AFP
മഹാഉപദ്രവകാരിയായിരുന്നിട്ടും ബാഹ്യ സൗന്ദര്യമാണ് മയിലിനെ മനുഷ്യരുടെ ഇഷ്ടപക്ഷിയാക്കുന്നത്. പക്ഷെ മാലിന്യങ്ങള്‍ കൊത്തിത്തിന്നുന്ന, ബുദ്ധിയുള്ള പക്ഷിയായ കാക്കയെ പലര്‍ക്കും ഇഷ്ടമല്ലതാനും.
പൊതുവെ മനുഷ്യര്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാല്‍ കൃത്യം ഉത്തരമൊന്നും ഇല്ലതാനും. സത്യത്തില്‍ മഹാ ഉപദ്രവകാരിയുംവൃത്തികെട്ട ശബ്ദക്കാരുമായമയിലിന്റെ മായിക കാഴ്ചഭംഗിയില്‍ സര്‍വരും വീണുപോയി, കൂടെ മയിലിനെ പുകഴ്താന്‍ നൂറുനാവും കാണും.കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. ദിവസവും കുളിച്ച് ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതം ആണ് കാക്കയുടേത്. കൂടാതെ മുടിഞ്ഞ ബുദ്ധിയും. നമ്മുടെ നാട്ട് കാക്കയുടെ ശാസ്ത്രനാമം Corvus splendens എന്നാണ്. ഇതിലെ സ്പ്ലെന്‍ഡന്‍സ് എന്ന സ്പീഷിസ് നാമത്തിന് ലാറ്റിനില്‍ അര്‍ത്ഥം തന്നെ അതിബുദ്ധി എന്നാണ്.
റാവന്‍ അല്ല - പത്ത് തലയുള്ള രാവണന്

കോര്‍വസ് ജനുസില്‍ പെട്ട റാവെന്‍ എന്ന ഇനം കാക്കയും, കാലിഡോണിയന്‍ കാക്കയും ഒക്കെ ബുദ്ധിയുടെ കാര്യത്തില്‍ ജഗജില്ലികളാണ്. അതിനാല്‍ , ഇവരുടെ കാര്യത്തില്‍ , തിലകന് പറഞ്ഞ പോലെ - പലര്‍ക്കും ' ആളെ ശരിക്കും അങ്ങ് മനസിലായില്ലാ എന്നാ തോന്നുന്നത് - റാവന്‍ അല്ല - പത്ത് തലയുള്ള രാവണനാണിവന്‍.
അതിനേപ്പറ്റി പറയും മുമ്പ് ഇവരെ ഇഷ്ടപ്പെടാതിരിക്കാന്‍ പറയുന്ന മറ്റ് പരാതികളുടെ കെട്ടഴിച്ച് നോക്കാം.
പണ്ടേ കാക്കയെ പൊതു ശല്യക്കാരായി തന്നെയാണ് പല നാട്ട്കാരും കണക്കാക്കിയിരുന്നത്. മുറ്റത്ത് വല്ലതും ഉണക്കാനിട്ടാന്‍ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്യയുണ്ടേ , ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച് വരുത്തും. കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും ഒക്കെ ഇവരാണ് പണ്ടേപേടിസ്വപനം. കാക്കച്ചിറകും, തെറ്റാലിയും, വറ്റല്‍ മുളകുംവെള്ളത്തുണിയും ഒക്കെ കെട്ടിയിട്ട് പേടിപ്പിക്കാന്‍ നോക്കിയാലൊന്നും ഇവര്‍ പേടിക്കണം എന്നില്ല. കൃഷിയിടങ്ങളില്‍ കാക്കകളെ പേടിപ്പിച്ചോടിക്കാന് കാക്കക്കോലങ്ങള് കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു.
അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ചെക്കന്റെ കൈയീന്ന് കൊത്തിപ്പാറുന്ന കാക്കയുടെസ്വഭാവം അറിയുന്നതിനാല്‍ കുട്ടികളെ പോറ്റുന്ന എല്ലാ വീട്ടമ്മമാരുടെയും ശത്രു ആണിവര്‍. എത്ര സൂക്ഷിച്ചാലും മീന്‍ മുറിക്കുന്നതിനിടയില്‍ കണ്ണൊന്ന് തെറ്റിയാല്‍ ചട്ടിയില്‍ നിന്ന് കൊത്തിപ്പറക്കും.

പാട്ടുകളും കാക്കവെറുപ്പും
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും എന്നും, അയ്യോ കാക്കച്ചി കൊത്തിപ്പോകും എന്ന അനവധി നിരവധി കുറ്റപ്പെടുത്തല്‍ പാട്ടുകളിലൂടെയും കാക്കയെ നമുക്ക പരിചയമുണ്ട്.. മാവിന് കീഴില്മുകളിലെ എത്താക്കൊമ്പില്‍ പഴുത്ത മാങ്ങ നോക്കി വെള്ളമിറക്കുന്നതിനിടയില്‍ കുട്ടികള്‍ കാക്കയെ കാത്തു നില്‍ക്കാറുമുണ്ട്. ഫലവൃക്ഷങ്ങളിലെ പഴങ്ങളും കായ്കളും കൊത്തിത്തിന്നും നശിപ്പിച്ചും ഇവര്‍ ഉപദ്രവം ചെയ്യും. വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ പ്രത്യേക കഴിവാണ്. ഇതൊന്നും കൂടാതെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളില്‍ പോലും മൊത്തം സീന്‍ കോണ്ട്ര ആക്കിക്കളയും ' കാക്ക തൂറി എന്നാ തോന്നുന്നത് 'എന്ന് ജഗദീഷ് സ്റ്റൈലില്‍ പല വി ഐ പികളും പറയേണ്ടി വന്നാല്‍ പിന്നെ എന്താ ചെയ്യുക. ആ സ്ഥലത്തിന്റെ മൊത്തം അഴകും പേരും ആകര്‍ഷണവും പോയിക്കിട്ടും. വൈകുന്നേരങ്ങളില്‍ നഗരങ്ങളിലെ ബസ് സ്റ്റോപ്പുകളില്‍ മരക്കീഴില്‍ നില്ക്കുമ്പോള് വേനല്‍ക്കാലത്തും കുട ചൂടി നില്‍ക്കേണ്ടി വരുന്നത് കക്കക്കാഷ്ടം പേടിച്ചാണ്. ഇവര്‍ പല അഴുക്കുകളും കൊത്തികൊണ്ട് വന്ന് വാട്ടര്‍ ടാങ്കിലും കിണറിലും ഇടും. അതിസാര രോഗങ്ങള്‍ പകര്‍ത്താന്‍ ഇവര്‍ കാരണക്കാരും ആണ്. ഇതൊക്കെ കൊണ്ട് പല രാജ്യങ്ങളിലും ഇവര്‍ ശല്യക്കാരായ കടന്ന്കയറ്റക്കാരായാണ് കണക്കാക്കുന്നത്. പലയിടങ്ങളിലും കൊന്നു തീര്‍ക്കാറും ഉണ്ട്. നമ്മള് പക്ഷെ നൂറ്റാണ്ടുകളായി ഇവരോടൊപ്പം ജീവിച്ച് വളര്‍ന്നവരാണ്.
കാക്കയില്ലാതെ ഒരു കഥ നമുക്കില്ല. നമുക്കൊപ്പമല്ലാതെ കാക്കകള്‍ക്കും ജീവിതം സാദ്ധ്യമല്ല. ഭാരതത്തില്‍ ഒരാളും ഈ പക്ഷിയെ അറിയാത്തവരായി ഉണ്ടാകുകയില്ല. എല്ലാ നഗരത്തിലും ആളുകളെ വിളിച്ചുണര്‍ത്തുന്നത് ഇപ്പഴും ഇവര്‍ തന്നെയാണ്. തലക്ക് കൊത്തിയും ഷോക്കടിച്ച് ചത്ത സഹോദരരുടെ അനുശോചന യോഗം കൂടിയും, കൈയില്‍ നിന്നും കടയില്‍ നിന്നും വീട്ടിനുള്ളില്‍ നിന്നും കട്ടുപറന്നും തലയിലും ഉടുപ്പിലും തൂറിവെച്ചും ഇവര്‍ നമ്മോടൊപ്പം ജീവിക്കുന്നു.
- ശരീര വലിപ്പവുമായി തട്ടിക്കുമ്പോള്‍ ഏറെവലിയ തലച്ചോറാണിവക്ക്.
- അഞ്ച് വരെ അക്കം ഓര്‍മ്മിക്കാനും എണ്ണാനും കഴിയും.
- ബുദ്ധി ശക്തിയില്‍ ആള്‍ക്കുരങ്ങുകളോട് മത്സരിക്കും.
- മനുഷ്യര്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിശക്തിയുള്ള ജീവി ഇവരാകും.
പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ മൂല്യം ഉള്ള മാലിന്യ സംസ്കരണം ഇവര്‍ ചെയ്യുന്നുണ്ട്.

കൂരിരുട്ടിന്റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,
എന്ന് വൈലോപ്പിള്ളി ശ്രീധരമേനോനെപ്പോലെ അപൂര്‍വ്വം കവികള്‍ മാത്രമേ കാക്കയെ പുകഴ്ത്തി എഴുതീട്ടുള്ളു.
നഗരങ്ങളിലെ ജൈവ മാലിന്യങ്ങള്‍ തിന്നു തീര്‍ത്ത് വൃത്തിയാക്കുന്നതില്‍ കാക്കക്കൂട്ടങ്ങളുടെ പങ്ക് നിസ്സാരമല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി അവ തിന്നു തീര്‍ക്കുന്ന മാലിന്യത്തിന്റെ അളവ് വളരെ ഏറെ ആണ്. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ മൂല്യം ഉള്ള മാലിന്യ സംസ്കരണം ഇവര്‍ ചെയ്യുന്നുണ്ട്.
മദ്ധ്യേഷ്യയില്‍ പരിണമിച്ചുണ്ടായി മനുഷ്യരുടെ കൂട്ടങ്ങള്‍ക്ക് സമീപം ജീവിച്ച് തുടങ്ങിയവ ആണ്. പിന്നീട് മനുഷ്യരുടെ കപ്പല്‍ യാത്രകളില്‍ ഒപ്പം കൂടി ലോകം മുഴുവന്‍ പരന്നു.
തൊട്ടരികില്‍ വരെവന്നിരിക്കാന് കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നമ്മുടെ നാട്ടില്‍ ? തലയ്ക്ക് നല്ല മേട്ടം കൊടുത്ത് നായയെപ്പോലും ഓടിക്കും ഇവര്‍. കോര്‍വസ് ജീനസില്‍ പെട്ട ഈ പക്ഷി കുടുംബം മദ്ധ്യേഷ്യയില്‍ പരിണമിച്ചുണ്ടായി മനുഷ്യരുടെ കൂട്ടങ്ങള്‍ക്ക് സമീപം ജീവിച്ച് തുടങ്ങിയവ ആണ്. പിന്നീട് മനുഷ്യരുടെ കപ്പല്‍ യാത്രകളില്‍ ഒപ്പം കൂടി ലോകം മുഴുവന്‍ പരന്നു. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. ശരീര വലിപ്പവുമായി തട്ടിക്കുമ്പോള്‍ ഏറെവലിയ തലച്ചോറാണിവര്ക്കുള്ളത്. ബുദ്ധി ശക്തിയില്‍ ആള്‍ക്കുരങ്ങുകളോട് മത്സരിക്കും. മനുഷ്യര്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിശക്തിയുള്ള ജീവി ഇവരാകും.
കമ്പിവളച്ച് ഉപകരണം ഉണ്ടാക്കുന്ന ബുദ്ധിവൈഭവം

തെക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയില്‍ ഉള്ള കാക്കകള്‍ (Corvus moneduloides ) ആണ് പക്ഷികളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. മരംകൊത്തികള്‍ ഇല്ലാത്ത ആ ദ്വീപില്‍ മരപ്പൊത്തുകളിലെയും വിള്ളലുകളിലെയും പ്രാണികളേയും പുഴുക്കളേയുംതിന്നാന് അവിടത്തെ കാക്കകള്‍ പ്രത്യേക രീതിയാണ് ഉപയോഗിക്കുന്നത്. ചെടികളുടെ ചില്ലക്കമ്പുകള്‍ മുറിച്ചെടുത്ത് ഇലകള്‍ നീക്കം ചെയ്ത് നീളമുള്ള ചിള്ളി ഉണ്ടാക്കും. കുത്തിയെടുക്കാനുള്ള വളരെ കൃത്യതയുള്ള ഉപകരണം. ഈ നീളന്‍ കമ്പുകള്‍ കടിച്ച്പിടിച്ച് മരപ്പൊത്തുകള്ക്കുള്ളിലെ ചെറു ദ്വാരങ്ങളില്‍ നിന്ന് പുഴുക്കളെയും പ്രാണികളേയും കുത്തിയിളക്കി അതില്‍ പിടിപ്പിച്ച് വലിച്ചെടുത്ത് ശാപ്പിടും. ചിലപ്പോള്‍ കമ്പുകളെ പ്രത്യേക രീതിയില്‍ ഒടിച്ചെടുത്ത് കൊക്കപോലെ ഉപകരണം ഉണ്ടാക്കിയും ഇരകളെ ആഴത്തില്‍ നിന്നും തോണ്ടി എടുക്കാന്‍ ഇവര്‍ക്ക് പറ്റും. മനുഷ്യരെ കൂടാതെ ആള്‍ക്കുരങ്ങുകളും ആനകളും മാത്രമാണ് ഇത്രയും വിദഗ്ദമായ ഉപകരണങ്ങള്‍ ഭാവന ചെയ്ത് ഉണ്ടാക്കാന്‍ കഴുവുള്ളവരായി കണ്ടിട്ടുള്ളത്. പരിണാമ ഘട്ടങ്ങളില്‍ ജീവികളിലെ ബുദ്ധി വികാസവും ഉപകരണങ്ങളുടെ കണ്ടെത്തലും നിര്‍മ്മാണവും തമ്മിലുള്ള ബന്ധത്തെപറ്റി പഠിക്കാന്‍ കാക്കകളെയാണ് ശാസ്ത്രലോകം ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വന്യതയില്‍ അവര്‍ക്ക് പരിചിതമല്ലാത്ത ലോഹ കമ്പികള്‍ നല്കിയപ്പോള് അവവളച്ച് കൊക്കകളുണ്ടാക്കി ആഴമുള്ള പാത്രത്തിന്റെ അടിയിലുള്ള മാംസക്കഷണം കൊളുത്തിയെടുക്കുന്നതായി കണ്ടു. പല സ്റ്റേജുകള്‍ ഒന്നിനുപിറകെ ഒന്നായി കൃത്യമായി ചെയ്താല്‍ മാത്രം വിജയിക്കുന്ന പല ഘട്ടങ്ങള്‍ ഉള്ള പരീക്ഷണങ്ങള്‍ ഇവര്‍ ബുദ്ധിയും ഭാവനയും ഉപയോഗിച്ച് തെറ്റാതെ ചെയ്യും. ഒരു ഉപകരണം ഉപയോഗിച്ച് മറ്റൊന്നുണ്ടാക്കി അതുപയോഗിച്ച് തീറ്റ സമ്പാദിക്കുന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ 'മെറ്റാ- ടൂള്‍' രീതിയും ഇവ വിജയകരമായി ചെയ്യുന്ന പരീക്ഷണം കണ്ടാല്‍ നമ്മള് അമ്പരന്നു പോകും.
ഇടുങ്ങിയ ഗ്ലാസ് പാളികള്‍ക്കിടയില്‍ മാംസക്കഷണം തീറ്റയായി വെച്ചിട്ടുണ്ടാകും. അതെടുക്കണമെങ്കില്‍ നീളമുള്ള ഒരു കമ്പ് വേണം . അത്ര നീളമുള്ള കമ്പ് ഒരു കണ്ണാടിക്കൂട്ടില്‍ പ്രത്യേക ചരിവില്‍ അടഞ്ഞ രീതിയില്‍ വെച്ചിട്ടുണ്ടാകും. അത് താഴോട്ട് വീഴണമെങ്കില്‍ മൂന്നു കല്ലുകള്‍ അതിനു മുകളില്‍ ഇടണം. മൂന്നു കല്ലുകള്‍ മൂന്ന് ചെറിയ കമ്പിഅഴിക്കൂടിനുള്ളില് കാക്കയുടെ കൊക്കെത്താത്ത ദൂരത്ത് വെച്ചിട്ടുണ്ടാകും . ആ കല്ലുകള്‍ എടുക്കണമെങ്കില്‍ ആ അഴിക്കൂടിനുള്ളില്‍ നിന്നും ചെറിയ ഒരു കമ്പ് കൊണ്ട് ചിള്ളണം. അതിനു പറ്റിയ ഒരു കമ്പ് മുകളില്‍ ഒരു കയറില്‍ കുടുക്കി ഇട്ടിട്ടുണ്ടാകും. എന്നിട്ട് പരീക്ഷണത്തിനായി ഇതൊന്നും അറിയാത്ത ഒരു കാക്കയെ അവിടെ എത്തിച്ചു. കാക്ക എല്ലാം ഒരുപ്രാവശ്യം നോക്കിയ ശേഷം ഒരു എട്ടുവയസ്സുകാരന് മനുഷ്യക്കുട്ടിക്ക് പോലും കുറച്ച് ആശയക്കുഴപ്പം ഉണ്ടാകുന്ന ഈ പസില്‍ വളരെ വേഗം പൂര്‍ത്തിയാക്കി. ചെറിയ കമ്പ് അഴിച്ചെടുത്ത് അതുപയോഗിച്ച് കല്ലുകള്‍ എടുത്തിട്ട് വലിയകമ്പ് കൂടില്‍ നിന്നും എടുത്ത് ആ നീളന്‍ കമ്പുകൊണ്ട് ഇറച്ചിക്കഷണം ഗ്ലാസ് പാളികള്‍ക്ക് ഇടയില്‍ നിന്നും ചിള്ളി എടുത്ത് കഴിച്ചു . ചെറിയ കമ്പ് കൊണ്ട് ഇറച്ചിക്കഷണം കിട്ടില്ല എന്ന അറിവ് ട്രയല്‍ ആന്റ് ഏറര്‍ രീതിയിലല്ലാതെ എത്രവേഗം കാക്ക തീരുമാനിച്ചു എന്നത് ശരിക്കും അതുഭുതപ്പെടുത്തുന്നതാണ്.
മനുഷ്യരെ കൂടാതെ ആള്‍ക്കുരങ്ങുകളും ആനകളും മാത്രമാണ് ഇത്രയും വിദഗ്ദമായ ഉപകരണങ്ങള്‍ ഭാവന ചെയ്ത് ഉണ്ടാക്കാന്‍ കഴുവുള്ളവരായി കണ്ടിട്ടുള്ളത്.
കൊത്തിപ്പൊട്ടിക്കാന് വിഷമമുള്ള വാല്‍നട്ട് പോലുള്ളവ കിട്ടിയാല്‍ അവ ടാര്‍ റോഡിലേക്ക് കൃത്യമായ ഉയരത്തില്‍ നിന്ന് ഇട്ട് പൊട്ടിച്ച് (അധികം ഉയരത്തില്‍ നിന്ന് ഇട്ടാല്‍ എല്ലാം ചിതറിപ്പോകും എന്നവര്‍ക്ക് അറിയാം ) കൊത്തി തിന്നാന്‍ അവര്‍ക്കറിയാം. ട്രാഫിക്ക് ജംഗ്ഷനുകളില്‍ കൃത്യമായി റെഡ് സിഗ്നല്‍ വരുന്നതിനനുസരിച്ച് റോഡില്‍ കുരുക്കള്‍ ഇട്ട് വാഹനങ്ങള്‍ കയറി ഇറങ്ങുന്നത് വഴി പൊട്ടിച്ച് കഴിക്കുന്നതും നിരവധി വീഡിയോകളില്‍ നമുക്ക് കാണാം. അഞ്ച് വരെ അക്കംഓര്മ്മിക്കാനും എണ്ണാനും ഇവര്‍ക്ക് കഴിയും.
വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള സ്കില്ലും ഓര്‍മ്മ ശക്തിയും പരിണാമഘട്ടത്തില്‍ തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി കാക്കകള്‍ ആര്‍ജ്ജിച്ചതാണ്.
ദാഹിച്ച് അലഞ്ഞ് കുഴഞ്ഞ ഒരുകാക്ക കൂജയുടെ അടിത്തട്ടില്‍ ഇത്തിരി വെള്ളം കണ്ട്, ചരല്‍കല്ലുകള്‍ അതില്‍ കൊത്തിയിട്ട് ജലനിരപ്പുയര്‍ത്തി വെള്ളം കുടിച്ച് പറന്നുപോയ ഈസോപ്പ് കഥ പലരൂപത്തില്‍ നമ്മളെല്ലാം കേട്ടിട്ടുണ്ട്. കൗശലക്കാരനായ കുറുക്കന്റെയും , അപ്പം വീതം വെച്ച് മൊത്തം അകത്താക്കുന്ന കുരങ്ങന്റെയും കഥ പോലെ വെറും കഥയല്ല ഇത്. 2009 ല്‍ എത്തോളജിസ്റ്റായ നിക്കോള ക്ലൈടണ് നടത്തിയ പരീക്ഷണങ്ങള്‍ കാക്കയ്ക്ക് ഇതൊക്കെ നിസാരം എന്ന് തെളിയിച്ചു. ജലനിരപ്പുയരാന്‍ അതില്‍ മറ്റ് സാധനങ്ങള്‍ ഇട്ടാല്‍ മതി എന്ന കാര്യം ഏതു കാക്കയ്ക്കും അറിയാമത്രെ. കൂടാതെ കാക്കകള്‍ ഉള്‍പ്പെട്ട കോര്‍വിഡ് കുടുംബത്തിലെ മറ്റ് പക്ഷികള്‍ക്കും ഈ ബുദ്ധി ശക്തിയുണ്ടെന്നും കണ്ടു. വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള സ്കില്ലും ഓര്‍മ്മ ശക്തിയും പരിണാമഘട്ടത്തില്‍ തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി കാക്കകള്‍ ആര്‍ജ്ജിച്ചതാണ്.
കുയില്‍ മുട്ടയിടുമ്പോള് കാക്കയ്ക്ക്കണക്ക് അറിയാം എന്നതിനാല്‍, എണ്ണം കൂടുതലാകാതിരിക്കാന്‍ കാക്കയുടെ മുട്ട തള്ളിയിട്ട് കൂട്ടിന് വെളിയില്‍ കളഞ്ഞാവും പലപ്പോഴും സ്വന്തം മുട്ടയിടുക.

- കാക്കക്കൂട്ടങ്ങളില്‍ ഇരുന്നൂറ് മുതല്‍ ആയിരക്കണക്കിന് വരെ അംഗങ്ങള്‍ ഉണ്ടാവും.
- അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോള്‍ ഉയര്‍ന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും.
- ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം
- എല്ലാവരും ഒന്നിച്ച് പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച് വിടും.
പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള- കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടു കാക്ക ( Corvus splendens ) ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം . അവയേക്കാള്‍ അത്പം വലിപ്പക്കൂടുതലുള്ള, മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്ക ( Corvus macrorhynchos culminates ) ആണ് രണ്ടാമത്തെ ഇനം. ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ് .. ശല്യക്കാരായാണ് പൊതുവെ കാക്കകളെ കണക്കാക്കുന്നതെങ്കിലും മാലിന്യങ്ങള്‍ കൊത്തി തിന്ന് വൃത്തിയാക്കുന്നതില്‍ ഇവര്‍ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളില്‍ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്.

പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്താരത്തില്‍ ഇരതേടി സഞ്ചരിക്കുന്ന കാക്കക്കൂട്ടങ്ങളില്‍ ഇരുന്നൂറ് മുതല്‍ ആയിരക്കണക്കിന് വരെ അംഗങ്ങള്‍ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോള്‍ ഉയര്‍ന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. എല്ലാവരും ഒന്നിച്ച് പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച് വിടും. ചേക്കേറിയാലും കുറേ നേരം കൂടി കശപിശ ശബ്ദം കേള്‍ക്കാം.
- ഇണ ചേരലും മുട്ടയിടലും ഒക്കെ ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലമാണ്.
- മൂന്നു മുതല്‍ ഒന്‍പത് മുട്ടകള്‍ വരെ ഇടും.
- ഇരുപത് വര്‍ഷം വരെയാണ് കാക്കയുടെ ആയുസ്സ്.
പല സംസ്കാരങ്ങളിലും കാക്ക പരേതാത്മാക്കളുമായി ബന്ധപ്പെട്ട ജീവിയാണ്. നമ്മുടെ നാട്ടിലും ബലിക്കാക്കകള്‍ മരിച്ച് പോയ കാരണവന്മാരുടെയും പിതൃക്കളുടെയും ആത്മാവാണെന്ന് വിശ്വസിച്ച് അവര്‍ക്ക് ചോറു നല്കുന്ന ചടങ്ങ് ഇപ്പോഴും വാവു ബലി എന്ന പേരില്‍ ഉണ്ട്. മരണത്തിന്റെയും അപശകുനത്തിന്റെയും ആത്മാവിന്റെയും ചിഹ്നമായി കഥകളികളിലുംസിനിമകളിലും കാക്കകള്‍ വന്നുകൊണ്ടിരിക്കും. കാക്ക കുളിച്ചാല്‍ കൊക്കാകുമോ, തുടങ്ങി പല പഴംചൊല്ലുകളും നമ്മുടെ നാറ്റിലുണ്ട്്. അതുപോലെ പല വിശ്വാസങ്ങളും. ഒറ്റ കാക്ക കുളിക്കുന്നത് കണ്ടാല്‍ അപകടം എന്നും വാഴകൈയില്‍ വന്നിരുന്ന് കാക്ക കരഞ്ഞാല്‍ വിരുന്നുകാര് വരു മെന്നും ഒക്കെയുള്ള നാട്ട് വിശ്വാസങ്ങള്‍ ഇപ്പോള്‍ ആരും കാര്യമാക്കാറില്ല.
കാഴ്ചകളെയും വ്യക്തികളെയും ഓര്‍ത്തു വെക്കുന്നതില്‍ അസാമാന്യ കഴിവുള്ളവരാണ്. കുഞ്ഞുങ്ങളെ അപായപ്പെടുത്തിയ ആളുകളെ എത്ര വലിയ ജനക്കൂട്ടത്തിൽ നിന്നും മുഖം കണ്ട് തിരിച്ചറിയാനും ആക്രമിക്കാനും ഇവയ്ക്ക് കഴിയും


കാക്കയുടെ ചെരിഞ്ഞ് നോട്ടം വളരെ പ്രശസ്തമാണ്. കാക്കയ്ക്ക് ഒരു കണ്ണ് കണ്ടു കൂട , അതുകൊണ്ടാണ് ഇവ അങ്ങിനെ നോക്കുന്നത് എന്നാണ് വിശ്വാസം. ശ്രീരാമന് ചിത്രകൂടത്തില്‍ സീതാ ദേവിയുടെ മടിയില്‍ തലവെച്ച് ഉറങ്ങുമ്പോള്‍ ഇന്ദ്ര പുത്രനായ ജയന്തന് കാക്കയുടെ രൂപത്തില്‍ വന്ന് സീതയെ കൊത്തി മുറിവേല്പ്പിച്ചത്രെ !. ഉറക്കം കഴിഞ്ഞുണര്‍ന്ന ശ്രീരാമന് ചോരയൊലിച്ചു നില്ക്കുന്ന സീതയെ കണ്ടു കാര്യം മനസിലാക്കി. തൊട്ടടുത്തൂള്ള പുല്ലു പറിച്ച് കാക്കയുടെ നേരെ എറിഞ്ഞപ്പോള്‍ കണ്ണില്‍ തറച്ച് ഒരുഭാഗത്തെ കാഴ്ചപോയെന്നാണ് കഥ. ''വല്ലഭന് പുല്ലും ആയുധം'' എന്ന ഭാഷാപ്രയോഗം നിലവില്‍ വന്നത് ഈ കഥയില്‍ നിന്നാണ്. വളരെ സൂക്ഷ്മമായും ശ്രദ്ധയോടെയും പരിസരം നിരീക്ഷിക്കുന്ന ശീലക്കാരാണ് കാക്കകള്‍. കാഴ്ചകളെയും വ്യക്തികളെയും ഓര്‍ത്തു വെക്കുന്നതില്‍ കാക്കകള്‍ അസാമാന്യ കഴിവുള്ളവരാണ്. ആളുകളൂടെ മുഖം ഇവ എങ്ങനെ ഇത്ര കൃത്യമായി ഓര്‍ത്തു വെക്കുന്നു എന്ന കാര്യത്തെക്കുറിച്ച് അറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കൂട്ടത്തിലാര്ക്കെങ്കിലുംദുരനുഭവം ഉണ്ടായാല്‍ സംഘാംഗങ്ങളൊക്കെയും കൂടിച്ചേര്‍ന്ന് അനുതാപവും ആശങ്കയും ദേഷ്യവും പ്രകടിപ്പിക്കും. ആയുസ് കാലമത്രയും ആ അനുഭവവും സ്ഥലവും അവ ഓര്‍ത്തുവെക്കും. 250 വ്യത്യസ്ത തരം കരച്ചില് ശബ്ദങ്ങളിലൂടെ ആശയ കൈമാറ്റം ഇവ വളരെ സ്പഷ്ടമായി നടത്തുന്നുണ്ട്. കൂട്ടത്തിലെ മറ്റ് അംഗങ്ങളോട്് ഉയര്‍ന്ന ഒച്ചയിലും കുടുംബാംഗങ്ങളോട് താഴ്ന്ന ശബദത്തിലും ഇവ കാകാ ശബ്ദത്തിന്റെ വ്യത്യസ്ഥ സാദ്ധ്യതകള്‍ ഉപയോഗിക്കും. അതിന്റെ കുഞ്ഞുങ്ങളെ അപായപ്പെടുത്തിയ ആളുകളെ എത്ര വലിയ ജനക്കൂട്ടത്തിനിടയില്‍ നിന്നും മുഖം കണ്ട് തിരിച്ചറിയാനും ആക്രമിക്കാനും ഇവയ്ക്ക് കഴിയും.
ഒരേ മുഖം എന്ന് നമുക്ക് തോന്നുന്ന ചൈനക്കാരുടെ കൂട്ടത്തില്‍ നിന്നും ഒരാളെ തിരിച്ചറിയാന്‍ പറഞ്ഞാല്‍ നമ്മള് അല്പം കുഴയും എന്നിരിക്കെ ഇവരെങ്ങനെ ഒരാള്ക്കൂട്ടത്തിനുള്ളില് നിന്നും എത്ര വര്‍ഷം കഴിഞ്ഞും വളരെ ദൂരത്ത് നിന്നുപോലും ഞൊടിയിടയില്‍ മുഖം തിരിച്ചറിയുന്നു എന്ന കാര്യം തിരിച്ചറിഞ്ഞാല്‍. കമ്പ്യൂട്ടര്‍ ഫൈസ് റിക്കഗ്നേഷന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് എന്നിവയില്‍ വലിയ സംഭാവന ആകും അത്.
Reference :
http://birdsofindia-ssen.blogspot.com/2011/08/in-praise-of-crows.html
https://www.youtube.com/watch?v=M52ZVtmPE9g
https://www.science.org/doi/abs/10.1126/science.aam8138?fbclid=IwAR0UxiB0j2vEMWw22RlxrVTCjJE0p7EN8jx09wn5x7tKGE5MLGnRa3lk1KA&
https://www.youtube.com/watch?v=ZerUbHmuY04
https://www.youtube.com/watch?v=AVaITA7eBZE
https://www.youtube.com/watch?v=UZM9GpLXepU
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..