ഫോട്ടോ : അപർണ്ണ പുരുഷോത്തമൻ
'പാമ്പ് പേടി' മനുഷ്യര്‍ക്ക് പണ്ടേ ഉണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല പ്രൈമേറ്റ്സുകള്ക്ക് മൊത്തമായി ആ പേടി ഉള്ളിലുണ്ട്. എത്ര ബലവാനും ധൈര്യശാലിയും ആയാലും കടികിട്ടിയാല്‍ ചിലപ്പോള്‍ കഥകഴിയും എന്ന ജീവഭയം തന്നെയാണ് അടിസ്ഥാന കാരണം. പണ്ട് കാലത്ത് ശല്യക്കാരായ കുരങ്ങുകളെ കുടുക്കി പിടിക്കാന്‍ പുനം കൃഷിക്കാര്‍ നീര്‍ക്കോലികളെ വായ് വട്ടം കുറഞ്ഞ ലോഹ മൊന്തയില്‍ ഇട്ട് വെച്ചുള്ള കെണികള്‍ ഉണ്ടാക്കുമായിരുന്നു. കൂടെ അല്പം തീറ്റയും മൊന്തയില്‍ ഇട്ട് വെക്കും. അബദ്ധത്തില്‍ മൊന്തയില്‍ കൈയിട്ട കുരങ്ങന് പാമ്പിനെയാണ് പിടിക്കുക. കൈക്കുള്ളിലായ പാമ്പിനെയും പിടിച്ച് മുഖം തിരിച്ച് പേടിയോടെ കുരങ്ങ് അങ്ങിനെ തന്നെ ദിവസങ്ങളോളം ഒറ്റ നില്‍പ്പ് നില്ക്കുമത്രെ. ആ കൈയിലേക്ക് നോക്കാനോ തുറന്ന് പാമ്പിനെ വിടാനോ പോലും പേടി ആയിരിക്കും എന്നാണ് കഥ. പിടിവിടാതെയുള്ള ഈ നില്‍പ്പ് ആണ് 'മര്‍ക്കടമുഷ്ടി' എന്ന പ്രയോഗം വരാന്‍ കാരണമായ ഒരു കഥ.
ഏതിനൊക്കെയാണ് വിഷമുള്ളത് വിഷമില്ലാത്തത് എന്നൊന്നും നോക്കാനും തിരിച്ചറിയാനുമുള്ള ക്ഷമ പോലും പലപ്പോഴും ആളുകള്‍ക്ക് ഉണ്ടാവില്ല. അതിനു മുമ്പേ തന്നെ അപകടം ഒഴിവാക്കാന്‍ കൊന്നുകളയുക എന്ന എളുപ്പപ്പണിയായിരുന്നു പൊതുവെപലരും സ്വീകരിച്ചിരുന്നത്. പാമ്പിനെ മാത്രമല്ല കാഴ്ചയില്‍ പാമ്പിനെപ്പോലെ തോന്നുന്ന ജീവികളെയും ഭയം ആയിരുന്നു. 'അരണകടിച്ചാല്‍ ഉടനെ മരണം' എന്ന മഹത്തായ പഴഞ്ചൊല്ല് ഉണ്ടായത് അങ്ങിനെയാണ്. ഈ സാധുവിന്റെ തലയും ഉടലും ഒറ്റനോട്ടത്തില്‍ പാമ്പിനേപ്പോലെ തോന്നുന്നതിനാല്‍ ആരോ പറഞ്ഞുണ്ടാക്കിയതാവാം ഈ ചൊല്ല്. 'പഴഞ്ചൊല്ലില്‍ പതിരില്ല' എന്നൊരു പഴഞ്ചൊല്ല് കൂടി ഒരുറപ്പിന് ഉണ്ടായിരുന്നു. എന്നാല്‍ അത് വെറും പതിരായിരുന്നു എന്ന കാര്യം പലര്‍ക്കും ഇപ്പോഴും അറിയില്ല.

അരണ ബുദ്ധി എന്ന വിളി, അരണ മഹാ മറവിക്കാരനോ
നൂറ്റാണ്ടുകളായി 'അരണവിഷ' വിശ്വാസം തിരുത്താതെ നമ്മള് സത്യം ആയി കരുതി കൊണ്ടു നടക്കുകയായിരുന്നു. സര്‍പ്പങ്ങള്‍ തലയില്‍ അത്ഭുത രത്നം കൊണ്ട് നടക്കുന്നതുപോലെ പോലെ അരണയുടെ തലയിലും 'അരണമാണിക്യം' വെച്ചുകെട്ടിയ കഥകളും വിശ്വാസവും കൂടി ഉണ്ടായിരുന്നു. അതുകൂടാതെ അരണ മഹാ മറവിക്കാരനെന്ന അപഖ്യാതിയും കൂട്ടിനുണ്ട്. അരണയുടെതല വാലറ്റം വരെ തിരിയുമ്പോഴേക്കും മനസിലോര്‍ത്ത കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് ഉദ്ദേശിച്ച ആളെ കടിക്കാന്‍ പോലും ചങ്ങാതി മറന്നുപോകുന്നു എന്നാണ് കഥ. അല്ലായിരുന്നെങ്കില്‍ എല്ലാവരേയും ചറുപറ കടിക്കുമായിരുന്നു എന്ന് ധ്വനി. ഓര്‍മ്മക്കുറവുള്ളവരെ കളിയാക്കാന്‍ 'അരണബുദ്ധി' എന്ന പ്രയോഗവും അങ്ങിനെ ഉണ്ടായതാണ്.അരണകടിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാത്രമല്ല അരണ കടിഏറ്റ് ഒരാളും ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി നമ്മുടെ നാട്ടില്‍ ഒരു രേഖയും ഇതുവരെ ഇല്ല .
മനുഷ്യരെ കടിക്കാനുള്ള ത്രാണിയും വിഷപ്പല്ലും വിഷസഞ്ചിയും ഒന്നുംഈ പാവത്തിന് ഇല്ല
അബദ്ധത്തിലെങ്ങാന്‍ ഒരു അരണ ആരെയെങ്കിലും കടിക്കാന്‍ ശ്രമിച്ചാല്‍ വലിയ വേദനപോലും ഉണ്ടാവില്ല, കുഞ്ഞരിപ്പല്ലുരഞ്ഞ് ഒരു ഇക്കിളി ഉണ്ടായാല്‍ ആയി. പക്ഷെ ചിലപ്പോള്‍ കടികിട്ടിയ ആള് പേടിയും ദേഷ്യവും കൊണ്ട് പാവത്തിനെ തല്ലിക്കൊന്ന് അരണയുടെ'ഉടനേ മരണം' ഉറപ്പാക്കും എന്ന് മാത്രം. അരണ കടിച്ചില്ലെങ്കിലും , അതെങ്ങാനും ഭക്ഷണത്തില്‍ വീണുപോയാല്‍ മരണം ഉറപ്പാണ് എന്നത് തെളിയിക്കാന്‍ പല നാട്ടിലും ആരോ പറഞ്ഞുകേട്ട ഒരു കഥയുണ്ടാകും . ഒരമ്മയും മക്കളും അറിയാതെ അരണവീണു ചത്ത കഞ്ഞി കുടിച്ച് മൊത്തമായി ചത്തുപോയ കഥ. അരണയുടെ ശരീരത്തില്‍ അത്തരത്തില്‍ മാരകമായ വിഷം ഒന്നും ഇല്ല.

By Davidvraju - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=97692850
ചെതുമ്പലുകളുള്ള ശരീരവും പടം പൊഴിക്കുന്ന സ്വഭാവവും ഉള്ളസ്ക്വാമേറ്റുകളില് പെടുന്ന ഉരഗ ജീവികളാണ് അരണകള്‍ . പാമ്പുകളും പല്ലികളും ഒക്കെ ഉള്‍പ്പെടുന്ന പരിണാമ വൃക്ഷത്തില്‍ എന്നാല്‍ പാമ്പുകളുമായി വലിയ അടുപ്പം ഇവര്‍ക്കില്ല. സ്കിങ്ക്കോയിഡിയയില് നാല് കുടുംബങ്ങളില്‍ ഒന്നായ സിന്സിഡെയിലാണ് (Scincidae) അരണകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 100-150 ദശലക്ഷം വര്‍ഷം മുമ്പ് ഉരുത്തിരിഞ്ഞതാവാം ഈ വിഭാഗം. ലോകത്തെങ്ങുമായി 180 ജനുസുകളിലായി 1685 സ്പീഷിസ് അരണകളെയാണ് ഇതുവരെ ആയി ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്ക് പ്രദേശങ്ങളില്‍ ഒഴികെ ലോകത്തില്‍ എല്ലായിടങ്ങളിലും അരണകള്‍ ഉണ്ട്. ഇന്ത്യയില്‍ 18 ജനുസുകളിലായി 80 വ്യത്യസ്ത സ്പീഷിസ് അരണകളെ തിരിച്ചറിഞ്ഞിട്ടുള്ളത് . ഇനിയും ധാരാളം ഇനങ്ങള്‍ പലസ്ഥലങ്ങളിലായി തിരിച്ചറിയാനുണ്ട്. പുതിയ ഇനങ്ങളെ ഓരോ വര്‍ഷവും ഗവേഷകര്‍ പുതുതായി കണ്ടെത്തികൊണ്ടിരിക്കുന്നു.

ശത്രുക്കളേറെ, പേടിച്ചാണ് ജീവിതം
അരണകള്‍ പൊതുവെ പകല്‍ സജീവമാകുന്നവരാണ്. ഭക്ഷണം തേടലും ഇണയെത്തേടലും ഒക്കെ പകലാണ് നടത്തുക. ഇടത്തരം വലിപ്പമുള്ളതും ചെറുതും ആയ പല തരം അരണകള്‍ ഉണ്ട്. ഒട്ടും കാലില്ലാത്ത അരണകള്‍ ഉണ്ട് . അവയെ കണ്ടാല്‍ പലപ്പോഴും പാമ്പെന്നുതന്നെ ആളുകള്‍ കരുതും. കഴുത്തില്ലാത്ത തിളങ്ങുന്ന ഉരുണ്ട ശരീരവും നീളന്‍ വാലും ആണ് ഇവര്‍ക്കുള്ളത് . ദേഹം നിറയെ ഒന്നിനു മേല്‍ ഒന്നായി മിനുങ്ങിത്തിളങ്ങുന്ന മിനുസ ചെതുമ്പലുകള്‍ ഉണ്ടാവും, ശൂലരൂപത്തില്‍ പരന്ന നാവ് ഇടക്ക് പുറത്ത് നീട്ടിപ്പിടിക്കും. അതിലും അരിപ്പല്ലുപോലെ ശല്ക്കങ്ങള് ഉണ്ട്. മണം പിടിക്കുന്നതും ഇരകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതും നാവുപയോഗിച്ചാണ് പാമ്പിനെ ഓര്‍മ്മിപ്പിക്കുന്നതിന് പ്രധാന കാരണം ഈ നാവുനീട്ടല്‍ കൂടിയാണ്. ചിലയിനം അരണകള്ക്ക്കണ്ണിനു മുകളില്‍ നിന്ന് ആരംഭിച്ച് വാലറ്റം വരെ അരികികുകളിലും മുകളിലും ഒക്കെ നീളത്തില്‍ വരകള്‍ കാണാം. ഇവ മുകളില്‍ നിന്ന് നോക്കുന്ന ഇരപിടിയന്മാര്ക്ക് അരണയുടെ ശരീരത്തിന്റെ പുറം അതിര് അവ്യക്തമാക്കി, തിരിച്ചറിയുന്നതിന് ആശയക്കുഴപ്പം ഉണ്ടാക്കി രക്ഷിക്കാന്സഹായിക്കും. കൂടാതെ ഇവ ജലനഷ്ടം കുറക്കാന്‍ സഹായിക്കുന്നതായും കണ്ടിട്ടുണ്ട്. കരിയിലകള്‍ക്കടിയിലും, കല്ലുകളുടെ വിടവുകള്‍ക്കിടയിലും ഒക്കെ ഒളിച്ച് നില്‍പ്പാണ് കൂടുതല്‍ സമയവും.പേടിച്ചാണ് ജീവിതം . വെറുതേ പുറത്ത് ഉലാത്തിയാല്‍ കഥകഴിയും. പിടിച്ച് ശാപ്പിടാന്ഇഷ്ടം പോലെആള്ക്കാരുണ്ട് ചുറ്റും. കാക്ക, പരുന്ത് തുടങ്ങിയ പക്ഷികള്‍ കൂടാതെ കീരികള്‍, വലിയ ഉരഗങ്ങള്‍, പാമ്പുകള്‍, കുറുക്കന്മാര്, പട്ടി, പൂച്ച തുടങ്ങി എല്ലാവരും അരണയെവെറുതേ വിടില്ല. ഗതികേടിന് ഇവരുടെ കൈയിലോ കൊക്കിലോ പെട്ടാന്‍ തടി കാക്കാന്പല്ലികളേയും ഓന്തുകളേയും പോലെ വാല് മുറിച്ചിട്ട് രക്ഷപ്പെടുന്ന തന്ത്രം അരണകളും പയറ്റും. മുറിഞ്ഞു മാറിയാലും പിന്നെയും പിടക്കുന്ന വാലില്‍ പിടികൂടിയ ഇരപിടിയന്റെ ശ്രദ്ധ തെറ്റിച്ച് ശരീരം രക്ഷിക്കുന്ന സൂത്രം. Autotomy എന്നാണ് ഇതിന് പറയുക, വേദനയും വലിയ മെനക്കേടുംഉള്ളതാണ് വാല് മുറിച്ചിട്ട് പറ്റിക്കുന്ന ഈ പരിപാടിയെങ്കിലും പല അരണകളുടെയും വാല് വീണ്ടും വളരും എന്നതിനാല്‍ മൊത്തത്തില്‍ നഷ്ടക്കച്ചവടമല്ല. ജീവിതം ബാക്കികിട്ടുക എന്നത് മെച്ചം തന്നെയാണല്ലോ. എങ്കിലും ശരീരത്തിലെ കൊഴുപ്പുകള്‍ ശേഖരിച്ച് വെക്കുന്ന ഇടം കൂടിയായതിനാല്‍ മുറിച്ചിട്ട വാല് സൗകര്യം കിട്ടിയാല്‍ സ്ഥലം ഓര്‍ത്ത് വെച്ച് തിരിച്ച് വന്ന് കണ്ടുപിടിച്ച് ശാപ്പിടുന്ന ശീലം ഉണ്ട്. എത്രയോ കാലം കൊണ്ട് ശേഖരിച്ച് വെച്ച കൊഴുപ്പ് വെറുതേ നഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഇത്രയും ഓര്‍മ്മയുള്ള ജീവിയെ ആണ് മറവിക്കാരന്‍ എന്ന് നമ്മള് കളിയാക്കുന്നത്.

തലയുടെ മുകള്‍ ഭാഗത്തേയും ശരീരത്തിന്റെ അരികുകളിലേയും ശല്ക്കങ്ങളുടെ ക്രമീകരണം, വലിപ്പം തുടങ്ങിയവ നോക്കിയാണ് വ്യത്യസ്ത ഇനങ്ങളെ തിരിച്ചറിയുന്നത്. കൂടാതെ കീഴ് കണ്പോളയുടെരൂപവും ഇവയെ തിരിച്ചറിയാന്‍ സഹായിക്കും. പൊതുവെ എല്ലാ അരണകളുടേയും കണ്പോളകള് ചലിപ്പിക്കാനാവും. (കണ്പോളകള് ചലിപ്പിക്കാനാവത്ത ഇനങ്ങളും ഉണ്ട്) ചില അരണകള്‍ കണ്ണ് അടക്കുമ്പോള്‍ അതാര്യ ശല്ക്കങ്ങള് ഉള്ള കീഴ് കണ് പോളയാകും ഉണ്ടാകുക. ചില ഇനങ്ങളില്‍ കണ്പോളയുടെ മദ്ധ്യഭാഗത്ത് സുതാര്യമായ ഒരു വിടവ് ഉണ്ടാകും. അതിനാല്‍ കണ്ണടച്ചാലും കാഴ്ചകള്‍ കാണാം. സധാരണയായി അരണയുടെ കാലുകളില്അഞ്ച് വിരലുകളുണ്ടാവുക.
കുരങ്ങരണകൾ കുഞ്ഞുങ്ങള്‍ക്ക് മലമാണ് ആദ്യം നല്‍കുക. അങ്ങിനെ കുഞ്ഞുങ്ങളുടെ വയറ്റിലും ദഹന ആവശ്യത്തിനുള്ള ബാക്ടീരിയകള്‍ എത്തിക്കുന്നു.
തറയില്‍ ജീവിക്കുന്നവ കൂടാതെ മണലിലും മണ്ണിനടിയിലും തുരന്ന് തുഴഞ്ഞ് നീങ്ങി ജീവിക്കുന്നവയും മരത്തില്‍ ജീവിക്കുന്നവയും പാറകളില്‍ കഴിയുന്നവയും അരണകളുടെ കൂട്ടത്തില്‍ ഉണ്ട്. അപകടം മണത്താല്‍ വെള്ളത്തില്‍ ചാടി നീന്തിയും മുങ്ങിയും രക്ഷപ്പെടുന്ന ഇനങ്ങളും ഉണ്ട്.

വൈവിധ്യങ്ങളുടെ അരണ ലോകം
അരണ ലോകത്തെ ഏറ്റവും ചെറുത് വിരല്‍ തുമ്പില്‍ നില്ക്കാന് പറ്റുന്ന , വെറും 2.3 സെന്റീ മീറ്റര്‍ മാത്രം വലിപ്പമുള്ള ന്യൂ ഗിനി പിഗ്മെസ്കിങ്കസ് സഡ്ലെരി ( Pigmaescincus sadlieri ) എന്ന കുഞ്ഞന്‍ അരണ ആണ്. കാലുകളുള്ള അരണകളുടെ കൂട്ടത്തില്‍ ഏറ്റവും വലുത് സോളമന് ദ്വീപുകളില്‍ കാണപ്പെടുന്ന, വാലടക്കം 70 സെന്റീമീറ്റര്‍ വരെ നീളമുള്ള കുരങ്ങരണ എന്നും വിളിക്കുന്ന കൊറൂക്കിയ സെബ്രാട്ട ( Corucia zebrata) എന്ന ഇനം ആണ്. പെറ്റായി വളര്‍ത്താന്‍ ഇവയെ വലിയ വില കൊടുത്ത് ശേഖരിക്കുന്നവരുണ്ട്.

https://commons.wikimedia.org/w/index.php?curid=4497327
കുരങ്ങുകളെപ്പൊലെ ശാഖകളില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരത്തിന് നീളന്‍ വാല് സഹായിക്കുന്നതുകൊണ്ടാണ് 'കുരങ്ങന് വാലരണ' , 'കുരങ്ങരണ' തുടങ്ങിയ പേരുകള്‍ ഇവയ്ക്ക് കിട്ടിയത്. കുരങ്ങരണകള് സസ്യാഹാരികള്‍ ആണ്. പഴങ്ങളും ഇലകളും ഒക്കെ കഴിക്കും. വിഷച്ചെടികള്‍ തിന്നാലും അവയിലെ ടോക്സിനുകള്‍ ഇവയ്ക്ക് പ്രശ്നം ഒന്നും ഉണ്ടാക്കുകയും ചെയ്യില്ല. സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് ഇവയുടേ വയറിലെ ബാക്ടീരിയകളുടെ സഹായത്തോടെ സാദ്ധ്യമാണ്. അതിനാല്‍ ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് ഇവയുടെ മലം തന്നെയാണ് ആദ്യം നല്‍കുക. അങ്ങിനെ കുഞ്ഞുങ്ങളുടെ വയറ്റിലും ദഹന ആവശ്യത്തിനുള്ള ബാക്ടീരിയകള്‍ എത്തിക്കുന്നു.
താര് മരുഭൂമിയിലെ മണലിലൂടെ ഒളിച്ച് നീന്തി മറയുന്നതിനാല്‍ 'മണല്‍മീന്‍' എന്നും പേരുള്ള Ophiomorus tridactylus രസികന്മാരാണ്. മണലിലൂടെ തുരന്നും തുഴഞ്ഞും നീങ്ങാന്‍ ഇവരുടെ ഉറപ്പുള്ള മൂക്കുസഹായിക്കും. കൈകളില്‍ മൂന്നു വിരലേ ഇവര്‍ക്ക് ഉള്ളു. മണ്ണിലിറങ്ങാതെ ജീവിതകാലം മുഴുവനും മരത്തില്‍ തന്നെ ജീവിച്ചു തീര്‍ക്കുന്ന മര അരണകളുണ്ട്. ഒക്കെകൂടി വൈവിദ്ധ്യമാര്‍ന്നതാണ് അരണലോകം. വെറും 'അരണ' തൊട്ട് ലെഷുനൗല്റ്റിന്റെ മണലരണ , ബെഡോമിന്റെ അരണ, കടലരണ , 'മര അരണ', മണ്ണരണ 'പാമ്പരണ', 'പൂച്ച അരണ', 'കാട്ടരണ' എന്നിങ്ങനെ വിവിധ ഇനം അരണകള്‍ കേരളത്തില്‍ ഉണ്ട്.

sharpphotography.co.uk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=65988682
2015 ല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ചെക്ക് ലിസ്റ്റ് പ്രകാരം എട്ട് ജീനസുകളിലായി 19 തരം അരണകളാണ് കേരളത്തില്രേഖപ്പെടുത്തീട്ടുള്ളത്. വളരെ സാധാരണയായി കാണപ്പെടുന്ന അരണയാണ് 'സുവര്‍ണ അരണ' (golden skink) എന്നും Keeled Indian Mabuya , Many-keeled Grass Skink എന്നും ഒക്കെ പേരുള്ള Eutropis carinata . ഇതുകൂടാതെ ചെമ്പനരണയും ( Eutropis macularia) , പാമ്പരണയും ( Lygosoma punctata) നാട്ടില്‍ ധാരാളം കാണാന്‍ കിട്ടും. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരിനം അരണയാണ് Sphenomorphus dussumieri. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടം സന്ദര്‍ശിച്ച ഫ്രഞ്ച് സഞ്ചാരിയും ജീവികളുടെ സ്പെസിമനുകള്‍ ശേഖരിക്കുന്ന ആളും ആയ Jean-Jacques Dussumier ന്റെ ഓര്‍മ്മയ്ക്കായാണ് ഈ പേര് നല്‍കിയിരിക്കുന്നത്. കടലുണ്ടി കടപ്പുറത്ത് നിന്ന് 1870 ല്‍ ബെഡോമി കണ്ടെത്തിയതായി രേഖപ്പെടുത്തീട്ടുള്ള ' അഞ്ചുവിരലന് അരണ'യെ ( Five- fingered skink - Chalcides pentadactylus ) പിന്നീടാരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലപ്പോള്‍ അവയുടെ വംശം കുറ്റിയറ്റുപോയതായിരിക്കാം, എങ്കിലും ഗവേഷകര്‍ അതിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. പൊന്മുടി മലനിരകളില്‍ നിന്നും 1984 ല്‍ കണ്ടെത്തിയ പൊന്മുടി അരണ ( Mountain skink - Eutropis clivicola) ആണ് നമ്മുടെ നാട്ടിലെ പുതുമുഖം. ഇവര്‍ പൊന്മുടിയില് മാത്രം വസിക്കുന്നവരാണ്.
