ലക്ഷ്യം തെറ്റി പെട്രോള്‍ കുഴല്‍ തുരക്കും, വണ്ടികളെ പെരുവഴിയിലാക്കും; ഇവളാണ് പ്രതി


വിജയകുമാർ ബ്ലാത്തൂർ"പെട്രോളിൽ എഥനോൾ കലർത്താൻ തുടങ്ങിയപ്പോൾ പെട്ടത് ഈ വണ്ടുകളാണ്. എഥനോൾ (ഈതൈൽ ആൽക്കഹോൾ ) സാന്നിദ്ധ്യത്തിലൂടെയാണ് ബീറ്റിലുകൾക്ക് മരം തുരക്കാൻ പാകമാണ് എന്ന സൂചന ലഭിക്കുന്നത്. പെട്രോളിൽ എഥനോൾ കലർത്താൻ തുടങ്ങിയതോടെ മരമാണെന്ന് തെറ്റിദ്ധരിച്ച് വർ വണ്ടികളുടെ പെട്രോൾ കുഴലുകളിലേക്ക് വഴിമാറി എത്തുകയാണ്. പെട്രോളിലെ ആൽക്കഹോൾ അളവ് കൂട്ടിയിരിക്കുകയാണ്. റബ്ബർ ട്യൂബുകൾക്ക് കട്ടി കൂട്ടിയില്ലെങ്കിൽ വണ്ടികൾ വഴിയിലായേക്കും"

വുഡ് ബോറെർ/ദ്വാരമുണ്ടാക്കിയ പെട്രോൾ കുഴൽ

രത്തടികളും ഫർണിച്ചറുകളും തുരക്കുന്ന വുഡ് ബോറെർ വണ്ടുകളെയും അവയുടെ ലാർവപ്പുഴുക്കളേയും കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാൽ ചില വാഹനങ്ങളിലെ പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് പോകുന്ന റബ്ബർ കുഴൽ തുരന്ന് ഓട്ടയുണ്ടാക്കി പെട്രോൾ ലീക്ക് ചെയ്യിപ്പിക്കുന്ന കുഞ്ഞ് വണ്ടുകളുണ്ട്. ഇവരുടെ ഈ ദുസ്സ്വഭാവം നാട്ടിൽ പലയിടത്തും വലിയ പ്രശ്നം ആയിരിക്കുകയാണ്. വണ്ടി സ്റ്റാർട്ട് ആകുമ്പോൾ മാത്രമാണ് ടാങ്കിൽ നിന്ന് എൻജിനിലേക്കുള്ള കുഴലിലെത്തി പെട്രോൾ പുറത്തേക്ക് ഒഴുകുകയുള്ളു എന്നതിനാൽ നമ്മുടെ ശ്രദ്ധയിൽ വരണം എന്നില്ല. പെരുവഴിയിൽ വണ്ടി നിന്നുപോകുമ്പോൾ മാത്രമേ കാര്യം അറിയൂ. ഓടികൊണ്ടിരിക്കുമ്പോൾ പെട്രോൾ ടാങ്ക് കാലിയാകും വരെ നിൽക്കാതെ ഒഴുകികൊണ്ടിരിക്കുന്നതിനാൽ എന്തെങ്കിലും കാരണം കൊണ്ട് തീപിടിച്ച് വൻ അപകടം ഉണ്ടാകാനുള്ള സാദ്ധ്യതകൂടി ഉള്ളത് ഓർത്താൽ മനസ്സ് കിടുങ്ങിപ്പോകും. ഏറ്റവും പേടിക്കേണ്ട വണ്ടായി മാറി ഇവർ. നമ്മുടെ നാട്ടിലും പല സ്ഥലങ്ങളിലും ഇത്തരത്തിൽ തുളവീണ് പെട്രോൾ വറ്റി നിരവധി വണ്ടികൾ പെരുവഴിയിൽ ആകുന്നത് സാധാരണമായിരിക്കുന്നു. ആദ്യമൊന്നും എന്താണ് കാര്യം എന്ന് പിടികിട്ടാതെ മെക്കാനിക്കുകൾ അന്തം വിട്ടു നിന്നുപോയിരുന്നു. സൂക്ഷിച്ച് പരിശോധിച്ച് നോക്കിയപ്പോഴാണ് കുഴലുകളിൽ 2 മില്ലീ മീറ്ററിൽ കുറവ് വ്യാസത്തിൽ നല്ല വൃത്താകൃതിയിൽ ഡ്രില്ലർ വെച്ച് തുരന്നതുപോലുള്ള മനോഹര ദ്വാരങ്ങൾ കാണുന്നത്.

ബോഡിയോട് ചേർന്ന് നിൽക്കുന്ന ഭാഗത്ത് ഇത്രയും കൃത്യതയോടെ ഭംഗിയായി ആരിങ്ങനെ തുരക്കും എന്ന് ആരും അമ്പരക്കും. നെസ്റ്റസ് മ്യൂട്ടിലാറ്റസ് (Cnestus mutilatus) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരിനം തുരപ്പൻ വീവിൽ വണ്ടുകളാണ് ഇതിന് കാരണം. camphor shot borer, camphor shoot borer, sweetgum ambrosia beetle എന്നൊക്കെ ഇവരെ വിളിക്കാറുണ്ട്. അംബ്രോസിയ ഇനത്തിൽ പെട്ട വളരെ കുഞ്ഞൻ വണ്ടുകൾ കറുപ്പോ കടും കാപ്പിനിറത്തിലോ ഉള്ള ഉരുളൻ ശരീരമുള്ളവരാണ്. കടുകുമണിയിലും ചെറിയ വലിപ്പം . മമ്പയറിന്റെ ഒരു ഭാഗം ചെരിച്ച് ചെത്തിക്കളഞ്ഞതുപോലെയാണ് ആകൃതി. തലയും നെഞ്ചും ചേർന്ന് ഒരു ഭാഗവും , ഉറപ്പുള്ള ചിറക് കവചങ്ങളായ എലിട്രകൊണ്ട് മൂടിയ ഒരു ശരീരവുമാണുണ്ടാകുക. തലയുടെ നീളത്തേക്കാൾ കുറവ് മാത്രമാണ് ശരീരത്തിന് നീളമുണ്ടാകുക എന്നത് രസകരമാണ്. പെൺ വണ്ടുകൾക്ക് മാത്രമാണ് ചിറകുള്ളത്. ആൺ വണ്ടുകൾക്ക് അതിനാൽ പറക്കാനുള്ള കഴിവില്ല.സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇണചേരൽ മാത്രമാണ് ഏക പണി. ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് വണ്ടികളിലെ പെട്രോൾ ഒഴുകുന്ന കുഴലുകളിലും, കാടുവെട്ട് , പുല്ലുവെട്ട് യന്ത്രങ്ങളുടെയും ബോട്ടുകളുടെയും മറ്റും പ്ലാസ്റ്റിക്ക് പെട്രോൾ ടാങ്കുകളിലും പെൺ വണ്ടുകൾ കുഞ്ഞ് ദ്വാരങ്ങൾ തുരന്നുണ്ടാക്കുന്നത്.

ഇവർ പെട്രോളിനോട് എന്താണിങ്ങനെ താത്പര്യം കാണിക്കുന്നത് എന്നറിയുമ്പോഴാണ് കൗതുകം കൂടുക. ഈ തുരപ്പന്മാർ ഏഷ്യയിൽ പരിണമിച്ച് ഉണ്ടായി പിന്നീട് ലോകത്തിലെ പല രാജ്യങ്ങളിലും അധിനിവേശ ജീവികൾ ആയി മാറിയതാണ്.

രൂപം വിവിധ ആംഗിളുകളിൽ/Sittichaya W, Smith SM, Beaver RA (2019) Ten newly recorded species of xyleborine ambrosia beetles (Coleoptera, Curculionidae, Scolytinae, Xyleborini) from Thailand. ZooKeys 862: 109-127. https://doi.org/10.3897/zookeys.862.34766, CC0, via Wikimedia Commons

മരത്തിന്റെ ചെറു തണ്ടുകൾ തുരന്ന് അതിനുള്ളിൽ മുട്ടയിട്ട് വിരിയിച്ച് ലാർവ്വപ്പുഴുക്കളെ വളർത്തി അതിനുള്ളിൽ തന്നെ പ്യൂപ്പയായിമാറി അടുത്ത തലമുറയെ ഉണ്ടാക്കുന്നവരാണ് ഇവർ. എന്നാൽ മരത്തടിയോ നീരോ ഒന്നുമല്ല വണ്ടിന്റേയും പുഴുക്കളുടേയും ഭക്ഷണം. എന്നിട്ടും ഇവർ മരം എന്തിന് തുരക്കുന്നു എന്നത് രസകരമാണ്. അംബ്രോസിയ ഇനത്തിൽ പെട്ട ഇത്തരം വണ്ടുകൾ ഒക്കെയും ചില ഫംഗസുകൾ (പൂപ്പലുകൾ ) വളർത്തി അത് ഭക്ഷണം ആക്കുന്നവരാണ്. ഫംഗസുകളുമായി പോഷണ സഹവർത്തിത പരസ്പര സഹായ ജീവിതം (nutritional symbiosis) നയിച്ച് പരിണമിച്ച് ഉണ്ടായവരാണ് അംബ്രോസിയ വണ്ടുകൾ. ജീർണ്ണിച്ച് തുടങ്ങിയതോ രോഗം ബാധിച്ചതോ ആയ മരങ്ങളുടെ ചെറു ശാഖകളാണ് Ambrosiella beaveri എന്ന ഇനം ഫംഗസുകൾ വളരാൻ അനുയോജ്യം എന്നതിനാൽ ഇവ അത്തരം മരങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കും. ചിലപ്പോൾ ആരോഗ്യമുള്ള മരങ്ങളും തിരഞ്ഞെടുക്കും. ചെറിയ കമ്പുകളിൽ കുത്തനെ വളരെ കൃത്യതയിൽ വൃത്താകൃതിയിൽ 2 മില്ലീ മീറ്റർ മാത്രം വ്യാസമുള്ള ദ്വാരം തുരക്കുകയാണ് ചെയ്യുക. പിന്നീട് കമ്പിന് തിരശ്ചീനമായി തുരന്ന് പോയി ശാഖകളായി പിരിയുന്ന ഗാലറി ടണലുകൾ തുരക്കും മൂന്നു നാല് സെന്റീമീറ്റർ നീളത്തിൽ ഉണ്ടാകും ഈ കുഴൽ ദ്വാരം. എന്നിട്ട് വണ്ടിന്റെ ദേഹത്ത് മുന്നെ ശേഖരിച്ച് വെച്ച പൂപ്പൽ വിത്തുകളായ സ്പോറുകൾ ടണലിൽ വിതറിവെക്കും.

ചെടിയുടെ സൈലം നീരിലെ പോഷകങ്ങൾ വലിച്ചെടുത്ത് ഫംഗസ് അതിനുള്ളിൽ വളർന്ന് നിറയും. പെൺ വണ്ടുകൾക്ക് മാത്രമാണല്ലോ ചിറകുള്ളത്. ഇവരാണ് അനുയോജ്യമായ മരം പറന്ന് കണ്ടെത്തി തുരക്കൽ ആരംഭിക്കുന്നത്. ആരോഗ്യം കുറഞ്ഞ മരത്തിന്റെ കമ്പിനുള്ളിലെ ഈർപ്പവും മറ്റും ആ പൂപ്പലിന് വളരാൻ വളരെ അനുകൂലമാണല്ലോ. ഫംഗസിനെ സംബന്ധിച്ചടുത്തോളം അതിന് വളരാനുള്ള സ്ഥലങ്ങളിൽ കൊണ്ടാക്കി സൗകര്യം ചെയ്യുന്നതാണ് വണ്ട്. പകരമായി ഫംഗസിന്റെ ഭാഗങ്ങൾ വണ്ടുകൾക്ക് ഭക്ഷണമായി നൽകുകയും ചെയ്യുന്ന പരസ്പര സഹായ ജീവിതം. ഒന്നില്ലെങ്കിൽ മറ്റേതിനും പെരുകലും അതിജീവനവും സാദ്ധ്യമല്ല. വലിയ തോതിൽ വണ്ടുകൾ തുരക്കലും പൂപ്പൽ വളർത്തലും മുട്ടയിടലും ലാർവകളെ വളർത്തലും പ്യൂപ്പ ആകലും തകൃതിയായി നടന്നാൽ സ്വതേ കേടും ക്ഷീണവും ഉള്ള മരത്തിന്റെ കാര്യം പലപ്പോഴും ഗോപിയാകും. ടണലുകളിൽ വിരിഞ്ഞുണ്ടാകുന്ന ആൺ വണ്ടുകൾ സഹോദരി പെൺ വണ്ടുകളുമായി ഇണചേർന്ന് ചത്തുപോകും. പെൺ വണ്ടുകൾ ടണലിൽ വളരുന്ന പൂപ്പലുകളിൽ വെരകി നടന്ന് അവയുടെ ശരീരത്തിലെ മൈക്കാഞ്ചിയ എന്ന ഭാഗത്ത് ധാരാളം സ്പോറുകൾ പറ്റിപ്പിടിപ്പിച്ച് അതുമായാണ് അടുത്ത മരക്കമ്പ് തേടി യാത്ര ആരംഭിക്കുക. ഇവർ തുരന്ന മരത്തിന്റെ കമ്പിന് പുറത്തേക്കിടുന്ന ഉറപ്പൊടി കണ്ട് അത് വണ്ടിന്റെ കാഷ്ടം ആണെന്ന് ചിലപ്പോൾ തെറ്റിദ്ധരിക്കാറുണ്ട്. മരം ഇവരുടെ ഭക്ഷണം അല്ല. തുരന്ന് തുരന്ന് പോകുമ്പോൾ വൃത്താകൃതിയിൽ മാറ്റിയ ഭാഗത്തെ മരപ്പൊടിയാണ് പുറത്തേക്ക് തള്ളുന്നത്.

ലാര്‍വെ രൂപത്തിലുള്ള വണ്ടുകള്‍

‘’പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ‘’ എന്ന ഡയലോഗുപോലെ ഈ തുരപ്പൻ വണ്ടിനെന്താ പെട്രോൾ കുഴലിൽ കാര്യം എന്ന് നമ്മളും ചോദിച്ച് പോകും. അംബ്രൊസിയ ബീറ്റിലുകൾ അത്പം കേടും രോഗവും ക്ഷീണവും ഒക്കെ ഉള്ള മരങ്ങളെ ആണല്ലോ പൂപ്പൽ വളർത്താനായി തിരഞ്ഞെടുക്കുക. ഒന്നു മുതൽ അഞ്ചു സെന്റീ മീറ്റർ വരെ മാത്രം വ്യാസമുള്ള തണ്ടുകൾ ആണിഷ്ടം. ആ മരങ്ങളെ ഇവർ കണ്ടെത്തുന്നത് കേട് വന്ന് ദ്രവിച്ച് തുടങ്ങിയതും , വരൾച്ച മൂലമോ നനക്കാത്തതുമൂലമോ ആവശ്യത്തിന് വെള്ളം കിട്ടാത്തതും , അധികം വെയിലോ തീയോകൊണ്ട് ഭാഗികമായി പൊള്ളിയതും, കീടബാധയേറ്റതും ഒക്കെ ആയ ക്ഷീണ മരങ്ങളെ ആണ്. ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുമ്പോൾ മരങ്ങളിൽ സ്ട്രസ്സുമൂലം അനുകൂല സാഹചര്യം ഉണ്ടായി ചിലയിനം ബാക്റ്റീരിയകൾ പ്രവർത്തിച്ച് എത്തനോൾ ഉത്പാദിപ്പിക്കപ്പെടും. ഈ എത്തനോൾ (ഈതൈൽ ആൽക്കഹോൾ ) സാന്നിദ്ധ്യം ആണ് ഈ ബീറ്റിലുകൾക്ക് മരം തുരക്കാൻ പാകമാണ് എന്ന് സൂചന നൽകുന്നത്.

ഇന്ത്യയിൽ 2003 മുതൽ തന്നെ കുറച്ച് സംസ്ഥാനങ്ങളിൽ പെട്രോളിൽ എത്തനോൾ 5% കലർത്തി പമ്പുകൾ വഴി നൽകാൻ തുടങ്ങിയിരുന്നു. 2019 ഏപ്രിൽ 1 മുതൽ എല്ലാ പെട്രോളിയം കമ്പനികൾക്കും 10% എത്തനോൾ കലർത്തി വിൽപ്പന നടത്താൻ അനുമതി നൽകി. 2025 ഓടെ എത്തനോൾ അളവ് 20% ആക്കാനാണ് ഊർജ്ജ മന്ത്രാലയത്തിന്റെ ഉദ്ദേശം . അന്തരീക്ഷ മലിനീകരണം കുറക്കാനും പെട്രോൾ ഇറക്കുമതിചിലവ് കുറക്കാനും, കരിമ്പ് കർഷകർക്ക് സഹായം ലഭിക്കാനും ഒക്കെ വേണ്ടിയാണ് ബയോ ഫ്യുവൽ ആയ എഥനോൾ പെട്രോളിൽ കലർത്താൻ സർക്കാർ തീരുമാനിച്ചത്.

ദ്വാരമുണ്ടാക്കിയ പെട്രോള്‍ കുഴല്‍

ഇങ്ങനെ എഥനോൾ മണമുള്ള പെട്രോൾ ഒഴുകുന്ന കുഴലുകൾ എത്തിയതാണ് വണ്ടുകളെ കുഴക്കുന്നത് . അംബ്രോസിയ വണ്ടുകൾ കേടായ മരം ആണ് എന്ന് കരുതിയാണ് പെട്രോൾ ടാങ്കിൽ നിന്നുള്ള റബ്ബർ കുഴൽ കഷ്ടപ്പെട്ട് തുരക്കുന്നത്. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞാൽ ചിലപ്പോൾ അവർ തുരക്കൽ മതിയാക്കി രക്ഷപ്പെടും. അതിനു മുമ്പ് തന്നെ പെട്രോൾ ദേഹത്ത് തട്ടി ചത്തുപോകും. എന്തായാലും വണ്ടിന്റെയും വണ്ടിയുടെയും കാര്യം കഷ്ടം തന്നെ. പെട്രോളിലെ ആൽക്കഹോൾ അളവ് ഇനിയും കൂടുന്നതോടെ ഇവരുടെ തുരക്കൽ കൂടാനാണ് സാദ്ധ്യത. റബ്ബർ ട്യൂബുകൾക്ക് കട്ടി കൂട്ടിയില്ലെങ്കിൽ വണ്ടികൾ വഴിയിലാകാനും സാദ്ധ്യത കൂടും.

Content Highlights: Story about camphor shoot borer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented