കാടിന്റെ ആരോഗ്യം കാടുതന്നെ കാത്തോളും | പരമ്പര ഭാ​ഗം 03


എൻ. വി. ബാലകൃഷ്ണൻ

4 min read
Read later
Print
Share

കാടിന്റെ ആരോഗ്യം കാക്കുന്നതിനുള്ള മുന്നുപാധി, വനത്തിനകത്തുള്ള മനുഷ്യന്റെ ഇടപെടൽ സാധ്യമാകുന്നിടത്തോളം കുറയ്ക്കുകതന്നെയാണ്

പറമ്പിക്കുളം കടുവ സങ്കേതം, കടുവ | ഫോട്ടോ:മാതൃഭൂമി

കേരളത്തിന് അറുപതു വയസ്സ് കഴിഞ്ഞിട്ടും നമുക്കിതുവരെ ഒരു ഭൂവിനിയോഗ നിയമം നിർമിക്കാൻ സാധിച്ചിട്ടില്ല. കാലാകാലമായി ഭരണം നടത്തിയവർ അതിന് സമ്മതിച്ചിട്ടില്ല. ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് ഭൂവിനിയോഗ നിയമം. എവിടെ വീടുവയ്ക്കാം, എവിടെ പാടില്ല. ഫാക്ടറികൾ എന്തൊക്കെ, എവിടെയൊക്കെയാവാം. എവിടെ, എന്തൊക്കെ, എങ്ങനെയൊക്കെയുള്ള കൃഷികളാവാം. ചരിവുകളിൽ കൃഷി ചെയ്യാവുന്ന വിളകളെന്ത്? എവിടെയൊക്കെ റിസോർട്ട് പണിയാം, എവിടെ പാടില്ല. റോഡുകൾ, അണക്കെട്ടുകൾ, തടയണകൾ, ക്വാറികൾ, ഖനികൾ, ടൂറിസം ഡെസ്റ്റിനേഷനുകൾ എന്നിവ എവിടെയൊക്കെ, എങ്ങനെയൊക്കെയാവാം. ഇക്കാര്യങ്ങളൊക്കെ നിശ്ചയിക്കാനാണ് ഭൂവിനിയോഗനയവും നിയമവും ആവശ്യമായിവരുന്നത്. ഇത്തരം നയവും നിയമവും പ്രാബല്യത്തിൽ വരുന്നതോടെ, കാര്യങ്ങൾക്ക് അടുക്കും ചിട്ടയും വരും. കോർപ്പറേറ്റുകൾക്കും നിക്ഷിപ്തതാത്പര്യക്കാർക്കും യഥേഷ്ടം പ്രവർത്തിക്കാനാവില്ല. അതുകൊണ്ടാണോ അത്തരം നിയമനിർമാണത്തിന് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ വിമുഖരാവുന്നതെന്ന് സംശയിക്കണം. അതുകൊണ്ടാണ്, ഗ്രാമസഭകൾ ചർച്ചചെയ്തും തദ്ദേശഭരണ സ്ഥാപനങ്ങൾ നിയമനിർമാണം നടത്തിയും ആദിവാസികളെയും ദരിദ്രകർഷകരെയും വിശ്വാസത്തിലെടുത്തും പശ്ചിമഘട്ട സംരക്ഷണപദ്ധതി നടപ്പാക്കണമെന്ന നിർദേശംവെച്ച മാധവ് ഗാഡ്ഗിലിനെ രാഷ്ട്രീയപാർട്ടികളും പള്ളിയും മാധ്യമങ്ങളുമൊക്കെ ഒരുമിച്ച് പടികടത്തിവിട്ടത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഫോട്ടോ: മാതൃഭൂമി

ജനവാസകേന്ദ്രത്തിൽനിന്ന് ക്വാറികളിലേക്കുള്ള ദൂരം ഇന്ത്യയിൽത്തന്നെ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ആറായിരത്തിലധികം ക്വാറികളാണ് പശ്ചിമഘട്ടമലനിരകളിൽ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെ നിത്യസംഭവമാകുന്നത്. ഇത് പറഞ്ഞാൽ, ഉടനെ വരുന്ന മറുചോദ്യമുണ്ട്. വികസനത്തിന് പാറ വേണ്ടേ? നിങ്ങൾ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ വീട്ടിലല്ലേ താമസിക്കുന്നത്? പാറ പൊട്ടിക്കരുതെന്നോ ഖനനം പാടില്ലെന്നോ ഒന്നും യാഥാർഥ്യബോധമുള്ളവർ പറയില്ല. പക്ഷേ, എവിടെ, എങ്ങനെ, എത്ര വെച്ച് എന്നൊക്കെ വ്യവസ്ഥയുണ്ടാവണം. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സഹകരണസംഘങ്ങൾ സ്ഥാപിച്ച്, അവയുടെ നേതൃത്വത്തിൽ സാധാരണമനുഷ്യരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി, തൊഴിലാളികൾക്ക് മിനിമം ജോലിയും കൂലിയും ഉറപ്പുവരുത്തി, ക്വാറികളുടെയും മറ്റും നടത്തിപ്പ് ക്രമീകരിക്കാവുന്നതേയുള്ളൂ. അപ്പോഴത് കോർപ്പറേറ്റുകളുടെ താത്പര്യങ്ങൾക്ക് അനുഗുണമാവണമെന്നില്ല. അറുപതുകളോടെ പ്രഖ്യാപിതകുടിയേറ്റം ഏറക്കുറെ അവസാനിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ, ഇതുവരെ ഭൂമിയുടെമേലുള്ള ഉടമസ്ഥാവകാശം തീർപ്പാക്കി, മലയോരത്തെ കുടിയേറ്റകർഷകന് പട്ടയം നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല.

വനാവകാശനിയമം അതിന്റെ സത്തയിൽ ഇനിയും നടപ്പാക്കാത്ത സംസ്ഥാനമാണ് കേരളം.

എല്ലാ സർക്കാരുകളുടെയും പ്രധാന ആഘോഷങ്ങളിലൊന്ന് പട്ടയമേളകൾ സംഘടിപ്പിക്കലാണ്. ഇനിയെത്ര കാലം ഇത് തുടരേണ്ടിവരുമെന്ന് ആർക്കും പറയാനാവില്ല. ദുരിതജീവിതത്തിനിടയിൽ മലയോരത്തേക്ക് കുടിയേറിയ ദരിദ്രകർഷകന്റെ ന്യായമായ അവകാശമാണ്, അവന്റെ കൈവശഭൂമിക്ക് സ്ഥിരാവകാശരേഖയായ പട്ടയം ലഭിക്കുകയെന്നത്. അത് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിന്റെ പിന്നിൽ ചില നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. തൊണ്ണൂറുകൾക്കുശേഷം പശ്ചിമഘട്ടത്തിലെ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറി, റിസോർട്ടുകളും ക്വാറികളും തോട്ടങ്ങളുമൊക്കെ സ്ഥാപിച്ച പുത്തൻ സമ്പന്നവർഗത്തിന്, കൈയേറ്റഭൂമിക്കുമേൽ സ്ഥിരാവകാശം ലഭിക്കണം. കുടിയേറ്റകർഷകനെ പരിചയാക്കി, കുടിയേറ്റവും കൈയേറ്റവും ഒരുമിച്ച് കൈകാര്യംചെയ്യണം. കുടിയേറ്റകർഷകന്റെ പട്ടയമെന്ന അവകാശത്തിന്റെ മറവിൽ, കൈയേറ്റക്കാരനും സ്ഥിരാവകാശം നൽകണം. ഇതേപോലെത്തന്നെയാണ് ആദിവാസികളുടെ ഭൂപ്രശ്‌നവും. ആദിവാസികൾ കാട് സംരക്ഷിക്കുന്നതല്ലാതെ, വന ആവാസവ്യവസ്ഥയ്ക്ക് ഒരു ദോഷവും ചെയ്യുന്നവരല്ല. ആദിവാസികളുടെ ഭൂമി തട്ടിയെടുത്തവരാണ് കൈയേറ്റക്കാർ. കൈയേറ്റക്കാർക്ക് സംരക്ഷണമൊരുക്കാൻ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ഇടതുപക്ഷമാണ് നിയമം കൊണ്ടുവന്നത്. നിയമസഭയിൽ ഗൗരിയമ്മമാത്രമേ, എതിർക്കാനുണ്ടായിരുന്നുള്ളൂ. ആദിവാസികളുടെ വനാവകാശനിയമം അതിന്റെ സത്തയിൽ ഇനിയും നടപ്പാക്കാത്ത സംസ്ഥാനമാണ് കേരളം.

കാടിന്റെ ആരോഗ്യം കാടുതന്നെ കാത്തോളും

കാടിന്റെ ആരോഗ്യം കാക്കുന്നതിനുള്ള മുന്നുപാധി, വനത്തിനകത്തുള്ള മനുഷ്യന്റെ ഇടപെടൽ സാധ്യമാകുന്നിടത്തോളം കുറയ്ക്കുകതന്നെയാണ്. കൃഷിക്കാരെ തെറ്റിദ്ധരിപ്പിച്ചാണ്, അവരെ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ടിനെതിരേ അണിനിരത്തിയത് എന്നപോലെ, വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയെ കടുവാസംരക്ഷണ കേന്ദ്രമാക്കുന്നതിനെയും എതിർക്കുന്നത് നിക്ഷിപ്തതാത്പര്യക്കാരാണ്. ടൈഗർ റിസർവ് വന്നാൽ, കടുവകൾ നാട്ടിലാകെ തേരാപാരാ നടക്കും, ആറു മണിക്കു ശേഷം ലൈറ്റ് തെളിക്കാൻ അനുമതിയുണ്ടാവില്ല, വീടുകൾക്ക് പച്ച പെയിന്റുമാത്രമേ അടിക്കാൻ കഴിയൂ, സ്‌കൂളുകളും ആശുപത്രികളും അടയ്ക്കുമെന്നൊക്കെയാണ് പ്രചാരണം. പക്ഷേ, ഇതൊന്നും വസ്തുതകളുമായി ബന്ധമുള്ളവയല്ല. യഥാർഥത്തിൽ കടുവാസങ്കേതമായി പ്രഖ്യാപിച്ചാൽ, കൃഷിക്കാരനും താമസക്കാർക്കും ഇന്നത്തെക്കാൾ സൗകര്യങ്ങൾ ലഭിക്കുകയാണ് ചെയ്യുക. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ ഫെൻസിങ്, കിടങ്ങുകൾ എന്നിവ നിർമിക്കൽ, വന്യമൃഗങ്ങളെ നിരീക്ഷിക്കൽ, അപകടകാരികളെ നിയന്ത്രിക്കൽ എന്നിവയ്‌ക്കെല്ലാം ഇന്നുള്ളതിനെക്കാൾ അവസരങ്ങളുണ്ടാവും. പെരിയാർ ടൈഗർ റിസർവിലോ പറമ്പിക്കുളം ടൈഗർ റിസർവിലോ തൊട്ടപ്പുറം നാഗർഹോളെ, ബന്ദിപ്പുർ കടുവാസങ്കേതങ്ങളിലോ പോയാൽ, ആർക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.

കർഷകരെ മോശക്കാരായി അവതരിപ്പിക്കുന്നതാര്?

മലയോരകർഷകരുടെ ശത്രു, കാടും കാട്ടുമൃഗങ്ങളും വനംവകുപ്പും പരിസ്ഥിതിവാദികളുമാണ് എന്നനിലയിലുള്ള പ്രചാരണം ആസൂത്രിതമായി നടത്തുന്നതാണ്. ഈ വാദഗതി ശരിയാണെങ്കിൽ, മലയോരമേഖലയിലൊഴികെ മറ്റെല്ലായിടത്തും കൃഷി ലാഭകരമായി നടക്കുകയും കൃഷിക്കാർ സംതൃപ്തരായി ജീവിക്കുകയും വേണം. അതല്ല, അനുഭവം. ഇന്ത്യ ഒരു കാർഷികരാജ്യമാണെന്നും ജനസംഖ്യയുടെ മഹാഭൂരിപക്ഷം കാർഷികമേഖലയിൽ പണിയെടുക്കുന്നവരാണെന്നുമൊക്കെ, നാം കാര്യമറിയാതെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. വസ്തുതകളുമായി ഇതിന് വലിയ ബന്ധമൊന്നുമില്ല. കോടിക്കണക്കിന് മനുഷ്യർക്ക് കാർഷികവൃത്തിയിലേർപ്പെടാനുള്ള ഒരവസരവും ഇന്ത്യയുടെ കാർഷികമേഖലയിൽ ഇന്നില്ല. ഉപജീവനത്തിന് മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട്, നാട്ടിൻപുറത്ത് അടിഞ്ഞുകൂടുന്ന ജനങ്ങളെ, നാം കർഷകഗണത്തിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവരിൽ വലിയൊരു ഭാഗം വിശേഷിച്ച് ജോലിയില്ലാതെ, വരുമാനമില്ലാതെ, ഉപജീവനോപാധികളൊന്നുമില്ലാതെ, നരകജീവിതം നയിച്ച്, നശിച്ചുപോകുകയാണ് സംഭവിക്കുന്നത്.

സാങ്കേതികവിദ്യകൾ വികസിക്കുന്നതിനനുസരിച്ച് കാർഷികമേഖലയിൽ മനുഷ്യാധ്വാനം ലഘൂകരിക്കപ്പെടും. ഉത്പാദനം പതിന്മടങ്ങ് വർധിക്കും. കാർഷികമിച്ചം കുന്നുകൂടും. ഇത് തട്ടിയെടുക്കാനാണ് കോർപ്പറേറ്റുകൾ കാർഷികമേഖലയിൽ തമ്പടിക്കുന്നത്. കോർപ്പറേറ്റുകൾക്കനുകൂലമായ നിയമനിർമാണമാണ് ഭരണകൂടങ്ങൾ നടപ്പിൽ വരുത്തുന്നത്. ഇത് സ്വാഭാവികമായും നാട്ടിൻപുറത്തെ പരമ്പരാഗതവർഗങ്ങളും കോർപ്പറേറ്റുകളും തമ്മിലുള്ള സംഘർഷത്തിനിടയാക്കും. ഇതാണ്, ഇന്ത്യയുടെ ചരിത്രത്തെത്തന്നെ പിടിച്ചുലച്ച വലിയ കർഷകസമരത്തിന് കാരണമായത്. 'കോർപ്പറേറ്റ് കൃഷി വേണ്ട; പരമ്പരാഗതകൃഷി മതി' എന്നാണ് സമരത്തിലേർപ്പെട്ട മിക്കവാറും കർഷകസംഘടനകൾ മുന്നോട്ടുവെച്ച മുദ്രാവാക്യം. പക്ഷേ, അത് പ്രായോഗികമല്ല. മറ്റെല്ലാ മേഖലകളെയുംപോലെ കാർഷികമേഖലയും നിരന്തരം വികസിച്ചേ, മതിയാകൂ. പുതിയ ഉത്പാദനരീതികളിലേക്ക് കൃഷിയെ വികസിപ്പിച്ചുകൊണ്ടുമാത്രമേ, സമൂഹത്തിന് മുന്നോട്ടുപോകാൻ കഴിയൂ. ഇത് തിരിച്ചറിഞ്ഞ്, യഥാർഥ പുരോഗതിയുടെ രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കേണ്ടത് ഇന്ത്യൻ ഇടതുപക്ഷമായിരുന്നു. സമരം ചെയ്യുന്ന കർഷകരോടൊപ്പം ചേർന്നുനിന്ന്, കോർപ്പറേറ്റ് കൃഷിരീതിയെ എതിർത്തത് ശരിയായ നിലപാടുതന്നെ.

പക്ഷേ, പഴയ ഉത്പാദനരീതികളും ഉത്പാദനബന്ധങ്ങളും അതേപോലെ ഇനിയും തുടരാനാവില്ലെന്ന് മനസ്സിലാക്കി, കോർപ്പറേറ്റ് കൃഷിരീതികൾക്കും ഉത്പാദനബന്ധങ്ങൾക്കും ബദലായ ജനകീയ ഉത്പാദനപരിപ്രേക്ഷ്യം മുന്നോട്ടുവെച്ച്, അതിന് പിന്നിൽ കൃഷിക്കാരെ അണിനിരത്താനാണ് ഇന്ത്യൻ ഇടതുപക്ഷം ശ്രമിക്കേണ്ടിയിരുന്നത്. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളുപയോഗിച്ച്, ഉയർന്നതോതിലുള്ള ഉത്പാദനവും ഉത്പാദനമിച്ചവുമുണ്ടാക്കുന്ന കർഷകരുടെ ഉത്പാദകസഹകരണസംഘങ്ങൾ സ്ഥാപിക്കാനായിരുന്നു ഇടതുപക്ഷം മുൻകൈയെടുക്കേണ്ടിയിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, കാർഷികമേഖലയിൽ കുമിഞ്ഞുകൂടുന്ന ഉത്പാദനമിച്ചം കവർന്നെടുക്കാൻ കോർപ്പറേറ്റ് ഭീമന്മാർക്ക് കഴിയുമായിരുന്നില്ല. പകരം, ആ മിച്ചമുപയോഗിച്ച് നാട്ടിൻപുറങ്ങളിൽ കാർഷികോത്പന്നങ്ങളെ അസംസ്‌കൃതവസ്തുക്കളാക്കി, മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന കാർഷിക-വ്യാവസായിക-ഉത്പാദക സഹകരണസംഘങ്ങൾ വളർത്തിയെടുക്കാനും കഴിയുമായിരുന്നു. കാർഷികമേഖലയിൽ അധികം വരുന്ന മനുഷ്യവിഭവശേഷിയെ ഉപയോഗിക്കാനും ഗ്രാമീണമേഖലയിൽ വിശേഷിച്ചൊന്നും ചെയ്യാനില്ലാതെ ചത്തുകെട്ട്, ചീഞ്ഞുപോകുന്ന മനുഷ്യർക്ക് പുതുജീവൻ നൽകാനും ഇതുവഴി കഴിയുമായിരുന്നു.

അവസാനിച്ചു

(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഫെബ്രുവരി 2023 ഫെബ്രുവരി 26 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Vested interests oppose making the tiger a sanctuary

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Christmas Island Frigatebird
Premium

2 min

മറ്റുള്ള പക്ഷികളില്‍നിന്ന് ഇരയെ തട്ടിയെടുക്കും; കടലിന്റെ സ്വന്തം കള്ളന്‍ | കിളിക്കൂട്‌

Oct 3, 2023


Whale
Premium

5 min

വേട്ടയാടി ഇല്ലാതാവുന്ന തിമിംഗലങ്ങൾ; തകരുന്ന സമുദ്ര ജൈവമണ്ഡലം | Eco Story

May 3, 2023


Honeybee
Premium

3 min

തേനീച്ചകളെ കൂട്ടത്തോടെ ആക്രമിക്കുന്ന കടന്നലുകൾ; വിചിത്രമായ തിരിച്ചടികൾ | ബന്ധുക്കൾ മിത്രങ്ങൾ

Mar 15, 2023

Most Commented