സ്റ്റാമിനയുണ്ടെങ്കില്‍ ഇണചേരാന്‍ അനുവാദം, ഇഷ്ടമില്ലെങ്കില്‍ ഇടിച്ച് ഓടിക്കും; മുയലിനെ അറിയാം


വിജയകുമാർ ബ്ലാത്തൂർഇണചേരല്‍ കാലമായാല്‍ ഹേറുകളിലെ പെണ്‍ മുയല്‍ ആണിനു പിടികൊടുക്കാതെ ഓടും. വളരെ നേരം ഓടിച്ച് നല്ല സ്റ്റാമിന ഉണ്ടെന്ന് മനസിലായാല്‍ മാത്രമേ ഇണചേരലിന് അനുവദിക്കു.

Premium

ഹെയർ വർഗ്ഗ്തതിൽപെട്ട ഇന്ത്യൻ കാട്ടുമുയൽ, റാബിറ്റ് വർഗ്ഗ്തതിൽപെട്ട വളർത്തു മുയൽ | 1. By Dhaval Vargiya - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=57670027, 2. By William Warby - https://www.flickr.com/photos/wwarby/4011378891, CC BY 2.0, https://commons.wikimedia.org/w/index.php?curid=116697082

ആമയുമായി ഓട്ടമത്സരത്തിന് ഇറങ്ങി തോറ്റുപോയ മടിയനും അഹങ്കാരിയുമായ മുയലിന്റെ ഈസോപ്പ് കഥയാവും നമ്മളെല്ലാം ചെറുപ്പത്തില്‍ ആദ്യം കേട്ട വിശദ കഥ. പൂര്‍ണ ചന്ദ്രനിലെ ഇരുള്‍ ഗര്‍ത്ത നിഴലുകളെ മുയല്‍ എന്ന് സങ്കല്‍പ്പിക്കാന്‍ പറഞ്ഞ് തന്നുണ്ടായതാവാം ആദ്യ വന്യഭാവന. ഓട്ടമത്സരക്കഥയിലെ മുയല്‍ 'റാബിറ്റ്' (Rabbit) ആണോ 'ഹേര്‍' (Hare) ആണോ എന്ന ചോദ്യത്തിനുത്തരമായി ഇതു രണ്ടും ഒന്നുതന്നെയല്ലെ എന്ന നെറ്റിചുളിക്കല്‍ ചിലര്‍ക്കെങ്കിലുമുണ്ടാകും. രണ്ടും വ്യത്യസ്തരായ രണ്ടു ജീവികളാണ്. പക്ഷെ മുയല്‍ എന്ന ഒറ്റ പദമേ നമുക്കുള്ളുതാനും. ജാക്കള്‍ (Jackal), ഫോക്‌സ് (Fox) എന്നീ രണ്ട് തരം ജീവികളേയും ഒന്നാണെന്ന് കരുതി കുറുക്കന്‍ എന്ന് തന്നെ വിളിക്കുന്ന 'നമ്മളോടോ ബാല ! ' എന്ന് സ്വയം ചോദിക്കേണ്ടി വരും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കാഴ്ചയില്‍ സാമ്യം തോന്നുമെങ്കിലും സ്വഭാവത്തില്‍ മാത്രമല്ല വംശ ജനിതക വിജ്ഞാനീയപ്രകാരവും ( phylogenetically) അകലെയുള്ളവരും വ്യത്യസ്തരും ആണ് ഹേറും റാബിറ്റും. Leporidae കുടുംബത്തില്‍ 11 ജനുസുകളിലായി 73 സ്പീഷിസുകളും ഇരുന്നൂറിലധികം സബ് സ്പീഷിസുകളും ഉണ്ട്. അതില്‍ പെട്ട Lepus ജനുസില്‍ പെട്ടവയെ മാത്രമാണ് 'ഹേര്‍' എന്ന് വിളിക്കുക. (അതില്‍ തന്നെ മുപ്പത്തി ഒന്ന് സ്പീഷിസുകള്‍ ഉണ്ട്.) അവ ഒഴിച്ച് ബാക്കിയുള്ളവയെ മുഴുവന്‍ റാബിറ്റുകള്‍ എന്നാണ് വിളിക്കുന്നത്. ഹേറുകള്‍ക്ക് 48 ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ റാബിറ്റുകള്‍ക്ക് 44 ക്രോമോസോമുകള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇവ തമ്മില്‍ ഇണചേര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ഇല്ല.

ഹേർ വർഗ്ഗത്തിൽപെട്ട ഇന്ത്യൻ കാട്ടുമുയൽ | By N. A. Naseer / www.nilgirimarten.com / naseerart@gmail.com, CC BY-SA 2.5 in, https://commons.wikimedia.org/w/index.php?curid=27790710

നമ്മള്‍ വളര്‍ത്തുമുയലുകളായി കാണുന്ന സുന്ദര രൂപികള്‍ എല്ലാം റാബിറ്റുകള്‍ ആണ്. ഹേറുകള്‍ ഇതുവരെ ഇണക്കിവളര്‍ത്തി- ഡൊമസ്റ്റിക്കേറ്റ്- ചെയ്യപ്പെട്ടിട്ടില്ല. ഇപ്പഴും അവയൊക്കയും തുറസുകളില്‍ വിഹരിക്കുന്നുണ്ട്. ഹേര്‍ എന്നതിന് ചിലര്‍ 'കാട്ട് മുയല്‍' എന്ന് ഉപയോഗിക്കാറുണ്ടെങ്കിലും പലയിനം വന്യ റാബിറ്റുകളും കാടുകളില്‍ തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ആ പേരിലും പ്രശ്‌നമുണ്ട്.. ഹേര്‍ , റാബിറ്റ് എന്നിങ്ങനെ കൃത്യമായി വേര്‍തിരിച്ച് മനസിലാകുന്ന വിശേഷണപദങ്ങള്‍ ചേര്‍ത്തുള്ള ഒരു പേര് രണ്ടു വിഭാഗത്തിനും മലയാളത്തില്‍ വേണ്ടി വരും. ഡൊമസ്റ്റിക്കേഷന്‍ വഴി റാബിറ്റുകള്‍ മാത്രമാണ് വളര്‍ത്ത് മുയലുകളായി ഉള്ളത് എന്നതിനാല്‍ റാബിറ്റുകളെ 'വളര്‍ത്തുമുയല്‍' എന്നും ഹേറുകളെ 'കാട്ട്മുയല്‍' എന്നും തത്കാലം വിളിക്കാം എന്നു മാത്രം.

കേരളത്തില്‍ നമ്മള്‍ തുറസായ പറമ്പുകളിലും ചെങ്കല്‍ പാറപ്പരപ്പുകളിലും ഒക്കെ കാണുന്ന, കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ട്മുയല്‍' Lepus nigricollis എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഹേര്‍ ആണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ജാവയിലും ഒക്കെ ആണിവരുള്ളത്. black-naped hare എന്നും ഇതിന് പേരുണ്ട്. ചാരനിറമുള്ള രോമങ്ങള്‍ ആണ് പുറം ഭാഗത്ത് ഉള്ളത്. കഴുത്തിന് പിറകിലും ചെവിയുടെ അഗ്രങ്ങളിലും കറുപ്പ് അടയാളങ്ങള്‍ ഉണ്ടാകും.

റാബിറ്റ് | By JM Ligero Loarte - Own work, CC BY 3.0, https://commons.wikimedia.org/w/index.php?curid=24986245

