ഇടത്തു നിന്ന് 1.വെരുക് (photo: CC BY-SA 4.0, https:||commons.wikimedia.org|w|index.php?curid=12698835) 2. മരപ്പട്ടി ( getty images)
ഈനാമ്പേച്ചിയും മരപ്പട്ടിയും തമ്മില്‍ 'പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു ' എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതാണ് 'ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ' എന്ന ഭാഷാപ്രയോഗം. അവര്‍ തമ്മിലുള്ള ഏന്ത് സാമ്യമാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന കാര്യം അത്ര വ്യക്തമല്ല. അലവലാതിത്തരത്തില്‍ ഒന്നിനൊന്ന് മെച്ചം എന്ന തരത്തിലാണല്ലോ ചിലര്‍ക്ക് നമ്മള് ഈ വിശേഷണം അറിഞ്ഞ് നല്‍കുന്നത്.

പഴയ വീട്ട് മച്ചുകളുടെ മുകളില്‍ മരപ്പട്ടികള്‍ സ്ഥിര താമസക്കാരായിരുന്നു. മരപ്പട്ടികള്‍ ഇങ്ങോട്ടും താമസക്കാര്‍ അങ്ങോട്ടും ഇടപെടാതെയുള്ള സഹകരണ ജീവിതം . ഇടക്ക് മിത്രബോധമില്ലാതെ മച്ചില്‍ മൂത്രമൊഴിച്ച് താഴേക്ക് ഉറ്റിക്കുമ്പോഴും , രാത്രി ഇണചേരല്‍ അനുഷ്ഠാന കര്‍മങ്ങള്‍ക്കിടയില്‍ മച്ചിന്‍പുറം ബഹളമാവുമ്പോഴും മാത്രമേ പലരും ഇവരെ തുരത്താന്‍ മച്ചില്ക്കയറാറുള്ളു. വെറുതേ ഒരു ശ്രമം എന്ന് മാത്രം. എന്ത് ചെയ്താലും അവര്‍ സഞ്ചാരങ്ങളും ഇരതേടലും ഒക്കെ കഴിഞ്ഞ് പാതിരാത്രി കഴിയുമ്പോള്‍തന്നെ പഴയ ഒളിവിടങ്ങളില്‍ തിരിച്ച് എത്തും. പൂനിലാവുള്ള ദിവസം വ്രതക്കാരെപ്പോലെ തട്ടില്പ്പുറത്തപ്പനായി രാത്രിയും അവിടെ തന്നെ കഴിയും എന്ന് മാത്രം. അത്തരം സഹവാസങ്ങളെ കളിയാക്കുന്നതാവാം ഈനാമ്പേച്ചി മരപ്പട്ടി കൂട്ട് എന്ന ശൈലി.
അതേസമയം മരപ്പട്ടിയും വെരുകും ഒരേ വർഗ്ഗമാണെന്ന് കരുതിപ്പോരുന്നവരുണ്ട്. എന്നാൽ രണ്ടും രണ്ട് വ്യത്യസ്ത ജനുസ്സാണ്. കല്ലുണ്ണി വെരുക് പാരഡോക്സറസ് ജനുസിലും പൂ വെരുക് വിവെറിക്കുല ജനുസിലും പെട്ട വ്യത്യസ്ത ജീവികളാണ്. രണ്ടിന്റെ സാമാന്യനാമങ്ങളിലും civet എന്ന് ഉള്ളത് കൊണ്ട് പൊതുവെ രണ്ടും ഒരേ ജാതി ജീവികളായി സാധാരണക്കാരും കരുതിപ്പോരുന്നു.
ആരാണ് മരപ്പട്ടി

ബേജാറായി, ഇരിക്കപ്പൊറുതിയില്ലാതെ, പേടിച്ചരണ്ട വിധത്തിൽ മുറിയില്‍ തലങ്ങും വിലങ്ങും കൈപ്പത്തി ഞരടി പര പര നടക്കുന്നവരേയും വേഗം സ്ഥലം കാലിയാക്കാന്‍ തിടുക്കപ്പെട്ട് പെരുമാറുന്നവരെയും ഒക്കെ കണ്ടാല്‍ 'നീയെന്താ മെരു കളിക്കുന്നത് പോലെ കളിക്കുന്നത്' എന്ന് മലബാറില്‍ ഒരു ചോദ്യം ഉണ്ട്. ഈനാമ്പേച്ചിയും മരപ്പട്ടിയും ഏകാന്ത സഞ്ചാരികളും പേടിത്തൊണ്ടന്മാരുമാണ് . ഇവര്‍ തമ്മില്‍ സ്വഭാവത്തിലെ ഈ സാമ്യമല്ലാതെ വേറൊന്നും പൊതുവായില്ല. മനുഷ്യരുടെ മുന്നില്‍പ്പെടാതെ ഒളിഞ്ഞ് കഴിയാന്‍ ഇഷ്ടമുള്ളവരാണ് ഇരുവരും. സസ്തനികളാണ് എന്ന മറ്റൊരു സാമ്യവും ഉണ്ട്.
മരപ്പട്ടി എന്ന് പൊതുവെ അറിയപ്പെടുന്ന ഇവര്‍ കല്ലുണ്ണി മെരു, കല്ലുണ്ണി, കള്ളുണ്ണി - എന്നൊക്കെ പല പേരില്‍ പല നാടുകളില്‍ അറിയപ്പെടുന്നുണ്ട്. ഒരിനം വെരുക് ആണ് ഇവരും . എന്താണ് വെരുക് എന്നത് നമ്മള് അത്ര തീര്ച്ചയാക്കിയിട്ടും ഇല്ല. കുറുക്കന് , ചീവീട്, തുടങ്ങിയ പേരുകള്‍ പോലെ തന്നെ ചില ആശയക്കുഴപ്പങ്ങള്‍ ഉള്ള വാക്കാണ് വെരുക് എന്നതും. മരപ്പട്ടിയുമായി വലിയ സാമ്യം ഇല്ലാത്ത പൂവെരുകിനേ മാത്രമാണ് (Small indian civet - Viverricula indica) വെരുക് എന്ന് സാധാരണ വിളിക്കുന്നത്. മരപ്പട്ടിയെ വെരുക് എന്ന് വിളിക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരും ഉണ്ട് . പലരും ഇവയെ പരസ്പരം മാറി പറയുന്നത് ഇപ്പഴും തുടരുന്നുണ്ട്.
ലോകത്തെങ്ങുമായി Viverridae കുടുംബത്തില്‍പ്പെട്ട 14 ജനുസ്സുകളിലായി 33സ്പീഷിസുകള്‍ ഇതുവരെയായി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ പെട്ടവരാണ് നമ്മുടെ നാടിലെ മരപ്പട്ടിയും വെരുകും.
Paradoxurus ജനുസില്‍ ഉള്‍പ്പെട മൂന്നിനം മരപ്പട്ടികളാണുള്ളത്. ഏഷ്യന്‍ സിവറ്റ് , ഗോല്‍ഡന്‍ സിവറ്റ് , ബ്രൗണ്‍ പാം സിവറ്റ് . Paradoxurus hermaphroditus എന്ന ഇനം ആണ് നമ്മള് വളരെ സാധാരണമായി കാണുന്ന നമ്മുടെ കല്ലുണ്ണി. കൂടാതെ പശ്ചിമ ഘട്ടത്തിലെ കാടുകളിലും അവയോട് ചേര്‍ന്ന കാപ്പി ഏലം കൃഷി മേഖലയിലും, ഒക്കെ മാത്രം കാണുന്നവയാണ് ബ്രൗണ്‍ പാം സിവറ്റ് (Paradoxurus jerdoni)
പന, തെങ്ങ് തുടങ്ങിയവിലെ പൂങ്കുലകളില്‍ നിന്നുണ്ടാവുന്ന മധുരക്കള്ള്ഇവര്ക്ക് ഏറെ ഇഷ്ടമുള്ളതിനാല്‍ toddy cat എന്ന പേര് കൂടി ഇവര്‍ക്ക് ഉണ്ട്. നമ്മള് അത് കള്ളുണ്ണി , കള്ളുണ്ണി മെരു എന്നൊക്കെ ആക്കിയതാവാം. ദക്ഷിണേഷ്യയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും കാണപ്പെടുന്നവരാണ് ഇത്തരം മരപ്പട്ടികള്‍.

പൂച്ചയുടെ വലിപ്പമുള്ള, കറുപ്പ് കലർന്ന ചാരനിരമുള്ള മരപ്പട്ടി
മുഷിഞ്ഞ കറുപ്പ് കലര്ന്നചാര നിറമുള്ള രോമങ്ങളാണ് പൊതുവെ ഇവര്‍ക്ക് കാണുക. കാഴ്ചയ്ക്ക് അത്ര മനോഹരമല്ലാത്ത രോമാവരണം. പൂച്ചയുടെ വലിപ്പം ഉള്ള ഇവയ്ക്ക് രണ്ട് മുതല്‍ അഞ്ച് കിലോ വരെ ഭാരം ഉണ്ടാവും. ശരീരത്തിന് അരമീറ്ററോളം നീളവും കാണും. കറുത്ത രോമം പുതഞ്ഞ വാലിനും അത്ര തന്നെ നീളമുണ്ടാകും. അഗ്രം വൃത്താകൃതിയിലുള്ള വലിയ ചെവികളാണ്. നെറ്റിയിലും കണ്ണിന് താഴെയും ആയി വെളുത്ത പാടുകള്‍ കാണാം. മൂക്കിന്റെ ദ്വാരത്തിന് അടുത്തും വെളുത്ത കുത്തുകള്‍ ഉണ്ടാവും. ശരീരത്തില്‍ മുന്നില്‍ നിന്ന് പിറക് വരെയും ഉള്ള മൂന്ന് വെള്ള വരകള്‍ കുഞ്ഞുങ്ങളില്‍ വ്യക്തമാകണം എന്നില്ല.
മലദ്വാരത്തിന് താഴെയുള്ള പെര്ണിയല് ഗ്രന്ഥികളില്‍ നിന്നുള്ള ഗന്ധ ഗ്രന്ഥികളില്‍ നിന്നും രൂക്ഷ ഗന്ധമുള്ള സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇവയ്ക്ക് കഴിയും. ഭയപ്പെട്ടാല്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള അതിജീവന തന്ത്രമാണ് ഈ രാസമിശ്രിത നാറ്റം കൊണ്ടുള്ള വെറുപ്പിക്കല്‍.
കൂടാതെ പെര്ണിയല് ഗ്രന്ഥി നിലത്തിഴച്ചും, മൂത്രം മലം എന്നിവ തൂവിയും പലതരം അടയാള സൂചനകള്‍ കൈമറ്റം ചെയ്യുന്നുണ്ട്. ഈ രീതികളില്‍ ആണിനും പെണ്ണിനും വ്യത്യാസം ഉണ്ട്. രാത്രിയാണ് ഇര തേടല്‍, പകല്‍ മുഴുവന്‍ മരപ്പൊത്തുകളിലും പനമ്പട്ടക്കവിളകളിലും ഒളിച്ച് കഴിയും. മുന്‍കാലുകളില്‍ ഉറപ്പുള്ള നഖങ്ങള്‍ ഉള്ളതിനാല്‍ മരത്തിലും വീട്ട് ചുമരുകളിലും പിടിച്ച് കയറ്റം ഇവര്‍ക്ക് വളരെ എളുപ്പമാണ്. പൊതുവെ ഇവര്‍ ഏകാന്ത ജീവിതം നയിക്കുന്നവരാണ്. ഇണചേരല്‍ കാലം മാത്രമാണ് കൂട്ട് ജീവിതം . ഇവയുടെ ഇണ ചേരല്‍ സ്വഭാവങ്ങളെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മിശ്രഭോജികളായതിനാല് ഇരതേടല്‍ തറയിലും മരത്തിലും ഒക്കെയാണ് . പലതരം പഴങ്ങളും കായ്കളും വിത്തുകളും ഒക്കെ ആണ് ഇഷ്ടാഹാരം. കാടുകളിലെ വിത്ത് വിതരണത്തില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ട്. സപ്പോട്ട, മാങ്ങ, റംബൂട്ടാന് , കാപ്പി ക്കുരു ഒക്കെ വളരെ ഇഷ്ടം . കൂടാതെ ചെറു സസ്തനികളേയും പ്രാണികളേയും ഒക്കെ ഇവ തിന്നും .
നിയമ വിരുദ്ധമായി ഇവയെ കണ്ടമാനം വേട്ടയാടാറുണ്ട് . എങ്കിലും ഇവ വംശനാശ ഭീഷണി നേരിടുന്നവയായി കണക്കാക്കിയിട്ടില്ല. ഇവയുടെ സ്രവങ്ങളും മാംസവും മരുന്നിനും തീറ്റ ഇറച്ചിക്കുമായി ഉപയോഗിക്കാനായാണ് ഇവരെ വേട്ടയാടി കൊല്ലുന്നത്.

കാപ്പിക്കുരു കഴിക്കുന്നു |Getty images
കോപ്പി ലുവാക്

മരപ്പട്ടികള്‍ തിന്നുന്ന കാപ്പിക്കുരുത്തൊണ്ട് മാത്രം ദഹിച്ച് കുരു വയറ്റില്‍ കിടന്ന് പുളിച്ചും പലതരം ദഹന രസങ്ങളുമായും പ്രവര്‍ത്തിച്ചും കഴിഞ്ഞ് വിസര്‍ജ്ജിക്കപ്പെടുന്നത് ശേഖരിച്ച് കഴുകി പൊടിച്ച് ഉണ്ടാക്കുന്ന കാപ്പിയാണ് കോപ്പി ലുവാക് . ഇതിന് പ്രത്യേക രുചി ആണ് എന്നാണ് കരുതപ്പെടുന്നത്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍ കാടുകളില്‍ നിന്നായിരുന്നു ഇത്തരം കാപ്പി ശേഖരിച്ചിരുന്നത്. ഇപ്പോള്‍ വിലയേറിയ കാപ്പിയാണ് സിവറ്റ് കോഫി. ഈ ആവശ്യത്തിനായി വലിയ തോതില്‍ മരപ്പട്ടികളെ പിടി കൂടി കൂടുകളില്‍ വളര്‍ത്തുന്നുണ്ട്. ഇത് അവിടങ്ങളില്‍ ഇവയുടെ നിലനില്‍പ്പിന് പ്രശ്നമായിട്ടുണ്ട് .

Photo: By tontantravel, Kaeng Krachan national park tours - https://www.flickr.com/photos/tontantravel/15924839626, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=38905829
ആരാണ് വെരുക്
മരപ്പട്ടിയില്‍ നിന്ന് വ്യത്യസ്ഥമായി Viverricula ജനുസില്‍ പെട്ടതാണ് വെരുകുകള്‍. നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന സ്മാള്‍ ഇന്ത്യന്‍ സിവറ്റിനെ (Viverricula indica) വെരുക് , പൂവെരുക് , പുള്ളി വെരുക് , മെരു എന്നിങ്ങനെ ഒക്കെ പേരുകള്‍ വിളിക്കാറുണ്ട്. നല്ല മനോഹര രോമാവരണം ആണിവര്‍ക്ക് ഉള്ളത്. ചാര - തവിട്ട് നിറമോ മഞ്ഞിച്ച തവിട്ട് നിറമോ ഉള്ള രോമങ്ങളാണ് വെരുകിന് ഉണ്ടാവുക. പുറത്ത് നീളത്തില്‍ കറുത്തതോ ഇരുണ്ട തവിട്ട് നിറത്തിലോ ഉള്ള അഞ്ചോ ആറോ വരകളും ഇരു പാര്‍ശ്വങ്ങളിലും അതു പോലെ നാലോ അഞ്ചോ വരിയായി കറുത്ത കുത്തുകുത്തുകളും കാണാം. നീണ്ട വാലില്‍ ഒന്നിടവിട്ട് കറുത്തതും വെളുത്തതുമായ ഏഴു മുതല്‍ ഒന്‍പത് വരെവളയങ്ങളും ഉണ്ടാവും. വൃത്താകൃതിയുള്ള കുഞ്ഞ് ചെവികളുടെ പിറകിലും അടയാളങ്ങള്‍ കാണാം. ശരീരത്തിന് അര മീറ്ററിലധികം നീളമുണ്ടാകുമെങ്കിലും വാലിന് മരപ്പട്ടിയുടെ വാലിന്റെ നീളം കാണില്ല. ഇന്ത്യ ശ്രീലങ്ക , തായ്ലാന്റ് ലാവോസ്, കംബോഡിയ , വിയറ്റ്നാം മദ്ധ്യ ദക്ഷിണ ചൈന തായ്വാന് എന്നിവിടങ്ങളിലൊക്കെ ഈ വെരുകിനെ കാണാം.
രാത്രിഞ്ചരന്മരായ ഇവര്‍ പ്രധാനമായും പ്രാണി പിടിയന്മാരാണ്. എലികള്‍, പാമ്പുകള്‍ , അഴുകിയ മാംസം, പഴങ്ങള്‍, വേരുകള്‍ എന്നിവ ഒക്കെ ഭക്ഷണമാക്കും. മരപ്പൊത്തുകളിലും പാറവിള്ളുകളിലും കുറ്റിക്കാട്ടിലും ഒക്കെയാണ് ഒളിച്ച് കഴിയുക. മരപ്പട്ടികളെപ്പോലെ തന്നെ ഇണ ചേരലിനല്ലാതെയുള്ള സമയങ്ങളില്‍ ആരുടെയും കൂട്ട് ഇഷ്ടപ്പെടാത്ത ഏകാന്ത പ്രണയികളാണ്. പൊതുവെ മണ്ണിലാണ് ജീവിതമെങ്കിലും മരം കയറ്റം നന്നായി അറിയാം. മരപ്പൊത്തുകളിലും സ്വയം മാന്തിക്കുഴിച്ച മാളങ്ങളിലുമാണ് ഉറക്കവും വിശ്രമവും. വളര്‍ത്ത് മെരുക്കള്‍ എട്ടൊന്‍പത് വര്‍ഷം വരെ ജീവിക്കും .

മേപ്പയൂർ അങ്ങാടിയിൽ കാണപ്പെട്ട വെരുക്
വെരുകിന്റെ വാലിനടിയിലെ പെര്ണിയല് ഗ്രന്ഥിയില്‍ കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു സ്രവം ശേഖരിച്ച് വെച്ചിരിക്കും. ഇത് വെരികിന്‍ പുഴു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇതിന് വലിയ ഔഷധഗുണമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കാനായാണ് ഇവയെ വ്യാപകമായി പിടികൂടി വളര്‍ത്തിയിരുന്നതും കൊന്നിരുന്നതും.
മലബാര്‍ വെരുക് (Malabar large-spotted civet)

CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=52374531
മല മെരു , ജവാദ് മെരു, കണ്ണന് ചന്തു, എന്നൊക്കെ പേരില്‍ ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലും പശ്ചിമഘട്ടത്തിലെ നിത്യ ഹരിത വനങ്ങളിലും കാണപ്പെട്ടിരുന്ന ഒരിനം വെരുകാണ് മലബാര്‍ വെരുക് (Viverra civettina) . പുള്ളി വെരുകിനോട് (Small indian civet) ഏറെ സാമ്യമുള്ളതും പട്ടിയോളം വലിപ്പമുള്ളതും ആണ് ഈ ജീവി. 1978ല്‍ ഐ.യു.സി.എന്‍ ഈ ജീവിവര്‍ഗ്ഗം അപ്രത്യക്ഷമായതായി പ്രഖ്യാപിച്ചു. പക്ഷെ 1990 ല്‍ ആണ് ഈ ജീവിയെ മലപ്പുറം ജില്ലയിലെ പൂക്കോട് നിന്ന് Dr. N V K അഷറഫും സംഘവും അവസാനമായി കണ്ടത്. അതിനു മുമ്പ് 1987 ല്‍ മലപ്പുറം ജില്ലയില്‍ നിന്നുതന്നെ എളയൂരിലെ കശുമാവിന് തോട്ടത്തില്‍ ചത്തരണ്ട് മലബാര്‍ വെരുകുകളെ Dr. G. U. കുറുപ്പിന് കിട്ടിയിരുന്നു. കോഴിക്കോട് സര്‍വകലാശാല ജന്തുശാസ്ത്ര ലാബിലും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലും അവയെ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് . ഇതുവരെ ആയി ആര്‍ക്കും ജീവനോടെയുള്ള മലബാര്‍ വെരുകിന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നമ്മുടെ നാട്ടില്‍ ധാരാളമായി ഉണ്ടായിരുന്നു ഈ ജീവി. വേട്ടയാടല്‍ മൂലം ആവാം ഇവയുടെ എണ്ണം ഇത്രപെട്ടന്ന് കുറഞ്ഞ് വംശനാശത്തിലെത്തിയത്. പുതിയ ജനിതക പഠനങ്ങള്‍ കൗതുകകരമായ ചില വിവരങ്ങള്‍ കൂടി മലബാര്‍ വെരുകിനെ പറ്റി വെളിപ്പെടുത്തുന്നുണ്ട്. പണ്ട് മലേഷ്യയില്‍ നിന്ന് വില്‍പ്പനയ്ക്കായി കപ്പലില്‍ കച്ചവടക്കാര്‍ക്ക് ഒപ്പം കേരളത്തിലെത്തി പുറത്ത് ചാടി ഇവിടെ ബാക്കിയായിപ്പോയ Large-spotted civet (Viverra megaspila ) എന്ന വെരുകിനത്തിന്റെ പിന്തലമുറയാവാം ഇത്.
പ്രത്യേക ഭൂമിശാസ്ത്ര പ്രദേശത്ത് തിന്ന് കൊഴുത്ത് വളര്‍ന്നപ്പോള്‍ - തെറ്റിദ്ധരിച്ച് നമ്മള് മലബാര്‍ വെരുക് എന്ന് കരുതിയതാവാമത്രെ. അല്ലാതെ ഇങ്ങനെ വ്യത്യസ്ഥമായ ഒരു സ്പീഷിസ് ഇല്ലായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.വന്യജീവി പരിപാലനത്തിനും പഠനങ്ങള്‍ക്കും ആയി പ്രവര്‍ത്തിക്കുന്ന മലബാര്‍ നാച്വറല്‍ സൊസൈറ്റിയുടെ എംബ്ലം മലബാര്‍ വെരുക് ആണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..