
പ്രതീകാത്മക ചിത്രം | Photo-Canva
ജീവലോകത്തെ തന്നെ ഏറ്റവും കരുത്തന്മാരും കടുപ്പക്കാരും ആയവര്‍ ചില വണ്ടുകളാണ്. പൊതുവെ എല്ലാ വണ്ടുകളുടെയും മേല്ച്ചിറക് ഉറപ്പുള്ള ഒരു മൂടി പോലെ പരിണമിച്ചിട്ടുണ്ടാകും. അതിന് എലിട്ര എന്നാണ് പറയുക. പറക്കാന്‍ എലിട്രയ്ക്ക് അടിയിലെ പിന്ചിറകാണ് ഉപയോഗിക്കുക. വണ്ടുകളെ Coleoptera എന്ന ഓര്‍ഡറിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കവച ചിറക് എന്ന അര്‍ത്ഥം വരുന്ന koleopteros എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ പ്രയോഗം വന്നത്. അരിസ്റ്റോട്ടിലാണ് ഇങ്ങനെ ഒരു പേര് നല്‍കിയത്. ഉറപ്പുള്ള ഈ കവചച്ചിറകിന്റെ പ്രത്യേകതകള്‍ വെച്ച് തന്നെ ഇവയെ ആയിരക്കണക്കിന് സ്പീഷിസുകള്‍ ആയി തിരിച്ചിട്ടുണ്ട്. പല വര്‍ണത്തിലും തിളക്കത്തിലും ഉള്ള എലിട്രകള് മൂലം ആഭരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വണ്ടുകളെ ഉപയോഗിക്കാറുണ്ടായിരുന്നു. മൊത്തം നാല് ലക്ഷത്തോളം ഇനം വണ്ടുകളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഓരോ ദിവസവും എന്ന് പറഞ്ഞതു പോലെ ഗവേഷകര്‍ പുതിയ വണ്ടുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിയിലെ പ്രാണിവര്‍ഗങ്ങളുടെ 40% ഇവരാവും. മൊത്തം ജീവവര്‍ഗത്തിന്റെ 25% വണ്ടുകളാവും. ദശലക്ഷക്കണക്കിന് വണ്ട് ഇനങ്ങള്‍ ഭൂമിയില്‍ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നത്.
ഡ്രില്ലര്‍ കൊണ്ട് മാത്രം തുരക്കാന്‍ കഴിയുന്ന കവചം
ഗവേഷകരും ഹോബി ശേഖരക്കാരും പണ്ടൊക്കെ പൂമ്പാറ്റകളുടെയും തുമ്പികളുടെയും മറ്റു പ്രാണികളുടെയും സ്പെസിമനുകള്‍ ഫ്രെയിമുകളില്‍ മുട്ടു സൂചി ഉപയോഗിച്ച് തറച്ച് വെച്ച് സൂക്ഷിക്കാറുണ്ടല്ലോ. വടക്കേ അമേരിക്കയിലെ വരണ്ട പടിഞ്ഞാറന്‍ മരു പ്രദേശത്ത് നിന്ന് ലഭിച്ച ഒരു വണ്ടിന്റെ സ്പെസിമന്‍ ഇങ്ങനെ മുള്ളാണി കൊണ്ട് സ്റ്റാന്‍ഡില്‍ തറച്ച് കയറ്റാന്‍ നോക്കിയപ്പോള്‍, എല്ലാ സ്റ്റീല്‍ ആണികളും വളഞ്ഞ് പോകുന്നത് കണ്ട് കുറച്ച് ഗവേഷകര്‍ അമ്പരന്നു. വണ്ടിന്റെ ദേഹത്ത് പിന് കയറ്റാന്‍ മൂര്‍ച്ചയുള്ള ഡ്രില്ലര്‍ കൊണ്ട് തുരക്കേണ്ടി വന്നു. വണ്ടിന്റെ പുറം കവചം അത്രയും ഉറപ്പുള്ളതായിരുന്നു.

