യുണൈറ്റഡ് നേഷന്‍സ്: ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഈ വിഭാഗത്തില്‍ മോദിക്കൊപ്പം ബഹുമതിക്കായി തിരഞ്ഞെടുത്തതായി യുഎന്‍ പരിസ്ഥിതി വിഭാഗം (യുഎന്‍ഇപി) വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പുരസ്‌കാരമുണ്ട്. പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളം എന്ന നിലയിലാണ് പുരസ്‌കാരം.

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സു (ഐഎസ്എ)മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് പോളിസി ലീഡര്‍ഷിപ് വിഭാഗത്തില്‍ മോദിയെയും മാക്രോണിനെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 2015ലെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് തുടക്കംകുറിച്ചതാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്. സൗരോര്‍ജ്ജ ഉപയോഗം ലോകവ്യാപകമാക്കുന്നതിനും പ്രചാരം നല്‍കുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ് ഈ ഉദ്യമം. 2022ഓടെ പ്ലാസ്റ്റിക്കിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതികൂടി പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് രാഷ്ട്രത്തലവന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്നതാണ് 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' പുരസ്‌കാരം. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ വിവിധ മേഖലകളിലായി 84 പേര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

Content Highlights: Modi, cochin International airport, UN Highest Environmental Award, Champions of the Earth