ശരീര നീളത്തിന്റെ 37 മടങ്ങ് നീളം വേഗത

ഞാന്‍ പിടിച്ച മുയലിന് നാല് കൊമ്പുണ്ട് എന്ന പ്രയോഗത്തില്‍ ചിലര്‍ ഉദ്ദേശിക്കുന്ന കൊമ്പ് ഇവര്‍ക്കില്ലല്ലോ. അപകടം മണത്താല്‍ നീളന്‍ വമ്പന്‍ ചെവികള്‍ കുത്തനെ ഉയര്‍ത്തിപ്പിടിച്ചുള്ള നില്‍പ്പ് കണ്ടാല്‍ കൊമ്പാണെന്നേ തോന്നു. ഹേറുകള്‍ക്ക് പുല്‍പ്പരപ്പുകളും കുറ്റിക്കാടുകളും ഉള്ള തുറസ്സായ സ്ഥലങ്ങള്‍ ആണ് ഇഷ്ടം . വലിയ മരങ്ങള്‍ നിറഞ്ഞ വന്‍ കാടുകളില്‍ ഇവയെ സാധാരണ കാണില്ല. എന്നാല്‍ റാബിറ്റുകള്‍ നേരെ തിരിച്ചാണ്. മരങ്ങള്‍ നിറഞ്ഞ കാടുകളാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ശരീര വലിപ്പത്തിലും ചെവിയുടെ നീളത്തിലും ഒക്കെ മുന്നില്‍ ഹേറുകളാണ്. പിങ്കാലുകള്‍ കൂടുതല്‍ നീളമുള്ളതിനാല്‍ റാബിറ്റുകളെക്കാള്‍ നല്ല ഓട്ടക്കാരാണ് ഹേറുകള്‍. ഒരു സെക്കന്റില്‍ സ്വന്തം ശരീര നീളത്തിന്റെ 37 മടങ്ങ് നീളം എന്ന വേഗതയില്‍ ഇവര്‍ക്ക് ഓടാന്‍ കഴിയും . ചീറ്റയ്ക്ക് പോലും സ്വന്തം ശരീര നീളത്തിന്റെ 23 മടങ്ങ് ദൂരം എന്നതാണ് പരമാവധി വേഗത. . ചെറു ദൂരങ്ങള്‍ 80 km/Hr എന്ന വേഗതയില്‍ ഇവര്‍ ഓടും. ദീര്‍ഘദൂര ഓട്ടമാണെങ്കിലും 65 km/Hr വേഗതയില്‍ ഓടുന്ന ഇനങ്ങള്‍ ഇവരില്‍ ഉണ്ട്. സ്പ്രിങ്ങ് വെച്ച് തെറിക്കും പോലെ കാല്‍കുത്തിയുള്ള ഒറ്റച്ചാട്ടം കൊണ്ട് മൂന്നു മീറ്റര്‍ ദൂരെ വരെ എത്തും. ഇരപിടിയന്മാരുടെ മുന്നില്‍ പെട്ടാല്‍ ഇവര്‍ വളരെ വേഗത്തില്‍ ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. എന്നാല്‍ റാബിറ്റുകള്‍ ഓട്ടത്തില്‍ ഇവരുടെയത്ര ശീഘ്രഗാമികളല്ല ( എങ്കിലും അത്ര മോശം ഓട്ടക്കാരും അല്ലതാനും ) . വേഗം ഓടി ഏതെങ്കിലും മാളത്തിലോ മറവിലോ ഒളിഞ്ഞ് കഴിയാനാണ് അവര്‍ ശ്രമിക്കുക.

മ‍ഞ്ഞിൽ ജീവിക്കുന്ന അലാസ്കൻ ഹേറുകൾ | By This image originates from the National Digital Library of the United States Fish and Wildlife Service. Public Domain, https://commons.wikimedia.org/w/index.php?curid=267830

സീസണുകള്‍ക്ക് അനുസരിച്ച് രണ്ടുപേരും രോമങ്ങള്‍ പൊഴിച്ച് കളഞ്ഞ് പുതിയ മാറ്റങ്ങളോടെ ഉള്ള രോമാവരണം നേടും. ഓരോരൊ പ്രദേശങ്ങളില്‍ അനുയോജ്യമായ കാമഫ്‌ലാഷിനുതകുന്ന നിറമുള്ള തരം രോമാവരണം ഉള്ളവയാവും പലതും. പൊതുവായി മുയലുകളുടെ നിറം ഏതെന്ന് പറയാന്‍ പറ്റില്ല. മഞ്ഞ് നിറഞ്ഞ ആര്‍ട്ടിക്ക് പ്രദേശങ്ങളില്‍ ഉള്ള ആര്‍ട്ടിക്ക് ഹേറുകള്‍ പൂര്‍ണ്ണമായും പഞ്ഞിക്കെട്ടുപോലെ വെള്ള നിറത്തിലും ഉണ്ടാവാറുണ്ട്. ഹേറുകള്‍ പുല്‍പ്പരപ്പുകളിലെ കുഴിഞ്ഞ ഇടങ്ങളില്‍ തറയില്‍ തന്നെയാണ് പുല്ലും മറ്റും ഉപയോഗിച്ച് മെത്ത പോലെ കൂടുകള്‍പണിയുക. റാബിറ്റുകള്‍ മണ്ണിനടിയില്‍ മാളങ്ങളില്‍ ആണ് കഴിയുക. ഇണചേരല്‍ കാലത്തൊഴിച്ച് ഒറ്റക്കാണ് ഹേറുകളുടെ ജീവിതം. എന്നാല്‍ റാബിറ്റുകള്‍ ഇരുപത് എണ്ണം വരെ ഒക്കെ അംഗങ്ങളുള്ള ചെറു സംഘങ്ങളായി കൂട്ടായ ജീവിതം നയിക്കുന്നവരാണ്.

ഇണചേരല്‍ കാലമായാല്‍ ഹേറുകളിലെ പെണ്‍ മുയല്‍ ആണിനു പിടികൊടുക്കാതെ ഓടും. വളരെ നേരം ഓടിച്ച് നല്ല സ്റ്റാമിന ഉണ്ടെന്ന് മനസിലായാല്‍ മാത്രമേ ഇണചേരലിന് അനുവദിക്കു.

കൂടുതല്‍ കരുത്തുള്ള തലമുറയെ ഉത്പാദിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിണാമപരമായ തിരഞ്ഞെടുപ്പ് രീതിയാണത്. ചിലപ്പോള്‍ ആണ്‍ മുയലുകള്‍ ഇണയ്ക്കായി പരസ്പരം മത്സരിച്ച് പൊരുതും . പിങ്കാലില്‍ എഴുന്നേറ്റ് നിന്ന് കൈകള്‍ കൊണ്ട് പരസ്പരം തല്ലുതന്നെ നടത്തും. ഇഷ്ടമില്ലാത്ത ആണ് ഇണചേരാന്‍ വന്നാല്‍ വലിപ്പം കൂടുതലുള്ള പെണ്‍ ഹേറുകള്‍ നല്ല ഇടിവെച്ച് കൊടുത്ത് ഓടിക്കുകയും ചെയ്യും. 45 ദിവസം നീണ്ട ഗര്‍ഭകാലത്തിനുശേഷം 3 മുതല്‍ 8 കുഞ്ഞുങ്ങളെ വരെ പ്രസവിക്കും. കുഞ്ഞുങ്ങളെ ഒറ്റ സ്ഥലത്ത് മാത്രമായി പ്രസവിച്ചിടാത്ത അതിജീവന ശീലവും ഉണ്ട്. പിറക്കുമ്പോള്‍ തന്നെ ദേഹം മുഴുവന്‍ രോമം മൂടി കണ്ണുകള്‍ തുറന്ന് , മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഓടാനും ചാടാനും കഴിയുന്ന കുഞ്ഞുങ്ങളാണ് ഹേറുകള്‍ക്ക് ഉണ്ടാകുക.

ഹേറും റാബിറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം | By Johann Daniel Meyer - http://resolver.sub.uni-goettingen.de/purl?PPN624675343,
Public Domain, https://commons.wikimedia.org/w/index.php?curid=22906930

കൂട്ടമായി കഴിയുന്ന റാബിറ്റുകളില്‍ കരുത്തനായ ഒരു ആണിനു മാത്രമേ ഇണചേരല്‍ അനുവാദം ഉള്ളു. ആ തലവന്‍ മുയല്‍ ആകും ഏറ്റവും കൂടുതല്‍ പെണ്‍ മുയലുകളുമായി ഇണചേരുക. അതിനാല്‍ തന്നെ ചിലപ്പോള്‍ ഇണകള്‍ക്കായുള്ള മത്സരങ്ങളും ശണ്ഠയും നടക്കാറുണ്ട്. ഇവ ഓട്ടത്തില്‍ അത്രകണ്ട് ഉഷാര്‍ അല്ലാത്തതിനാലാണ് മാളങ്ങളില്‍ കഴിയുന്നത്. സ്വയം മാളം തുരക്കുന്നതു കൂടാതെ മറ്റ് മൃഗങ്ങള്‍ പണിത് ഉപേക്ഷിച്ച കൂടുകളും പരിഷ്‌കരിച്ച് ഇവര്‍ ഉപയോഗിക്കും. മണ്ണിനടിയില്‍ പത്തടി താഴ്ചവരെ എത്തും ചിലപ്പോള്‍ ഈ മാളങ്ങള്‍. 150 അടി വരെ നീളത്തില്‍ ശാഖകളായുള്ള മാളങ്ങളും പണിയും. കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും വളര്‍ത്തുന്നതും ഈ മാളങ്ങളിലാണ്. 30-32 ദിവസം മാത്രം നീണ്ടതാണ് റാബിറ്റുകളുടെ ഗര്‍ഭകാലം. പന്ത്രണ്ടോളം കുഞ്ഞുങ്ങള്‍ വരെ ഒരു പ്രസവത്തില്‍ ഉണ്ടാവാം. ഹേറുകളുടെ കുഞ്ഞുങ്ങളെപ്പോലെ ജനിക്കുമ്പോള്‍ തന്നെ നല്ല ഉഷാറായ കുഞ്ഞുങ്ങളല്ല ഇവരുടേത്. കണ്ണ് കീറാത്ത , രോമം കുത്താത്ത നിസഹായരാണ് കുഞ്ഞുങ്ങള്‍. രണ്ടാഴ്ചയെങ്കിലും വേണം അവ ഒരു കോലത്തിലാകാന്‍. മാളങ്ങള്‍ക്കുള്ളില്‍ ആയതിനാല്‍ മാത്രമാണ് ഇരപിടിയന്മാരുടെ കൈയില്‍ പെടാതെ അവ ബാക്കിയാവുന്നത്.

ഭക്ഷണം പുളിപ്പിച്ച് വിസര്‍ജ്ജ്യമായി കളഞ്ഞ് വീണ്ടും തിന്നും. സീക്കോട്രോപ്‌സ് എന്നാണിതിന് പറയുക.

ഇരതേടല്‍ രാത്രിയും പുലര്‍ച്ചെയും

രാത്രിയും പുലര്‍ച്ചെയും ഇരതേടുന്നവരാണ് മുയലുകള്‍. ഹേറുകള്‍ കടുപ്പം കൂടിയ ഉറപ്പുള്ള പുല്ലുകളും ഇളം തണ്ടുകളും മരത്തൊലിയും ഒക്കെ ഭക്ഷണമാക്കും. റാബിറ്റുകള്‍ മൃദുവായ പുല്ലുകള്‍ ആണ് കൂടുതല്‍ കഴിക്കുക. സെല്ലുലോസ് കൂടുതല്‍ അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാനായി പശുക്കള്‍ക്കും മറ്റും ഉള്ളതുപോലെ രണ്ട് ആമാശയവും അയവിറക്കലും ഒന്നും ഇവര്‍ക്കില്ല. പകരം വേറൊരു പരിപാടിയുണ്ട്. വയറ്റിലുള്ള സിംബയോട്ടിക്ക് ബാക്ടീരിയകള്‍ ഉപയോഗിച്ച് ഫെര്‍മെന്റ് ചെയ്ത് പുളിപ്പിച്ച ഭക്ഷണം വിസര്‍ജ്ജ്യമായി പുറത്ത്കളഞ്ഞശേഷം അതുതന്നെ ഉടന്‍ തിന്നും. സീക്കോട്രോപ്‌സ് എന്നാണിതിന് പറയുക. അതിനാല്‍ ഇവയുടെ രാത്രി വിസര്‍ജ്ജ്യത്തില്‍ രണ്ട് ഭാഗങ്ങള്‍ ഉണ്ടാകും ഉണങ്ങി ഉറപ്പുള്ള ഗുളികപോലുള്ള സാധാരണ പിട്ടകളും കൂടെതന്നെ കറുത്ത് ഉറച്ചകുഴമ്പുപോലെ മൃദുവായ പിട്ടകളും. അത് ഉടന്‍ തന്നെ മുയലുകള്‍ അകത്താക്കും.

ഇതുവരെ ആയി 33 ഇനം ഹേറുകളെ ആണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പക്ഷെ പലതിന്റേയും സാധാരണ നാമത്തില്‍ റാബിറ്റ് എന്നുള്ളതുകൊണ്ട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. ജാക്ക് & ജില്‍ എന്നാണല്ലോ കഥകളിലെ ആണ്‍ മുയലിനും പെണ്മുയലിനും പറയുക. ജാക്ക് റാബിറ്റ് എന്നു വിളിക്കുമെങ്കിലും ഇവര്‍ റാബിറ്റ് ആല്ല ഹേര്‍ ആണ്. എന്നതാണ് വേറൊരു തമാശ.

സീക്കോട്രോപ് | ഫോട്ടോ കടപ്പാട് : https://bunssb.org/bunnies/guide-bunny-poops

Lepus alleni എന്ന ഹേറിന് Antelope jackrabbit, എന്നാണ് പെര് . പക്ഷെ അത് റാബിറ്റ് അല്ല താനും. Lepus insularis ന്റെ പേര് അതുപോലെ Black jackrabbit എന്നാണ്. ഇങ്ങനെ വേറെയും അഞ്ചിനം ജാക്ക് റാബിറ്റുകള്‍ ഉണ്ട് . ആസാം റാബിറ്റ് എന്ന് പേരുള്ള . Caprolagus hispidus ഒരു ഹേര്‍ ആണ് . പണ്ട് മുയലുകളുടെ മുന്നിലെ കിടിലന്‍ പല്ലുകള്‍ കണ്ട് ഇവരും കരണ്ട് തീനി റോഡന്റുകള്‍ ആണെന്ന് കരുതി അതില്‍ ഉള്‍പ്പെടുത്തിയ അബദ്ധം ചെയ്ത അവസ്ഥയ്ക്ക് ഇതൊന്നും അത്ര വലിയ തെറ്റല്ല.
എട്ട് ജനുസുകളിലായി നിരവധി ഇനം റാബിറ്റുകള്‍ ലോകത്തെങ്ങുമായി ഉണ്ട്. റാബിറ്റുകളെ പൊതുവെ ബന്നി എന്നും വിളിക്കാറുണ്ട്. യൂറേഷ്യന്‍ റാബിറ്റ് ആയ Oryctolagus cuniculus ല്‍ നിന്നാണ് നമ്മള്‍ ഇന്നു കാണുന്ന വളര്‍ത്തുമുയലുകള്‍ ഭൂരിഭാഗവും പരിണമിച്ചുണ്ടായത്. അവയെ സെലക്റ്റീവ് ക്രോസ് ബ്രീഡിങ്ങുകള്‍ ചെയ്ത് ഉണ്ടായ 305 ഇനങ്ങള്‍ ലോകത്തെങ്ങുമായി ഇപ്പോള്‍ ഉണ്ട്. Sylvilagus ജനുസില്‍ മാത്രം അമേരിക്കയില്‍ 13 ഇനം കാട്ട് റാബിറ്റുകള്‍ ഉണ്ട്. അതില്‍ ഏഴെണ്ണം കോട്ടന്‍ ടൈല്‍ റാബിറ്റുകള്‍ എന്ന ഇനത്തിലാണ്.

തലതിരിക്കാതെ തന്നെ പിറകിലെ കാഴ്ച

മുയലുകളുടെ കണ്ണുകള്‍ തലയുടെ അരികുകളില്‍ ആയതിനാല്‍ തല ഒട്ടും തിരിക്കാതെ തന്നെ ഇവയ്ക്ക് പിറകിലെ കാഴ്ചകളും കാണാന്‍ കഴിയും . രാത്രികളില്‍ മറ്റ് മൃഗങ്ങളുടെ കണ്ണുകളില്‍ പ്രകാശം തട്ടി തിളങ്ങുന്നതുപോലെ റെഡ് ഐ ഇവര്‍ക്ക് ഉണ്ടാവാറില്ല. ഫോട്ടോ ഫ്‌ലാഷിട്ട് എടുത്താലും കണ്ണ് കറുത്ത് തന്നെ ഇരിക്കും. വലിപ്പമുള്ള ചെവികള്‍ രണ്ട് വിധത്തില്‍ ഇവയെ സഹായിക്കുന്നുണ്ട്. വിദൂര ശബ്ദം പോലും തിരിച്ചറിഞ്ഞ് ശത്രുക്കളുടെ സാന്നിദ്ധ്യം അറിയാന്‍, കൂടാതെ തെര്‍മോ റഗുലേഷനും. വളരെയധികം കൂടുതല്‍ രക്തക്കുഴലുകള്‍ വലപോലെ ചെവിക്കുടയിലൂടെ കടന്നുപോകുന്നുണ്ട്. അതിലൂടെയുള്ള രക്ത ഓട്ടം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയും. ശരീരത്തിന്റെ താപം അങ്ങിനെ നിയന്ത്രിച്ച് വെക്കാന്‍ ഇവര്‍ക്ക് കഴിയും. ചൂട് കൂടുതലുള്ള പ്രദേശങ്ങളില്‍ ഉള്ളവയുടെ ചെവിയുടെ പ്രതല വിസ്തീര്‍ണ്ണവും കൂടുതലാവും.

യുകെയിൽ 2005ൽ നടന്ന ഹേർ കോഴ്സിങ് പരിപാടിയിൽ കാട്ടുമുയലിനെ ഓടിച്ചിട്ടു പിടിക്കുന്ന വേട്ടനായ്ക്കൾ.
പഴയകാല വേട്ട വിനോദമാണ് ഹേർ കോഴ്സിങ് | Getty images

വിശ്രമ സമയത്തും ഒരു മിനുട്ടില്‍ 150- 180 തവണ ഹൃദയം മിടിക്കും. ഓട്ടം കഴിഞ്ഞ ഉടനെയാണെങ്കില്‍ അത് 300 വരെയാകും. അതിനാല്‍ ഹൃദയഭാഗത്ത് തൊട്ടാല്‍ വൈബ്രേറ്റ് ചെയ്യുന്നതുപോലെയാണ് നമുക്ക് തോന്നുക. ഇവയുടെ കൊഴുപ്പ് കുറഞ്ഞ വെളുത്ത മാംസം ആയതിനാല്‍ പണ്ടു മുതലെ ഭക്ഷണത്തിനായി പല നാടുകളിലും റാബിറ്റുകളെ വളര്‍ത്തിയിരുന്നു. വേട്ടയാടി മുയലുകളെ പിടിക്കുന്നത് പല സമൂഹങ്ങളിലേയും വിനോദമായിരുന്നു. കൂടാതെ രോമത്തിനും പെറ്റായും ഒക്കെ ഇവരെ വളര്‍ത്തുന്നുണ്ട്.

ഓസ്‌ട്രോലിയയെ ഊഷര ശാപഭൂമിയാക്കിയത് മുയലുകള്‍

അധിനിവേശ മുയലുകള്‍ ചിലപ്പോള്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. തദ്ദേശീയ ജൈവലോകത്തെ പിടിച്ച്കുലുക്കിക്കളയും . ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആസ്‌ത്രേലിയയില്‍ മുയലുകള്‍ എത്തിയത്. യൂറോപ്യന്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡമഹാവിസ്തൃതിയില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നല്ലോ പത്തൊമ്പതാം നൂറ്റാണ്ടില്‍ അവിടെ എത്തിയപ്പോള്‍. ആദിമനിവാസികളെ അമേരിക്കയിലെന്നപോലെ കൈക്കരുത്താല്‍ കൊന്നും ആട്ടിഓടിച്ചും കീഴ്‌പ്പെടുത്തിയും അവര്‍ സര്‍വഭൂമിയും സ്വന്തമാക്കി. കൃഷിയും വ്യവസായവും ആരംഭിച്ചു. യൂറോപ്പിനെ അവിടേക്ക് പറിച്ചുനടാന്‍ വ്യാമോഹിച്ചു. വിനോദവേളകളില്‍ വേട്ടയാടി രസിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന 24 വൈല്‍ഡ് റാബിറ്റുകളെ 1859ല്‍ തോമസ് ഓസ്റ്റിന്‍ എന്ന കൃഷിക്കാരന്‍ തന്റെ കൃഷിയിടത്തില്‍ ഇറക്കിവിട്ടു. അഞ്ചുകോടി വര്‍ഷമായി മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നകന്ന് ഒറ്റപ്പെട്ട് നിന്ന ആ പ്രദേശത്ത് മുയലുകളെ ബാധിക്കുന്ന ഒരൊറ്റ രോഗാണുപോലുമുണ്ടായിരുന്നില്ല. പ്രകൃത്യായുള്ള ഇരപിടിയന്‍ ശത്രുക്കളും ഉണ്ടായിരുന്നില്ല. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ അവിശ്വസനീയ കാഴ്ചയാണ് പിന്നീട് സംഭവിച്ചത്.

മൈക്സോ മാറ്റോസിസ് ബാധിച്ച മുയലുകളെ വേട്ടയാടി കൊല്ലുന്നു | getty images

ഒറ്റ വര്‍ഷം കൊണ്ട് ഓസ്റ്റിന്റെ കൃഷിയിടത്തിലെ എല്ലാ പച്ചപ്പും പെറ്റുപെരുകിയ മുയലുകള്‍ തിന്നുതീര്‍ത്തു. മുയല്‍പ്പെരുപ്പം എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കൈവിട്ടുപോയി. പച്ചപ്പുകള്‍ കറുമുറെ തിന്ന് തീര്‍ത്ത് മുയല്‍പ്രളയം വളര്‍ന്നു. കൃഷിഭൂമികള്‍ സര്‍വതും തരിശിടങ്ങളായി. വര്‍ഷം 15 കിലോമീറ്റര്‍ എന്ന തോതില്‍ മുയല്‍പ്പടമുന്നേറിക്കൊണ്ടിരുന്നു. വെട്ടുകിളിക്കൂട്ടം പോലെ മുയല്‍ക്കൂട്ട ആക്രമണത്താല്‍ 30 വര്‍ഷംകൊണ്ട് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ വലിയ പ്രദേശം പുല്ലുമുളയ്ക്കാത്ത മരുപ്പറമ്പായി മാറ്റി. 1920 ആയപ്പോഴേക്കും കാട്ടുമുയലുകളുടെ എണ്ണം ആയിരംകോടി കവിഞ്ഞു. ലോകത്തിലെ ഏറ്റവും വിശാലമായ ഊഷര ശാപഭൂമിയായി ഓസ്‌ട്രേലിയ മാറിയതില്‍ ഈ ഒരു ചെറിയ കൈക്കുറ്റപ്പാടിനും പങ്കുണ്ടെന്ന് സാരം. ബാക്കിയുള്ള കൃഷിയിടങ്ങളെ മുയലാക്രമണത്തില്‍ നിന്നും രക്ഷിക്കാമെന്ന ഉദ്ദേശത്തില്‍ വര്‍ഷങ്ങള്‍ കൊണ്ട് പണിതുതീര്‍ത്തതാണ് 'റാബിറ്റ് പൂഫ് ഫെന്‍സ്' പക്ഷേ അതു വിജയമായിരുന്നില്ല. അതിനു മുമ്പേ തന്നെ മുയലുകള്‍ പടിഞ്ഞാറന്‍ ഭാഗത്തും എത്തിക്കഴിഞ്ഞിരുന്നു.

അവസാനം തെക്കേ അമേരിക്കയിലെ വളര്‍ത്തുമുയലുകളില്‍ രക്തസ്രാവവും മരണവും പരത്തിയ മൈക്‌സോമ വൈറസിനെ ഇറക്കുമതി ചെയ്താണ് 1950ല്‍ കാട്ടുമുയല്‍ താണ്ഡവം വരുതിയിലാക്കിയത്. ആധുനിക മനുഷ്യന്റെ അഹന്തയ്ക്കും ആര്‍ത്തിക്കും ദീര്‍ഘവീക്ഷണമില്ലായ്മയ്ക്കും കിട്ടിയ തിരിച്ചടിയുടെ അടയാളമായി ആ വേലി ഇപ്പോഴും നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട് .

Content Highlights: Hares and rabbits are not same species, Bandhukkal mithrangal column,vijayakumar blathur,environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented