സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് |Magics of Nature


അഞ്ജന ശശി



ഏതാണ്ട് 60 കോടി വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ ഘടനയ്ക്ക് 50 കിലോമീറോളം വ്യാസമുണ്ട്

eye of sahara

റബി ഭാഷയില്‍ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ് അര്‍ഥം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് കണ്ണെത്താദൂരത്തോളം, ഏതാണ്ട് യൂറോപ്പിനോളം തന്നെ വലിപ്പത്തില്‍ വ്യാപിച്ചുകിടക്കുകയാണ് സഹാറ മരുഭൂമി. ഏതാണ്ട് 30 ലക്ഷം വര്‍ഷത്തെ പഴക്കമുണ്ട് ഈ മരുഭൂമിക്ക്. സഹാറയില്‍, വടക്കുപടിഞ്ഞാറന്‍ ആഫ്രക്കന്‍ രാജ്യമായ മോറുറ്റേനിയ (Mauritania) യില്‍, ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ഭൗമ പ്രതിഭാസമുണ്ട്. ബഹിരാകാശത്തുനിന്ന് നോക്കിയാല്‍, ആകാശം നോക്കിക്കിടക്കുന്ന പോലുള്ള ഒരു വലിയ കണ്ണ്. നീലയും പച്ചയും സ്വര്‍ണ്ണനിറവുമെല്ലാം ഇടകലര്‍ന്നു കാണുന്ന വിസ്മയക്കണ്ണ്. 'സഹാറയുടെ കണ്ണ്' എന്ന് പൊതുവെ അറിയപ്പെടുന്ന ഈ പ്രദേശത്തിന് 'ആഫ്രിക്കയുടെ കണ്ണ്', കാളക്കണ്ണ് (ബുള്‍സ് ഐ) തുടങ്ങിയ പേരുകളും സ്വന്തമായുണ്ട്. റിഷാറ്റ് സ്ട്രക്ചര്‍ എന്നാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്.

ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം വീക്ഷിക്കുന്നതിനായുള്ള നാസ ദൗത്യത്തിനിടയില്‍ 1965- ലാണ് റിഷാറ്റ് ഘടന (Richat structure) ആദ്യമായി കണ്ടെത്തുന്നത്. മോറുറ്റേനിയയുടെ ഭൂപടം പഠിക്കുന്നതിനിടയില്‍ ഫ്രഞ്ച് ജിയോഫിസിസ്റ്റായ ഡോ. ജാക്വസ് കോംബോയാണ് ഈ ഘടന ആദ്യം ശ്രദ്ധിക്കുന്നത്.

Photo credit: NASA

റിഷാറ്റ് സ്ട്രക്ചര്‍

റിഷാറ്റ് എന്നാല്‍ അറബി ഭാഷയില്‍ തൂവല്‍ എന്നാണ് അര്‍ഥം. ആകാശത്തുനിന്നുനോക്കുമ്പോള്‍ തൂവല്‍കൊണ്ടു വരയിട്ടപോലെയാണ് ഈ ഭൂപ്രകൃതി കാണപ്പെടുന്നത് എന്നതിനാലാകാം ഇത്. കണ്ണഞ്ചിപ്പിക്കുന്ന ഈ ഭൂമിശാസ്ത്ര രൂപീകരണത്തിന് ഖ്വല്‍ബ് റിഷാറ്റ് എന്നാണ് അറബിയില്‍ പേര്. ഖ്വല്‍ബ് എന്ന അറബി പദത്തിന് ഹൃദയം എന്നാണ് അര്‍ഥം.

ഏതാണ്ട് 60 കോടി വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ ഘടനയ്ക്ക് 50 കിലോമീറോളം വ്യാസമുണ്ട്, സര്‍പ്പിളാകൃതിയിലുള്ള വരകളും കാണാം. പ്രധാനമായും ക്വാര്‍ട്സൈറ്റ് കൊണ്ടുള്ള കേന്ദ്ര താഴികക്കുടത്തിനുചുറ്റും മണല്‍ക്കല്ലിന്റെ വളയത്താല്‍ ചുറ്റപ്പെട്ട രീതിയിലാണ് ഇതിന്റെ രൂപഘടന. ചുറ്റുമുള്ള മണല്‍പ്പരപ്പില്‍നിന്ന് ഏകദേശം 200 മീറ്റര്‍ ഉയരത്തില്‍, അവസാദശിലകളുടെ പീഠഭൂമിയായി ഈ ഇരുണ്ട പ്രദേശം മാറി. ഘടനയുടെ പുറംവരമ്പിന്റെ മുകളറ്റം സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 485 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

സഹാറ മരുഭൂമിയിലെ മണലുകള്‍ എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മരുഭൂമിയിലുടനീളം സ്ഥിരമായുണ്ടാകുന്ന കാറ്റ് മണലില്‍ വിവിധ തരത്തിലുള്ള രൂപങ്ങള്‍ സൃഷ്ടിക്കുക പതിവാണ്. താപനില ഉയരുമ്പോള്‍, മണല്‍ത്തരികള്‍ക്ക് കനംകുറയുന്നു. കാറ്റടിക്കുമ്പോള്‍ മണലുകള്‍ നീങ്ങി പുതിയ പാറ്റേണുകള്‍ രൂപംകൊള്ളുന്നു. അതേസമയം തണുത്ത താപനിലയില്‍ വിപരീതമാണ് സംഭവിക്കുന്നത്.

ശക്തമായ കാറ്റിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറുകണക്കിന് ടണ്‍ മണല്‍ നീക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ രൂപംകൊണ്ട ഒന്നാണ് റിഷാറ്റ് സ്ട്രക്ചര്‍ എന്നാണ് വിലയിരുത്തല്‍.

ശക്തമായ കാറ്റിന് റിഷാറ്റ് ഘടനയില്‍ ഭാവിയില്‍ മാറ്റം വരുത്താന്‍ സാധിച്ചേക്കും. എന്നാല്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഭൗമ നിരീക്ഷണ ദൗത്യമായ എന്‍വിസാറ്റില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങളില്‍ മണല്‍പ്പരപ്പിന് നടുവില്‍ ഒരു കാളക്കണ്ണ് പോലെ റിഷാറ്റ് സ്ട്രക്ചടര്‍ ഇപ്പോഴും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

ബഹിരാകാശ നിലയത്തിൽ നിന്നെടുത്ത ചിത്രം | photo : NASA

ഉത്ഭവകഥകള്‍

ഒരു ഉല്‍ക്കാശിലയുടെ പതനമാണ് ഈ ഭൂമിക്ക് പുതിയരൂപം നല്‍കിയതെന്ന് ഒരിക്കല്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. റിഷാത് ഘടന ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ പ്രദേശങ്ങള്‍ മിതശീതോഷ്ണ പ്രദേശമായിരുന്നു. ഇവിടെ ധാരാളം നദികള്‍ ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. വര്‍ഷങ്ങളായി മണ്ണൊലിപ്പുമൂലം രൂപംകൊണ്ടതായിരിക്കാം ഇതെന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭൂപ്രതലത്തിന് കീഴെയുണ്ടായ ലാവാപ്രവാഹമാണ് ഈ കണ്ണിന് ചുറ്റുമുള്ള മുഴുവന്‍ ഭൂപ്രകൃതിയെയും സാധാരണ തലത്തില്‍നിന്നും ഉയര്‍ത്തിയതെന്ന് മറ്റുചില പഠനങ്ങള്‍ പറയുന്നു. ഭൂഗര്‍ഭ ലാവാപ്രവാഹം മണല്‍ക്കല്ലുകളുടെയും പാറകളുടെയും മുകളിലെ പാളികളെ ഉപരിതലത്തിന് മുകളിലേക്ക് തള്ളിവിട്ടു. ലാവാപ്രവാഹം ഇല്ലാതായശേഷം, കാറ്റും വെള്ളവും മണ്ണൊലിപ്പും പാറയുടെ മുകളിലത്തെ പാളികളെ ദ്രവിപ്പിക്കാന്‍ തുടങ്ങി. ഏകദേശം വൃത്താകൃതിയിലുള്ള 'കണ്ണ്' എന്ന സവിശേഷത ഇങ്ങനെയാണ് ഉണ്ടായി വന്നത് എന്നും പറയുന്നുണ്ട്. മണ്ണൊലിപ്പിന്റെ ഫലമായുണ്ടായ ദ്രവീകരണമാണ് പാറകള്‍ക്ക് നിറം നല്‍കിയതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

അഡാക്സ് മൃഗം | By Haytem93 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49091210

മോറുറ്റേനിയയിലെ ജൈവസംരക്ഷണം

വംശനാശ ഭീഷണി നേരിടുന്ന വരയാടിനോട് സാമ്യമുള്ള മഫ്ലോണ്‍ ആടുകള്‍, ചെമ്മരിയാടിന്റെ ഇനത്തിലുള്ള ബിഗ്‌ഹോണ്‍ ആടുകള്‍, മാന്‍ ഇനത്തില്‍പ്പെട്ട അഡാക്സ്, ഡാമ ഗസല്‍ എന്നിവ പോലുള്ള ചുവപ്പു പട്ടികയിലുള്ള വിവിധ മൃഗങ്ങളുടെ സുരക്ഷിത സങ്കേതമാണ് റിഷാറ്റ് ഘടനയോട് ചേര്‍ന്നുനില്‍ക്കുന്ന മോറുറ്റേനിയയിലെ പ്രദേശം. മോറുറ്റേനിയയിലെ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനായി 200,000 ഹെക്ടര്‍ സംരക്ഷിത പ്രദേശമാക്കി മാറ്റാന്‍ യു.എന്‍. തീരുമാനിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയെയും, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും നശിപ്പിക്കുന്നതിനെതിരെ മോറുറ്റേനിയ നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണിത്. മരുഭൂമിയിലെ മനോഹരമായ ഭൂപ്രകൃതിയും യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിന്‍ഗുട്ടി, ഔദാന്‍ എന്നീ കോട്ട പട്ടണങ്ങളും സംരക്ഷണ പ്രദേശത്തില്‍ ഉള്‍പ്പെടും. മോറുറ്റേനിയ ഉള്‍പ്പെടെ 11 രാജ്യങ്ങളിലായി 8,000 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പാന്‍-ആഫ്രിക്കന്‍ സംരംഭമായ ഗ്രേറ്റ് ഗ്രീന്‍ വാള്‍ പൂര്‍ത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ സംരക്ഷിത പ്രദേശവും സെന്‍ട്രല്‍ മോറുറ്റേനിയയിലെ റിഷാറ്റ് നേച്ചര്‍ റിസര്‍വുമായി ജൈവവൈവിധ്യ മേഖലയെ ബന്ധിപ്പിക്കുന്ന ഒരു സംരക്ഷണ ഇടനാഴി ഉടന്‍തന്നെ സാധ്യമാവും. അദ്രാറിലെ 200,000 ഹെക്ടറിലെ പുനരുദ്ധാരണം, കാലാവസ്ഥാ വ്യതിയാനത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശത്തിന്റെ നിര്‍ണായക ചുവടുവെപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു.

കണ്ണ് കാണാന്‍ യാത്ര

അതുല്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള റിഷാറ്റ് ഘടന കാണാന്‍ വിനോദസഞ്ചാരികളും ഭൂഗര്‍ഭ ശാസ്ത്രജ്ഞരും എത്താറുണ്ട്. ഘടനയ്ക്ക് ചുറ്റുമുള്ള മണ്‍കൂനകള്‍ മോറുറ്റേനിയന്‍ നഗരമായ ഔദാനിന്റെ ഭാഗമാണ്. നൂറുകണക്കിന് കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഒരു വലിയ മണല്‍ ശേഖരമാണിത്. ഈ മണല്‍ക്കടലിനുള്ളില്‍ ഹോട്ടലും വാസസ്ഥലങ്ങളുമുണ്ട്.

കണ്ണിന്റെ രൂപീകരണ സമയത്ത് നിലനിന്നിരുന്ന മിതശീതോഷ്ണാവസ്ഥ ഇപ്പോള്‍ ഇല്ല. സഹാറയുടെ കണ്ണ് സന്ദര്‍ശിക്കാന്‍ യാത്രികര്‍ക്ക് അവസമരമുണ്ട്. അത്ഭുതക്കാഴ്ച കാണാന്‍ സന്ദര്‍ശകര്‍ ധാരാളമായി അവിടെയെത്തുന്നുണ്ട്. ഇതൊരു ആഡംബര യാത്രയേയല്ല. മോറുറ്റേനിയന്‍ വിസ നേടിയശേഷം ഒരു പ്രാദേശിക സ്പോണ്‍സറെ കണ്ടെത്തണം. ഇവിടെയെത്തിയാല്‍ കണ്ണിന് മുകളിലൂടെ വിമാന സവാരികളോ ഹോട്ട് എയര്‍ ബലൂണ്‍ യാത്രകളോ നടത്താനുള്ള സൗകര്യമുണ്ട്.

Content Highlights: circular geological feature, Magics of nature,eye of sahara, Richat structure, environment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented