പാമ്പുകൾ മുജ്ജൻമ ശത്രുക്കളല്ല, പകരം കീരിയുടെ വീക്ക്നെസ്സ് ആണ് പാമ്പിറച്ചി


വിജയകുമാർ ബ്ലാത്തൂർ

ആ കഥ കീരിക്ക് വലിയ സെന്റിമെന്റ മൈലേജ് കൊടുത്തിട്ടുമുണ്ട്. അതുകൊണ്ടാണ് ഓമന കുഞ്ഞരിപ്പല്ലിന് 'കീരിപ്പല്ല്' എന്നൊക്കെ സ്‌നേഹത്തോടെ നമ്മള്‍ വിളിക്കുന്നത്.

ചെങ്കീരി അഥവാ റെഡ് മംഗൂസ് | ഫോട്ടോ: എൻ.എ നസീർ

കീരി കീരി കിണ്ണം താ
കിണ്ണത്തിലിട്ട് കിലുക്കിത്താ
കല്ലും മുളളും നീക്കിത്താ
കല്ലായിപ്പാലം കടത്തിത്താ

ലബാറുകാരുടെ പഴയ കുട്ടിപ്പാട്ടില്‍, കീരിയൊരു കൂട്ടുകാരന്‍ സഹായിയാണല്ലോ. കീരിയോട് പ്രത്യേക ദേഷ്യവും വെറുപ്പും ഒന്നും പണ്ടേ നമുക്കില്ല. 'അവന്‍ വെറും മംഗൂസാണ്' എന്ന് പറയുന്നതിലെ മംഗൂസ് അര്‍ത്ഥമില്ലാത്ത ഒരു മലയാള വാക്ക് മാത്രമാണ്. മറാത്തി ഭാഷയില്‍ മുന്‍ഗുസ് (mungus) എന്നാണ് കീരിക്ക് പറയുക , അതില്‍ നിന്നാണ് മംഗൂസ് (Mongoose) എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത് . ചില ആളുകളെ പരിചയപ്പെടുത്തുമ്പോള്‍ ' ആളൊരു കീരിയാണ്' എന്ന് പറഞ്ഞാല്‍ എന്തിനും പോന്ന കക്ഷിയാണ് എന്ന അര്‍ത്ഥം ഉണ്ട് . കൂടുതല്‍ മാരകമായ ആള്‍ പകരം വന്നു എന്ന അര്‍ത്ഥത്തില്‍ 'കീരി പോയി ചെങ്കീരിയെ കൊണ്ടുവന്നു' എന്ന പ്രയോഗം ചിലയിടങ്ങളില്‍ ഉണ്ട് . കീരിക്കുന്നും കീരിപ്പാറയും ഒക്കെ നമ്മുടെ സ്ഥലനാമങ്ങള്‍ ആണല്ലോ. നാട്ടുമ്പുറങ്ങളിലെ പല കില്ലാടികളുടെയും ഇരട്ടപ്പേരും ആണ് കീരി എന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഹെര്‍പെസ്റ്റിടേ (Herpestidae) എന്ന കുടുംബത്തില്‍ ആണ് കീരികള്‍ ഉള്‍പ്പെടുന്നത്. Herpestinae എന്നും Mungotinae എന്നുമുള്ള രണ്ടു ഉപകുടുംബങ്ങളിലായി വിവിധ ജനുസ്സുകളില്‍ മുപ്പത്തിനാലു തരം കീരികളാണ് ലോകത്താകെ ഇതുവരെ കണ്ടെത്തീട്ടുള്ളത്. ഇന്ത്യയില്‍ 6 ഇനം കീരികളാണുള്ളത്. ഇതില്‍ 4 ഇനങ്ങളെ കേരളത്തില്‍ കണ്ടുവരുന്നുണ്ട് . നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കാണുന്ന നാടന്‍ കീരി Indian grey Mongoose എന്ന് വിളിക്കുന്ന Urva edwardsii എന്ന ഇനം ആണ് .

