ഫോട്ടോ: പ്രഭു മെൻസ് സന
ആളൊരു കോഴിയാണ് എന്നുപറയുന്നതിലെ അശ്ലീലധ്വനിയൊന്നും ഇല്ലെങ്കിലും ആളൊരു കുറുക്കനാണ്എന്ന് ഒരാളെപ്പറ്റി പറഞ്ഞാലും വളിച്ച ഒരു ഇമേജ് ആണല്ലോ മനസില്‍ വിരിയുക? കൗശലക്കാരന്, കള്ളന്, സൂത്രശാലി, തരം കിട്ടിയാല്‍ പറ്റിക്കുന്നവന് എന്നിങ്ങനെയുള്ള നാനാര്‍ഥങ്ങളാണ് കുറുക്കനെന്ന പ്രയോഗത്തിന്. ചെറുപ്പത്തില്‍ കേട്ട കഥകളിലൊക്കെ കുറുക്കന് കാട്ടിലെ പറ്റിപ്പുകാരനും കള്ളനും ചതിയനുമാണല്ലോ.പല രാജ്യങ്ങളിലെ നാട്ട്കഥകളിലും കുറുക്കനുണ്ട്. ചിലതില്‍ സാധുക്കള്‍, മണ്ടന്മാര്, ക്രൂരര്‍, അവസരവാദികള്‍, വഞ്ചകര്‍, ഏഷണിക്കാര്‍, കുടില ബുദ്ധികള്‍ അങ്ങിനെ പല വിശേഷണങ്ങള്‍ ഉള്ളവര്‍. കിട്ടാത്ത മുന്തിരി പുളിക്കും എന്ന കഥയിലെ കുറുക്കനോളം ഫിലോസഫിക്കായ കഥാപാത്രം ഏതുണ്ട്? ലഭ്യമാകാത്ത സൗഭാഗ്യങ്ങളെ പുച്ഛിച്ച് സംതൃപ്തിയടയുന്നതിലും വലിയ പ്രായോഗികത എന്തുണ്ട്? കളര്വീപ്പയില് വീണു നിറം മാറിനീലക്കുറുക്ക രാജാവ് നിലാവത്ത് അറിയാതെ ഓരിയിട്ട്പോയ കഥകേട്ട് ചിരിയല്ലലോ നമുക്ക് തോന്നുക, പാവം എന്നല്ലെ? മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോരനുണയാന്‍ കാത്തിരിക്കുന്ന കുറുക്കന് ചില രാഷ്ട്രീയക്കാരുടെ പ്രതിനിധിയായി തോന്നിത്തുടങ്ങുക കുട്ടിത്തം മാറിയ കാലത്താണ്.വിഷ്ണുശര്‍മ്മയുടെ പഞ്ചതന്ത്ര മിത്രഭേദത്തിലെ കരടകനും ദമനകനും വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികള്‍ പറഞ്ഞ് പരസ്പരം ഭിന്നിപ്പിക്കുന്ന കുറുക്കന്മാരാണല്ലൊ.
നായകളെപ്പോലെയുള്ള ജീവികള്‍ ഉള്‍പ്പെടുന്ന Canidae കുടുംബത്തില്‍ പെട്ടവരാണെങ്കിലും വ്യത്യസ്ത ജനുസ്സുകളില്പെട്ടവയാണ് കുറുക്കനും കുറുനരിയും. Fox എന്നും Jackal എന്നും ഇംഗ്ലീഷില്‍ രണ്ട് ജീവികള്‍ ഉണ്ടെങ്കിലും നമുക്ക് രണ്ടും കുറുക്കന് തന്നെ

നമ്മള് ഉപയോഗിക്കുന്ന കുറുക്കന് എന്ന വാക്കിന് ഇപ്പോള്‍ ചില പ്രതിസന്ധികള്‍ വന്നിട്ടുണ്ട്. കാഴ്ചയില്‍ ഒരുപോലെ തോന്നിയിരുന്ന രണ്ട് വ്യത്യസ്ത ജീവികള്‍ക്ക് കുറുക്കന് എന്ന ഒറ്റ പേരുതന്നെയാണ് നമ്മള് പല കാലമായി ഉപയോഗിച്ച് വന്നിരുന്നത്. നായകളെപ്പോലെയുള്ള ജീവികള്‍ ഉള്‍പ്പെടുന്ന Canidae കുടുംബത്തില്‍ പെട്ടവരാണെങ്കിലും വ്യത്യസ്ത ജനുസ്സുകളില്പെട്ടവയാണ് കുറുക്കനും കുറുനരിയും. പക്ഷെ രണ്ടിനും കൂടി ഒറ്റ പേരു മാത്രമേ സാധാരണയായി ഉപയോഗിക്കുന്നുള്ളു. ഫോക്സ് എന്നും ജക്കാള്‍ എന്നും ഇംഗ്ലീഷില്‍ രണ്ട് ജീവികള്‍ ഉണ്ടെങ്കിലും നമുക്ക് രണ്ടും കുറുക്കന് തന്നെ. നമ്മുടെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുംപകലുപോലും ഇടക്കൊക്കെ കാണുന്നതും കൂട്ടങ്ങളായി വയലുകളില്‍ രാത്രി ഇറങ്ങി ഉറക്കെ ഓരിയിടുന്നതും നായയുടെ രൂപവുംവലിപ്പം ഉള്ളതുമായ ജീവിയെകുറുക്കന് എന്ന് വിളിക്കുന്നത് മാറ്റികുറുനരി കുറുക്കന്എന്നു വിളിക്കുന്നതാവും നല്ലത്. ഇവര്‍ Sri Lankan jackal , Southern Indian jackal എന്നൊക്കെ വിളിക്കുന്ന Canis aureus naria എന്ന ഇനം ആണ് .
