രിസ്ഥിതി സംരക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ പൈട്ടന്ന് ഓര്‍മവരുന്ന ഒരു കാര്യമാണ് വൈദ്യുതി ലാഭിക്കുക എന്നത്. പണം ലാഭിച്ചുകൊണ്ട് പാരമ്പര്യേതര രീതിയില്‍ വൈദ്യുതി സൃഷ്ടിക്കുക എന്നത് വലിയ പ്രയാസമാണ്. പ്രത്യേകിച്ചും സൗരോര്‍ജത്തില്‍ നിന്നുള്ള വിദ്യുച്ഛക്തി നിര്‍മാണം. 

പണം ഒരു പ്രശ്‌നമല്ല എന്ന് കരുതിയാല്‍ത്തന്നെ അടുത്ത വലിയ പ്രശ്‌നം അതിനാവശ്യമായ സ്ഥലമാണ്. സോളാര്‍ പാനലുകള്‍ വയ്ക്കുന്നതിന് ധാരാളം സ്ഥലം ആവശ്യമാണെന്നു മാത്രമല്ല ഇത് കെട്ടിടത്തിന്റെ ഭംഗിയെ ബാധിക്കുകയും ചെയ്യും. കെട്ടിടത്തിന് മുകളില്‍ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുക എന്നതാണ് ഇന്നത്തെ ഒരു രീതി. ഇതിനും പരിമിതികള്‍ ഉണ്ട്. 

ഇതെല്ലാം കണക്കിലെടുത്തു കൊണ്ട് ടെസ്ല എന്ന കമ്പനി സോളാര്‍ സിറ്റി എന്നൊരു കമ്പനിയുമായി ചേര്‍ന്നു (അടുത്ത കൊല്ലം സോളാര്‍ സിറ്റിയെ ടെസ്ല ഏറ്റെടുക്കുകയാണ്). മേല്‍ക്കൂര തന്നെ സൗരോര്‍ജ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിധത്തില്‍ നിര്‍മിക്കുക എന്ന ആശയം നടപ്പില്‍ വരുത്തി. വളരെ കാഠിന്യമേറിയ വിധത്തില്‍ കണ്ണാടികൊണ്ട് പാനലുകള്‍ ഉണ്ടാക്കി അതിനുള്ളില്‍ സോളാര്‍ സെല്ലുകള്‍ വയ്ക്കുക എന്നതാണ് നിര്‍മാണ വിദ്യ. 

ഇതോടെ മേല്‍ക്കൂര നിര്‍മാണത്തിന് ഈ കണ്ണാടി ഉപയോഗിച്ചാല്‍ ഇതില്‍ നിന്നും സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും. ഏത് കാലാവസ്ഥയേയും ചെറുക്കാനും സാധാരണ റൂഫിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലെ തന്നെ ഉറപ്പുള്ളതുമാണിവ. ചെറിയ ടൈലുകളുടെ രൂപത്തില്‍ ആയതിനാലും നിറമുള്ള ലൂവര്‍ ഫിലിമുകളുടെ ഒരു പാളി ഉള്ളതിനാലും പല നിറത്തില്‍ ഇവ സൃഷ്ടിക്കാന്‍ കഴിയും. 

പുറത്തു നിന്നും നോക്കുന്ന ഒരാള്‍ക്ക് സോളാര്‍ സെല്ലുകള്‍ ദൃശ്യമാകില്ല. അന്‍പത് വര്‍ഷം വരെ കേടുപാടുകള്‍ ഉണ്ടാകില്ല എന്ന് ഇരു കമ്പനികളും പറയുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യം തന്നെ ഇത് മാര്‍ക്കറ്റില്‍ എത്തും. മനുഷ്യരാശിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന 2016 ലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി ഇതിനെ തിരഞ്ഞെടുത്തിരുന്നു.