ല്ലാ സ്രോതസ്സുകളും നിലച്ചാലും കുടിവെള്ളം ഇനി കിട്ടാതാവില്ല. അന്തരീക്ഷത്തിലെ ഈര്‍പ്പം കുടിവെള്ളമാക്കി മാറ്റാനുള്ള സൗകര്യം വീടുകളിലുമെത്തുന്നു. കേരളത്തിലാദ്യമായി കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസില്‍ ഈ യന്ത്രസംവിധാനം വ്യാഴാഴ്ച സ്ഥാപിച്ചു. ഇതിന്റെ മാതൃകയില്‍ ചെറിയ അളവില്‍ കുടിവെള്ളം ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് വീടുകളില്‍ സ്ഥാപിക്കാനാവുക. ഡിസംബറോടുകൂടി ഇത് ലഭ്യമാകും.

മുംബൈ ആസ്ഥാനമായുള്ള വാട്ടര്‍മേക്കര്‍ കമ്പനിയാണ് ഇത്തരം യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്. സന്നദ്ധസംരംഭകരായ ഗ്രീന്‍ഗേറ്റാണ് കേരളത്തില്‍ ഇതിന്റെ വിതരണം നടത്തുന്നത്. കൊല്ലം കോര്‍പ്പറേഷനില്‍ ഗ്രീന്‍ഗേറ്റിന്റെ സംഭാവനയായാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.

ദിവസം 120 ലിറ്റര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാവുന്ന സംവിധാനമാണ് കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചത്. 50 ലിറ്ററാണ് ഇതിലെ ടാങ്കിന്റെ സംഭരണശേഷി. ഏഴുതട്ടുകളിലായി ശുദ്ധീകരിച്ച കുടിവെള്ളമാണ് ഇതില്‍നിന്ന് പുറത്തുവരുന്നത്.

water
അന്തരീക്ഷത്തില്‍നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന യൂണിറ്റിന്റെ
ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കുന്നു

 

30 ലിറ്റര്‍ കുടിവെള്ളം പ്രതിദിനം ഉത്പാദിപ്പിക്കാവുന്ന ചെറിയ യന്ത്രസംവിധാനമാണ് വീടുകളില്‍ സ്ഥാപിക്കാനായി ലഭ്യമാവുക. 370 വാട്സ് വൈദ്യുതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൂന്നുമണിക്കൂറിന് ഒരു യൂണിറ്റ് എന്ന കണക്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ എട്ട് യൂണിറ്റ് വൈദ്യുതി മതി. ഒരു മണിക്കൂറില്‍ അഞ്ച്-ആറ് ലിറ്റര്‍ വെള്ളം ഇതില്‍നിന്ന് ലഭിക്കും.

സാധാരണ ഒരു വീട്ടിലേക്ക് ദിവസം 15-20 ലിറ്റര്‍ കുടിവെള്ളം മതിയാകും. ഏകദേശം 40,000 രൂപ ഇത് സ്ഥാപിക്കാന്‍ ചെലവുവരും. ഇതിലെ അരിപ്പകള്‍ വര്‍ഷത്തിലൊരിക്കല്‍ ശുദ്ധീകരിക്കണമെന്നതൊഴിച്ചാല്‍ പരിപാലനവും എളുപ്പം. യന്ത്രത്തിനുള്ളിലെ സംഭരണി നിറഞ്ഞാല്‍ തനിയെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ വൈദ്യുതി പാഴാവുകയുമില്ല. സൗരോര്‍ജം കൂടി ലഭ്യമാക്കിയാല്‍ പ്രവര്‍ത്തനച്ചെലവും ലാഭിക്കാം. ഒരു മിനി ഫ്രിഡ്ജിന്റെ വലുപ്പം മാത്രമുള്ള ഇത് വീടിന്റെ പുറത്തെവിടെയും സ്ഥാപിക്കാന്‍ കഴിയും. യന്ത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വായുവിനെ ബാഷ്പീകരിച്ചാണ് വെള്ളമാക്കുന്നത്. തണുപ്പിച്ച വെള്ളം ലഭിക്കാനും ഇതില്‍ സൗകര്യമുണ്ട്.

അന്തരീക്ഷത്തില്‍ 70 ശതമാനം ഈര്‍പ്പമുണ്ടെങ്കില്‍ യന്ത്രം സാധാരണതോതില്‍ പ്രവര്‍ത്തിക്കും. ഈര്‍പ്പത്തിന്റെ അളവ് കുറഞ്ഞാല്‍ ഉത്പാദിപ്പിക്കുന്ന വെള്ളത്തിന്റെ അളവുകുറയും. കേരളത്തില്‍, പ്രത്യേകിച്ച് തീരപ്രദേശത്ത് 80 ശതമാനത്തിലധികമാണ് ഈര്‍പ്പത്തിന്റെ സാന്നിധ്യം.