Zopheridae കുടുംബത്തില്‍ പെട്ട Phloeodes diabolicus എന്ന ശാസ്ത്ര നാമമുള്ള ഈ വണ്ടാണ് ഏറ്റവും ഉറപ്പുള്ള പുറം പാളികളുള്ള ജീവിയായി ഇപ്പോള്‍ കണക്കാക്കപ്പെടുന്നത് . സാധാരണ ഷൂസിട്ട കാലു കൊണ്ട് നമ്മള് അമര്‍ത്തി ചവിട്ടിയാല്‍ തന്നെ പ്ടോം എന്ന് പൊട്ടിത്തകര്‍ന്ന് പരക്കുന്നതാണല്ലോ വണ്ടുകളുടെ ശരീരം. പക്ഷെ ഈ വണ്ടിന്റെ ദേഹത്ത് കൂടി കാര്‍ കയറി ഇറങ്ങിയാലും കൂളായി എഴുന്നേറ്റ് നടന്ന് പോകും. കഠിന രൂപമുള്ളതിനാല്‍ diabolical ironclad beetle എന്ന കിടിലോല്‍ക്കിടിലന്‍ പേരില്‍ ആണ് ഇത് അറിയപ്പെടുന്നത്. ധൃതരാഷ്ട്ര ആലിംഗനം കൊണ്ടൊന്നും ഈ ഘടോല്ക്കച വണ്ടിനെ ഞെക്കി ഉടച്ച് പൊടിയാക്കാന്‍ പറ്റില്ല. ഏകദേശം പതിനഞ്ച് കിലോഗ്രാം ഭാരത്തിന് സമാനമായ 149 ന്യൂട്ടന് ബലം വരെ അത് അതിജീവിക്കും.
ഭാരത്തിന്റെ പതിന്മടങ്ങ് താങ്ങാനുള്ള കെല്‍പ്പ്
സ്വന്തം ഭാരത്തിന്റെ 39000 മടങ്ങ് ഭാരം താങ്ങും. മനുഷ്യന്റെ കണക്കില്‍ നാല്‍പ്പത് യുദ്ധ ടാങ്ക് ഭാരം ദേഹത്ത് കൂടി കയറിയാലുള്ള അവസ്ഥ. പറക്കാനൊന്നും പറ്റാത്ത ഈ ഉരുക്ക് പടച്ചട്ടയുള്ള ചെകുത്താന് വണ്ടിന് രണ്ട് വര്‍ഷത്തിലധികം ശരാശരി ആയുസ്സുമുണ്ട്. മറ്റ് സാധാരണ വണ്ടുകള്‍ ഒന്നോ രണ്ടോ മാസം മാത്രം ജീവിക്കുമ്പോള്‍ ഇവര്‍ നീണ്ട കാലം പരിക്കുകള്‍ ഒന്നും ഇല്ലാതെ പക്ഷികളും ഉരഗങ്ങളും തിന്നാതെ ബാക്കിയായി ജീവിക്കുന്നത് ഈ ഉരുക്ക് ശരീരത്തിന്റെ സംരക്ഷണം കൊണ്ടാണ്. രണ്ട് സെന്റീമീറ്ററിന് അടുത്ത് മാത്രം വലിപ്പമുള്ളതാണ് ഈ കുഞ്ഞന്‍ വണ്ട്. മരത്തടികളുടെ അടിഭാഗത്ത് വളരുന്ന പൂപ്പലുകളും മറ്റും തിന്നാണ് ജീവിക്കുന്നത്. പറക്കാന്‍ കഴിവില്ലാത്തതിനാല്‍ ഇരപിടിയന്മാരില് നിന്ന് രക്ഷപ്പെടാന്‍ പരിണാമ പരമായി ആര്‍ജ്ജിച്ച അനുകൂലനം ആണ് ഈ പാറയുറപ്പുള്ള മേലുടുപ്പ്.
പക്ഷികളുടെ കൊക്കിന് എത്ര മൂര്ച്ചയുണ്ടായാലും മുനയൊടിയുന്നതല്ലാതെ ഇതിന് ഒരു പോറലും ഏല്‍ക്കില്ല. ഇരപിടിയന്മാര്ക്ക് മുമ്പില്‍ ചത്തതുപോലെ കിടന്ന് പറ്റിക്കാനും ഇതിനറിയാം വേണേല്‍ കൊത്തി തിന്ന് പോ പഹയാ എന്ന മട്ടില്‍ ഒരു പരിഹാസക്കിടപ്പ്. പാറകളുടെയും മരത്തടിയുടെയും വിള്ളലുകളില്‍ ശരീരം പരമാവധി അമര്‍ത്തി പരത്തി കയറി രക്ഷപ്പെടാനും എക്സോ സ്കെല്‍ട്ടന്റെ പ്രത്യേകതകൊണ്ട് ഇതിന് കഴിയും.
ബലമറിയാന്‍ പഠനങ്ങളും
ആധുനിക മൈക്രോസ്കോപ്പി പഠനങ്ങളും , മെക്കാനിക്കല്‍ പരിശോധനകളും കമ്പ്യൂട്ടര്‍ സിമുലേഷനും വഴി ഈ പുറം കവചത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടുണ്ട്. ഇവയുടെ പുറം കവചം ഉണ്ടാക്കിയിരിക്കുന്നത് അതി സങ്കീര്‍ണ്ണമായ രൂപ ഘടനയില്‍ ആണ്. വളറെ ചെറിയ ഉറപ്പുള്ള കുഞ്ഞ് ശല്ക്ക പാളികള്‍ പരസ്പരം കുരുക്കി ജിഗ്സോ പസിലിലേത് പോലെ കൂട്ടിച്ചേര്‍ത്തിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. മൈക്രോസ്കോപിക് രൂപത്തിലുള്ള സൂക്ഷ്മ ഫൈബര്‍ പാളികള്‍ മുതല്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന വലിപ്പത്തിലുള്ള പാളികള്‍ വരെ വ്യത്യസ്ഥ രൂപത്തിലും വലിപ്പത്തിലും ഉള്ള നൂറുകണക്കിന് ചെറു കഷണങ്ങള്‍ ചേര്‍ന്നതാണ് ജിഗ്സോ പീസുകള്‍. ഇത്തരം പാളികള്‍ ചേര്‍ന്നുള്ള മൂന്ന് വ്യത്യസ്ത പാളികള്‍ പ്രോട്ടീന്‍ ബന്ധിതമായ ആല്‍ഫ-chitin പോളി സാക്കറൈഡ് ഫൈബറുകളാല്‍ പരസ്പരം പിണഞ്ഞ helicoid രൂപത്തില്‍ ആണ് ഉണ്ടാവുക . ഈ പ്രത്യേക ഘടനയാണ് ഇവയ്ക്ക് അത്ഭുതകരമായ കാഠിന്യവും ബലവും നല്‍കുന്നതും മുകളില്‍ നിന്നുള്ള ആഘാത ബലത്തെ ആഗിരണം ചെയ്ത് വിന്യസിപ്പിക്കാനും സഹായിക്കുന്നത്. കൂടാതെ മുന്‍ചിറകുകളുടെ രൂപമാറ്റം വഴി ഉണ്ടായ എലിട്ര, രണ്ടാം ചിറക് അടിയില്‍ ഇല്ലാത്തതിനാല്‍ എലിട്ര പാളികള്‍ പരസ്പരം കൂടി ഒന്നായ് ചേര്‍ന്ന് ആണ് ഉണ്ടാവുക. അവ ചേരുന്ന അരികുകള്‍ നമ്മുടെ തലയോട്ടിലെ സൂച്ചറുകള്‍ പോലെ, മുന്‍ ഭാഗത്തും പിറകു ഭാഗത്തും പ്രത്യേക രീതിയില്‍ ആണ് യോജിപ്പിച്ചിട്ടുണ്ടാകുക. അതിനാല്‍ എത്ര അമര്‍ന്നാലും ആന്തരിക അവയവങ്ങള്‍ക്ക് കേട് സംഭവിക്കുന്നില്ല എന്നത് കൂടാതെ പുറം പാളിക്ക് രൂപ മാറ്റവും വരുകയില്ല.
