നീണ്ട രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് 2019 ഇല്‍ കേരളാ ഗവണ്‍മെന്റിന്റെ പുതിയ കെട്ടിട നിര്‍മ്മാണ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കെട്ടിടങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE) തയ്യാറാക്കിയ എനര്‍ജി കണ്‍സെര്‍വേഷന്‍ ബില്‍ഡിംഗ് കോഡിലെ (ECBC -2007) നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ കേരളത്തിലെ കെട്ടിടനിര്‍മ്മാണ നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ഇസിബിസിയിലെ നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് കെട്ടിടനിര്‍മ്മാണ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. ആന്ധ്ര പ്രദേശ്, തെലുങ്കാന, ഹരിയാന, പഞ്ചാബ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

കേരളാ ഗവണ്‍മെന്റിന്റെ പല ഊര്‍ജ്ജസംരക്ഷണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്ന എനര്‍ജി മാനേജ്മന്റ് സെന്റര്‍ (EMC കേരള) ആണ് കേരളത്തിലെ കെട്ടിടനിര്‍മ്മാണ രീതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇസിബിസിയിലെ നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാനും ഉള്‍ക്കൊള്ളിക്കുവാനും  കേരളാ ഗവണ്മെന്റിനെ സഹായിച്ചത്. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഫലമായി 2017-ല്‍ കേരളാ സ്റ്റേറ്റ് എനര്‍ജി കണ്‍സെര്‍വേഷന്‍ ബില്‍ഡിംഗ് കോഡ് നിലവില്‍ വന്നു (KSECBC 2017 ). നിലവില്‍ ഈ നിയമം 100 കിലോ വാട്ട് അല്ലെങ്കില്‍ അതിനു മുകളില്‍ കണക്ടഡ് ലോഡ് ഉള്ള കെട്ടിടങ്ങള്‍ക്കു (വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവ) മാത്രമേ ബാധകമാവുകയുള്ളൂ. ആശുപത്രികള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, തീയേറ്ററുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍ മുതലായവയാണ് ഈ വിഭാഗത്തില്‍  വരുന്നത്.

എന്താണ് എനര്‍ജി കോണ്‍സെര്‍വഷന്‍ ബില്‍ഡിംഗ് കോഡ് ?

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നിര്‍മ്മാണശൈലികൊണ്ടും ഡിസൈന്‍ മേന്മകൊണ്ടും അത്യന്തം ഊര്‍ജക്ഷമത കൈവരിക്കുകയും കെട്ടിടത്തിന്റെ നിത്യോപയോഗത്തിന് ആവശ്യമായ വൈദ്യുതി  പാരമ്പര്യേതര ഊര്‍ജ സ്‌ത്രോതസ്സില്‍ (സൗരോര്‍ജ്ജം പോലുള്ളവ) നിന്നും കണ്ടെത്തുകയും ചെയ്യുന്ന കെട്ടിടങ്ങളെ ആണ് ഊര്‍ജക്ഷമതയുള്ള കെട്ടിടങ്ങളായി വിലയിരുത്തുന്നത്. അത്തരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു മാര്‍ഗ രേഖ ആണ് KSECBC 2017.

building

കെട്ടിടത്തില്‍ ഉപയോഗിക്കുന്ന എല്ലാ വൈദ്യുതി ഉപകരണങ്ങള്‍ക്കും (ലൈറ്റ്, ഫാന്‍, എയര്‍ കണ്ടിഷനറുകള്‍ മുതലായവ) ഒരു നിശ്ചിത നിലവാരത്തിലുള്ള ഊര്‍ജക്ഷമത ഉറപ്പുവരുത്തുവാനും കോഡ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. പാരമ്പര്യ നിര്‍മ്മാണ ശൈലിയുള്ള കെട്ടിടങ്ങളെ അപേക്ഷിച്ചു കോഡിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ച ഒരു കെട്ടിടത്തിന്റെ വൈദ്യുതി ഉപഭോഗം 30 മുതല്‍ 40 ശതമാനം വരെ കുറവായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈയിടെയായി കേരളം അഭിമുകീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, ഭാവിയില്‍ സുസ്ഥിരവും ഊര്‍ജ്ജക്ഷമവുമായ കെട്ടിടങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്ന ബോധ്യമാണ് കേരള ഗവണ്‍മെന്റിന് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രേരണയായത്. 

എന്തുകൊണ്ട് വാണിജ്യ കെട്ടിടങ്ങള്‍ മാത്രം?

വാണിജ്യ ഉപയോഗത്തിനുള്ള കെട്ടിടങ്ങള്‍ താരതമ്യേന കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവയാണ്. കേന്ദ്ര വൈദ്യുതി ആതോറിറ്റിയുടെ (CEA) 19-ാമത് പവര്‍ സര്‍വ്വേ പ്രകാരം സംസ്ഥാനത്തെ 17% വൈദ്യുതി ഉപഭോഗം വാണിജ്യ കെട്ടിടങ്ങള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. അതേസമയം, കേരള ഇക്കണോമിക് സര്‍വ്വേ പ്രകാരം 2018-നെ അപേക്ഷിച്ച് 2026-ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളുടെ വൈദ്യുതി ഉപയോഗത്തില്‍ 74% വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ, 2023 ഓടെ കേരളത്തിന് 216 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും എന്നാണ് കണക്ക്. മാത്രമല്ല, ഇത്രയും അധികവൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ഊര്‍ജനിലയങ്ങള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കുക വഴി, ഏകദേശം 850 കോടി രൂപയ്ക്കു തത്തുല്യമായ  നേട്ടമാണ്  ഈ ഒരു തീരുമാനത്തിലൂടെ കേരളത്തിന് കൈവരാന്‍ പോകുന്നത്.

പുതിയ രീതി എങ്ങനെ പ്രാബല്യത്തിലാവും?

പുതിയ കെട്ടിടനിര്‍മ്മാണ ഭേദഗതിയിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഇനി മുതല്‍ കെട്ടിടത്തിന്റെ ഉടമസ്ഥന് കെട്ടിടം പണിയാനുള്ള പെര്‍മിറ്റ് ലഭ്യമാവുന്നതിന് വേണ്ടി, മറ്റ് അവശ്യ രേഖകള്‍ക്കൊപ്പം KSECBC യില്‍ നിര്‍ദേശിച്ചട്ടുള്ള എല്ലാ ഫോമുകളും ചെക്ക്‌ലിസ്റ്റുകളും പൂരിപ്പിച്ച്, പണിയാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് ഉറപ്പാക്കിക്കൊണ്ട്  ഒരു അംഗീകൃത എനര്‍ജി ഓഡിറ്ററിനെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന്, അവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. 30 ദിവസത്തിനകം എനര്‍ജി മാനേജ്മന്റ് സെന്റര്‍ ഈ രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. തുടര്‍ന്ന്, ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ഉടമസ്ഥന്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം, കെട്ടിടം KSECBC യിലെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കി ഒരു അംഗീകൃത എനര്‍ജി ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ രേഖ മറ്റു അവശ്യ രേഖകള്‍ക്കൊപ്പം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുകയും വേണം. 

building

കേരള ഗവണ്‍മെന്റ് പുതിയ കെട്ടിട നിര്‍മ്മാണ നിയമത്തില്‍ (KMBR), KSECBC ഉള്‍ക്കൊള്ളിക്കാന്‍ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ, ഫലപ്രദവും കുറ്റമറ്റതുമായ രീതിയില്‍ നിയമം നടപ്പിലാക്കുവാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും പൊതുജനങ്ങളില്‍ ഊര്‍ജ്ജക്ഷമതയുടെ ഗുണങ്ങള്‍ സംബന്ധിച്ച് ഒരു പൂര്‍ണ അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. 

(ലേഖകര്‍, ബാംഗ്ലൂരില്‍ 'വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിട്യൂട്ടി' (WRI) ന്റെ എനര്‍ജി പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നവരാണ്)

 

Content Highlights: kerala state energy conservation building code