തുർക്ക്മെനിസ്താനിൽ സ്ഥിതി ചെയ്യുന്ന ദർവാസ അഥവാ നരകത്തിലേക്കുള്ള വാതിൽ | By Tormod Sandtorv - Flickr: Darvasa gas crater panorama, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=18209432
ഏതാണ്ട് 196 അടി ആഴവും 65 അടി വീതിയുമുള്ള ഒരു വലിയ ഗര്‍ത്തം. അതില്‍ നിര്‍ത്താതെ തീ കത്തിക്കൊണ്ടിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയും മഞ്ഞുമൊന്നും ആ തീ കെടുത്തുന്നതേയില്ല. കേട്ടുപഴകിയ കെട്ടുകഥകളിലെ നരകത്തിന്റെ ഏതാണ്ട് അതേ അവസ്ഥ. വായിക്കുമ്പോള്‍ ഏതോ ചലച്ചിത്രത്തിന്റെ ദൃശ്യഭാഗമാണെന്നു തോന്നാം. എന്നാല്‍, ഭൂമിയില്‍ ഇങ്ങനെയൊരു കാഴ്ച നേരിട്ട് കാണാനാകുമെന്ന് പറഞ്ഞാലോ? അതെ, കഴിഞ്ഞ അന്‍പതു വര്‍ഷത്തിലധികമായി കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തമുണ്ട് ഭൂമിയിൽ. തുര്‍ക്മെനിസ്ഥാനിലെ ദർവാസ(തുർക്ക്മെൻ ഭാഷയിൽ ദർവെസെ) ഗ്രാമത്തിലാണ് ഈ ഗര്‍ത്തമുള്ളത്. ദർവാസ എന്ന പേരിന്റെ അര്‍ത്ഥം കവാടം (ഗേറ്റ്) എന്നാണ്. അതിനാല്‍ പ്രദേശവാസികള്‍ അതിന് നല്‍കിയിരിക്കുന്ന പേരാണ് 'നരകത്തിലേക്കുള്ള കവാടം' (Gate to hell).
പ്രകൃതിയുടെ വികൃതി
1971. അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇന്നത്തെ തുര്‍ക്മെനിസ്താനിലുള്ള ദർവെസെ ഗ്രാമത്തില്‍ വലിയ വാതക നിക്ഷേപമുണ്ടന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വാതകത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി, ആ സ്ഥലം പരിശോധിക്കുന്നതിനായി അവിടെ കുറച്ചു ഭാഗത്ത് കുഴിയെടുത്തു. കുഴിച്ചപ്പോള്‍ത്തന്നെ ഡ്രില്ലിംഗ് റിഗ് വാതകം നിറഞ്ഞ ഒരു വലിയ പ്രകൃതിദത്ത ഗുഹയില്‍ ഇടിക്കുകയും ഗുഹ തകരുകയും ചെയ്തു. തുടര്‍ന്ന് 200 അടി വ്യാസത്തില്‍ മണ്ണ് താഴ്ന്ന് വലിയ ഗര്‍ത്തം ഉണ്ടായി. ആ ഗര്‍ത്തത്തില്‍നിന്ന് ഒരു വാതകം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി. എന്താണ് വാതകമെന്ന് തിരിച്ചറിയാനായി നടത്തിയ പരിശോധനയില്‍ വാതകത്തില്‍ മീഥൈന്‍ അടങ്ങിയ വിഷാംശം ഉണ്ടെന്ന് കണ്ടെത്തി. അതോടെ 350-ഓളം വരുന്ന ഗ്രാമവാസികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വാതകം കത്തിച്ചു കളയാനായി ശാസ്ത്രജ്ഞന്‍മാരുടെ തീരുമാനം. രണ്ടാഴ്ചക്കകം ഗര്‍ത്തത്തിനുള്ളിലെ വാതകം മുഴുവനും കത്തിത്തീരും എന്ന നിഗമനത്തില്‍ വാതകം കത്തിച്ചു. അന്ന് കത്തിയ തീ ഇന്നും, അന്‍പതു വര്‍ഷത്തിനിപ്പുറവും കെടാതെ കത്തിക്കൊണ്ടേയിരിക്കുന്നു. നിന്നു കത്തുന്ന ഭൂമിയിലെ കെടാത്ത ഗര്‍ത്തമായി ആ പ്രദേശം മാറി.
http://bjornfree.com/, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=43145374
ജോര്‍ജ്ജ് കുറൂണിസിന്റെ നരകയാത്ര
നരകത്തിലേക്കുള്ള കവാടത്തില്‍ ആദ്യമായി പ്രവേശിച്ച വ്യക്തിയാണ് സാഹസികനായ ജോര്‍ജ്ജ് കുറൂണിസ്. മികച്ച സന്നാഹങ്ങളോടെ ഗര്‍ത്തത്തിലേക്ക് പ്രവേശിച്ചെങ്കിലും തിരിച്ചിറങ്ങുമ്പോള്‍ ചുട്ടുപഴുത്ത ഉരുളക്കിഴങ്ങുപോലെയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. 'മരുഭൂമിയുടെ നടുവില്‍ ഒരു അഗ്നിപര്‍വ്വതം പോലെ' എന്നതാണ് ഗര്‍ത്തത്തിന്റെ ആദ്യ കാഴ്ചയെ കൊറൂണിസ് വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും അടഞ്ഞ രാജ്യങ്ങളിലൊന്നാണ് തുര്‍ക്മെനിസ്ഥാന്‍. ഇവിടേക്ക് ഇത്തരമൊരു സംരംഭത്തിനായി എത്തിപ്പെടാന്‍ അനുമതി നേടുക എന്നതായിരുന്നു കുറൂണിസിന്റെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി. രണ്ട് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ 2013-ല്‍ അദ്ദേഹം തന്റെ പദ്ധതിക്കായി തുര്‍ക്ക്മെനിസ്താനില്‍ പ്രവേശിച്ചു.
'ഗര്‍ത്തത്തില്‍ ഇരുട്ടായിരുന്നില്ല, അവിടെ തീജ്വാലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ ഗര്‍ത്തത്തിന് കടും ഓറഞ്ച് നിറമാണ്. രാവും പകലുമില്ലാതെ അവിടം കത്തിക്കൊണ്ടേയിരുന്നു. അത് വലിയ അളവിലുള്ള തീജ്വാലയായിരുന്നു. ഗര്‍ത്തത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ തീയുടെ ഇരമ്പല്‍ കേള്‍ക്കാം. കാറ്റ് താഴേയ്ക്കാണെങ്കില്‍ ചൂട് അസഹനീയമാണ്. ഗര്‍ത്തത്തിന്റെ അരികുകളിലും ചുറ്റിലും ആയിരക്കണക്കിന് ചെറിയ തീജ്വാലകള്‍ ഉണ്ട്. മധ്യഭാഗത്ത് താഴെയായി രണ്ട് വലിയ തീജ്വാലകള്‍. അവിടെയാണ് പ്രകൃതി വാതകം വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഡ്രില്ലിംഗ് റിഗ് ദ്വാരം.' സാഹസിക യാത്രയെക്കുറിച്ച് കുറുണിസ് വിവരിക്കുന്നത് ഇങ്ങനെയാണ്.
Also Read
കത്തുന്ന കുഴിയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പ്രത്യേകമായി സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു. ചൂട് പ്രതിരോധിക്കുന്ന മേല്‍വസ്ത്രം, ശ്വസന ഉപകരണം, തീ പ്രതിരോധിക്കുന്ന തരം കയറുകള്‍ തുടങ്ങിയവയെല്ലാം തയ്യാറാക്കി. നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ക്രിറ്റര്‍ ക്യാമുകള്‍ നിര്‍മ്മിക്കുന്ന എൻജിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത ഒരു ഹീറ്റ് പ്രോബ് ആയിരുന്നു മറ്റൊരു ഉപകരണം. ഒരു വാള്‍പോലെ തോന്നിച്ച ഈ ഉപകരണത്തിന് വയര്‍ലെസ് ആയി ഗര്‍ത്തത്തിന്റെ അരികിലേക്ക്, ഒരു ലാപ്‌ടോപ്പിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയുമായിരുന്നു.
താഴെയുള്ള മണ്ണിന്റെ ചില സാമ്പിളുകള്‍-പ്രധാനമായി മണല്‍- ശേഖരിക്കുക , സൂചനകള്‍ നല്‍കാന്‍ കഴിയുന്ന ഏതെങ്കിലും എക്സ്ട്രീംഫൈല്‍ ബാക്ടീരിയകള്‍ ജീവിക്കുന്നുണ്ടോ എന്ന് നോക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അസ്ഥിരമായ ഒരു സ്വഭാവമാണ് ഗര്‍ത്തത്തിനുള്ളത്. കൊറൂണിസ് ഇവിടെനിന്നു മണല്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ഉപരിതലത്തിന് കുറച്ച് താഴെനിന്ന് സാമ്പിളുകള്‍ ശേഖരിക്കാനായി കൈകൊണ്ട് ചെറുതായി കുഴിച്ചു. എന്നാല്‍ കുഴിക്കുന്ന ദ്വാരത്തില്‍നിന്ന് തീ പുറത്തേക്കുവന്നത് പെട്ടെന്നായിരുന്നു. ശാന്തമായി തോന്നിയ ചില ഭാഗങ്ങളുടെ അടിയില്‍ തീ നിലയ്ക്കാതെ കത്തുന്നുണ്ട് എന്ന് അതോടെ കണ്ടെത്തി.
മണ്ണിന്റെ സാമ്പിളില്‍ ഇത്രയും ചൂടിലും ജീവിക്കുന്ന ബാക്ടീരിയകള്‍ കണ്ടെത്തി. ഭൂമിയിലെ ഏറ്റവും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായ ജീവന്റെ ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് അത്ഭുതമായിരുന്നു. നമ്മുടെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുള്ള നിരവധി ഗ്രഹങ്ങളുണ്ട്. അത് ഈ ഗര്‍ത്തത്തില്‍ ഉള്ളതിന് സമാനമായി വളരെ ചൂടുള്ളതും മീഥേന്‍ സമ്പുഷ്ടവുമായ അന്തരീക്ഷമാണ്.

വെള്ളം നിറഞ്ഞ നിലയിൽ | By flydime, CC BY 3.0, https://commons.wikimedia.org/w/index.php?curid=54002371
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരം
മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്ന വലിയ ദുരന്തമാണ് വരാനിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ അന്നേ മനസിലാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ മീഥേനിന്റെ പങ്ക്, ഒരു ഹരിതഗൃഹ വാതകം എന്ന നിലയിലുള്ള അതിന്റെ ശക്തി എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ലോകബോധത്തെ ബാധിക്കുന്നതിന് ഏറെക്കാലം മുമ്പായിരുന്നു അത്. ഒരു ഗ്രാമത്തിന് സമീപം ഭൂമിയില്‍നിന്ന് വലിയ അളവില്‍ വിഷവാതകം ഒഴുകുന്നത് തികച്ചും ദോഷകരമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഗര്‍ത്തത്തിന് തീ കൊളുത്തി വാതകം കത്തിച്ചുകളയുക എന്ന ആശയത്തിലേക്ക് സോവിയറ്റ് ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ധനം കത്തിത്തീര്‍ന്നു പോകുമെന്ന് പ്രതീക്ഷിച്ച് ഒരു ഗ്രനേഡ് ദ്വാരത്തിലേക്ക് എറിഞ്ഞുകൊണ്ടാണ് അവര്‍ ദൗത്യത്തിന് തുടക്കമിട്ടത്.
വിനോദ സഞ്ചാരികളുടെ പ്രിയ ഇടം
സാവധാനത്തില്‍ കത്തുന്ന പാരിസ്ഥിതിക ദുരന്തമാണെങ്കിലും, ഈ ഗര്‍ത്തം തുര്‍ക്ക്മെനിസ്താനിലെ ചുരുക്കം ചില വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. മരുഭൂമിയിലെ ജ്വലിക്കുന്ന ഗര്‍ത്തംകാണാന്‍ സാഹസികരായ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നത് പതിവായിരിക്കുന്നു. വേനല്‍ക്കാല താപനില ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. സമീപത്തെ മരുഭൂമി ക്യാമ്പിംഗിനുള്ള ജനപ്രിയ സ്ഥലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അടച്ചുപൂട്ടലിന്റെ വഴികള്‍ തേടി സര്‍ക്കാര്‍
അഞ്ചു പതിറ്റാണ്ടിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക ഗര്‍ത്തം അടച്ചുപൂട്ടാനുള്ള വഴികള്‍ തേടുകയാണ് തുര്‍ക്ക്മെനിസ്താനിലെ അധികൃതര്‍. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഇവിടെ മാറിയെങ്കിലും, തുര്‍ക്ക്മെന്‍ പ്രസിഡന്റ് കുര്‍ബാംഗുലി ബെര്‍ഡിമുഖമെദോവ് 2010-ല്‍ ഗര്‍ത്തം സന്ദര്‍ശിച്ച ശേഷം, തീ അണയ്ക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യൂറോപ്പ്, റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുര്‍ക്ക്മെനിസ്താന്‍. ഗര്‍ത്തത്തില്‍ നിര്‍ത്താതെ തീ കത്തുന്നത് സമീപമുള്ള മറ്റ് ഡ്രില്ലിംഗ് സൈറ്റുകളില്‍നിന്ന് വാതകം വലിച്ചെടുക്കുമെന്നും അവരുടെ സുപ്രധാന ഊര്‍ജ്ജ കയറ്റുമതിയെ ഇത് നശിപ്പിക്കമെന്നും അദ്ദേഹം സന്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തീ അണയ്ക്കുന്നതിനായി പല രാജ്യത്തുനിന്നുമുള്ള പ്രഗത്ഭരുടെ അഭിപ്രായം തേടുകയാണ് അവര്‍. തുര്‍ക്ക്മെനിസ്താനിലെ നാച്ചുറല്‍ ഗ്യാസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ബൈരംമിറാത്ത് പിര്‍നിയാസോവ്, തലസ്ഥാനമായ അഷ്ഗാബത്തില്‍ നടന്ന ഒരു അന്താരാഷ്ട്ര നിക്ഷേപ ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍, ഗര്‍ത്തത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഘട്ടം ഘട്ടമായി തീ അണയ്ക്കുമെന്നും പറഞ്ഞു.
ഇനിയുമുണ്ട് നിത്യജ്വാലകള്‍
*ഇറാഖില്‍, ബാബ ഗുര്‍ഗൂര്‍ എണ്ണപ്പാടവും അതിന്റെ വാതക ജ്വാലയും 2,500 വര്‍ഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്നു. വടക്കന്‍ ഇറാഖില്‍ കിര്‍കുക്ക് നഗരത്തിനടുത്തുള്ള ഒരു എണ്ണപ്പാടവും വാതകജ്വാലയുമാണ് ബാബ ഗുര്‍ഗൂര്‍. 1948-ല്‍ സൗദി അറേബ്യയിലെ ഘവാര്‍ ഫീല്‍ഡ് കണ്ടെത്തുന്നത് വരെ ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമായി ഇത് കണക്കാക്കപ്പെട്ടിരുന്നു. അറഫയില്‍നിന്ന് 16 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറ് അകലെയാണ് ബാബ ഗുര്‍ഗൂര്‍. അതിന്റെ മധ്യഭാഗത്താണ് എറ്റേണല്‍ ഫയര്‍ എന്ന പേരിലാണ് എന്ന പേരിലുള്ള കത്തുന്ന എണ്ണപ്പാടമുള്ളത്.
*ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ വിംഗന് സമീപമുള്ള ഒരു കുന്നാണ് ബേണിംഗ് മൗണ്ടന്‍. ഇവിടെ കല്‍ക്കരി സീം തീയുടെ ഒരു പാളി ഉപരിതലത്തിനടിയില്‍ സ്ഥിരമായി ആവി പറത്തുന്നു. ഭൂഗര്‍ഭ തീയാണ് ഇതിന് കാരണമാകുന്നത്. ഏകദേശം 6,000 വര്‍ഷമായി ഈ തീ ആളിപ്പടരുന്നു. അറിയപ്പെടുന്നതില്‍വെച്ച് ഏറ്റവും പഴക്കമേറിയ കല്‍ക്കരി തീ ആണിതെന്നാണ് കണക്കാക്കപ്പെടുന്നത്.
*അസര്‍ബൈജാനിലെ യാനാര്‍ ഡാഗ്, അതായത് 'കത്തുന്ന പര്‍വ്വതവും പ്രകൃതിവാതകത്തില്‍നിന്നുണ്ടായ തീയാണ്. അസര്‍ബൈജാനിന്റെ തലസ്ഥാനമായ ബാക്കുവിനടുത്തുള്ള അബ്ഷെറോണ്‍ പെനിന്‍സുലയിലെ ഒരു കുന്നിന്‍പുറത്താണ് തുടര്‍ച്ചയായി ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. 1950-കളില്‍ ഈ കാസ്പിയന്‍ കടല്‍ വാതകനിക്ഷേപത്തിന് ആരോ അബദ്ധത്തില്‍ തീയിട്ടതു മുതലാണ് യാനാര്‍ ഡാഗ് കത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Magics of nature on Darvaza,The Door to Hell,a burning crater in Turkmenistan,environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..