സാധാരണ വണ്ടുകള്‍ക്കുള്ള രൂപമല്ല
സാധാരണ വണ്ടുകള്‍ക്ക് ഒക്കെയും ഉരുളല്‍ ശരീര രൂപം ആണുണ്ടാകുക. എന്നാല്‍ ഉരുക്ക് കവച ചെകുത്താന് വണ്ടിന്റെ ശരീരം പരന്ന് നിലത്തോട് ചേര്‍ന്ന വിധത്തിലാണ്. അതിനാല്‍ തന്നെ പരന്ന ഇതിനെ ചവിട്ടി അമര്‍ത്തി കൊല്ലുക എന്നത് എളുപ്പമല്ല. ബലം ഒരു സ്ഥലത്ത് മാത്രമായി കേന്ദ്രീകരിക്കുന്നതിനു പകരം ശരീരത്തിന്റെ മൊത്തം പരപ്പില്‍ വിതരണം ചെയ്യപ്പെടുന്നു.പുതിയ എഞ്ചിനിയറിങ്ങ് സാങ്കേതിക വിദ്യകളുടെ ഭാഗമായി ഭാരം താങ്ങുന്നതും ഏറ്റവും ഉറപ്പുള്ളതും ആയ ഘടകങ്ങള്‍ വികസിപ്പിക്കുന്നതിനായി ഘടോല്ക്കച വണ്ടിന്റെ പുറംപാളി ഘടനയെ മാതൃകയാക്കിയുള്ള പഠന ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമര്‍ന്ന് ഞെരുങ്ങി രൂപമാറ്റം വരുത്താന്‍ പറ്റുന്ന റോബോട്ടിക്ക് മോഡലുകളുടെ ഡിസൈനിനും ഈ വണ്ടിന്റെ അത്ഭുത സ്വരൂപം മാതൃകയാക്കുന്നുണ്ട്.

ഭാരോദ്വഹനത്തില്‍ ഒന്നാം സ്ഥാനക്കാര്‍
ഭാരോദ്വഹനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ചാണക വണ്ടുകളാണ്. സ്വന്തം ഭാരത്തിന്റെ എത്രയോ മടങ്ങ് ഭാരമുള്ള വലിയ ചാണക ബോളുകള്‍ ഉരുട്ടി കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിയും. Onthophagus taurus എന്ന ഇനം മനസുവെച്ചാല്‍ അതിന്റെ ഭാരത്തിന്റെ 1141 മടങ്ങ് ചാണകം വരെ ഉരുട്ടി നീക്കും. നിറയെ ആളുകളുള്ള ആറ് ഡബിള്‍ ഡക്കര്‍ ബസിന്റെ ഭാരം ഒരുസാധാരണ മനുഷ്യന് ഉരുട്ടി നീക്കികൊണ്ടുപോകുന്നതിനു തുല്യമാവും അത്. നല്ല ഭംഗിയില്‍ പീരങ്കിയുണ്ടപോലെ പച്ചച്ചാണകം ഉരുട്ടിയുണ്ടാക്കി അതുമായി ജോറില് പോകുന്ന കറുത്ത കുഞ്ഞന്‍ വണ്ടുകളാണ് ചാണകവണ്ടുകള്‍. നമ്മുടെ നാറാണത്ത് ഭ്രാന്തനെപ്പോലെ കുന്നിനുമുകളിലേക്കൊന്നുമല്ല ഉരുട്ടല്‍ എന്നുമാത്രം. സര്‍ക്കസുകാരെപ്പോലെ തലകുത്തിനിന്ന് പിങ്കാലുകൊണ്ട് നിരപ്പിലൂടെ ചവിട്ടി ഉരുട്ടിയും ഇടക്ക് അതിനുമുകളില്‍ കേറി ചുറ്റും നിരീക്ഷിച്ചും, കൊമ്പുകൊണ്ട് കുത്തിത്തിരിച്ചും കഷ്ടപ്പെട്ട് ഇവര്‍ വിശ്രമമില്ലാതെ നീങ്ങും. കൊമ്പൂക്കുള്ള മറ്റൊരു വണ്ട് വന്ന് അതിനിടയില്‍ കുത്തിമറിച്ചും അടികൂടിയും ചാണക ലഡു പിടിച്ചെടുത്ത് സ്വന്തമാക്കുന്നതും കാണാം. ഇവരുടെ ജീവചക്രം പൂര്‍ത്തിയാക്കുന്നത് ചാണകത്തിലൂടെ ആണ്. ഭക്ഷണം മാത്രമല്ല ഇത് എന്ന് സാരം. അതിനുള്ളിലാണ് മുട്ടയിടുന്നതും വിരിയിക്കുന്നതും. മുട്ട വിരിഞ്ഞിറങ്ങുന്ന ചാണക വണ്ടിന്റെ ലാര്വപ്പുഴുക്കളെ അങ്ങിനെ എളുപ്പം പുറത്ത് കാണാന്‍ കിട്ടില്ല. മണ്ണിനടിയില്‍ ഒളിച്ച് വെച്ച ചാണകത്തിനുള്ളിലാണല്ലോ അവയുടെ ജീവിതം. ചാണകത്തിനുള്ളില്‍ തന്നെ പ്യൂപ്പാവസ്ഥയിലിരുന്നു വണ്ടുകളായി ജീവചക്രം പൂര്‍ത്തിയാക്കിയാണ് പുറത്ത് വരിക.
.jpg?$p=355862c&w=610&q=0.8)
മൃഗങ്ങളുടെ വിയർജ്ജ്യം മണിക്കൂറുകള്‍ കൊണ്ടു തിന്ന് തീര്‍ക്കും
ലോകത്തെങ്ങുമായി ആറായിരത്തില്‍ അധികം ചാണകവണ്ടിനങ്ങള് ഉണ്ട്. നാല്ക്കാലി സസ്തനികളുടെ വിസര്‍ജ്ജ്യം മാത്രമല്ല മനുഷ്യരുടേതടക്കം ഏത് അപ്പിയും ഇവര്‍ക്ക് പ്രിയ ബിരിയാണിതന്നെ. മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ അവിടവിടെ കാഷ്ടിച്ച് വെക്കുന്നതു മുഴുവന്‍ മണിക്കൂറുകൊണ്ട് തിന്നുതീര്‍ത്തും, പലയിടങ്ങളിലേക്ക് ഉരുട്ടിക്കൊണ്ടുപോയും, നിലം ക്ലീന്‍ ആക്കുന്നത് പ്രധാനമായും ഇവരാണ്. ചാണകം പറമ്പില്‍ അവിടവിടെ കൂടിക്കിടന്നിരുന്നെങ്കില് പല സൂക്ഷ്മാണുക്കളും അതില്‍ വളരുമായിരുന്നു, ഈച്ചകളും മറ്റ് പ്രാണികളും പെറ്റുപെരുകി നമുക്ക് രോഗങ്ങള്‍ കൂട്ടുകയും ചെയ്യും. ചാണകം മണ്ണില്‍ വീണകാര്യം ഗ്രഹിച്ചെടുത്ത് നിമിഷം കൊണ്ടിവര്‍ ഹാജര്‍ രേഖപ്പെടുത്തും. ചിലര്‍ പശുക്കള്‍ക്കും മറ്റും ഒപ്പം വിടാതെ കൂടെക്കൂടും . ചാണകമിടുന്നത് കാത്ത് ചുറ്റുവട്ടത്ത് ഒളിച്ച് നില്ക്കും. ഉണക്കം കൂടുന്നതിനുമുന്നെ തിന്നാനാണിവര്ക്കിഷ്ടം.
മൂന്ന് വിധത്തിലുള്ള ചാണക ജീവിതക്കാരാണുള്ളത്. ചാണകം ദൂരേക്ക് ഉരുട്ടികൊണ്ടുപോയി കുഴികുത്തി ഒളിച്ച് വെച്ച് അത് തിന്ന് മുട്ടയിട്ട് വിരിയിച്ച് ജീവിക്കുന്ന ഉരുട്ട് വിഭാഗം. ചാണകക്കുന്തിക്ക് താഴെയും ചുറ്റുമായി മണ്ണിനടിയിലേക്ക് തുരന്നു മാളങ്ങളുണ്ടാക്കി അതിലേക്ക് കഴിയുന്നത്ര ചാണകം കൊണ്ടുപോയി സൂക്ഷിച്ച് ഉപയോഗിക്കുന്ന രണ്ടാം ഇനം. മടിയന്മാരാണ് മൂന്നാമത്തെ കൂട്ടര്, ചാണകം എങ്ങോട്ടും കൊണ്ടുപോകാനൊന്നും മിനക്കെടില്ല. അതില്‍ തന്നെ തിന്ന്ജീവിച്ച് മുട്ടയിട്ട് വിരിയിക്കുന്ന പഹയര്. Scarabaeidae കുടുംബത്തില്‍ പെട്ട ഇവരില്‍ നമ്മുടെ നാട്ടില്‍ കാണുന്ന ഉരുട്ടുവണ്ടുകള് സിസിഫസ് (Sisyphus) ജീനസില്‍ പെട്ടവയാണ്. മാളം തുരപ്പന്മാര് ഓന്തോഫാഗസ് ( Onthophagus ) കോപ്രിസ് (copris ) എന്നീ ഇനത്തിലും മടിയന്മാര് ഒണിറ്റിസെല്ലസ് (oniticellus) ടിനിഓസെല്ലസ് (tiniocellus) എന്നീ ഇനത്തിലും പെട്ട ചാണകവണ്ടുകളാണ്. തുരപ്പന്മാരുടെ ചില മാളങ്ങള്‍ പരസ്പരം കൂട്ടിമുട്ടും ഒരാളുടെ ചാണകം വേറെ ആള് മോഷ്ടിക്കുന്ന ചതികളുണ്ട്.
.jpg?$p=3d94a74&w=610&q=0.8)
കൈയൂക്കുള്ളവന് കാര്യക്കാരന്‍
ഇത്തിരി ചാണകവും നൂറായിരം വണ്ടുകളും എന്ന അവസ്ഥയുള്ളപ്പോള്‍ ചാണകത്തിനായുള്ള മത്സരം കടുത്തതായിരിക്കും. അതിജീവനത്തിനും വംശവര്ദ്ധനയ്ക്കുമായുള്ള ഈ സമരത്തില്‍ ചാണകമുരുട്ടി വണ്ടുകള്‍ തന്ത്രപരമായ ചില നിലപാടുകള്‍ എടുക്കും. ആദ്യമെത്തി, കൂടുതല്‍ ചാണകം കൂടുതല്‍ ദൂരെ എത്തിച്ച് മറ്റുള്ളവര്‍ തട്ടിഎടുക്കാതെ നോക്കുന്നവരാണല്ലോ സമര്ത്ഥന്മാര്. കൂടുതല്‍ കരുത്തര്‍ എത്തിയാല്‍ കൈയൂക്ക് ബലത്തില്‍, കൊമ്പൂക്ക് തന്ത്രത്തില്‍ തന്റെ ചാണകയുണ്ട തട്ടിയെടുത്ത് കൊണ്ടു പോകും എന്ന അപകടവും ഉള്ളതിനാലാണ് ഇവര്‍ ആക്രാന്തക്കളികളിക്കുന്നത്. ചണക കേന്ദ്രത്തില്‍ നിന്നും ആവുന്നത്ര ദൂരെ സുരക്ഷിത ഇടത്തിലേക്ക് ഉരുട്ടി എത്തിച്ച് ഒരു കുഴികുഴിച്ച് അതിലിട്ട് മൂടി ഒളിച്ച് വെക്കാനാണ് ഈ ഓട്ടം. ഋജു രേഖയില്‍ വേണം യാത്ര. ദിശ തെറ്റിയാല്‍ ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയ സ്ഥലത്ത് കൂടുതല്‍ മത്സരാര്‍ത്ഥികളുടെ ഇടയില്‍ തന്നെ എത്തിയാല്‍ അധ്വാനിച്ചതൊക്കെ വെറുതെയാകും.
