കോട്ടയം: കൂട്ടുകാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടും ഇവന്‍ ഇവിടെ പെട്ടുപോയത് ലോക്ക് ഡൗണ്‍ കൊണ്ടല്ല. ദേശാടനത്തിന് വന്ന നാട്ടില്‍ നിന്ന് മടങ്ങാന്‍ അവന്‍ ആഗ്രഹിച്ചിരിക്കണം. പക്ഷേ മുറിവേറ്റ ചിറകുകള്‍ അതിന് തടസമായി. മനുഷ്യരെല്ലാം ലോക്ക് ഡൗണ്‍ തടവിലായ ഇക്കാലത്ത് അവരെപ്പോലെ ഈ പെലിക്കനും ഒറ്റപ്പെട്ടിരിക്കുന്നു. കോട്ടയം കൊല്ലാട് പള്ളിക്കുന്ന് മാലിപ്പാടത്ത് അഞ്ച് മാസമായി കാണുന്ന ഈ പക്ഷിഭീമന് അതിജീവനത്തിന് വഴിയായില്ല. വംശനാശഭീഷണിയിലേക്ക് നീങ്ങുന്ന ഇനത്തിലുള്ളതാണ് ഈ പക്ഷി.

വര്‍ഷം തോറും ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങള്‍, ശ്രീലങ്ക,കമ്പോഡിയ എന്നിവിടങ്ങളില്‍ നിന്നാണ് സംഘമായി പെലിക്കനുകള്‍ അഥവാ പുള്ളിചുണ്ടന്‍ കൊതുമ്പന്നങ്ങള്‍ കേരളത്തില്‍ വിരുന്നുവരുന്നത്. മീന്‍ സമൃദ്ധിയുള്ള പാടങ്ങള്‍ ലക്ഷ്യമിട്ട് വരുന്ന ഇവര്‍ പാടത്തിന് സമീപത്തെ വന്‍ മരങ്ങള്‍ താവളമാക്കും.അവരില്‍ ഒരാളാണ് ഇപ്പോള്‍ ഇവിടെയുള്ള അതിഥി.

ഇരപിടിക്കുന്നതിടയില്‍ ചിറകിനുണ്ടായ പരിക്കുമൂലമാണ് ഇതിന്  ഉയര്‍ന്നു പറക്കാനാവാതെ വന്നത്. കൂട്ടുകാരെല്ലാം ഇതിനിടെ  പറന്നു പോയി. ഒറ്റക്കായ പക്ഷിയെ പല തവണ പിടിക്കാന്‍ ചില 'വേട്ടക്കാര്‍' ശ്രമിച്ചെങ്കിലും സമീപവാസിയായ ഷാജിയുടെയും ഭാര്യ ശ്രീദേവിയുടെയും സംരക്ഷണം തുണയായി. അവരുടെ താറാവുകള്‍ക്കൊപ്പം ഈ പെലിക്കനും പാടത്തെ ഇത്തിരിവെള്ളത്തില്‍ കഴിയുന്നു. 

ചിറകിന്റെ പരിക്ക് തീറ്റ തേടുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് വന്ന സമയത്തേക്കാള്‍ വലിപ്പം നേരെ പകുതിയായി കുറഞ്ഞുവെന്നും ശ്രീദേവി പറയുന്നു. വളര്‍ച്ചയെത്തിയ പെലിക്കനുകള്‍ക്ക് ഏകദേശം ഏഴുകിലോയോളം ഭാരം ഉണ്ടാകും. നാട്ടുകാരില്‍ ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച വനംവകുപ്പ് റെസ്‌ക്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡ് എ.സി.എഫ്. സഞ്ജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വന്നു.

ചികിത്സയ്ക്ക് പിടിച്ചുകൊണ്ടുപോകുന്നത് ജീവന് ഭീഷണിയായേക്കുമെന്ന് തോന്നിയതിനാല്‍ വെറ്ററനറി വിദഗ്ധരുടെ ഉപദേശം തേടി തുടര്‍ തീരുമാനം എടുക്കാമെന്ന് ധാരണയിലെത്തി. മുന്‍പ് എറണാകുളത്തു നിന്ന് പിടിച്ച ഒരു പെലിക്കന്‍ മൃഗാശുപത്രിയിലെത്തുന്നതിന് മുന്‍പ് ചത്തുപോയ അനുഭവവും അവരുടെ മനസിലെത്തി. മനുഷ്യരുമായുള്ള സമ്പര്‍ക്കം ഇത്തരം പക്ഷിയിനങ്ങളുടെ അതിജീവനശേഷി കുറയ്ക്കുമെന്ന് എ.സി.എഫ്.അഭിപ്രായപ്പെട്ടു.

Content Highlights:A Pelican 'NRI' which arrived Kottayam five months ago