അത്യപൂര്‍വ്വവും വളരെനാണം കുണുങ്ങിയും മനുഷ്യരുടെ മുന്നില്‍ പെട്ടാല്‍ പെട്ടെന്ന് ഒളിച്ച് കഴിയുന്നവരും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരും ആയ വലിയ പൂച്ചയുടെ വലിപ്പം മാത്രമുള്ള നായരൂപികള് Bengal fox ,Indian fox എന്നൊക്കെ പേരില്‍ അറിയപ്പെടുന്ന Vulpes bengalensis ആണ്. ഇവരെ കുഞ്ഞികുറുക്കന്‍ എന്ന് വിളിക്കുന്നതാവും ശരി. ഈ കുഞ്ഞികുറുക്കന്മാര് വലിയ പ്രതിസന്ധിയില്‍ ആണ്. പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്ത് കേന്ദ്രത്തോട് ചേര്‍ന്നുള്ള മിനി സൂവില്‍ പണ്ട് ഉണ്ടായിരുന്ന ഒരു കുഞ്ഞിക്കുറുക്കനെ കണ്ടതിനു ശേഷം ഇതുവരെ എനിക്ക് ഒരു കുറുക്കനെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്ഫീല്ഡില് നിന്നുള്ള പഴയ ചിത്രങ്ങളും ലഭ്യമല്ല.
2013 ല്‍ പെരിയാര്‍ റിസര്‍വ് വനത്തില്‍ ഒരു സംഘം ഗവേഷകരാണ് കുറുക്കനെ അവസാനമായി കണ്ടതായി റിപ്പോര്‍ട്ട് ഉള്ളത്. അതിനു ശേഷംകേരളത്തില്‍ എവിടെ നിന്നും കുറുക്കനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല.
എല്ലാവരും ഇഷ്ടം പോലെ കാണുന്നതുംകുറക്കന് എന്ന് നമ്മള് സാധാരണയായിവിളിക്കുന്ന പഹയര് കുറുനരി കുറുക്കന്മാര് ആണ്. രണ്ടും രണ്ട് സ്വഭാവക്കാര്‍. രണ്ട് ജനുസില്‍ പെട്ടവര്‍.

വെരുകിനും കുറക്കന്റെ പേരുപോലെ ഒരു പ്രതിസന്ധി ഉണ്ട്.Viverridae കുടുംബകാരായ മരപ്പട്ടികള്‍ക്കും വെരുകുകള്ക്കും പരസ്പരം മാറി ഈ ഒറ്റപ്പേര് പലപ്പോഴും ഉപയോഗിക്കാറുണ്ട്. അതുപോലെ കൂടൊച്ചുകള്ക്കും അല്ലാത്തവയ്ക്കും സ്നൈല്‍ എന്നും സ്ലഗ് എന്നും ഇംഗ്ലീഷില്‍ പേരുണ്ടെങ്കിലും നമുക്ക് ഒച്ച് എന്ന ഒറ്റപ്പേരേ ഉള്ളു. അതില്‍ ഒന്നിന് അച്ചില്‍ എന്നെങ്കിലും ആക്കി പ്രശനം പരിഹരിക്കാവുന്നതാണ്. ബെഞ്ചമിന്‍ ബൈലിയും ഗുണ്ടര്‍ട്ടും ഒക്കെ കുറുക്കനെന്നും കുറുനരിയെന്നും പേര് മാറി മാറിഉപയോഗിച്ചിട്ടുണ്ട്. ഓരിയിടുന്നവന് എന്ന അര്‍ത്ഥം വരുന്നസൃഗാലന് എന്ന സംസ്കൃത പദംപേര്ഷ്യക്കാര് എടുത്ത് shoghal എന്നാക്കി അതു പിന്നെ യൂറോപ്യര്ജക്കാള് എന്ന് ആക്കിയതാണത്രെ. രോമമുള്ള വാല് എന്ന അര്‍ത്ഥം വരുന്ന Fuhsaz എന്നോ puk എന്നോ ഉള്ള പഴയ പ്രോട്ടോ വെസ്റ്റ് ജെര്‍മനിക്ക് വാക്കോ,പ്രോട്ടോ ഇന്‍ഡോ യൂറോപ്യന്‍ വാക്കുകളില്‍ നിന്നോ വന്നതാണ് ഫോക്സ് എന്ന വാക്ക്. '
Read More : നമ്മൾ കാണുന്നത് കുറുക്കൻമാരെത്തന്നെയോ; കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസം അറിയാം
നരന് ചത്തു നരിയായ് പിറക്കുന്നു, നാരി ചത്തൊരു ഓരിയായ്ത്തീരുന്നു' എന്ന് പൂന്താനം എഴുതിയതിലെ ആദ്യത്തെ നരി പുരുഷന് മരിച്ച് ഉണ്ടാകുന്ന കുറുനരികുറുക്കനാണെങ്കില് സ്ത്രീകള്‍ മരിച്ച്ഓരികളായി പിറക്കും എന്നതില്‍ അദ്ദേഹം കുഞ്ഞികുറുക്കനെ ആവുമോ ഉദ്ദേശിച്ചത്? കുറുകിയ ശരീരമുള്ള ശ്വാനവര്ഗ്ഗക്കാരനായതിനാലാവാം കുറുക്കന് എന്ന് മലയളം പേർ വന്നത് . ഊളിയിട്ട് വേഗത്തില്‍ രക്ഷപ്പെടുന്നവനായതിനാല് ഊളനെന്നും ഓരി ഇടുന്നതിനാല്‍ ഓരി എന്നും പേര് വന്നതാകാം. കുറുനരിയില്‍ നിന്നാവാം മുഖ സാദൃശ്യം മൂലം നരിച്ചീറ് എന്ന് വവ്വാലുകള്‍ക്ക് പേര് വന്നത്. എന്തായാലും ഓപ്പണ്‍ സോഴ്സ് ബ്രൗസര്‍ ആയ ഫയര്‍ ഫോക്സിന് മനോഹരമായ തീക്കുറുക്കന്‍ എന്ന പേരിട്ട സാങ്കേതിക വിദ്യാ കുറുക്കന്മാരെ സമ്മതിക്കണം.

ആരാണ് ശരിക്കും കുറുക്കന്
കുലം മുടിഞ്ഞുതുടങ്ങിയോ എന്ന് നമ്മള് ഭയപ്പെടുന്ന കുറുക്കനെകുറിച്ചാവാം ആദ്യം. ബംഗാള്‍ കുറുക്കന് , ഇന്ത്യന്‍ കുറുക്കന് എന്നൊക്കെ വിളിപ്പേരുള്ള ജീവിയാണ് Vulpes bengalensis . വലിയ കാട്ട് പൂച്ചയുടെ വലിപ്പം മാത്രമേ ഇതിനുള്ളു. മനുഷ്യരെ വല്ലാതെ ഭയപ്പെടുന്നവരും, കണ്ടാല്‍ വേഗം ഒഴിഞ്ഞുമാറി ഓടി ഒളിക്കുന്നവരുമാണ്. ഹിമാലയ താഴ്വാരങ്ങള്മുതല് ഇങ്ങ് തെക്ക് ഇന്ത്യാഉപഭൂഖണ്ഡത്തിന്റെ മുനമ്പ് വരെകാണപ്പെടുന്ന ഇനമാണ് ഈ കുഞ്ഞിക്കുറുക്കന്മാര്. ശ്വാന കുടുംബമായ canidae ലെ ഏറ്റവും കുഞ്ഞന്മാരാണ് ഇവര്‍. 2 മുതല്‍ - 5 കിലോഗ്രാം മാത്രം ഭാരമുള്ള ഇവയുടെ തലയും ഉടലും ചേര്‍ന്നുള്ള ആകെ നീളം 60 മുതല്‍90 സെന്റീമീറ്റര്‍ മാത്രമാണ്. ഇവരുടെ വാലാണ് ഇവയെതിരിച്ചറിയാന് ഏറ്റവും സഹായം ചെയ്യുക. ശരീര നീളത്തിന്റെ പകുതിയിലേറെ നീളമുണ്ടാകും വാലിന്. വാലിന്റെ അഗ്രഭാഗം കറുപ്പ് നിറത്തിലാണ് ഉണ്ടാകുക. കൂടാതെ നിറയെ രോമങ്ങളുള്ള വാല് നടക്കുമ്പോള്‍ തറയില്‍ ഇഴയും. ഓടുമ്പോള്‍ മാത്രം തറയില്‍ നിന്നും വാല് അൽപം ഉയര്‍ത്തിപിടിച്ചിരിക്കും. മുഖത്തിന്റെ നെറ്റിത്തടം പരപ്പുള്ളതാണ്. മൂക്ക് കൂര്‍ത്തിരിക്കും, ചെവികളും നീണ്ട് കൂര്‍ത്തവയാണ്. മുഖാകൃതിയും ഉയരക്കുറവും വാലിന്റെ പ്രത്യേകതയും രോമങ്ങളുടെ നിറവും കുറുനരി കുറുക്കന്മാരില് നിന്നും ഇവയെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്. ഒറ്റയ്ക്കാവും പലപ്പോഴും ഇരതേടല്‍. വളരെ ഭയന്നും ഒളിച്ചും മനുഷ്യ സാന്നിദ്ധ്യം അറിഞ്ഞാല്‍ ഉടന്‍ ഒളിച്ചും ഒക്കെ അധികം മരങ്ങളില്ലാത്ത സ്ഥലങ്ങളില്‍, വരണ്ട കുറ്റിമുള്ക്കാടുകളുടെയും പൊന്തകളുടെയും ഓരത്ത് ഇരതേടി നടക്കും. കൊടും കാടൊന്നും അവര്‍ക്ക് പറഞ്ഞ ഇടം അല്ല. അതൊക്കെ കഥയില്‍ മാത്രം. കൃഷിയിടങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടം. ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടെക്ഷന്‍ ആക്റ്റില്‍ ഷേഡ്യൂള്‍ 2 ല്‍ അത്ര പ്രാധാന്യം നല്‍കാതെ ആണിവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്തും കഴിക്കാന്‍ സന്നദ്ധരാണിവര്‍. അതിനാല്‍ തന്നെ ഏത് സാഹചര്യങ്ങളിലും അതിജീവിക്കാന്‍ കഴിവും ഉണ്ടാകും. ഒമ്നിവോറസ് വിഭാഗത്തില്‍ പെട്ട ഇവര്‍ ചെറിയ സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, ഷഡ്പദങ്ങള്‍, പഴങ്ങള്‍ എന്നിവ ഒക്കെ ഭക്ഷണമാക്കും. ഇവയുടെ എണ്ണത്തില്‍ വന്ന കുറവിന് പലകാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ പലയിടങ്ങളിലും ഇവയെ വേട്ടയാടി തിന്നാറുണ്ട്. കൂടാതെ ഇവയുടെ മാംസം ഔഷധ ഗുണമുള്ളതാണെന്ന തെറ്റിദ്ധാരണമൂലം മരുന്നുകള്‍ ഉണ്ടാക്കാനും കൊല്ലുന്നുണ്ട്.ഇവയെ ചില ആഭിചാരങ്ങള്‍ക്ക് ബലികൊടുക്കുന്നത് ചില വിശ്വാസങ്ങളുടെ ഭാഗമായി ഇപ്പോഴും തുടരുന്നു. ഇവയുടെ കുഞ്ഞുങ്ങളുടെ ഇരപിടിയന്മാരുടെ എണ്ണം വര്‍ദ്ധിച്ചതും, കൃഷിയിടങ്ങളുടെ രൂപമാറ്റവും ഒക്കെ എണ്ണം കുറയാന്‍ കാരണമായി പറയുന്നുണ്ട്.
കുറുക്കന്റെ ആയുസ് ആറു മുതല്‍ എട്ടു വര്‍ഷം
ഏകപതിനീവ്രതക്കാര്

രാസകീടനാശിനികള്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചതാണ് ഇവരുടെ കുലം മുടിച്ചത് എന്ന് വാദിക്കുന്നവരും ഉണ്ട്. നമ്മുടെ നാട്ടില്‍ ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ പോലുള്ള സ്വാഭാവിക ആവാസ സ്ഥലങ്ങളുടെ നാശവും, നഗരവത്കരണവും, നാട്ട് നായകളുടെ ആക്രമണവും അവയില്‍ നിന്ന് പകര്‍ന്ന കിട്ടുന്ന പേവിഷ ബാധയുംആവാം ഇവയുടെ എണ്ണം കുറച്ച മറ്റ് കാരണങ്ങള്‍ . എങ്കിലും കൃത്യമായ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഏക പത്നീ/പതി വ്രതക്കാരാണ് പൊതുവെ ഇവര്‍. ജീവിതകാലം മുഴുവന്‍ ഒരു ഇണയുമായി മാത്രം ജീവിതം. എങ്കിലും അപൂര്‍വ്വം മറ്റ് കുറുക്കന്മാരുമായും ചിലപ്പോള്‍ ഇണ ചേരാറും ഉണ്ട്. ഒക്ടോബര്‍ നവമ്പര്‍ കാലമാണ് ഇണ ചേരല്‍ കാലം. 50- 60 ദിവസത്തെ ഗര്‍ഭ കാലത്തിനു ശേഷം രണ്ടു മുതല്‍ നാലു വരെ കുഞ്ഞുങ്ങളെ മാളങ്ങളില്‍ പ്രസവിക്കും. മൂന്നു നാലു മാസം കുഞ്ഞുങ്ങളെ ഇവ കാര്യമായി പരിപാലിക്കും. കുഞ്ഞുങ്ങളെ മറ്റ് ഇരപിടിയന്മാര് കൊന്നു തിന്നാതെ നോക്കല്‍ വളരെ പ്രധാനമാണ്. കൊടും കാടിനുള്ളില്‍ ഇവ താമസിക്കാന്‍ ഇഷ്ടപ്പെടാറില്ല. കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖല അതിരുകളിലെ പൊന്തക്കാടുകളും പാറപ്പരപ്പുകളും ഒക്കെയാണ് ഇഷ്ടം. സന്ധ്യാസമയവും പുലര്‍ച്ചെയും ആണ് ഇവ കൂടുതലായി സജീവമാകുക. ബാക്കി സമയങ്ങളില്‍ മണ്ണിലെ നീളന്‍ മാളങ്ങളില്‍ കഴിയും. സാധാരണയായി ഇവയുടെ ആയുസ് ആറു മുതല്‍ എട്ടു വര്‍ഷം വരെ ആണ് .
സാഹസികരായി മനുഷ്യരുടെ കോഴിക്കൂടുകളില്‍ കയറി കട്ട് കടക്കാനൊന്നും ത്രാണിയും ധൈര്യവും ഇവര്‍ക്കില്ല. ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ എന്നൊക്കെ പറയുന്നതിലെ കഥാപാത്രം ഇവരല്ല. ഇവര്‍ ഉറക്കെ ഓരിയിടാറും ഇല്ല. കുറുനരികളെ (ജക്കാള്‍ ) പോലെ അത്യുച്ചത്തില്‍ കുഞ്ഞികുറുക്കന്മാര് കമ്പനി ആഘോഷം പോലെ നീട്ടി ഓരിയിടാറില്ല. കുറുനരികളെപ്പോലെ കൂട്ടമായി നാട്ടിലിറങ്ങുന്ന ശീലം ഇവര്‍ക്കില്ല. ഇണയും കുഞ്ഞുങ്ങളും അടങ്ങിയ ചെറിയ കുടുംബ സ്വകാര്യ സംഘം മാത്രമായാണ് സാധാരണ തീറ്റതേടി ഇറങ്ങുക. കുതിരയുടെ ചിനക്കല്‍ പോലെയുള്ള പ്രത്യേക ശബ്ദം ആശയവിനിമയത്തിനായി മാത്രം ഉണ്ടാക്കും. പ്രത്യേകതരത്തില്‍ കുരക്കാനും, നിരവധി തരം ചെറു ശബ്ദങ്ങളുണ്ടാക്കാനും ഇവര്‍ക്ക് പക്ഷെ സാധിക്കുകയും ചെയ്യും.
9 മുതല്‍ 12 കിലോഗ്രാം വരെ തൂക്കം ഉള്ള കുറുനരിക്ക് ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും

CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=11460994
നാടൻ നായയുടെ വലിപ്പവും സാമ്യവുമുള്ള കുറുനരി
വേറെ തന്നെ ജനുസില്‍ പെട്ട മറ്റൊരു ജീവിയാണ് നമ്മള് 'കുറുക്കന്' എന്ന്തന്നെ വിളിക്കുന്ന ഇന്ത്യന്‍'കുറുനരി' (Canis aureus). നമ്മുടെ നാടന്‍ നായയുടെ വലിപ്പവും രൂപ സാമ്യവും ഒക്കെ ഉള്ളതാണ് ഇവര്‍. മനുഷ്യരുടെ സാന്നിദ്ധ്യം ഭയപ്പെടുന്നവരാണെങ്കിലും കുഞ്ഞിക്കുറുക്കന്മാരെപ്പോലെ പേടിയും നാണവും പ്രകടിപ്പിക്കില്ല. ആളുകളെ കണ്ടാലും ഒന്നു നിന്ന് തിരിഞ്ഞു നോക്കി തിരിഞ്ഞ് നോക്കി ഒരു ഊളിയിടലുണ്ട്. അധികം മരങ്ങളില്ലാത്ത വെളിമ്പറമ്പുകളും, പുല്‍മേടുകളും, കൃഷിസ്ഥലങ്ങളും ഒക്കെയാണ് ഇവര്‍ക്കും ഇഷ്ടം . 9 മുതല്‍ 12 കിലോഗ്രാം വരെ തൂക്കം ഉള്ള ഇവര്‍ക്ക് ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും. മേല്‍ ഭാഗം കറുപ്പും ബ്രൗണും വെളുപ്പും രോമങ്ങള്‍ കൂടി കുഴഞ്ഞ നിറമാണുണ്ടാകുക. സീസണനുസരിച്ച് മങ്ങിയ ക്രീം മഞ്ഞ മുതല്‍ ചെമ്പന്‍ നിറം വരെ ഉള്ള രോമാവരണം ആണിതിന്റെ ശരീരത്തിനുള്ളത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം രോമങ്ങള്‍ പൊഴിക്കുന്ന സ്വഭാവം ഉണ്ട്. കുഞ്ഞിക്കുറുക്കന്റെ പരന്ന നെറ്റിത്തടം ഇവര്‍ക്കില്ല. കൂര്‍ത്ത മുഖമാണ്. വാലിന് കുഞ്ഞികുറുക്കന്റെ വാലിനേപ്പോലെ നിലത്തിഴയുന്ന നീളം ഉണ്ടാകില്ല, അഗ്ര ഭാഗത്ത് കറുപ്പ് രാശി ഇവര്‍ക്കും കാണും. നീണ്ടു കൂര്‍ത്ത കോമ്പല്ലുകള്‍ ഉള്ളവരാണിവര്‍. ഭക്ഷണ കാര്യത്തില്‍ കടുമ്പിടുത്തങ്ങളില്ലാത്തതിനാല്‍ ഏതു പരിസ്ഥിതിയിലും അതിജീവിക്കാന്‍ ഇവര്‍ക്ക് പറ്റും. വിവിധയിനം പഴങ്ങള്‍ ചെറു ജീവികള്‍ തുടങ്ങി അഴുകിയ മാംസ അവശിഷ്ടങ്ങള്‍ വരെ കഴിച്ചോളും. ജനങ്ങള്‍ ജീവിക്കുന്ന ഇടത്തോട് തൊട്ടുള്ള പ്രദേശങ്ങളുമായി ഇണങ്ങി ജീവിക്കാന്‍ പ്രത്യേക കഴിവുണ്ട്. അടുക്കള മാലിന്യങ്ങള്‍ ഇറച്ചി വേസ്റ്റുകള്‍ ഒക്കെ തേടിയാണ് പ്രധാനമായും രാത്രികാലങ്ങളില്‍ ഇവ നാട്ടിന്‍പുറങ്ങളിലേക്ക് ഇറങ്ങുന്നത്. സൗകര്യം കിട്ടിയാല്‍ കോഴിക്കൂട്ടില്‍ നിന്നും കോഴികളേയും പട്ടിക്കുട്ടികളേയും ആട്ടിന്‍ കുട്ടികളേയും ഒക്കെ പിടിച്ച് തിന്നും. പകല്‍ സമയങ്ങളില്‍ മണ്ണിനുള്ളിലെ മാളങ്ങളിലും പാറക്കൂട്ടങ്ങളിലെ വിടവുകളിലെ കുഴികളിലും ഒക്കെ വിശ്രമിക്കും.
മൂത്രമൊഴിച്ച് വെച്ച് തങ്ങളുടെ അവകാശ ഭൂമിയില്‍ അടയാളങ്ങള്‍ മാര്‍ക്ക് ചെയ്യുന്ന ശീലം കുറുനരികൾക്കുണ്ട്. പരസ്പരം അഭിവാദ്യം ചെയ്യല്‍, രോമം വൃത്തിയാക്കല്‍ , ഒന്നിച്ച് ഉറക്കെ ഓലി/ ഓരിയിടല്‍ ഒക്കെ ഇവരുടെ കൂട്ടു ജീവിതത്തിനിടയില്‍ കാണാം.
ഭക്ഷണ ലഭ്യതക്കനുസരിച്ച് ഇവയുടെ സാമൂഹ്യ ജീവിത സ്വഭാവവും മാറിക്കൊണ്ടിരിക്കും. മൂത്രമൊഴിച്ച് വെച്ച് തങ്ങളുടെ അവകാശ ഭൂമിയില്‍ അടയാളങ്ങള്‍ മാര്‍ക്ക് ചെയ്യുന്ന ശീലം ഇവര്‍ക്കുണ്ട്. പരസ്പരം അഭിവാദ്യം ചെയ്യല്‍, രോമം വൃത്തിയാക്കല്‍ , ഒന്നിച്ച് ഉറക്കെ ഓലി/ ഓരിയിടല്‍ ഒക്കെ ഇവരുടെ കൂട്ടു ജീവിതത്തിനിടയില്‍ കാണാം. കുഞ്ഞി കുറുക്കന്മാര്ക്ക് ഈ വിധത്തിലുള്ള സമൂഹ ജീവിത സ്വഭാവങ്ങള്‍ കുറവാണ്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളില്‍ ആണ് ഇണകളെ കണ്ടെത്തലും മറ്റും . അതിനാല്‍ ആ കാലത്താണ് ഓലിയിടല്‍ കൂടുതലായി കേള്‍ക്കുക. മുതിര്‍ന്ന കുറുനരി നിന്നുകൊണ്ടും, മറ്റുള്ളവര്‍ അരികിലായി ഇരുന്നും ആണ് കൂവല്‍ സംഗീതകച്ചേരി നടത്തുക.'ഒക്ക്യോ - വേ റെയോ' (ഒന്നിച്ചാണോ വേറെ ഒറ്റയ്ക്കാണോ) എന്ന് ആവര്‍ത്തിച്ച് ഇവര്‍ വിളിച്ച് ചോദിക്കുന്നതായി ഈ ഓരിയിടല്‍ ശബ്ദത്തെ തമാശയ്ക്ക് പറയാറുണ്ട് . തങ്ങളുടെ ടെറിറ്ററിയില്‍ കടന്നുകയറുന്ന മറ്റ് സംഘങ്ങള്‍ക്കുള്ള ഭീഷണി മുന്നറിയിപ്പായും , ശത്രുക്കളുടെ സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കാനുള്ള അപായ സൂചനയായും ഓരിയിടാറുണ്ട്. ഒറ്റ രാത്രി തന്നെ 12- 15 കിലോമീറ്റര്‍ വരെ ഭക്ഷണം തേടി ഇവ സഞ്ചരിക്കും. ഒറ്റയിണ മാത്രമേ ജീവിതകാലത്ത് ഉണ്ടാകാറുള്ളു. ഫെബ്രുവരി- മാര്‍ച്ച് മാസമാണ് ഇണ ചേരല്‍ കാലം. രണ്ട് മാസം ആണ് ഗര്‍ഭകാലം.

നായയുടെയും കുറുക്കന്റെയും സങ്കരമായ നായക്കുറുക്കൻമാർ
'കുഞ്ഞിക്കുഞ്ഞി കുറുക്കാ, നിനക്കെന്തു ബെരുത്തം
എനിക്കന്റേട്ടാ തലക്കുത്തും പനിയും
അയിനെന്തു ബൈദ്യം?, അതിനുണ്ടു ബൈദ്യം
കണ്ടത്തില്‍ പോണം, കക്കിരി പറിക്കണം
കറമുറ തിന്നണം, പാറമ്മല്‍ പോണം
പറ പറ തൂറണം ,
കൂക്കി വിളിക്കണം, കൂ കൂ കൂ കൂ...'
എന്ന നാട്ട് പാട്ടില്‍ പറയുന്ന പോലെ കക്കിരിയും വെള്ളരിയും ഒകെ രണ്ടിനങ്ങള്‍ക്കും ഏറെ ഇഷ്ടമാണെങ്കിലും തിന്ന് കഴിഞ്ഞ് കൂക്കി വിളിക്കുന്നത് കുറുനരി കുറുക്കന്മാര് മാത്രമാവാനാണ് സാദ്ധ്യത.
മാംസവും പഴങ്ങളും കഴിക്കുന്ന ശീലക്കാരായ ഒമ്നിവോറസ് വിഭാഗക്കാരാണ് ഇവര്‍ എന്നു പറഞ്ഞുവല്ലോ . .പലതരം പഴങ്ങളും, ഞണ്ട്, എലികള്‍, ചിതല്, ഇഴജന്തുക്കള്‍, മുയലുകള്‍, പക്ഷികള്‍ തുടങ്ങിയവയെ ഒക്കെ തിന്നും . പണ്ട് കാലത്ത് രാത്രികളില്‍ ഇവ നാട്ടുമ്പുറങ്ങളിലെ പച്ചക്കറി കൃഷി ചെയ്യുന്ന വയലുകളിലെ വെള്ളരി കണ്ടങ്ങളില്‍ എത്തും. മൂപ്പെത്താത്ത ഇളം കക്കിരിയും വെള്ളരിയും തിന്നും. വലിയ കയ്പ്പ് ഉള്ള വെള്ളരികള്‍ക്ക് കയപ്പ് കിട്ടിയത് കുറുക്കന് നക്കിയത്കൊണ്ടാണ് എന്ന വിശ്വാസം വരെ ഉണ്ടായിരുന്നു. കൃഷിക്കാര്‍ക്ക് കുറുക്കന് വലിയ തലവേദന ആയിരുന്നു. കുറുക്കനെ ഓടിക്കാന്‍ വയലില്‍ പന്തലുകള്‍ കെട്ടി രാത്രി മുഴുവന്‍ കാവലിരിക്കും . വടക്കന്‍ കേരളത്തില്‍ ഗ്രാമങ്ങളില്‍ കൃഷിക്കാര്‍ മിഥുന മാസം മുതല്‍ ഈ കാവല്‍ നില്‍പ്പ് തുടങ്ങും. നേരം പോക്കിനായി പ്രാദേശിക കലാകാരന്മാര് ഒരു നാടകം തട്ടിക്കൂട്ടും, പരിശീലിക്കും. ചിങ്ങ മാസം പച്ചക്കറി വിളവെടുപ്പിന് ശേഷം അതേ വെള്ളരിനാട്ടിക്കണ്ടത്തില്‍ നാട്ടുകാരെ എല്ലാം വിളിച്ച് കൂട്ടി പെട്രോ മാക്സ് വെളിച്ചത്തില്‍ നാടകം അവതരിപ്പിക്കും. സ്ത്രീ വേഷവും ആണുങ്ങള് ആയിരുന്നു കെട്ടിയിരുന്നത്. പിന്നീട് പ്രാദേശിക അമെച്വര്‍ നാടകങ്ങള്‍ക്ക് ' വെള്ളേരി നാടകം' എന്ന് പേരു വന്നു. ടി. പി . സുകാമാരന്‍ മാഷ് ഈ ചരിത്ര വസ്തുതകളെ കൂടി ഉള്‍പ്പെടുത്തി ഉണ്ടാക്കിയ മനോഹര നാടകമായിരുന്നു 'ആയഞ്ചേരി വല്ല്യെശ്ശമാന്‍' . കാത്തിരുന്ന് കാത്തിരുന്ന് മടുത്ത് നാടകക്കാര് എശമാന് വരും മുമ്പ് നാടകം തുടങ്ങിക്കഴിഞ്ഞിരുന്നു. ദേഷ്യം വന്ന എശ്മാന്‍ നാടകം ആദ്യം മുതല്‍ വീണ്ടും കളിക്കാന്‍ പറയുന്നത് അന്നത്തെ അധികാര അവസ്ഥകളെ കാണിക്കാന്‍ കൂടി ആയിരുന്നു.
പുകഴ്തിപ്പറഞ്ഞ് പറ്റിച്ച് പാട്ട്പാടിച്ച് കാക്കയുടെ കൊക്കിലെ അപ്പം തട്ടിയെടുത്ത കഥയൊക്കെ വെറും തള്ള് മാത്രമാണ്. കാക്കകളെ പറ്റിക്കാന്‍ കുറുക്കന്റെ ബുദ്ധിയൊന്നും പോര. ബുദ്ധിയുടെ ഹെഡാപ്പീസാണ് കാക്കകള്‍.
കുറുനരി കുറുക്കന്മാര് നാട്ടിലെ പട്ടിക്കൂട്ടങ്ങളുമായി വലിയ ശണ്ഠയൊക്കെ നടത്താറുണ്ടെങ്കിലും അപൂര്‍വ്വം പരസ്പരം ക്രോസ് ബ്രീഡിങ്ങ് നടന്ന് കുട്ടികള്‍ ഉണ്ടാകാറും ഉണ്ട് എന്നൊക്കെ പലരും തെറ്റായി വിശ്വസിക്കുന്നുണ്ട്. കുറുക്കനോട് - കുറുനരിയോട് സാമ്യമുള്ള വാലുകള്‍ ഉള്ള നാട്ട് പട്ടികളെ ചിലപ്പോള്‍ കുറുക്കന് പട്ടി ക്രോസ് ബ്രീഡ് ആണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യത്യസ്ഥ ജനുസില്‍ പെട്ട ജീവികള്‍ തമ്മില്‍ ക്രോസ് ബ്രീഡിങ്ങ് സാദ്ധ്യമല്ല എന്നാണ് ശാസ്ത്ര കാഴ്ചപ്പാട്. ക്രോമോസോം നമ്പരുകളില്‍ വലിയ വ്യത്യാസമുണ്ട് ഇവര്‍ തമ്മില്‍ - കുറുനരികളോട് സാമ്യമുള്ള നായകളെ , 'നായ്ക്കുറുക്കന്‍' എന്ന് തമാശയായി വടക്കന്‍ മലബാറില്‍ വിളിക്കാറുണ്ട്. നായ്ക്കുറുക്കന്‍ എന്ന ഒരു ജീവി അസാദ്ധ്യമാണെങ്കിലും - പകുതി ജീപ്പും ബാക്കി പിക്കപ്പും ആയ വാഹനങ്ങള്‍ മാര്‍കറ്റില്‍ വന്നപ്പോല് അവയെ ജീപ്പെന്നാണോ ലോറി എന്നാണോ വിളിക്കേണ്ടത് എന്ന വലിയ പ്രതിസന്ധി മറികടക്കാന്‍ 'നായ്ക്കുറുക്കന്‍' എന്ന അത്യന്തം ആലോചനാമൃതമായ പേരിട്ട അജ്ഞാത മലബാര്‍ കലാകാരന് നമോവാകം പറയാതെ വയ്യ. .
നമ്മുടെ പൊതുബോധത്തില്‍ മഹാ ബുദ്ധിമാനും കൗശലക്കാരനുമായ കുറുക്കന് എന്ന കഥാപാത്രം സ്വജീവിതത്തില്‍ അത്ര ബുദ്ധിവൈഭവം ഉള്ള ആളൊന്നും അല്ല. കോഴിക്കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് പറന്ന് മരക്കൊമ്പില്‍ കഴിയുന്ന കോഴിയെ പറഞ്ഞ് പറ്റിച്ച് , വാലുകറക്കിക്കാണിച്ച് അതു നോക്കിച്ച് തലചുറ്റിച്ച് വീഴ്തിയതൊക്കെ വെറും കഥമാത്രം. കാഴ്ചയില്‍ വളര്‍ത്ത് നായകളോട് സാമ്യമുള്ളതിനാല്‍ അവയുടെ ബുദ്ധി ഇവര്‍ക്കും ഉണ്ടാകും എന്ന തെറ്റിദ്ധാരണയാണ് കാരണം. നായകള്‍ മനുഷ്യരോടോപ്പം പരിണമിച്ച് ആര്‍ജ്ജിച്ച പ്രത്യേക കഴിവുകള്‍ ഉള്ളവരാണ്. പുകഴ്തിപ്പറഞ്ഞ് പറ്റിച്ച് പാട്ട്പാടിച്ച് കാക്കയുടെ കൊക്കിലെ അപ്പം തട്ടിയെടുത്ത കഥയൊക്കെ വെറും തള്ള് മാത്രമാണ്. കാക്കകളെ പറ്റിക്കാന്‍ കുറുക്കന്റെ ബുദ്ധിയൊന്നും പോര. ബുദ്ധിയുടെ ഹെഡാപ്പീസാണ് കാക്കകള്‍. നാട്ട് നായകള്‍ ഒഴികെയുള്ള ശ്വാനകുടുംബക്കാരുടെ പൊതു ബുദ്ധി മാത്രമേ ഏത് കുറുക്കനും ഉള്ളു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..