മണ്ണും ചാരി നിന്നവന്....
തൂണും ചാരി നിന്നവന് ചാണകയുണ്ടയും കൊണ്ടു പോകുന്നത് കണ്ട് നില്‍ക്കേണ്ടി വരും. നേരെ വെച്ചുപിടിച്ചുള്ള ഉരുട്ടലിന് എന്ത് സൂത്രമാണിവര്‍ ഉപയോഗിക്കുന്നത് എന്നത് ശാസ്ത്രകൗതുകമായിരുന്നു. സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ 'കറന്റ് ബയോളജി' യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യനു ചുറ്റും പ്രത്യക്ഷപ്പെടുന്ന സമമിതിയിലുള്ള പോളറൈസ് പാറ്റേണുകള്‍ (symmetrical pattern of polarized light) തിരിച്ചറിയാന്‍ ഈ വണ്ടുകള്‍ക്ക് സാധിക്കുന്നു. നമുക്ക് ഈ പാറ്റേണൂകള്‍ കാണാനുള്ള റിസപ്റ്ററുകള്‍ കണ്ണിലില്ല. ഇവര്‍ക്ക് ഇതുപയോഗിച്ച് നേര് യാത്ര സാദ്ധ്യമാണ്. രാത്രിയില്‍ ഇതിന്റെ പരിമിതി മറികടക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന രീതിയാണ് ശരിക്കും ഞെട്ടിപ്പിച്ചത്. രാത്രി യാത്രകള്‍ക്ക് സ്ഥാന നിരണ്ണയത്തിനായി ഇവര്‍ ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ് - ഗവേഷകരായ എറിക്ക് വാറന്റും സംഘവും ആഫ്രിക്കയിലെ രാത്രിസഞ്ചാരികളായ Scarabaeus satyrus എന്നയിനം വണ്ടുകളെ ഉപയോഗിച്ച് പ്ലാനറ്റോറിയങ്ങളില്‍ വെച്ച് നടത്തിയ പരീക്ഷണങ്ങളില്‍ ആകാശഗംഗയാണ് ഇവരെ സഹായിക്കുന്നത് എന്ന് മനസിലാക്കി. ഉരുട്ടുയാത്രക്കിടയില് തലകുത്തിനിന്നും ഉണ്ടയുടെ മുകളില്‍ കയറിയും ഒരോരൊ ആകാശ ചിത്രങ്ങള്‍ അവ പതിപ്പിച്ചെടുക്കുന്നു. ആകാശഗംഗയുടെ ഒരു സ്പൈസ് ഫോട്ടോ മനസില്‍ റിക്കോഡ് ചെയ്തു വെക്കുകയും ജി.പി.എസ് മാതൃകയില്‍ അതിനെ അടിസ്ഥാനമാക്കി തന്റെ നേര് രേഖാ റൂട്ടുകള്‍ തീരുമാനിക്കുകയും ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..