mongoose
Photo : Getty images

കീരിപ്പാട്ടും കീരിപ്പല്ലും വന്ന വഴി

പലര്‍ക്കും ഏറ്റവും പേടിയുള്ള വിഷപ്പാമ്പിനെയൊക്കെ വെല്ലുവിളിക്കുകയും കൊല്ലുകയും ചെയ്യുന്ന പഹയനായതിനാല്‍ ഉള്ളിലൊരു വീരാരാധനയും കീരിയോട് ഉണ്ട് . പഞ്ചതന്ത്രകഥകളിലൊന്നിലെ, നിഷ്‌കളങ്കനും വിശ്വസ്തനുമായ കഥാപാത്രമാണല്ലോ കീരി. പായില്‍ കിടന്നു കളിക്കുന്ന ഓമനക്കുഞ്ഞിനെ വളര്‍ത്ത് കീരിയെ നോക്കാന്‍ ഏല്‍പ്പിച്ച് വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണ സ്ത്രീയുടെ കഥ നമ്മളെല്ലാം ചെറുപ്പത്തില്‍ കേട്ടിട്ടുണ്ടാകും . തിരിച്ച് വരുമ്പോള്‍, ദേഹമാസകലം ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കീരിയാണ് വീട്ടുപടിക്കല്‍ അവരെ സ്വീകരിക്കുന്നത്. തന്റെ കുഞ്ഞിനെ കൊന്ന നന്ദികെട്ട ക്രൂരനെന്ന് കരുതി വിറകുകെട്ട് കീരിയുടെ ദേഹത്തിട്ട് അവര്‍ അകത്തേക്കോടി. പായില്‍ ഓമന മണിമുത്ത് കൊഞ്ചി ചിരിച്ച് കളിക്കുന്നു. അരികില്‍ ഒരു മൂര്‍ഖന്‍ പാമ്പ് കഷണങ്ങളായി ചത്തു കിടക്കുന്നു. തന്റെ കുഞ്ഞിനെ രക്ഷിച്ച, പാവം കീരിയെ വാസ്തവം അറിയാതെ കൊന്നുപോയ സ്ത്രീയുടെ കഥ കേട്ട് നമ്മള്‍ സങ്കടപ്പെട്ടിട്ടുണ്ട്. ആ കഥ കീരിക്ക് വലിയ സെന്റിമെന്റ മൈലേജ് കൊടുത്തിട്ടുമുണ്ട്. അതുകൊണ്ടാണ് ഓമന കുഞ്ഞരിപ്പല്ലിന് 'കീരിപ്പല്ല്' എന്നൊക്കെ സ്‌നേഹത്തോടെ നമ്മള്‍ വിളിക്കുന്നത്. മിഠായി മധുരം അവസാനം സമ്മാനിച്ച വേദന കൊണ്ട് പുളയിപ്പിച്ച കേടുപല്ലു നൂലുകെട്ടി വലിച്ചോ , കണ്ണുംപൂട്ടി വിരലില്‍ ഇറുക്കി ഞൊട്ടിയോ പറിക്കുന്ന ബാല്യത്തിലെ ഭീകര ദിവസം ! അവസാനം പല്ല് പ്ലാവിലയില്‍ പൊതിഞ്ഞ് വീടിന് ചുറ്റും കീരിപ്പാട്ട് മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം ഓടി മേലേക്ക് ഒറ്റയേറു വെച്ചു കൊടുക്കുന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക് ഉണ്ടാകും .

mongoose teeth
കീരിപ്പല്ല് | Getty images

'കീരി കീരി പൊന്‍കീരി
എന്റെ പല്ലു നീയെടുത്തോ
നിന്റെ പല്ലെനിക്കു തായോ '

ഇങ്ങനെ ചെയ്താല്‍ നല്ല ഭംഗിയും ബലവുമുള്ള കിങ്കിരി പല്ലുകള്‍ വരുമെന്നായിരുന്നു കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

പാമ്പും കീരിയും

mongoose
ഫോട്ടോ : ജോമിഷ് മോഹൻ

പാമ്പിനെ പേടിയില്ലാത്ത കീരികള്‍ക്ക് പൊതുവെ ധീരന്റെ ഇമേജാണ്. രണ്ടാളുകള്‍ തമ്മിലുള്ള ശത്രുതയുടെ തീവ്രത സൂചിപ്പിക്കാന്‍, 'പാമ്പും കീരിയും പോലെയാണ്' എന്നതിലും മികച്ച ഒരു പ്രയോഗം മലയാളത്തില്‍ വേറെയില്ല. തുല്യ ശത്രുക്കള്‍ തമ്മിലുള്ള പോരായാണ് പലപ്പോഴും പാമ്പും കീരിയും തമ്മിലുള്ള പോരിനെ കണക്കാക്കാറ് . സത്യത്തില്‍ പാമ്പ് ജയിക്കുന്ന അവസരങ്ങള്‍ അപൂര്‍വമാണ് . ഏകപക്ഷീയ ആക്രമണം ആണ് നടക്കാറുള്ളത്. ഓതിരം കടകം പഠിച്ച കളരിഗുരുക്കന്മാരെപ്പോലെ തന്ത്രപരമായി മിന്നല്‍ വേഗതയില്‍ ഒഴിഞ്ഞുമാറി, ചുറുചുറുക്കോടെ ഉയര്‍ന്ന് ചാടി, പാമ്പിന്റെ വാലില്‍ കടിക്കും. കീരിയെപ്പോലെ പെട്ടെന്ന് ദിശമാറ്റാനും മറ്റും കഴിയുന്ന മെയ് വഴക്ക അഭ്യാസങ്ങള്‍ അറിയാത്തതിനാല്‍ പാമ്പുകളെ ഇവര്‍ക്ക് വേഗം കീഴ്‌പെടുത്താന്‍ കഴിയും. നീണ്ടു നീണ്ടു കിടക്കുന്ന ശരീര പ്രകൃതിയാണ് പാമ്പിന്റെ ഏറ്റവും വലിയ പ്രശ്‌നം. അതില്‍ എവിടെയും കടി കിട്ടാം. കീരിക്കാണെങ്കില്‍ എഴുന്നു നില്‍ക്കുന്ന കട്ടി രോമപ്പുതപ്പും അയഞ്ഞ തൊലിയും പാമ്പിന്‍ കൊത്തേല്‍ക്കാതെ സഹായിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഓരോരോ സാഹചര്യങ്ങളില്‍ പരിണമിച്ച് ഉണ്ടായ കീരികളില്‍ പല ഇനവും അതാതിടങ്ങളിലെ വിഷപ്പാമ്പുകളുടെ വിഷത്തോട് ചെറിയ പ്രതിരോധം കൂടി ആര്‍ജ്ജിച്ചവയാണ്.

വിഷത്തിലെ ടോക്‌സിനുകളെ ശരീരത്തോട് ബന്ധിപ്പിക്കാതെ തടയാന്‍ സഹായിക്കുന്ന അസിറ്റൈല്‍ കോളിന്‍ റിസപ്റ്ററുകള്‍ പരിണാമപരമായി ആര്‍ജ്ജിച്ചവയാണ് കീരികള്‍ .

മുട്ട, തേൾ, പഴുതാര, എലികള്‍, ഷഡ്പദം, വേരുകള്‍ തുടങ്ങീ ശവശരീരം വരെ അകത്താക്കും

സത്യത്തില്‍ മൂര്‍ഖന്‍ പാമ്പിനോട് കീരികള്‍ക്ക് പ്രത്യേക വൈരാഗ്യം ഒന്നും ഇല്ല. കീരികള്‍ക്ക് പാമ്പിറച്ചിയോട് പ്രത്യേക ഇഷ്ടമുള്ളതായി കണ്ടെത്തീട്ടില്ലെങ്കിലും ഇറച്ചി ഒരു വീക്ക്‌നെസ് തന്നെയാണ് . 'തിരിച്ച് കടിക്കാത്തതെന്തും ഞാന്‍ കഴിക്കും' എന്ന് ചിലര്‍ ഭക്ഷണശീലത്തെക്കുറിച്ചുള്ള വെറും വീമ്പുപറച്ചിലല്ല കീരിയുടെ സ്വഭാവം. തിരിച്ച് കടിക്കുന്ന പാമ്പിനേയും കുത്തുന്ന തേളിനേയും എന്നു വേണ്ട ഞാഞ്ഞൂലിനെപ്പോലും അകത്താക്കാന്‍ ഇവര്‍ റെഡി. മിശ്ര ഭോജികളാണെങ്കിലും സസ്യാഹാരപ്രതിപത്തി പൊതുവെ കുറവാണ് . പക്ഷികള്‍, അവയുടെ മുട്ടകള്‍, മീനുകള്‍, ഞണ്ടുകള്‍, തേളുകള്‍ , പഴുതാരകള്‍, എലികള്‍, ഓന്തുകള്‍, പലതരം ഷഡ്പദങ്ങള്‍, പഴങ്ങള്‍, വേരുകള്‍ ഒക്കെ തിന്നും. ചില ഇനം കീരികള്‍ മുയലുകളേയും കൊക്കുകളെയും വരെ ഭക്ഷണമാക്കും. മുട്ടകളോട് ഇഷ്ടമുള്ള കീരികള്‍ വളരെ നന്നായി മുട്ട പൊട്ടിച്ച് കുടിക്കാന്‍ കഴിവുള്ളവരാണ്. ചില ഇനങ്ങള്‍ ഉടുമ്പുകളെപ്പോലെ ചീങ്കണ്ണികളുടെ മുട്ടകള്‍ പോലും മോഷ്ടിച്ച് ശാപ്പിടും. മുട്ട കൈകളില്‍ പിടിച്ച് വലിപ്പം കുറഞ്ഞ ഭാഗത്ത് ദ്വാര മുണ്ടാക്കിപൊട്ടിച്ച് കുടിക്കാന്‍ അറിയാം. കുട്ടികള്‍ കാലുകള്‍ക്കിടയില്‍ കല്ലിലും മറ്റും എറിഞ്ഞുടക്കുകയാണ് ചെയ്യുക. ചത്ത് കിടക്കുന്ന മറ്റ് ജീവികളുടെ ശവശരീരവും തിന്നും. ഗവേഷകര്‍ നീലഗിരിയില്‍ നടത്തിയ പഠനങ്ങളില്‍ കീരികള്‍ സ്വന്തം ഇരതേടല്‍ സ്ഥലമായി ( home range ) കണക്കാക്കുന്നത് പതിനഞ്ചര ഹെക്ടര്‍ വിസ്തൃതിയിലുള്ള പ്രദേശം മൊത്തമായാണ് .

പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കിയാണ് കീരികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് കൃഷിക്ക് നഷ്ടവും നാശവും വരുത്തുന്ന എലികളെയും കീടങ്ങളെയും കീരികള്‍ തിന്ന് ഒഴിവാക്കുന്നതിനാല്‍ കീരിയെ കര്‍ഷകന്റെ മിത്രം എന്ന് വിളിക്കാറുണ്ട് .

മുജ്ജൻമ ശത്രുതതയല്ല, പാമ്പ് കീരികളുടെ ഇഷ്ട ഭക്ഷണം

പാമ്പും കീരിയും തമ്മില്‍ മുജ്ജന്മ ശത്രുത ഒന്നും ഇല്ല. സ്ഥിരം 'ശത്രുത' എന്നതൊക്കെ നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമുള്ള ഒരു ചിന്ത ആണ്. കീരികളുടെ ഇഷ്ട ഭക്ഷണമാണ് പാമ്പ് എന്നതുമാത്രമാണ് പാമ്പിനെ കീരി ആക്രമിക്കാന്‍ കാരണം. വലിയ പരിക്കേല്‍ക്കാതെ തനിക്ക് ഭക്ഷണം ആക്കാന്‍ പറ്റുന്ന, കീഴ്പ്പെടുത്തതാന്‍ കഴിയുന്ന കുഞ്ഞന്‍ കീരിയെ കണ്ടാലേ പാമ്പ് മുന്‍കൈയെടുത്ത് ആക്രമിക്കാറുള്ളു. അല്ലെങ്കില്‍ തടി രക്ഷപ്പെടുത്താന്‍ വേഗം സ്ഥലം കാലിയാക്കുകയാണ് ചെയ്യുക. ഏതാണ്ട് തുല്യശേഷികളുള്ള ജീവികളില്‍ ഒന്ന് മറ്റൊന്നിനെ ഭക്ഷണമായി പരിഗണിച്ചാല്‍ അവിടെ അതിജീവന പോരാട്ടം ഉറപ്പാണല്ലോ. ഭക്ഷണം നഷ്ടപ്പെടാതെ നോക്കുന്ന കീരിയോട് തനിക്ക് പറ്റും വിധം പാമ്പുകള്‍ ആത്മരക്ഷാര്‍ത്ഥം ഫണം വിടര്‍ത്തി പേടിപ്പിച്ചും വിഷം കുത്തിവെച്ച് തളര്‍ത്തിയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതാണ് യുദ്ധമായി പലപ്പോഴും കാണുന്നത്. വിഷപ്പാമ്പിന്റെ കൊത്ത് ആഴത്തില്‍ കൊണ്ടാല്‍ കീരി ചാവുകയും ചെയ്യും. കടിച്ച് കൊന്ന വിഷപ്പാമ്പിനെ തിന്നാലും കീരിക്ക് കുഴപ്പം പറ്റാത്തത് പാമ്പിന്‍ വിഷം രക്ത ചംക്രമണ വ്യവസ്ഥയിലും ശ്വാസകോശത്തിലും എത്തിയാലെ പ്രശ്‌നമുള്ളു എന്നതിനാലാണ്. അന്നപദത്തിലൂടെ കടന്നുപോയാല്‍ ദഹിക്കുന്ന പ്രൊട്ടീനുകളാണ് വിഷത്തിലെ ഭൂരിഭാഗവും. ഉഗ്ര വിഷവുമുള്ള ആഫ്രിക്കന്‍ മാംബകളേയും നമ്മുടെ രാജവെമ്പാലകളെയും വരെ കീരി വെറുതെ വിടാത്തത് ഈ ധൈര്യത്തില്‍ തന്നെ .

'കീരിക്കാടന്‍' എന്നത് മലയാളസിനിമയിലെ വേഗം മറക്കാത്ത വില്ലന്‍ കഥാപാത്രമാണെങ്കിലും നാട്ട് കീരിക്ക് തങ്ങാന്‍ വലിയ കാടൊന്നും വേണ്ട. ധൈര്യശാലികളായ ഇവര്‍ തുറന്ന കാട്ട്പ്രദേശത്തും പൊന്തകളിലും കൂടാതെ മനുഷ്യര്‍ തിങ്ങി ജീവിക്കുന്ന കുഞ്ഞ് നഗരങ്ങളിലും കീരികളെ ധാരാളം കാണാം. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ഇവയുടെ എണ്ണം വല്ലാതെ കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ കീരികളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് പൊതുവെ കണക്കാക്കുന്നത്. എന്നാല്‍ കീരികള്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഇടങ്ങള്‍ ജനപ്പെരുപ്പം മൂലം കാട്ട് പൊന്തകള്‍ തെളിയിച്ച് വീടുകളും കെട്ടിടങ്ങളും ഒക്കെ വന്നതിനാല്‍ കീരികളെ കൂടുതലായി കാണുന്നതാണ് എന്നും നിഗമനങ്ങളുണ്ട്. കീരികളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ഒരു കണക്കും ആരുടെ കൈയിലും ഇല്ല. കീരി ആക്രമിച്ച് ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടീട്ടുണ്ട് എന്നത് മാത്രമാണ് ആകെയുള്ള ഒരു കണക്ക്.

mongoose with kids
Getty images

കണ്ണ് കീറാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍

ഇന്ത്യ കൂടാതെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്‍, ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും Indian grey Mongoose എന്ന് വിളിക്കുന്ന Urva edwardsii കാണപ്പെടുന്നുണ്ട് . ഓറഞ്ച് ബ്രൗണ്‍ നിറവും നരച്ച ചാരനിറവും ഇടകലര്‍ന്നുള്ള പ്രത്യേകതരം രോമം ഉള്ളവയാണ് നാട്ട് കീരികള്‍ . ഓരോ രോമത്തിലും മങ്ങിയ വെളുപ്പും കറുപ്പും നിറമുള്ള ചുറ്റുകളുള്ളതിനാലാണ് കാഴ്ചയിലെ ഈ പ്രത്യേകത . നീണ്ട ശരീരം ആണിവര്‍ക്ക് . രോമം കൊണ്ട് പൊതിഞ്ഞ നീളന്‍ വാല്‍ നിലത്ത് ഇഴയാത്തവിധം തറയ്ക് സമാന്തരമായി ഇത്തിരി ഉയര്‍ത്തി പിടിച്ചാണ് നടക്കുക . വാലിന്റെ അഗ്രഭാഗം കൂര്‍ത്തതും മങ്ങിയ മഞ്ഞയോ വെളുപ്പോ കലര്‍ന്ന ഇളം നിറമുള്ളതുമാണ്. ഒരു പൂച്ചയുടെ വലിപ്പമില്ലെങ്കിലും ഒന്നരകിലോഗ്രാം തൂക്കം വരും ഒത്ത കീരിക്ക്. 36-45 സെന്റീ മീറ്റര്‍ നീളമാണ് ഇവയുടെ ശരീരത്തിന് ഉണ്ടാകുക. വാലിനും അതെ നീളം ഉണ്ടാകും. ആണ്‍ കീരിയ്ക്കാണ് വലിപ്പം കൂടുതല്‍. നാടന്‍ കീരിയുടെ കാല്‍ കുറിയതും ഇരുണ്ട നിറത്തിലുള്ളതുമാണ്. ഒറ്റക്ക് കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഇണചേരല്‍ കാലത്ത് ജോഡിയായി നടക്കുന്നത് കാണാം . മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇണചേരല്‍ കാലം. 60-65 ദിവസം നീളുന്നതാണ് ഗര്‍ഭകാലം. ഈ കാലയലവിനുള്ളില്‍ രണ്ടോ മൂന്നോ പ്രസവം നടക്കും. ഓരോ പ്രസവത്തിലും രണ്ടു മുതല്‍ നാലുകുഞ്ഞുങ്ങള്‍ വരെ ഉണ്ടാകും. കണ്ണ് കീറാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ വേഗം തന്നെ വളരും. ആറുമാസത്തോളം അമ്മയുടെ കൂടെ ചിലവഴിക്കുന്ന കുഞ്ഞ് ഒന്‍പതു മാസം ആകുമ്പോഴേക്കും നല്ല വളര്‍ച്ച നേടി ഇണയെത്തേടിത്തുടങ്ങും .നാട്ട് കീരികളുടെ ആയുസ് ഏഴുവയസാണെങ്കിലും വളര്‍ത്ത് കീരികള്‍ പന്ത്രണ്ട് വര്‍ഷം വരെ ജീവിച്ച് കണ്ടിട്ടുണ്ട്.

ruddy mongoose
ചുണയന്‍ കീരി By Casey Klebba - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=71559782

ചുണയന്‍ കീരി Ruddy mongoose (Herpestes smithii )

വലിപ്പക്കൂടുതലും വാലിന്റെ അഗ്രഭാഗത്തെ കറുപ്പും ഇവയെ നാടന്‍ കീരികളില്‍ നിന്ന് തിരിച്ചറിയാന്‍ സഹായിക്കും. മഞ്ഞ കലര്‍ന്ന തവിട്ടു മുതല്‍ തുരുമ്പിച്ച ചാര നിറം വരെയുള്ള ശരീരമാണ് ചുണയന്‍ കീരികള്‍ക്കുള്ളത്. മുകളിലോട്ട് ചൂണ്ടുന്നതു പോലെ അഗ്രഭാഗം വളഞ്ഞ വാലിന് ശരീരത്തിന്റെ അത്ര നീളം ഉണ്ടാകില്ല. കാലുകള്‍ നാടന്‍ കീരിയെ അപേക്ഷിച്ച് നീളം കൂടിയതും കൂടുതല്‍ ഇരുണ്ട നിറമുള്ളതുമാണ്. വിരലുകള്‍ക്കിടയില്‍ തോലടിയുണ്ട് (webbed-feet). ഇന്ത്യന്‍ ഉപദ്വീപിലും അയല്‍രാജ്യമായ ശ്രീലങ്കയിലും മാത്രമാണ് ഇവയെ കണ്ടുവരുന്നത്. ചുണയന്‍ കീരികള്‍ക്ക് മൂന്ന് ഉപസ്പീഷിസുകള്‍ ഉണ്ട്. ഇന്ത്യയില്‍ പ്രധാനമായും കാണപ്പെടുന്നത് 'Indian Ruddy Mongoose' (Herpestes smithii smithii) എന്ന ഉപവിഭാഗമാണ്. ഇവരെ ഡല്‍ഹിയുടെ തെക്ക് ഭാഗം മുതല്‍ ഇന്ത്യന്‍ ഉപദ്വീപില്‍ കാണാവുന്നതാണ്. 'Srilankan Ruddy Mongoose' (Herpestes smithii zeylanius) എന്ന ഉപവിഭാഗം ശ്രീലങ്കയില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്നു. ഇതുകൂടാതെ കശ്മീര്‍ പ്രദേശത്തു മാത്രം കണ്ടു വരുന്ന 'Kashmir Ruddy Mongoose' (Herpestes smithii thysanurus) എന്നൊരു ഉപവിഭാഗവും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ സര്‍വ്വസാധാരണമാണെങ്കിലും ഇന്ത്യയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും മാത്രമേ ചുണയന്‍ കീരികളെ കാണാറുള്ളു. പല്ലുകൊണ്ട് തുറക്കാന്‍ കഴിയാത്ത ഉറപ്പുള്ള മുട്ടകള്‍ പൊട്ടിക്കാന്‍ മാത്രമല്ല ഉറപ്പുള്ള ആമപ്പുറംതോട് പൊളിക്കാന്‍ വരെ സൂത്രങ്ങള്‍ ഇവര്‍ക്ക് അറിയും. കല്ലുപയോഗിച്ചോ പാറപ്പുറത്തിട്ടോ കാര്യം നടത്തും. കോഴികളെയും മുട്ടയും മോഷ്ടിക്കുന്നതിനാല്‍ ഉപദ്രവകാരി എന്ന അര്‍ഥം വരുന്ന മുഗാട്ടിയ (mugatiya) എന്നാണ് ഇവരെ ശ്രീലങ്കക്കാര്‍ വിളിക്കുന്നത്. പകല്‍നേരത്താണ് ഇരതേടല്‍. ഒറ്റക്കാണ് ജീവിതമെങ്കിലും ചിലപ്പോള്‍ ഇണകളായും നാലു മുതല്‍ ആറുവരെയുള്ള കൂട്ടങ്ങളായും കാണാറുണ്ട്. പ്രധാനമായും നിലത്താണ് ഇരതേടലെങ്കിലും വേണ്ടി വന്നാല്‍ മരം കയറാനും ഇവര്‍ക്ക് കഴിയും. ശത്രുഭയം വന്നാല്‍ മൊത്തം രോമം എഴുത്ത് പിടിച്ച് വലിപ്പം കൂടുതല്‍ തോന്നിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും. .

indian brown mangoose
തവിടൻ കീരി By Divya Mudappa - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=57134747

തവിടന്‍ കീരി Indian brown mongoose (Herpestes fuscus)

ഇന്ത്യയില്‍ പശ്ചിമഘട്ട വനപ്രദേശങ്ങളിലും അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും ശ്രീലങ്കയിലും മാത്രം കാണുന്ന അപൂര്‍വ കീരിയിനം ആണ് തവിടന്‍ കീരി. Brown mongoose (Herpestes fuscus) മഞ്ഞ/ചെമ്പന്‍ പൊട്ടുകളുള്ള ഇരുണ്ട തവിട്ട് നിറത്തിലുള്ള ശരീരമാണ് തവിടന്‍ കീരികള്‍ക്കുള്ളത്. മൂന്ന് കിലോ വരെ ഭാരമുണ്ടാകുന്ന ഇവരുടെ കുഞ്ഞന്‍ കാലുകള്‍ ഇരുണ്ട നിറത്തിലുള്ളതാണ്. വാലില്‍ കൂടുതല്‍ രോമങ്ങളുണ്ടാവുമെങ്കിലും കൂര്‍ത്ത് ക്രമമായി ചുരുങ്ങിവരുന്ന രൂപത്തിലുള്ളതായിരിക്കും. പിങ്കാലുകളുടെ അടിവശത്തും രോമങ്ങള്‍ ഉണ്ടാവും എന്നതും ഇവരുടെ പ്രത്യേകതയാണ്. രാത്രി സഞ്ചാരികളായ ഇവര്‍ ഒറ്റക്കാണ് ജീവിക്കുന്നത്. നിലത്താണ് ഇരതേടുന്നത്. പ്രജനന സമയത്ത് ഇവര്‍ പാറകള്‍ക്കടിയിലോ വലിയ മരങ്ങള്‍ക്ക് അടിയിലോ മണ്ണിലോ മാളം ഉണ്ടാക്കുന്നു. ഒരു പ്രസവത്തില്‍ 3 മുതല്‍ 4 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകും . ഇവയെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല . ഇവയുടെ എണ്ണത്തെപ്പറ്റിയും വ്യക്തമായ കണക്കുകള്‍ ഇല്ല. IUCN കണക്ക് പ്രകാരം 'Least Concern' വിഭാഗത്തിലാണ് തവിടന്‍ കീരികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും കാലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇവരുടെ വംശനാശത്തിന് കാരണമായേക്കാം എന്ന് ആശങ്കയുണ്ട്.

mongoose
ചെങ്കീരി | ഫോട്ടോ: ജോമിഷ് മോഹൻ

ചെങ്കീരി, ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ കീരികള്‍

സിനിമയിലെ വില്ലന്മാര്‍ക്ക് ചെങ്കീരി Stripe-necked mongoose (Herpestes vitticollis ) എന്ന് ഇരട്ടപ്പേരുണ്ടാകാറുണ്ട്. കീരികളുടെ കൂട്ടത്തിലെ കിടിലന്മാരാണ് ചെങ്കീരികള്‍. തെക്കേ ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലെ ഈര്‍പ്പമുള്ള കാടുകളിലും ചതുപ്പ് പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവരാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ കീരികള്‍. ചുവപ്പ് കലര്‍ന്ന ശരീരമുള്ള ഇവരുടെ ചെവി മുതല്‍ തോള്‍ വരെ വെള്ള അരികുള്ള കറുത്ത വരയുണ്ടാകും. നീളം കുറഞ്ഞ വാലിന്റെ അറ്റം കറുപ്പ് നിറമായിരിക്കും. ഞണ്ട് തൊട്ട് കൂരന്‍പന്നിയെവരെ തിന്നുന്ന ഇവര്‍ക്ക് മൂന്നരകിലോ വരെ ഭാരമുണ്ടാകും.

വളരെ പരിചിതരാണ് കീരികളെങ്കിലും ഇവയെക്കുറിച്ച്, അവയുടെ പ്രജനന രീതികളെക്കുറിച്ചും ഒക്കെ വളരെ കുറഞ്ഞ അറിവുകളെ ഇപ്പോഴും നമുക്ക് ഉള്ളു. കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടി ഇരിക്കുന്നു. കീരികളുടെ അടുത്ത ബന്ധുക്കളാണ് വെരുകുകളും നീര്‍നായകളും. വെരുകുകളുടേത് പോലുള്ള വലിപ്പമുള്ള ചെവികള്‍ പക്ഷെ കീരികള്‍ക്ക് ഇല്ല.

Meercat
മീർക്കാറ്റുകൾ | Getty images

ദക്ഷിണാഫ്രിക്കയില്‍ കണ്ട് വരുന്ന മീര്‍ക്കാറ്റുകള്‍ എന്ന ജീവിയും ഒരു തരം കീരികളാണെന്ന് പറയാം. ലൈഫ് ഓഫ് പൈ എന്ന സിനിമയില്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ മാംസഭോജി വൃക്ഷങ്ങളുള്ള ദ്വീപില്‍ ആയിരക്കണക്കിന് മീര്‍ക്കാറ്റു കൂട്ടത്തെ കാണുന്ന ദൃശ്യം ഉണ്ടല്ലോ. അതുപോലെ ലയണ്‍ കിങ് എന്ന അനിമേഷന്‍ സിനിമയിലെ ടൈമന്‍ എന്ന കഥാപാത്രവും ഇവരില്‍ പെടും. നമ്മുടെ ഹിന്ദിയിലെ കുരങ്ങിന് പറയുന്ന മര്‍ക്കട് എന്ന വാക്കില്‍ നിന്ന് ഉണ്ടായതാണ് മീര്‍ക്കാറ്റ് എന്ന പേര് എന്നും കരുത്തപ്പെടുന്നുണ്ട് .

ഈജിപ്തിലെ കീരി മമ്മികൾ

റെഡ്യാഡ് കിപ്‌ളിങ് എഴുതിയ ജംഗിള്‍ബുക്ക് എന്ന പുസ്തകത്തിലെ രസികന്‍ കഥാപാത്രമായ കീരിയാണ് 'റിക്കി ടിക്കി ടാവി'. വൈശ്രവണ പുത്രനായ കുബേരന്റെ കൈയില്‍ ഒരു കീരി ഉള്ളതായാണ് പുരാണം. ദിവസവും അത് മുത്തും പവിഴവും തുപ്പും, അങ്ങിനെയാണ് അദ്ദേഹം മുടിഞ്ഞ സമ്പത്തിനുടമയായത് എന്നാണ് കഥ. വമ്പിച്ച ദാനങ്ങളോടെ അശ്വമേധ യാഗം നടത്തിയ യുധിഷ്ടിരനെ കളിയാക്കിയ ഒരു കീരിയേക്കുറിച്ചൊരു കഥ മഹാഭാരതത്തിലുമുണ്ട്. പട്ടിണിക്കാരനായ സാധു ബ്രാഹ്‌മണന്‍ കൈയില്‍ ബാക്കിയുള്ള തുച്ഛമായ മലര്‍പൊടി ദാനം ചെയ്തപ്പോള്‍ ഒഴുക്കിയ വെള്ളം പുരണ്ടാണ് അതിന്റെ പാതി ഭാഗം സ്വര്‍ണ്ണമായതത്രെ! ബാക്കികൂടി സ്വര്‍ണ്ണം പൂശികിട്ടുമെന്ന് കരുതിയാണ് പാവം ഇവിടെ വന്നത്. പക്ഷെ ഒരുകാര്യവുമില്ല. എന്ന് പറഞ്ഞ് യുധിഷ്ടരനെ കീരി കളിയാക്കുന്നുണ്ട്.

കീരികളെ വളരെ പണ്ട് മുതലേ മനുഷ്യര്‍ വളര്‍ത്തുകയും ആരാധിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ പിരമിഡുകളില്‍നിന്ന് കീരികളുടെ മമ്മി കണ്ടെടുത്തിട്ടുണ്ട് . ഉത്തരേന്ത്യയില്‍ ഇപ്പോഴും കീരിയെ ആരാധിക്കുന്ന ചില വിഭാഗങ്ങള്‍ ഉണ്ട്. മുന്‍പ് നമ്മുടെ നാട്ടിലും ആളുകള്‍ കീരികളെ പിടികൂടി ഇണക്കി വളര്‍ത്താറുണ്ടായിരുന്നു .

പെയിന്റ്ബ്രഷ് ഉണ്ടാക്കാനായി ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം കീരികള്‍ കൊല്ലപ്പെടുന്നുണ്ട്

mongoose
കോവിഡ് കാലത്ത് ഭക്ഷണം തിരഞ്ഞ് നടക്കുന്ന കീരി, ഡൽഹിയിൽ നിന്നുള്ള കാഴ്ച; | Getty images

കീരി വേട്ട

ഇറച്ചിക്കും രോമത്തിനും വേണ്ടിയാണ് കീരി വേട്ട പ്രധാനമായും നടക്കുന്നത്. പെയിന്റ്ബ്രഷ് ഉണ്ടാക്കാനായി ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം കീരികള്‍ കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഒരു കിലോഗ്രാം രോമം ലഭിക്കാന്‍ അന്‍പതോളം കീരികളെ കൊല്ലേണ്ടതുണ്ട്. ഇരുപത് ഗ്രാം രോമത്തിന് ഒരു കീരി എന്ന കണക്കില്‍ കൊല്ലപ്പെടുന്നു എന്നര്‍ത്ഥം . 2019 ഒക്ടോബര്‍ 24 ന് ഉത്തര്‍ പ്രദേശിലെ ഷെര്‍കോട്ടില്‍ നൂറുകണക്കിന് ഗവര്‍മെന്റ് ഉദ്യോഗസ്ഥര്‍ ഒന്നിച്ച് നടത്തിയ റെയ്ഡില്‍ ഒറ്റ ദിവസം 26000 ബ്രഷുകളും നൂറു കിലോ കീരിരോമവും പിടിച്ചെടുത്തു. ഇന്ത്യയുടെ പെയിന്റു ബ്രഷ് നിര്‍മാണ തലസ്ഥാനം ഷെര്‍ക്കോട്ട് ആണെന്ന് പറയാം. ഓപ്പറേഷന്‍ ക്ലീന്‍ ആര്‍ട്ട് എന്നപേരില്‍ വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയും സി ബി ഐയും കൂടി യു പി കൂടാതെ ജയ്പൂരിലും മുംബൈയിലും പൂണെയിലും കേരളത്തിലും വ്യാപക റെയ്ഡുകള്‍ നടത്തി. വലിയൊരു ബ്രഷ് നിർമ്മാണ റാക്കറ്റ് ആണ് കണ്ടെത്തിയത്. ചിത്രകാരന്മാര്‍ സൂക്ഷ്മമായി വര്യ്ക്കുവാനായി വാങ്ങുന്ന കീരിരോമം കൊണ്ടുള്ള ബ്രഷിന്റെ കച്ചവടം കോടികളുടേതാണ്. മറ്റു ബ്രഷുകളെക്കാള്‍ കീരിരോമം കൊണ്ടുണ്ടാക്കിയ ബ്രഷുകള്‍ക്ക് അഞ്ചിരട്ടിയോളം വിലയുണ്ട്. പല സംസ്ഥാനങ്ങളിലും വനവാസികളാണ് കീരിരോമം വിപണിയിലേക്കെത്തിക്കുന്നത്. പക്ഷെ അവര്‍ക്ക് തുച്ഛമായ കൂലി മാത്രമേ ലഭിക്കുന്നുള്ളൂതാനും. ജലച്ചായങ്ങള്‍ ഉപയോഗിച്ച് വരയ്ക്കുമ്പോള്‍ കൃത്യത കിട്ടാന്‍ വേണ്ടി പല ചിത്രകാരരും കീരിരോമ ബ്രഷ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈടുനില്‍ക്കുമെന്നതും ഇതിന്റെ ആകര്‍ഷണമാണ്. എങ്കിലും ഇപ്പോള്‍ പല കലാകാരന്മാരും കീരികളുടെ രോമം കൊണ്ടുള്ള ബ്രഷുകള്‍ ഉപയോഗിക്കില്ല എന്ന തീരുമാനം എടുത്തുകഴിഞ്ഞു. എങ്കിലും അനധികൃതമായി ശേഖരിച്ച് ഇന്ത്യയില്‍ നിന്നുള്ള കീരി രോമം അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. മുഖ സൗന്ദര്യ ബ്രഷുകളുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയിലെ കീരി നിരോധനം

എലികളെ നിയന്ത്രിക്കാനായി വെസ്റ്റ് ഇന്‍ഡീസിലേക്ക് പണ്ട് കീരികുടുംബക്കാരെ ഇറക്കുമതിചെയ്ത് പുലിവാലുപിടിച്ചിരുന്നു. ഇവ അവിടത്തെ ചെറുജീവികളെ മുഴുവന്‍ കൊന്നുതീര്‍ത്ത് സ്വാഭാവിക ജൈവവൈവിദ്ധ്യത്തെ താറുമാറാക്കി. അതിനാല്‍ ഏതിനത്തിലുള്ള കീരികളേയും അമേരിക്ക , ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം നാടന്‍ കീരി ഉള്‍പ്പെടെ ഉള്ള വന്യജീവികളെ പിടിക്കുന്നതും അവരെ ഉപയോഗിച്ച ഉണ്ടാക്കുന്ന പെയിന്റ് ബ്രഷുകള്‍ പോലുള്ളവ കൈവശം വക്കുന്നതും വില്‍ക്കുന്നതും ഏഴു വര്ഷം വരെ ജയില്‍ ശിക്ഷ അടക്കം ലഭിക്കാവുന്ന കുറ്റകൃത്യമാണ് . IUCN കണക്ക് പ്രകാരം 'Least Concern' വിഭാഗത്തിലാണ് കീരികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഏറ്റവും കൂടുതല്‍ നിയമവിരുദ്ധമായി കച്ചവടം നടത്തപ്പെടുന്ന വന്യജീവികളിലൊന്നാണ് കീരികള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented