ഹരിപ്പാട്: അതിരപ്പിള്ളി പദ്ധതിക്ക് ബദലായേക്കാവുന്ന നിര്‍ദേശവുമായി എന്‍.ടി.പി.സി. കായംകുളം താപനിലയം രംഗത്ത്. 200 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതിയാണ് കായംകുളം എന്‍.ടി.പി.സി.യുടെ വാഗ്ദാനം. കുടിയൊഴിപ്പിക്കല്‍ വേണ്ട. സ്ഥലമെടുപ്പും നിലംനികത്തലും ആവശ്യമില്ല എന്നതെല്ലാം അനുകൂലഘടകങ്ങളാണ്.

1600 കോടി ചെലവ് കണക്കാക്കുന്ന അതിരപ്പിള്ളിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് 163 മെഗാവാട്ട് വൈദ്യുതിയാണ്. 400 ഹെക്ടര്‍ വനം മുങ്ങിപ്പോകും. 4000 ഹെക്ടര്‍ വനഭൂമിയെ ബാധിക്കുന്നതടക്കം പരിസ്ഥിതിപ്രശ്‌നങ്ങള്‍ വേറെ. ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാതെ അതിരപ്പിള്ളിയുടെ നാലിലൊന്ന് ചെലവുകൊണ്ടുമാത്രം യാഥാര്‍ഥ്യമാക്കാവുന്നതാണ് കായംകുളത്തെ പദ്ധതി.

കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങാന്‍ തയ്യാറായാല്‍ സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ എന്‍.ടി.പി.സി. സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായിട്ടില്ലെന്നു മാത്രം.

കായംകുളം താപനിലയത്തിന്റെ ഭാഗമായി 700 ഹെക്ടര്‍ വെള്ളക്കെട്ടുണ്ട്. ഇതും നിലയത്തിലെ ടൗണ്‍ഷിപ്പ്, അപ്രോച്ച് റോഡ് എന്നിവിടങ്ങളും പ്രയോജനപ്പെടുത്തിയാണ് സോളാര്‍ പദ്ധതി വരിക. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പ്ലാന്റ് ഇപ്പോള്‍ കായംകുളത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 100 കിലോവാട്ടാണ് ശേഷി. കഴിഞ്ഞ 10നാണ് കമ്മിഷന്‍ ചെയ്തത്.

സൗരോര്‍ജ പ്ലാന്റില്‍നിന്ന് യൂണിറ്റൊന്നിന് 2.25 രൂപ നിരക്കില്‍ വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശില്‍ റെയില്‍വേ, സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. അവിടെ യൂണിറ്റ് നിരക്ക് 2.59 രൂപയാണ്. കായംകുളത്ത് ഇതിലും കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടും. പദ്ധതിച്ചെലവ് കുറയുന്നതാണ് കാരണം.

നാഫ്ത ഇന്ധനമാക്കുന്ന നിലവിലെ 350 മെഗാവാട്ട് നിലയം ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. യൂണിറ്റിന് എട്ടുരൂപയ്ക്കടുത്ത് വിലയാകുന്നതിനാല്‍ കെ.എസ്.ഇ.ബി. ഈ വൈദ്യുതി വാങ്ങുന്നില്ല.

കായംകുളം സോളാര്‍ പദ്ധതിക്ക് കൂടുതല്‍ ജീവനക്കാരും അടിസ്ഥാനസൗകര്യവുമൊന്നും വേണ്ട. വൈദ്യുതിവിതരണത്തിന് കെ.എസ്.ഇ.ബി.യുടെ നാല് സബ്‌സ്റ്റേഷനുകളിലേക്ക് ലൈനും നിലവിലുണ്ട്. നിലവിലുള്ള നിലയം അതേപടി നിലനിര്‍ത്തി സോളാര്‍ പദ്ധതി നടപ്പാക്കാനാണ് എന്‍.ടി.പി.സി. ആലോചിക്കുന്നത്.
 

കായംകുളം സോളാര്‍ പദ്ധതി

*
ശേഷി- 200 മെഗാവാട്ട്
 
*ഏറ്റെടുക്കേണ്ട സ്ഥലം- വേണ്ട

*കുടിയൊഴിപ്പിക്കല്‍- വേണ്ട
 
*പരിസ്ഥിതിനാശം- ഇല്ല

*ചെലവ്- 400 കോടിയില്‍ താഴെ

 
അതിരപ്പിള്ളി പദ്ധതി


*ശേഷി- 163 മെഗാവാട്ട്
 
*ഏറ്റെടുക്കേണ്ട സ്ഥലം- 400 ഹെക്ടര്‍ വനഭൂമി

*കുടിയൊഴിപ്പിക്കല്‍- ആദിവാസികളടക്കം 234 കുടുംബങ്ങള്‍

*പരിസ്ഥിതിനാശം- ആവാസവ്യവസ്ഥയ്ക്ക് ഉണ്ടായേക്കാവുന്ന ആഘാതം പ്രവചനാതീതം

*ചെലവ് - 1600 കോടി