പാരമ്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെ ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിച്ച് പ്രകൃതി ചൂഷണവും മലിനീകരണവും പരമാവധി കുറയ്ക്കാനാണ് ലോകം ഇന്ന് ശ്രമച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ചൈനയിലെ ഡറ്റോങ്ങില്‍ സ്ഥാപിച്ച ബൃഹത്തായ സൗരോര്‍ജ്ജ പ്ലാന്റ് അതിന്റെ വലിപ്പംകൊണ്ടുമാത്രമല്ല കൗതുകമുണ്ടാക്കുന്നത്, അതിന്റെ രൂപംകൊണ്ടുകൂടിയാണ്. ഭീമന്‍ പാണ്ടയുടെ രൂപത്തിലാണ് ഈ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.

ചൈനയിലെ പ്രമുഖ ഊര്‍ജ്ജോല്‍പാദകരായ 'ചൈന മര്‍ച്ചന്റ്‌സ് ന്യൂ എനര്‍ജി ഗ്രൂപ്പ' ആണ് 248 ഏക്കര്‍ വരുന്ന സ്ഥലത്ത് ഭീമാകാരനായ പാണ്ടയുടെ രൂപത്തില്‍ സോളാര്‍ പാടം നിര്‍മിച്ചിരിക്കുന്നത്. ആകാശത്തുനിന്ന് നോക്കുമ്പോള്‍ വലിയൊരു പാന്‍ഡയുടെ രൂപത്തിലാകും സോളാര്‍ പാടം കാണപ്പെടുക. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 50 മെഗാവാട്ട് ഊര്‍ജ്ജോല്‍പാദന ശേഷിയുള്ള പ്ലാന്റ് ജൂണ്‍ 30ന് പ്രവര്‍ത്തനമാരംഭിച്ചു.

അടുത്ത ഘട്ടത്തില്‍ മറ്റൊരു പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. പാണ്ട പവര്‍ പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഊര്‍ജ്ജ പ്ലാന്റിന് 25 വര്‍ഷംകൊണ്ട് 3.2 കോടി കിലോവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് കമ്പനി പറയുന്നു. ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി വേണ്ടിവരുന്ന 10 ലക്ഷം ടണ്‍ കല്‍ക്കരി ഉപയോഗവും അതിലൂടെ 27.4 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളലും ഒഴിവാക്കാനും സാധിക്കും.

ഐക്യരാഷ്ട്ര സഭാ വികസന പരിപാടിയുമായി (യുഎന്‍ഡിപി) ചേര്‍ന്നാണ് പാണ്ട പവര്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നത്. പാണ്ടയുടെ രൂപത്തില്‍ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് നിരവധി പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ചൈന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Panda Green Energy