ആനയും കാട്ടുപന്നിയും എണ്ണത്തിൽ കുറഞ്ഞു; കൂടിയെന്ന കണക്ക്‌ തമാശ | പരമ്പര ഭാ​ഗം 01


എൻ. വി. ബാലകൃഷ്ണൻ

5 min read
Read later
Print
Share

ഒരുകാലത്ത് പാലക്കാട്ടെ വരണ്ട മേഖലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ കാട്-നാട്-അതിരുകളൊക്കെ ഭേദിച്ച്, കേരളത്തിലുടനീളം കൃഷിക്ക് നാശം വരുത്തുന്നു. ജനവാസമേഖലകളിൽ കുരങ്ങുകളുടെ സാന്നിധ്യം പതിവായിരിക്കുന്നു. ആനകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായപ്പോൾ കാട്ടുപന്നികളുടെ എണ്ണം വലിയതോതിൽ കുറഞ്ഞു. കടുവകളുടെ എണ്ണത്തിൽ മാത്രമാണ് നേരിയ വർധനയുണ്ടായത്.

കാസർകോട് എരിഞ്ഞിപ്പുഴയിൽ വെള്ളം കുടിച്ച ശേഷം മടങ്ങുന്ന ആനക്കൂട്ടം | ഫോട്ടോ:രാമനാഥ് പെെ | മാതൃഭൂമി

നുഷ്യ-മൃഗ സംഘർഷം കേരളത്തിൽ പ്രധാന ചർച്ചാവിഷയമാണിന്ന്. ഒരു മാസം മുൻപ് വയനാട്ടിലെ തൊണ്ടർനാട് കൃഷിയിടത്തിൽവെച്ച് കടുവയുടെ ആക്രമണത്തിനിരയായ സാലു എന്ന കർഷകൻ മരണപ്പെട്ടു. വന്യമൃഗാക്രമണം പതിവില്ലാത്ത ജനവാസമേഖലയാണ് ഈ പ്രദേശം. കടുവകൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചതായുള്ള വാർത്തകൾ പതിവായിരിക്കുന്നു. വയനാട്ടിലും പാലക്കാട്ടും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജനവാസകേന്ദ്രങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നു. 'പടയപ്പ' മുതൽ പല പേരുകളിലുള്ള കാട്ടുകൊമ്പന്മാർ വനപാതകളിൽ വിലസുന്നു. നഗരവീഥികളിൽ വാഹനങ്ങളെയും മനുഷ്യരെയും കാട്ടുപന്നികൾ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നു.ഒരു കാലത്ത് പാലക്കാട്ടെ വരണ്ട മേഖലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ കാട്-നാട്-അതിരുകളൊക്കെ ഭേദിച്ച്, കേരളത്തിലുടനീളം കൃഷിക്ക് നാശം വരുത്തുന്നു. ജനവാസ മേഖലകളിൽ കുരങ്ങുകളുടെ സാന്നിധ്യം പതിവായിരിക്കുന്നു. ദുരൂഹമായ നിലയിൽ കടുവകൾ, പുലികൾ, ആനകൾ, കാട്ടുപന്നികൾ എന്നിവയ്ക്ക് മരണം സംഭവിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പ്രധാന ശത്രുവാര്?

ഈ വിഷയത്തിൽ അതിവൈകാരികമായ ചർച്ചകളാണ് ഇന്ന് നടന്നുവരുന്നത്. കാടും വന്യമൃഗങ്ങളുമൊക്കെയാണ് മലയോര കർഷകരുടെ പ്രധാന ശത്രു എന്ന നിലയിൽ വൈകാരികമായി പറഞ്ഞുറപ്പിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സമചിത്തതയോടെ, ലഘു-ഗുരുത്വ ഭേദബോധത്തോടെ, ചർച്ച ചെയ്യേണ്ടതുണ്ട്. ഈ പറയുന്ന പ്രശ്‌നങ്ങളൊന്നും ഒറ്റയായെടുത്ത് പരിശോധിക്കാവുന്നവയോ പരിഹരിക്കാവുന്നവയോ അല്ല. മലയോര കർഷകപ്രശ്‌നങ്ങൾ അങ്ങേയറ്റം പൊള്ളലുളവാക്കുന്നതാണ്. പക്ഷേ, അത് കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നു മാത്രമാണ്. അവയ്ക്ക് കേവലപരിഹാരങ്ങൾ അസാധ്യവുമാണ്. കാർഷികമേഖല പൊതുവായി അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ഭാഗമാണ് ഇവരനുഭവിക്കുന്ന പ്രശ്‌നങ്ങളും. മനുഷ്യ-മൃഗ സംഘർഷങ്ങളുടെ കാതലിലേക്ക് പ്രവേശിച്ചാൽ അത് മനസ്സിലാകും.

ഫോട്ടോ: നവനീത് നായർ/ മാതൃഭൂമി

കാടും നാടും വിഭജിക്കുന്ന അതിരിടങ്ങൾ

ഈ പ്രശ്‌നം ചർച്ച ചെയ്യുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ഒരാവശ്യമുണ്ട്: ''കാടും നാടും വേർതിരിക്കണം. എങ്കിലേ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാവൂ'' എന്നതാണത്. ഇത് വലിയൊരസംബന്ധമാണ്. കൃത്യമായ ഒരു ബിന്ദുവിൽ നാട് അവസാനിക്കുകയും അവിടെനിന്ന് കാട് ആരംഭിക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ തലച്ചോറിലോ റവന്യൂ/ വനം വകുപ്പ് രേഖകളിലോ മാത്രം സംഭവിക്കുന്നതാണ്. പ്രകൃതിയിൽ അങ്ങനെയല്ല. കേരളത്തിൽ ഉൾക്കാടുകളിൽപോലും ജനവാസകേന്ദ്രങ്ങളും ആദിവാസി ഊരുകളുമുണ്ടാകും. ഇവിടെ എവിടെയെങ്കിലും ജണ്ട കെട്ടിത്തിരിച്ച് കാടതിർത്തി നിശ്ചയിക്കുന്നതുതന്നെ പലപ്പോഴും സംഘർഷത്തിന് കാരണമാകാറുണ്ട്. പരമ്പരാഗതമായിത്തന്നെ വനഭൂമിയായി നിശ്ചയിച്ച് ജണ്ട കെട്ടിത്തിരിച്ച പ്രദേശങ്ങളുണ്ട്.

മനുഷ്യർ വനാതിർത്തിയായി നിശ്ചയിച്ച സ്ഥലം അടയാളപ്പെടുത്താൻ ജണ്ട കൊള്ളാമെന്നല്ലാതെ, അത് വനത്തിന്റെ ആവാസവ്യവസ്ഥ അംഗീകരിച്ചു തരണമെന്നില്ല. വന്യമൃഗങ്ങളും പക്ഷികളുമൊന്നും ഈ അതിരടയാളം നോക്കിയല്ല സഞ്ചരിക്കുക. സസ്യങ്ങളുടെ പരാഗണവും വിത്തുമുളയ്ക്കലും ഒന്നും അതിരടയാളങ്ങളെ പരിഗണിക്കാറില്ല. വനം/ റവന്യൂ രേഖകളിൽ ഇത്തരം അതിരുകൾ അടയാളപ്പെടുത്തി മനുഷ്യവ്യവഹാരങ്ങൾക്ക് ഉപയോഗിക്കാം. അത്ര മാത്രം. ഇതെല്ലാം പരിഗണിച്ചാണ് വനാതിർത്തിയോട് ചേർന്ന് ഒരു കിലോ മീറ്റർ ദൂരം ബഫർസോണോ പരിസ്ഥിതി ദുർബലപ്രദേശമോ ആയി പ്രഖ്യാപിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. അത് കേരളത്തിലുണ്ടാക്കുന്ന സംഘർഷം ചെറുതല്ല. അവ പരിഹരിക്കുക എളുപ്പവുമല്ല.

ബത്തേരിയുൾപ്പെടെ കേരളത്തിലെ ഒരുപാട് പട്ടണങ്ങൾ കാടതിരിൽനിന്ന് ഒരു കിലോ മീറ്ററിനകത്താണ്. ആയിരക്കണക്കിന് വീടുകളുണ്ടാകും ഈ ദൂരപരിധിക്കകത്ത്. വനാതിർത്തിയോട് ചേർന്ന് പുതിയ മനുഷ്യവാസവും വീടുകളും അങ്ങാടികളും ഫാക്ടറികളും ഖനനവുമൊക്കെ വരുന്നത് ഒഴിവാക്കാൻ ഇതുകൊണ്ട് കഴിയുമായിരിക്കും. അതുതന്നെ അസാധ്യമാണ് എന്നതാണ് വസ്തുത. അടിയന്തരസ്വഭാവമുള്ളതും ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാവുന്നതും ഭൂതകാലത്തിൽ സംഭവിച്ച, സാധ്യമായ തെറ്റുകൾ തിരുത്തുന്നതും ഭാവിയിൽ തെറ്റു വരുത്താതെ നോക്കുന്നതും ഒക്കെയായ പദ്ധതികളിലൂടെയേ ഈ പ്രശ്‌നങ്ങളെ സമീപിക്കാനാകൂ.

യാഥാർഥ്യബോധവും ശാസ്ത്രീയപരിസ്ഥിതി കാഴ്ചപ്പാടുമുള്ള സർക്കാരും ജനതയുമുണ്ടാകുക എന്നത് മാത്രമാണ് സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള മാർഗം. ഇന്ന് ഉയർന്നുവരുന്ന സംഘർഷങ്ങളും വാദഗതികളും പരിശോധിച്ചാൽ അതിന് പിന്നിലൊക്കെ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്ന് കാണാം. സർക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും സംഘടിത മതസംഘടനകൾക്കും ടൂറിസം റിസോർട്ടുടമകൾക്കും ദരിദ്രകർഷകർ, ആദിവാസികൾ എന്നിവരൊഴികെയുള്ള കർഷകവിഭാഗങ്ങൾക്കും തോട്ടമുടമകൾക്കും ഒക്കെ ഇത്തരം നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. യഥാർഥ പ്രശ്‌നങ്ങളെ ആളുകളുടെ മുൻപിലെത്തിക്കുക എന്നതല്ല മാധ്യമങ്ങളുടെയും താത്പര്യം. ഇവരെല്ലാം ചേർന്ന് കലക്കിമറിച്ച് കുളമാക്കിയ ഒന്നാണ് മലയോരത്തെ മനുഷ്യ-മൃഗ സംഘർഷം.

ഉടുമ്പ് | Photo: Gettyimages

കാടറിഞ്ഞവർക്കേ നാടറിയൂ

മൃഗങ്ങൾ കാടിറങ്ങുന്നത് ഏതു വിധേനയും തടയണമെന്ന ആവശ്യം ന്യായമാണ്. അത് പക്ഷേ, തോക്കോ നിയമമോ മാത്രമുപയോഗിച്ച് നടപ്പിലാക്കാനാവില്ല. പ്രകൃതിയെ മനസ്സിലാക്കിയും അറിഞ്ഞും മാത്രം ചെയ്യാവുന്ന ഒന്നാണത്. ദിനോസറിന്റെ മിനിയേച്ചർ രൂപത്തിലുള്ള ഒരു ജീവിയുണ്ട്. ഉടുമ്പ്. ഇടനാടൻ കുന്നുകളിലും കാട്ടിടവഴികളിലെ മാളങ്ങളിലുമൊക്കെ ജീവിക്കുന്ന ഒരു സാധുജീവി. ഉടുമ്പുകൾ മനുഷ്യസാന്നിധ്യമറിഞ്ഞാൽ ഓടി മാളത്തിനകത്ത് കയറും. മനുഷ്യനെ വലിയ ഭയമായിരുന്നു. എന്നാലിന്ന് മനുഷ്യർക്കിടയിലൂടെ അവ ഭാവഭേദമില്ലാതെ നടന്നുപോകും. മനുഷ്യരോടിടപഴകി ജീവിക്കാൻ തുടങ്ങിയതോടെ വന്ന മാറ്റമാണിത്.

താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കുമ്പോൾ റോഡരികിൽ നാടൻ കുരങ്ങുകൾ കുഞ്ഞുകുട്ടികളുമായി നിരന്നിരിക്കുന്നത് കാണാം. അവ തീറ്റ തേടി കാട്ടിലേക്കല്ല പോകുന്നത്; നിരത്തുകളിലേക്കാണ്. നമ്മെളെറിഞ്ഞു കൊടുക്കുന്ന പാക്കറ്റുകളും പഴങ്ങളുമൊക്കെയാണ് അവരുടെ ഭക്ഷണം. കൊടുക്കുന്നില്ലെങ്കിൽ അവ കുട്ടികളിൽനിന്നും മറ്റും തട്ടിപ്പറിക്കും. വാഹനത്തിനകത്ത് കയറി മോഷ്ടിക്കും. ഈ കുരങ്ങുകളുടെ കുട്ടികൾക്ക് ഇനി പ്രകൃതിയിൽനിന്ന് സ്വാഭാവികരീതിയിൽ ഇര തേടുന്നതിൽ കുറവുകളുണ്ടാവും.

വനത്തിനകത്തെ കെട്ടിടങ്ങൾ പലതും ആനത്താരകൾപോലുള്ള വന്യമൃഗങ്ങളുടെ സഞ്ചാരപഥങ്ങൾ അടച്ചാണ് നിർമിച്ചിട്ടുള്ളത്. പിന്നീടവയ്ക്ക് ചെയ്യാനുള്ളത്, ഒന്നുകിൽ പുതിയ വഴി കണ്ടെത്തുക, അല്ലെങ്കിൽ അടച്ചുകെട്ടിയ വഴി ബലം പ്രയോഗിച്ച് പൊളിക്കുക എന്നത് മാത്രമാവും. രണ്ടായാലും അത് ബാധിക്കുക മനുഷ്യരുടെ നിർമിതികളെയോ കൃഷിയെയോ തന്നെയായിരിക്കും. ആനകൾ ധാരാളമായി വെള്ളം ആവശ്യമുള്ള ജീവികളാണ്. പ്രതിദിനം 200 ലിറ്റർ വെള്ളമെങ്കിലും ഇവയ്ക്ക് വേണം. അട്ടപ്പാടി മേഖലയിലെ ആനകൾ വെള്ളത്തിന് ആശ്രയിക്കുന്നത് ഭവാനിപ്പുഴയെയാണ്. മലയിറങ്ങി ഒരു ചെറിയ സമയംകൊണ്ട് കാട്ടിലൂടെതന്നെ ഇവയ്ക്ക് ഭവാനിപ്പുഴയിലെത്താൻ കഴിയുമായിരുന്നു. ഇന്ന് ധാരാളം നിർമിതികളും റോഡുകളും ഈ മേഖലയിൽ വന്നു. മിക്കവാറും ആനത്താരകൾ അടഞ്ഞു. അഞ്ചോ പത്തോ മിനിറ്റുകൾകൊണ്ട് പുഴയിലിറങ്ങി വെള്ളം കുടിച്ച് തിരിച്ചുപോയിരുന്ന ആനകൾ ദുരിതത്തിലായി. കുറ്റം ആനകളുടെതല്ല. പരിസ്ഥിതിയെ പരിഗണിക്കാതെ പ്രകൃതിയിൽ മനുഷ്യർ നടത്തുന്ന ഇടപെടലുകളാണ്.

'ആധികാരിക വിവരങ്ങൾ' അത്ര ആധികാരികമാണോ?

വനവുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങളെന്ന നിലയിൽ സമൂഹമാധ്യമങ്ങളിലൂടെയൊക്കെ ആസൂത്രിതമായി പ്രചരിപ്പിക്കുന്ന വിവരങ്ങളുണ്ട്. വയനാട്ടിൽ മാത്രം 2000 ആനകളുണ്ട്, 200 കടുവകളുണ്ട് എന്നൊക്കെയാണ് പ്രചാരണം. ഈ കണക്കുകളുടെ ആധികാരികത പരിശോധിച്ചാൽ ഇതൊക്കെ തമാശകളായി മാറും. ആനയുടെ കാര്യമെടുക്കാം. ആന ടെറിട്ടോറിയൽ ജീവിതം നയിക്കുന്നവയല്ല. അവ നിരന്തരമായി ഒരു ഭൂപ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നവയാണ്. ബത്തേരിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയ ആന തമിഴ്നാട്ടിലെ മുതുമല വൈൽഡ്ലൈഫ് സാങ്ച്വറിയിൽനിന്ന് ബന്ദിപ്പുർ, ഗൂഡല്ലൂർ വഴി സഞ്ചരിച്ചാണ് കേരളത്തിലെത്തിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വയനാട് ജില്ല, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുമായി 102 കിലോ മീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. വെള്ളം, തീറ്റ, ഊഷ്മാവിലെ വ്യതിയാനങ്ങൾ, ഇണയെ അന്വേഷിച്ചുള്ള യാത്രകൾ ഒക്കെ ആനകളുടെ കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്. മേൽപ്പറഞ്ഞ സഹചര്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾക്കനുരോധമായി പറ്റങ്ങളായും പറ്റങ്ങളിൽനിന്ന് ഒരു നിശ്ചിത അകലത്തിൽ ഒറ്റയാനായും ഒക്കെയാണ് ആനകൾ സഞ്ചരിക്കുക. എഴുപത്തഞ്ചോളം ആനകൾ ഒരുമിച്ചുള്ള പറ്റങ്ങളെ പറമ്പിക്കുളം കാടുകളിൽ കണ്ടിട്ടുണ്ട്. തീറ്റ, വെള്ളം തുടങ്ങിയവയുടെ ലഭ്യതയ്ക്കനുസരിച്ച് ചെറുപറ്റങ്ങളായും ഇവ സഞ്ചരിക്കും.

കാട്ടാന | ഫോട്ടോ:ശ്രീജിത്ത് പി.രാജ്/മാതൃഭൂമി

ഒരു പ്രദേശത്തെ പച്ചപ്പാകെ തിന്നുതീർക്കുന്ന സ്വഭാവം ആനകൾക്കില്ല. അത് പ്രകൃതിസംരക്ഷണത്തിന്റെകൂടി ഭാഗമാണ്. ഒരു വനമേഖലയിലെ തങ്ങൾക്കിഷ്ടപ്പെട്ട പച്ചപ്പ് കുറേ ഒടിച്ചെടുത്ത് തിന്നും. ഒടിച്ചിട്ടതുതന്നെ കുറേ ഭക്ഷിക്കാതെ ബാക്കിവയ്ക്കും. അത് കാട്ടിയും മാനുമൊക്കെ ഭക്ഷിക്കും. പിന്നീട് അടുത്ത കേന്ദ്രത്തിലേക്ക് സഞ്ചരിക്കും. ഇങ്ങനെ നൂറുകണക്കിന് കിലോ മീറ്റർ ചുരുങ്ങിയ കാലംകൊണ്ട് ആനകൾ സഞ്ചരിക്കും. വയനാട് ഉൾപ്പെടുന്ന നീലഗിരി ബയോസ്ഫിയറിൽതന്നെ കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുണ്ട്. അവിടെ വയനാട്, മലബാർ, തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ, കൊടക്, എൻബേഗൂർ, ബന്ദിപ്പുർ, മുതുമല എന്നിങ്ങനെ ധാരാളം വനമേഖലകളുണ്ട്. കർണാടക, തമിഴ്നാട് മേഖലകളിലെ കാടുകളിൽ വരൾച്ചയുണ്ടാകുമ്പോൾ അവിടെനിന്ന് ആനകൾ വയനാടൻ കാടുകളിലൂടെ ആറളം- കൊട്ടിയൂർ മേഖലയിലേക്ക് കുടിയേറുക പതിവാണ്. അതുകൊണ്ടാണ് വേനൽ ശക്തമായ മാസങ്ങളിൽ വയനാടൻ കാടുകളിലും ആറളത്തുമൊക്കെ ധാരാളം ആനകളെ കാണാൻ അവസരമുണ്ടാകുന്നത്.

ഈ സമയത്ത് കേരളത്തിലെ ആനകൾ, കർണാടകത്തിലെ ആനകൾ എന്നൊന്നും ഇനംതിരിച്ച് കണക്കെടുക്കാനാവില്ല. നീലഗിരി ബയോസ്ഫിയറിനെ അടിസ്ഥാനമാക്കി മൂന്ന് സംസ്ഥാനങ്ങൾ സഹകരിച്ചുണ്ടാക്കിയ കണക്ക് പ്രകാരം ഈ മേഖലയിൽ ആനകൾ, പന്നികൾ എന്നിവയുടെ സംഖ്യ കുറയുകയാണ് ചെയ്യുന്നത്. ആനകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായപ്പോൾ കാട്ടുപന്നികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. കടുവകളുടെ എണ്ണത്തിൽ മാത്രമാണ് നേരിയ വർധനയുണ്ടായത്. സംസ്ഥാന വനംവകുപ്പ് പുറത്തുവിട്ട ഈ കണക്കുകൾ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ആനകളെ ജനവാസകേന്ദ്രങ്ങളിൽ അധികമായി കാണുന്നതിന് കാരണം അതിന്റെ ആവാസമേഖലയ്ക്ക് വരുന്ന ചുരുക്കമാണ്. പശ്ചിമഘട്ടത്തിലെ നമ്മുടെ കാട് മിക്കവാറും സ്ഥലങ്ങളിൽ തുരുത്തുകളായാണ് നിലനിൽക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് വനത്തിനകത്തുകൂടെതന്നെ സഞ്ചരിക്കാവുന്ന നിലയില്ല.

ഇടയിലെല്ലാം മനുഷ്യർ കാടില്ലാതാക്കി നാടുകളും കൃഷിയിടങ്ങളും ഫാക്ടറികളും ഖനികളും റോഡുകളും ക്വാറികളുമൊക്കെ നിർമിച്ചിട്ടുണ്ട്. ആനകളുടെ സഞ്ചാരപഥങ്ങൾ അതിന്റെ അബോധങ്ങളിൽ അന്തർലീനമായ ചില ഓർമകളുടെയും വിവരങ്ങളുടെയും ഫലമായുണ്ടാകുന്ന സഹജവാസനയുടെ അടിസ്ഥാനത്തിലായിരിക്കും. ഒരു ആനത്താര, കെട്ടിടം പണിതോ വൈദ്യുതവേലി വെച്ചോ മനുഷ്യൻ തടയുമ്പോൾ പറ്റുമെങ്കിൽ വേലി തകർത്തോ കിടങ്ങ് തൂർത്തോ ഒക്കെ ആന കടന്നുപോകും. നിവൃത്തിയില്ലെങ്കിൽ ജനവാസകേന്ദ്രങ്ങളൊക്കെ മുറിച്ചുകടന്നങ്ങ് പോകും. അപ്പോഴാണ് ആന നാട്ടിലിറങ്ങുന്നുവെന്ന് നാം ബഹളംവയ്ക്കുന്നത്. അതിനുള്ള പരിഹാരം വെടിവെച്ച് കൊല്ലലോ വന്ധ്യംകരിക്കലോ ഒന്നുമല്ല. ശാസ്ത്രീയപഠനങ്ങൾ നടത്തുകയാണ് ആദ്യം വേണ്ടത്. പരിസ്ഥിതിസന്തുലനം ഉറപ്പുവരുത്താവുന്ന പരിഹാരങ്ങളാണ് അന്വേഷിക്കേണ്ടത്.

തുടരും.....

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഫെബ്രുവരി 2023 ഫെബ്രുവരി 26 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: the elephant and the boar decreased in number; Other figures are funny, part 1

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sloth bear
Premium

7 min

ഇരട്ടകളിൽ ഒന്നിനെ മരിക്കാൻ വിട്ടുകൊടുക്കുന്ന പാണ്ട; ടെഡി ബെയറിനുമുണ്ടൊരു കഥ | ബന്ധുക്കൾ മിത്രങ്ങൾ

Jun 12, 2023


blue gill
Premium

4 min

രാജകുമാരൻ കൊണ്ടുവന്ന 15 അമേരിക്കൻ മത്സ്യങ്ങൾ; ജപ്പാന്റെ മത്സ്യസമ്പത്ത് തകർത്ത ബ്ലൂഗിൽ | Eco Story

Jun 8, 2023


Epomis
Premium

3 min

മേനിയിളക്കി പ്രലോഭിപ്പിക്കും, തൊണ്ടയിൽ പിടിമുറുക്കി കഥ കഴിക്കും; കിടുവകളാണ് ഈ ഇരപിടിയൻ മൺവണ്ടുകൾ

Aug 21, 2023


Most Commented