മേഘാലയയിലെ ജീവനുള്ള വേര് പാലങ്ങള്‍  | Magics of nature


അഞ്ജന ശശിപ്രകൃതിയും മനുഷ്യനും കൈകോര്‍ക്കുന്ന അപൂര്‍വമായ ദൃശ്യം. അതാണ് മേഘാലയയിലെ ജീവനുള്ള പാലങ്ങൾ

Magics of nature

ഇന്ത്യ ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന മേഘാലയയിലെ ഡോക്കി പട്ടണത്തിലെ വേര് പാലം | ഫോട്ടോ എൻ. എം പ്രദീപ്

കുഞ്ഞുതോടുകള്‍ക്കു കുറുകെ വെട്ടിയിട്ട തെങ്ങോ മറ്റ് മരങ്ങളോ ഇട്ട് പാലം തീര്‍ക്കുന്നത് പഴയ കേരളത്തിന്റെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു . അതിലൂടെ സര്‍ക്കസ് താരങ്ങളെ വെല്ലുന്ന ബാലന്‍സില്‍ നാട്ടുകാര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് തോടുകള്‍ പലതും ഇല്ലാതായി. വലിയ നദികള്‍ക്ക് കുറുകെ കോണ്‍ക്രീറ്റിലും ലോഹങ്ങളിലും തീര്‍ത്ത പാലങ്ങള്‍ വന്നു. ലോകത്ത് പലയിടങ്ങളിലും പലതരം പാലങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. എന്നാല്‍ അവിടെയെല്ലാം വേറിട്ടുനിന്ന ചില സൃഷ്ടികള്‍ കാഴ്ചക്കാരില്‍ അത്ഭുതം തീര്‍ത്തു. ജീവന്‍ തുടിക്കുന്ന വളര്‍ന്നുകൊണ്ടേയിരിക്കുന്ന പാലങ്ങള്‍! അതേ, ഈ പാലങ്ങളില്‍ ജീവന്റെ തുടിപ്പുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘായയിലെ ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമാണ് ഈ വിസ്മയക്കാഴ്ചയുള്ളത്. പ്രകൃതിപരമായുള്ള പ്രത്യേകതകള്‍ ഈ പാലങ്ങള്‍ യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

1844-ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ ഒരു ജേണലില്‍ പ്രസിദ്ധീകരിക്കുന്നതുവരെ ലോകത്തിന് മുമ്പില്‍ മറഞ്ഞിരുന്നു വിസ്മയം.

നദികള്‍ക്കു കുറുകെ ജീവനുള്ള മരവേരുകളില്‍ മനുഷ്യര്‍ തീര്‍ത്ത ഈ പാലങ്ങള്‍ പ്രകൃതിയെ മനുഷ്യജീവിതവുമായി കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ഒരു സമൂഹത്തിന്റെ ചിന്തയുടെയും അധ്വാനത്തിന്റെയും പ്രതീകം കൂടിയാണ്.

മേഖാലയയിലെ വേര് പാലം | ഫോട്ടോ : രാജേഷ് കാരോത്ത്

നൂറ്റാണ്ടിന്റെ പഴക്കം

നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ വേരുപാലങ്ങള്‍ക്ക്. ഈ പ്രദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാവണം അവരെ ഇങ്ങനെയൊരു പാലമെന്ന ചിന്തയിലേക്ക് എത്തിച്ചത്. റബ്ബര്‍ ഫിഗ് (ഫിക്കസ് ഇലാസ്റ്റിക്ക) എന്നറിയപ്പെടുന്ന പടുകൂറ്റന്‍ ശീമയാലുകളാണ് പാലത്തിനായി ഉപയോഗിക്കുന്നത്. ശക്തവും കയര്‍ പോലെയുള്ളതുമായ വേരുകളുള്ള ഈ മരം മേഘാലയയില്‍ ധാരാളമായി കണ്ടുവരാറുണ്ട്. മരത്തിന്റെ വേരുകള്‍ ശാഖകളില്‍നിന്ന് താഴോട്ട് വീണുകിടക്കും. ഈ വേരുകള്‍ ചേര്‍ത്തുവെച്ചാണ് പാലം പണിയുന്നത്.

വേരുകള്‍ പൊള്ളയായ കമുകിന്‍ തടിയ്ക്കുള്ളിലൂടെ, അല്ലെങ്കില്‍ മുളന്തണ്ടില്‍ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തി വിടും. വേരുകള്‍ പടര്‍ന്ന് വേറെ വഴിക്ക് പോവാതെ കൃത്യമായി അപ്പുറത്ത് എത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത്. വര്‍ഷങ്ങള്‍കൊണ്ട് വലുതായി അക്കരെയെത്തുമ്പോള്‍ ഇതിനെ മണ്ണിലേക്കിറക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാല്‍ ഇതിന്റെ മുകളില്‍ കല്ലോ തടികളോ പാകി പാലമാക്കും. നദിയുടെ ഇരുകരയിലുമുള്ള മരങ്ങളുടെ വേരുകള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് അനേക വര്‍ഷങ്ങളെടുത്താണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്.

ദിനം കഴിയുന്തോറും ശക്തി കൂടി വരുന്ന 180 വര്‍ഷം വരെ പ്രായമുള്ളവയാണ് ഈ ജീവനുള്ള വേര് പാലങ്ങൾ . പൂര്‍ണമായി വളര്‍ന്നുകഴിഞ്ഞാല്‍ ഇവയുടെ വേരുകള്‍ 500 വര്‍ഷത്തോളം നിലനില്‍ക്കും.

വേരുകള്‍ക്ക് 100 അടിയിലധികം നീളം ഉണ്ടാവുന്നതാണ് പാലം പണിക്ക സഹായകമാകുന്നത്. ശക്തമായ റബ്ബര്‍ വടങ്ങളാലാണ് പാലം യോജിപ്പിച്ചിരിക്കുന്നത്. 50 പേരുടെ ഭാരംവരെ താങ്ങാന്‍ ശേഷിയുള്ളതാണ് ഈ വേരുപാലം. ഒരുപാലം ഉപയോഗ് യോഗ്യമാക്കി നിര്‍മിച്ചെടുക്കാന്‍ ഏതാണ്ട് 10-15 വര്‍ഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. തലമുറകളിലൂടെ വളരുന്ന പാലങ്ങളാണിവ.

ചിറാപുഞ്ചി മാവ്ലിന്നോങ്ങിലെ വേര് പാലം | ഫോട്ടോ : സുശാന്ത് . സി

ഖാസി ഗോത്രക്കാരുടെ നിര്‍മ്മിതി

ഖാസി ഗോത്രക്കാരാണ് പാലത്തിനു പിന്നിലെ വിദഗ്ധര്‍. ആസാമിലെയും മേഘാലയയിലെയും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലെയും ആദിമനിവാസികളാണ് ഖാസികള്‍. മേഘാലയയുടെ കിഴക്കന്‍ ഭാഗത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഖാസി ജനതയാണ്. ജെയിന്‍ഷ്യ വിഭാഗത്തിലുള്ള ഗോത്രക്കാരും ഇവിടെയുണ്ട്. മിക്കപ്പോഴും മഴപെയ്യുകയും നനഞ്ഞുകിടക്കുകയും വെള്ളം പൊങ്ങുകയും ചെയ്യുന്ന പ്രദേശമാണിത്. മണ്‍സൂണ്‍ മഴക്കാലത്ത്, ഗ്രാമങ്ങള്‍ക്കിടയിലുള്ള കാല്‍നട പാതകളെ കുത്തൊഴുക്കുകള്‍ കൊണ്ടുപോകും. ഇവിടത്തെ പുഴകളുടെയും അരുവികളുടെയും ഘടന വഞ്ചികള്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ്. അപ്പോള്‍പ്പിന്നെ വേറെ നിവൃത്തിയില്ലാതെ വരും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുത്തിയൊലിക്കുന്ന നദിക്ക് അപ്പുറം കടക്കണമെങ്കില്‍ വേരുപാലം പോലെയുള്ള വിദ്യകള്‍ പ്രയോഗിച്ചല്ലേ പറ്റൂ!

നദിയുടെ ഒഴുക്ക് കാരണം ചുറ്റുമുള്ള പാറകളില്‍ ഈ മരത്തിന്റെ ചില വേരുകള്‍ പിടിമുറുക്കുന്നത് പ്രകൃതിയുടെ രീതിയാണ്. ഇത് നിരീക്ഷിച്ചതിലൂടെയാവാം ഖാസി വിഭാഗക്കാര്‍ക്ക് വേരുപാലം എന്ന ആശയം വന്നത്. ഈ വേരുകള്‍ മരത്തെ സംരക്ഷിക്കുകയും അടിത്തറയിലേക്ക് ആഴ്ന്നിറങ്ങി പിടിയുറപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യ ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന മേഘാലയയിലെ ഡോക്കി പട്ടണത്തിലെ വേര് പാലം | ഫോട്ടോ എൻ. എം പ്രദീപ്

പാലത്തിലും ഡബിള്‍ ഡക്കര്‍

പടിഞ്ഞാറന്‍ ജയന്തിയാ ഹില്‍സ് ജില്ലയിലും ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലും മേഘാലയയിലെ മറ്റ് ചില പ്രദേശങ്ങളിലുമാണ് വേരുപാലങ്ങള്‍ ഉപയോഗയോഗ്യമായ തരത്തില്‍ ഉള്ളത്. ചിറാപുഞ്ചിയിലും ഷില്ലോംഗിലുമാണ് പാലങ്ങളില്‍ മികച്ചവയുള്ളത്. 11 പ്രവര്‍ത്തനക്ഷമമായ വേരുപാലങ്ങളാണ് നിലവില്‍ ഇവിടെയുള്ളത്. മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വേരുപാലം, 'ഡബിള്‍ ഡെക്കര്‍' റൂട്ട് ബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളിലൊന്നായ ചിറാപുഞ്ചിക്ക് സമീപമാണിത്. ഷില്ലോങ്ങില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂറാണ് ഉംഷിയാങ്ങിലേക്കുള്ള യാത്ര. രണ്ടുതട്ടിലായി രണ്ട് പാലങ്ങള്‍. അതിമനോഹരമായ കാഴ്ചയാണിത്.

ഈ പാലത്തിന് ഇരുകരകളിലുമായി ഏതാണ്ട് 3500 പേര്‍ താമസിക്കുന്നുണ്ട്. അവരുടെ സ്ഥിരം സഞ്ചാരപാതയാണിത്. ഏതാണ്ട് 120 വര്‍ഷം പഴക്കമുള്ള ഏറ്റവും നീളമേറിയ ജീവനുള്ള വേരുപാലമാണിത്. 30 മീറ്റര്‍ നീളമുള്ള പാലത്തിന് 2400 അടി ഉയരമുണ്ട്. പാലത്തിലെത്താന്‍ 2400 അടി കുത്തനെയുള്ള ഇറക്കം നടക്കണം. ചിറാപുഞ്ചിയില്‍ നിന്ന് ഉംഷിയാങ് റൂട്ട് ബ്രിഡ്ജിലേക്കുള്ള പാത ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗുകളില്‍ ഒന്നാണ്. മുകളിലെ പാലത്തിലേക്ക് കയറിപ്പറ്റാന്‍ നല്ല ബുദ്ധിമുട്ടാണ്. അതിനാലാവണം അതിനുതാഴെയായി മറ്റൊരു പാലം തീര്‍ത്തത്.

ഈ പാലങ്ങളിലെല്ലാം എത്തിപ്പെടലും അത്ര എളുപ്പമല്ല. കാടുകളിലാണ് പാലങ്ങളുള്ളത്. ഡബിള്‍ഡക്കര്‍ പാലത്തില്‍ എത്തുന്നതിനുമുമ്പ് 3000 പടികള്‍ കയറാനുണ്ട്. പാലത്തില്‍ കയറിയാലും സുഗമമായി നടക്കാം എന്നത് വ്യാമോഹം മാത്രം. മറ്റുവേരുപാലങ്ങളിലേക്കും എത്തിപ്പെടാന്‍ ട്രക്കിങ് മാത്രമാണ് സഞ്ചാരികളുടെ മുന്നിലെ വഴി.

പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തി മനുഷ്യര്‍ നിര്‍മിക്കുന്ന ഇത്തരം സൃഷ്ടികള്‍ എന്തുകൊണ്ടും നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. വേരുപാലങ്ങള്‍ എന്ന ആശയം ഒരുപക്ഷേ എല്ലാ നാട്ടിലും പ്രാവര്‍ത്തികമല്ല. അതിനുചേരുന്ന മരങ്ങള്‍ എല്ലായിടങ്ങളിലും ലഭ്യമല്ല എന്നതുതന്നെ കാരണം. എങ്കിലും ഇത്തരം സൃഷടികള്‍ ഒരു മാതൃകയാണ്. പ്രകൃതിയും മനുഷ്യനും ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്ന അതിമനോഹരമായ ഫ്രെയിം.


Content Highlights: Living Root bridges of Meghalaya, Magics of nature, environment, Mathrubhumi,Ficus elastica

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented