വയനാട്ടിൽ 250 കടുവകളെന്നത് അസംബന്ധം,കേരളത്തിൽ കാടിന്റെ ആരോഗ്യം പിന്നോട്ട് | പരമ്പര ഭാ​ഗം 02


എൻ. വി. ബാലകൃഷ്ണൻ

5 min read
Read later
Print
Share

2018ൽ വയനാട്ടിൽ 40 കടുവകളുണ്ടായിരുന്നത് നാലുവർഷം കൊണ്ട് 200 കടുവകളായി എന്ന് പറയുന്നത് അസംബന്ധം. പ്രായാധിക്യം, പരിക്കുകൾ, കാഴ്ചശക്തി മങ്ങൽ, പല്ല് നഷ്ടമാകൽ എന്നിവ നിമിത്തം വേട്ടയാടാൻ ബുദ്ധിമുട്ടുന്ന, ഭക്ഷണം കിട്ടാത്ത കടുവകളാണ് വളർത്തുമൃഗങ്ങളെ തേടിയിറങ്ങുക. 

പ്രതീകാത്മക ചിത്രം | ഫോട്ടോ:അനൂപ് മുത്തേരി | മാതൃഭൂമി

യനാട്ടിൽ മാത്രം 100 മുതൽ 250 വരെ കടുവകളുടെ 'കൃത്യം' കണക്കുകൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. എവിടെനിന്നാണ് ഈ 'സ്ഥിതിവിവരക്കണക്കു'കൾ വരുന്നത് എന്നറിയില്ല. ഇന്ത്യയിൽ അവസാനമായി നടന്ന കടുവസെൻസസ് 2018-ലായിരുന്നു. അതുപ്രകാരം ഇന്ത്യയിലാകെ 2967 കടുവകളാണുള്ളത്. അതിൽ 190 എണ്ണം കേരളത്തിലാണ്. കേരളത്തിൽ മിക്കവാറും കാടുകളിൽ കടുവയുടെ സാന്നിധ്യമുണ്ട്. പെരിയാർ, പറമ്പിക്കുളം മേഖലയിലെ കാടുകളെയാണ് കേരളത്തിൽ ടൈഗർ റിസർവായി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് വന്യജീവിസങ്കേതം ടൈഗർ റിസർവായി പ്രഖ്യാപിക്കാവുന്നതരത്തിൽ കടുവകളുടെ സാന്നിധ്യം കൂടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇന്ത്യയിൽ കടുവസംരക്ഷണപ്രവർത്തനങ്ങൾക്ക് സംഘടിതരൂപം കൈവന്ന 2006-ൽ ഇന്ത്യയിലാകെ 1411 കടുവകൾ മാത്രമാണുണ്ടായിരുന്നത് എന്നാണ് കണക്ക്. കേരളത്തിലത് 46 മാത്രമായിരുന്നു. ഇന്ത്യയിലാകെ ഇക്കാലയളവിൽ കടുവകളുടെ എണ്ണം ഇരട്ടിച്ചപ്പോൾ കേരളത്തിലത് നാലുമടങ്ങായി എന്നത് അഭിനന്ദനാർഹം തന്നെയാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

കടുവകളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് കേരളം

ഏറ്റവും കൂടുതൽ കടുവകളുള്ളത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവസാന്നിധ്യമുള്ളത് കേരളത്തിലൊന്നുമല്ല. മധ്യപ്രദേശ് (526), കർണാടക (524), ഉത്തരാഖണ്ഡ് (442) എന്നിങ്ങനെ വലിയ കടുവസാന്നിധ്യമുള്ള സംസ്ഥാനങ്ങളുണ്ട്. ഏഴാംസ്ഥാനത്താണ് കേരളം. ഈ കണക്കുകൾതന്നെ കൃത്യമാണെന്ന് പറയാനാവില്ല. വനത്തിൽ ക്യാമറ വെച്ച് 'ക്യാപ്ചർ, റീ ക്യാപ്ചർ' മെത്തേഡിലാണ് ഇന്ന് കടുവകളുടെ കണക്കെടുക്കുന്നത്. അത് ശാസ്ത്രീയ കണക്കെടുപ്പിനോട് വളരെ അടുത്തുനിൽക്കുന്നതാണ്. എന്നാൽ കൃത്യമാവണമെന്നില്ല. വയനാടിന്റെ വിവിധ മേഖലകളിൽ സ്ഥാപിച്ച ക്യാമറകളിൽ (ചില സ്വകാര്യ സംഘടനകൾ സ്ഥാപിച്ചതുൾപ്പെടെ) പതിഞ്ഞ കടുവകളുടെ എണ്ണമെടുത്ത് മൊത്തം കടുവകളുടെ എണ്ണം കണ്ടെത്താനാവില്ല. ഒരുദിവസംതന്നെ പല സ്ഥലങ്ങളിലെ പല ക്യാമറകളിൽ ഒരേ കടുവയുടെ ചിത്രം പതിഞ്ഞെന്നിരിക്കും. റീക്യാപ്ചറിങ് മെത്തേഡിലൂടെ ഇരട്ടിപ്പ് ഒഴിവാക്കണം. അതുപോലെ കടുവയുടെ പഗ് മാർക്ക്, ശരീരത്തിലെ വരകൾ എന്നിവയുടെ സവിശേഷതകൾ പരിശോധിക്കണം. ഇതൊക്കെ ശാസ്ത്രീയമായ കടുവസെൻസസിലേ സാധ്യമാകൂ.

അതായത് ശാസ്ത്രീയമായ ഡേറ്റ എന്ന നിലയിൽ പല സംഘടനകളും വ്യക്തികളുമൊക്കെ പ്രചരിപ്പിക്കുന്ന കണക്കുകൾ ആധികാരിക വിവരമല്ല. 2018-ൽ വയനാട്ടിൽ 40 കടുവകളുണ്ടായിരുന്നത് നാലുവർഷംകൊണ്ട് 200 കടുവകളായി എന്ന് പറയുന്നത് അസംബന്ധമാണ്. ആകെ 344 ചതുരശ്ര കിലോമീറ്റർ വനമാണ് വയനാട്ടിലുള്ളത്. 100 ചതുരശ്ര കിലോമീറ്ററിൽ 11.2 കടുവകൾ എന്നതാണ് ഇവിടെ കണക്കുകൂട്ടിയിട്ടുള്ള കടുവസാന്ദ്രത. കടുവകൾ ശരാശരി നാലുവർഷത്തിലൊരിക്കലാണ് പ്രസവിക്കുക. ഒരു പ്രസവത്തിൽ രണ്ടുമുതൽ നാലുവരെ കുഞ്ഞുങ്ങളുണ്ടാവും. അവയെല്ലാം അതിജീവിച്ച് വളരും എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാലും കേരളത്തിലാകെയിന്ന് മുന്നൂറിനും മുന്നുറ്റി അൻപതിനുമിടയിൽ കടുവകളേ ഉണ്ടാവാനിടയുള്ളൂ. പക്ഷേ, വയനാട്ടിൽ മാത്രം 250-ഓളം കടുവകളുണ്ടെന്ന് ചാനൽചർച്ചയിൽ 'ആധികാരികമായി' പലരും പ്രഖ്യാപിക്കുന്നു.

Also Read
Premium

ആനയും കാട്ടുപന്നിയും എണ്ണത്തിൽ കുറഞ്ഞു; ...

കടുവകളും വന്യജീവികളും സസ്യജന്തുജാലങ്ങളുമെല്ലാമുൾപ്പെട്ട ജൈവമണ്ഡലത്തിന് ഒരുമിച്ചേ നിലനില്പുള്ളൂ. 1875-നും 1925-നുമിടയിലെ 50 വർഷംകൊണ്ട് ഇന്ത്യയിൽ മാത്രം 80,000 കടുവകളെ നായാടിയും വേട്ടയാടിയും കൊന്നു. അതിനുമുൻപുള്ളതിന് മതിപ്പുകണക്കുപോലുമില്ല. കടുവകളുടെ ആവാസകേന്ദ്രങ്ങൾ 93 ശതമാനം ഈ കാലയളവിൽ നശിപ്പിക്കപ്പെട്ടു. താത്കാലികമായി കടുവകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും കാലാവസ്ഥാവ്യതിയാനം, മനുഷ്യരുടെ രീതികളിൽ വരുന്ന ആപത്കരമായ പ്രവണതകൾ എന്നിവ കണക്കിലെടുക്കുമ്പോൾ വരുന്ന 20 വർഷംകൊണ്ട് ലോകത്ത് കടുവകൾക്കാകെ വംശനാശം സംഭവിക്കാമെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (WWF) കൺസർവേഷൻരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൂന്നിനം കടുവകൾ ലോകത്തുനിന്ന് ഇതിനകം തിരോഭവിച്ചുകഴിഞ്ഞു.

Photo: AP

കടുവ സ്വതേ നരഭോജിയാണോ?

മനുഷ്യരെ കടുവകൾ ആക്രമിച്ച് ജീവഹാനിവരുത്തുന്നത് അങ്ങേയറ്റം വേദനാജനകംതന്നെയാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ എട്ടുപേരാണ് കടുവകളുടെ ആക്രമണത്തിൽ വയനാട്ടിൽ മരിച്ചത്. വാഹനാപകടങ്ങളിൽപെട്ട് മരിക്കുന്നതുൾപ്പെടെ അപകടങ്ങളിൽപെട്ട് കൊല്ലപ്പെടുന്നവരുടെ സംഖ്യയെടുത്താൽ ഇത് തീരേ ചെറുതായിരിക്കാം. കടുവകൾ പൊതുവേ മനുഷ്യരെ ആഹാരമാക്കുന്ന ജീവിയല്ല. അങ്ങനെയായിരുന്നെങ്കിൽ ദിനംപ്രതി ധാരാളം മനുഷ്യർ ഇവയുടെ ഭക്ഷണമാകുമായിരുന്നു. വർഷത്തിൽ 2000 കിലോ മാംസം ഒരു കടുവ ഭക്ഷിക്കും. ഭക്ഷണത്തിനുവേണ്ടിയല്ലാതെ ഒരു ജീവിയെയും ആക്രമിക്കുന്ന സ്വഭാവം, മനുഷ്യരെപ്പോലെ കടുവകൾക്കില്ല. നല്ലൊരു ഭക്ഷണം ഒത്തുകിട്ടിയാൽ പിന്നെ ഒരാഴ്ചത്തേക്ക് ഒന്നിനെയും വേട്ടയാടില്ല. കടുവയെ കണ്ട് ഭയന്നോടിയ മാൻകുട്ടി ശരീരത്തിൽ തട്ടി വീണിട്ടും ഒന്നും ചെയ്യാതെ തലയുയർത്തി നോക്കുക മാത്രം ചെയ്യുന്ന കടുവയെ വനത്തിൽവെച്ച് കണ്ടിട്ടുണ്ട്.

പ്രായാധിക്യം, പരിക്കുകൾ, കാഴ്ചശക്തി മങ്ങൽ, പല്ല് നഷ്ടമാകൽ എന്നിവ നിമിത്തം വേട്ടയാടാൻ ബുദ്ധിമുട്ടുന്ന, ഭക്ഷണം കിട്ടാത്ത കടുവകളാണ് വളർത്തുമൃഗങ്ങളെ തേടിയിറങ്ങുക.

ഒരുതരത്തിലും ഭക്ഷണം കിട്ടാതെവരുമ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ മനുഷ്യനെത്തന്നെ ഭക്ഷണമാക്കാൻ ചില കടുവകളെങ്കിലും മുതിരുന്നത്. വളർത്തുമൃഗങ്ങളെ ആക്രമിച്ചുകൊല്ലുന്ന കടുവകളെ മയക്കുവെടി വെച്ചോ കൂട് സ്ഥാപിച്ചോ പിടികൂടി ആവശ്യമായ ചികിത്സ നൽകിയശേഷം കാട്ടിലേക്കുതന്നെ തുറന്നുവിടാൻ സാധിച്ചേക്കും. പിടികൂടിയ കടുവകളെ കാട്ടിലേക്ക് തുറന്നുവിടരുത് എന്ന് ഗ്രാമവാസികൾ ശക്തമായി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. അവരുടെ ഭയമാണ് കാരണമെന്നും ഭയത്തിന് അടിസ്ഥാനമുണ്ടെന്നതും വസ്തുതയാണല്ലോ. ഒരു കടുവയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയായ ടെറിട്ടറിയിൽനിന്ന് ബലംപ്രയോഗിച്ച് മാറ്റുമ്പോൾ ആ പ്രദേശം പിന്നീട് കടുവയില്ലാത്ത ശൂന്യമായ പ്രദേശമായിമാറുകയല്ല ചെയ്യുക. ആ ടെറിട്ടറിയിലേക്ക് അതിനെക്കാൾ കുഴപ്പക്കാരായ ഒന്നിലധികം കടുവകൾ എത്താനും വളർത്തുമൃഗങ്ങൾ കൂടുതലായി ആക്രമിക്കപ്പെടാനുമൊക്കെ ഇടയാകുന്നതായി കണ്ടിട്ടുണ്ട്.

Photo: Gettyimages

വളരുന്നത് വനവിസ്തൃതിയാണോ?

'കേരളത്തിൽ കാട് വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ, കേരളത്തിന്റെ മൊത്തം ഭൂമിയുടെ 25 ശതമാനംമാത്രമാണ് കാടുണ്ടായിരുന്നത്. അതിപ്പോൾ, 29.10 ശതമാനമായി കൂടി. ഇന്ത്യയിൽത്തന്നെ കാടളവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഉപഗ്രഹചിത്രങ്ങൾ വെച്ച് പരിശോധിച്ചാൽ, കേരളത്തിന്റെ 75 ശതമാനത്തോളം കാടാണ് . വന്യമൃഗങ്ങളും ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇന്നത്തെ നിലയിൽ, കാട് മറ്റ് ആവശ്യങ്ങൾക്കുവേണ്ടി കുറെ ഭാഗം തരംമാറ്റിയാലോ വന്യമൃഗങ്ങളെ വേട്ടയാടിക്കൊന്നാലോ ഒന്നും പ്രശ്‌നമില്ല.' ചാനൽ ചർച്ചയിൽ ഇടതുപക്ഷത്തുനിന്ന് വികസനത്തിനുവേണ്ടി വാദിക്കുന്ന ഒരാളുയർത്തിയ വാദമുഖങ്ങളാണിത്. കേരളത്തിൽ ഒരു കാലത്ത്, 75-80 ശതമാനത്തോളം കാടായിരുന്നുവെന്നത് വസ്തുതയാണ്. അത് യഥാർഥ കാടുതന്നെയായിരുന്നു. പിന്നീട്, കാടിന്റെ വിസ്തൃതി 25 ശതമാനമായി കുറഞ്ഞുവെന്ന് പറയുന്നത് ഊഹിച്ചുപറയലാണ്. ശാസ്ത്രീയവിവരങ്ങളുടെ പിൻബലമൊന്നും അതിനില്ല. റവന്യൂ ഭൂമിയോ റവന്യൂ പുറമ്പോക്കോ ഒക്കെയായിരുന്ന സ്ഥലം, വനംവകുപ്പിന് വിട്ടുകിട്ടുന്നുണ്ട്. നേരത്തേയുള്ള ചില തോട്ടങ്ങൾ കാലാവധികഴിഞ്ഞ് ഒഴിപ്പിക്കുന്നുണ്ട്. ഇവയൊക്കെ വനംവകുപ്പിന്റെ കണക്കിലേക്ക് വരും. വനവിസ്തൃതി കണക്കിൽ കൂടും.

നേരത്തേയുള്ളതും ഇപ്പോഴുള്ളതുമായ സസ്യാവരണത്തിന്റെ കാര്യത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല. കാടിനകത്തെ ചില സെറ്റിൽമെന്റുകളൊക്കെ ഒഴിഞ്ഞുപോകുകയോ ഒഴിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. അവിടങ്ങളിലൊക്കെ യഥാർഥ കാട് രൂപപ്പെടാൻ, ഒരുപക്ഷേ നൂറ്റാണ്ടുകളെടുക്കും. അതായത്, കാടിന്റെ വിസ്തൃതി കൂടിയെന്നത് കേവലം കണക്കുകളിലാണ്; വസ്തുതയിലല്ല. ഉപഗ്രഹചിത്രങ്ങളിലൂടെ കാണുന്ന ട്രീകവർ, കാടാണെന്ന് വ്യാഖ്യാനിച്ചാണ് 75 ശതമാനംവരെ കാടുണ്ടെന്ന് പറയുന്നത്. അതും 59 ശതമാനമേ, വരൂ. പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടവും നമ്മുടെയൊക്കെ തൊടിയിലെ തെങ്ങിൻതോപ്പുകളുമുൾപ്പെടെയുള്ള വൃക്ഷാവരണത്തെയാണ് വനമെന്ന് വ്യാഖ്യാനിക്കുന്നത്. വനംവകുപ്പിന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച്, 11309.50 സ്‌ക്വയർ കിലോമീറ്ററാണ് വനവിസ്തൃതി. ഇതിൽ റിസർവ് വനം 9107.20 സ്‌ക്വയർ കിലോമീറ്ററാണ്. നിർദിഷ്ട റിസർവുകൾ 291.57 സ്‌ക്വയർ കിലോമീറ്ററും നിക്ഷിപ്തവനങ്ങളും പരിസ്ഥിതിദുർബലപ്രദേശങ്ങളും ചേർത്ത്, 1905.47 സ്‌ക്വയർ കിലോമീറ്ററും വരും. ഇതെല്ലാം ചേർത്താണ്, നാം പൊതുവേ വനപ്രദേശമെന്ന് പറയുന്നത്. റിസർവ് വനത്തിനകത്ത് തേക്ക്, അക്വേഷ്യ, യൂക്കാലി, ചായ, കാപ്പി, കുരുമുളക് തുടങ്ങി പലതരം തോട്ടങ്ങളുണ്ട്. വനമെന്ന നിർവചനത്തിനകത്ത് ഒരിക്കലും വരാൻപാടില്ലാത്ത ഏകവിളത്തോട്ടങ്ങളാണിവ. റിസർവ് വനത്തിന്റെ 25 ശതമാനത്തോളം ഇത്തരം തോട്ടങ്ങളാണ്. അതുകൂടി കൂട്ടിയാണ്, നാം വനവിസ്തൃതി കണക്കാക്കിയത്.

ഇന്ത്യൻ ശരാശരിയെടുത്താൽ, 22 ശതമാനമാണ് വനമേഖല. കേരളത്തിലത് 29 ശതമാനമാണ്. അതുകൊണ്ട്, നാം കേമന്മാരാണെന്നൊക്കെ പറയുന്നത് വസ്തുനിഷ്ഠമായ ഒരു വിശകലനമാവില്ല. കാടിന്റെ രൂപവത്കരണവും നാശവും പ്രാഥമികമായി ഒരു ജൈവപ്രതിഭാസമാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും അതിൽ പ്രധാനഘടകമാണ്. ആമസോൺ കാടുകൾപോലെയല്ല, ഹിമാലയൻ കാടുകൾ. എല്ലായിടത്തും കാട് വളരണമെന്നില്ല. എല്ലായിടത്തും കാട് ഒരുപോലെയായിരിക്കുകയുമില്ല.

കേന്ദ്ര വനംവകുപ്പിന്റെ തരംതിരിവനുസരിച്ച് പതിനാറുതരം കാടുകൾ ഇന്ത്യയിലുണ്ട്. ഭൂമധ്യരേഖാപ്രദേശങ്ങളിലെ ഉഷ്ണമേഖലാവനങ്ങളാണ് ഇതിൽ പ്രധാനം. ഒരു സ്‌ക്വയർ കിലോമീറ്റർ വനം മാനദണ്ഡമനുസരിച്ച്, അതിനുള്ളിലെ സസ്യാവരണം, ഈർപ്പം, സൂഷ്മജീവികളുടെ അളവ്, സസ്യജന്തുജാലങ്ങളുടെ എണ്ണവും ആരോഗ്യവും, കാർബൺ ആഗിരണം എന്നിങ്ങനെയുള്ള സൂചകങ്ങൾവെച്ച് പരിശോധിച്ചാൽ, കേരളത്തിലും കാടിന്റെ ആരോഗ്യം പിന്നോട്ടാണ് സഞ്ചരിക്കുന്നത്. എഴുനൂറ് സ്‌ക്വയർ കിലോമീറ്റർ കണ്ടൽ വനങ്ങളുണ്ടായിരുന്ന കേരളത്തിൽ പതിനേഴ് സ്‌ക്വയർ കിലോമീറ്റർമാത്രമാണ് ഇന്നവശേഷിക്കുന്നത്. പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ള കണ്ടൽ വനങ്ങൾ സമീപകാലത്താണ് വൻതോതിൽ വെട്ടിനശിപ്പിച്ച് നികത്തിയെടുത്ത് ടൂറിസ്റ്റ് റിസോർട്ടുകളും മറ്റും പണിതത്.

(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഫെബ്രുവരി 2023 ഫെബ്രുവരി 26 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: wayanad have 100-250 tigers, most abundant in madhyapradesh

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Takahe
Premium

3 min

വംശനാശത്തിന്‌ ഒരു നൂറ്റാണ്ടിനിപ്പുറം രാജകീയ വരവറിയിച്ച് ന്യൂസിലാന്‍ഡിന്റെ താകഹെ | Nature Future

Sep 13, 2023


gaur
Premium

6 min

കാട്ടെരുമകളില്‍ ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം

Jul 11, 2023


M R Hari
Premium

4 min

കുടുംബസ്വത്ത് വിറ്റു, മൊട്ടക്കുന്ന് വാങ്ങി വനമാക്കി; ഹരിയുടെ മിയാവാക്കി മാതൃക | Green warriors

Jul 1, 2023


Most Commented