആത്മവിശ്വാസമുണ്ടായിരുന്നു. ഒരു മികച്ച സന്ദേശം കൈമാറാനാണ്‌  നമ്മൾ ഓടുന്നത്‌. ബോധവത്‌കരണം മാത്രമാണ്‌ ലക്ഷ്യം. കാതറൈന്റെ ആത്മവിശ്വാസം ഉറച്ചതായിരുന്നു. തെക്കെ അമേരിക്കയിലെ പല അപരിചിതമായ രാജ്യങ്ങളും ഈ സന്ദേശം ഉൾക്കൊണ്ടു.

2012 ജൂലായ്‌ 28-ന്‌ കാതറൈനും ഡേവിഡും ചിലിയിലെ ഗാബോ ഫ്രോവാർഡിൽ നഗരത്തിൽനിന്ന്‌ ഓട്ടം തുടങ്ങി.  ഡേവിഡിന്റെ  കൈയിൽ ചെറിയൊരു തുണികൊണ്ടുള്ള തൊട്ടിൽ. അതിന്‌ നാല്‌ ചെറിയ ചക്രങ്ങൾ  ഘടിപ്പിച്ചിട്ടുണ്ട്‌. കാഴ്ചയിലൊരു  പെരിമ്പുലേറ്റർ. അതിൽ അത്യാവശ്യസാധനങ്ങൾ ഉണ്ട്‌. ഇതും തള്ളിക്കൊണ്ടാണ്‌  ഡേവിഡും പിന്നീട്‌ കാതറൈനും ഓടുന്നത്‌.  ഒാട്ടം കൂടുതലും വനപ്രദേശങ്ങളിലൂടെയായിരുന്നു.

ചിലിയിൽനിന്ന്‌ അർജന്റീനയിലേക്കും പാറ്റഗോണിയയിലേക്കും ബൊളീവിയയിലേക്കും വെനസ്വേലയിലേക്കും തുടർന്ന്‌ കരീബിയൻ കടലിന്റെ തീരത്തിലേക്കും അവർ കടന്നു. 2013 ഒക്ടോബർ 13-ന്‌  യാത്ര അവസാനിച്ചു. അപ്പോഴേക്കും 6504 മൈലുകൾ ദമ്പതിമാർ പിന്നിട്ടു.

യാത്രക്കിടയിൽ വൈവിധ്യമാർന്ന ജനവിഭാഗങ്ങളെ കണ്ടുമുട്ടി. അവരോടൊപ്പം  ആശയവിനിമയം നടത്തി. അതിൽ അവിസ്മരണീയമായ അനുഭവം ബൊളീവിയയിൽനിന്നായിരുന്നുവെന്ന്‌ കാതറൈൻ പറഞ്ഞു. നാട്ടുകാരും  കുട്ടികളും തങ്ങളുടെ ദൗത്യത്തിൽ പങ്കാളികളായി. ആമസോൺ കാടുകൾ സംരക്ഷിക്കാനുള്ള  പ്രസംഗങ്ങൾ താൻ നടത്തി. ഒട്ടേറെ ലഘുലേഖകൾ വിതരണം ചെയ്തു.  ഈ സംരംഭങ്ങളിൽ എല്ലാം ബൊളീവിയൻ ജനതയുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന്‌ കാതറൈൻ പറഞ്ഞു.

amazon
കാതറൈന്‍ ലവ്‌റി യാത്രക്കിടെ

 

ലണ്ടനിലെ ബേർഡ്‌ലൈഫ് ഇന്റർനാഷണലും ദക്ഷിണ അമേരിക്കയിലെ പ്രകൃതിസംരക്ഷണ സംഘടനകളുമാണ് കാതറൈന്റെ ദൗത്യത്തിന് പിന്തുണ നൽകിയത്. ഒട്ടേറെ സുഹൃത്തുക്കൾ സാമ്പത്തികമായും സഹായിച്ചു.
ആമസോണിലെ മഴക്കാടുകൾ, തന്നെ വിസ്മയിപ്പിച്ചുവെങ്കിലും പാറ്റഗോണിയയിലെ ഭയാനകമായ കാറ്റ് ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നുവെന്ന് കാതറൈൻ പറഞ്ഞു.

രാത്രി, അലറി അട്ടഹസിച്ചുവരുന്ന കാറ്റ്. ആദ്യം പതിനഞ്ച് മിനിറ്റ് വീശും. പിന്നീട് നിശ്ശബ്ദമാകും. അതുകഴിഞ്ഞാൽ വീണ്ടും. ഇങ്ങനെയാണ് കാറ്റിന്റെ ഗതി. ചില പ്രേതകഥാ ചലച്ചിത്രങ്ങളിൽ എന്നപോലെ കാറ്റ് വീശുന്നു.
‘‘ഭയപ്പെടേണ്ട, അതാണ് ചെകുത്താൻകാറ്റ്. ഞങ്ങൾ ഈ കാറ്റിനെ ശ്രദ്ധിക്കാറേയില്ല.’’ -ഒരു ഹൈസ്കൂൾ വിദ്യാർഥിയാണ് ഇങ്ങനെ പ്രതികരിച്ചത്. അതോടെ മനസ്സിൽ ആശ്വാസമായി. കുറച്ചുകഴിഞ്ഞപ്പോൾ കാറ്റിന്റെ ഗതി ശീലമായി. അതേസമയം, ചിലിയുടെ പ്രകൃതിഭംഗിയിൽ തങ്ങൾ അലിഞ്ഞുചേർന്നുവെന്ന്  കാതറൈൻ പറഞ്ഞു. മനസ്സിനെ ഭ്രമിപ്പിച്ച ഭൂപ്രകൃതി. വൈവിധ്യമാർന്ന പക്ഷികൾ. 

പ്രകൃതി സംരക്ഷണസന്ദേശത്തിനായി എന്തിനാണ് നടക്കാനും ഓടാനും കുതിക്കാനും തീരുമാനിച്ചത്? സ്കൂളിൽ പഠിക്കുന്നകാലംമുതൽക്കുതന്നെ ഞാനും ഡേവിഡും ഓട്ടക്കാരായിരുന്നു. ഓട്ടമത്സരങ്ങളിൽ സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. അതിനാൽ തെക്കേ അമേരിക്കയിലൂടെ ഓടാൻ ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കൂടുതലും വനപ്രദേശങ്ങളിലൂടെയാണ് ഓടിയത്. ദക്ഷിണ അമേരിക്കയിലെ മഴക്കാടുകളും മറ്റുവനങ്ങളും നാശം നേരിടുന്നതും അപ്പോഴാണ് നേരിൽ കാണാൻ കഴിഞ്ഞത്.

പുതിയ സ്ഥലങ്ങൾ, പുതിയ വനപ്രദേശങ്ങൾ, ആദ്യമായി അവ പരിചയപ്പെടുന്ന ദൗത്യം. അവരുമായി സംസാരിക്കുമ്പോഴും പുതിയ ആശയങ്ങൾ കൈവരിക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണസന്ദേശം പ്രചരിപ്പിക്കുമ്പോൾ പുതിയ ചുവടുകൾ കൈവരിക്കാൻ കഴിയും. ഈ ദൗത്യത്തിൽ തങ്ങൾ വിജയിച്ചുവെന്ന് കാതറൈൻ പറഞ്ഞു.

amazon
കാതറൈന്റെ ഭര്‍ത്താവ് ഡേവിഡ്‌

 

യാത്രയിലുടനീളം പുതിയ അനുഭവങ്ങളായിരുന്നു. മഞ്ഞും മഴയും വെയിലും കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഞങ്ങൾ അനുഭവിച്ചു. മനസ്സിന് കരുത്തുനൽകിയ അനുഭവമായിരുന്നു. ഓരോ ദിവസവും ഞങ്ങൾ 25 കിലോമീറ്ററോളം ഓടി. ചെറുപ്പം മുതൽക്കേ ദക്ഷിണ അമേരിക്കൻ ചരിത്രം തങ്ങളെ ആകർഷിച്ചു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ സ്പാനിഷ്  ഭാഷയ്ക്കുള്ള ആധിപത്യം, മഴക്കാടുകൾ ആണെങ്കിൽ അക്ഷരാർഥത്തിൽ തങ്ങളെ ഭ്രമിപ്പിച്ചു.

വെനസ്വേലയിൽ എത്തുന്നതിന് മുമ്പ് ചില സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകി: ‘‘ഏറ്റവും കൂടുതൽ കൊള്ളക്കാരും മാഫിയകളുമുള്ള രാജ്യമാണ് വെനസ്വേല. അതിനാൽ ജാഗ്രതവേണം.’’

അതീവജാഗ്രത പാലിച്ചുകൊണ്ടാണ് തങ്ങൾ അവിടെ യാത്രചെയ്തത്. ചില വിജനമായ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. പക്ഷേ, ഭയപ്പെടേണ്ടിവന്നില്ല. ഒരു പോറൽപോലും തങ്ങൾക്കേറ്റില്ലെന്ന് കാതറൈൻ പറഞ്ഞു. യാത്ര മൊത്തത്തിൽ അവലോകനം ചെയ്യുമ്പോൾ തങ്ങൾക്ക്‌ പറയാൻ കഴിയും ബൊളീവിയൻ ജനത തന്നെയാണ് ഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ചത്. അവിടെ പല സ്കൂളുകളിലും തങ്ങൾ വിദ്യാർഥികളോട് സംസാരിച്ചു. ഇവിടെ ഒന്നുരണ്ട് യൂണിവേഴ്‌സിറ്റികളും തങ്ങൾക്ക് സന്ദർശിക്കാൻ കഴിഞ്ഞു.

യാത്രാനുഭവങ്ങൾ വിവരിച്ചുകൊണ്ട് കാതറൈൻ ഒരു പുസ്തകം എഴുതി. (Running South America with my husband and other animals). ജനശ്രദ്ധയാകർഷിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. ഡേവിഡ്-കാതറൈൻ ദമ്പതിമാർക്ക് രണ്ടു കുട്ടികളുണ്ട്. മൂന്നു വയസ്സുകാരനും ഒരു വയസ്സുകാരിയും. ബ്രിട്ടനിൽ ഡാർട്ട്മൂർ വന്യമൃഗസങ്കേതത്തിന് സമീപം ഇവർ താമസിക്കുന്നു.

Content Highlights: Amazon forest, catherine and david, forest journey