ചില ഇനങ്ങള്‍ക്ക് കാലുകള്‍ കുറുകി കുറുകി ഒട്ടും കാലുകള്‍ ഇല്ലാത്തതുപോലെ തന്നെ തോന്നും. ഒഡീഷ സംസ്ഥാനത്തെ ചില്‍ക്കാ തടാകത്തിലെ ബര്ക്കുള ദ്വീപില്‍ കാണപ്പെടുന്ന Barkudiya insularis ഇത്തരം അരണയാണ്. IUCN: ( International Union for Conservation of Nature ) ന്റെ റെഡ് ഡാറ്റാ ബുക്കില്‍ അതീവ ഗുരുതരമായ വംശനാശഭീഷണിനേരിടുന്ന വിഭാഗത്തിലാണിവയെ ഉള്‍പ്പെടുത്തീട്ടുള്ളത്
പച്ചച്ചോരയുള്ള അരണകള്‍

https://commons.wikimedia.org/w/index.php?curid=8395033
ന്യൂ ഗിനിയില്‍ കാണപ്പെടുന്ന Prasinohaema virens എന്ന ഇനം അരണകള്‍ക്ക് പല്ലികളെപ്പോലെ താഴോട്ട് വീഴാതെ കുത്തനെയുള്ള പ്രതലത്തില്‍ പിടിപ്പിച്ച് കയറാന്‍ സഹായിക്കുന്ന സക്ഷന്‍ പാഡ് പോലുള്ള സംവിധാനം വിരലുകളില്‍ ഉണ്ട്. അരണകളില്‍ ഈ ഒരിനത്തിനു മാത്രമേ അത്തരം ഒരു കഴിവുള്ളതായി കണ്ടിട്ടുള്ളു. ഈ അരണകള്‍ക്ക് വേറൊരു പ്രത്യേകത കൂടിയുണ്ട്. പച്ചച്ചോര ( പച്ച വെള്ളം എന്നുപയോഗിക്കുന്നതു പോലെ അല്ല, പച്ചനിറമുള്ള ചോര തന്നെ ) ഉള്ളവയാണിവ. അതിന്റെ ജീനസ് നാമമായ Prasinohaema എന്നത് അതിന്റെ രക്തവര്‍ണ്ണ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. രക്തത്തിലെ മാലിന്യങ്ങളായ ബിലിറൂബിന്‍ ബിലിവേര്ഡിന് തുടങ്ങിയവ കലര്‍ന്ന് മഞ്ഞപ്പിത്ത രോഗമുള്ളവര്‍ക്ക് കണ്ണിനും തൊലിയ്ക്കും ചെറുതായി മഞ്ഞക്കളര്‍ വരുന്നതു പോലെ ആണ് ഇവരുടെരക്ത നിറം പച്ചയാകുന്നതും. ഈ അരണയുടെ രക്തത്തില്‍ . ബിലിവേര്ഡിന്റെ അളവ് സാധാരണയുള്ളതിന്റെ നാല്പത് മടങ്ങ് കൂടുതല്‍ ആണ്. നാവും തൊലിയും പച്ചക്കളറില്‍ ആയിരിക്കും. എങ്കിലും ഇത്രയും കൂടിയ അളവില്‍ ബിലുവേര്ഡിന് ഉണ്ടായിട്ടും ഇവ എങ്ങിനെ അതിജീവിക്കുന്നു എന്നതിനേപറ്റി നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം വിരകള്‍ ഈ രക്തത്തില്‍ വളരില്ല എന്നതും ഇതിന് ഒരു പരിണാമപരമായ അനുകൂലനം ആയാണ് കണക്കാക്കപ്പെടുന്നത്. ആസ്ത്രേലിയയില്‍ കാണപ്പെടുന്ന Tiliqua rugosa എന്ന ഇനംനീല നിറ നാവ് ഉള്ള ഇനം അരണയാണ്. കഥകളില്‍ ചുടല യക്ഷികള് ചുവന്നു നീണ്ട നാവുനീട്ടി ശത്രുക്കളെ ഭയപ്പെടുത്തുന്നതുപോലെ വായ പൊളിച്ച് നീല നാവ് കാണിച്ച് ശത്രുക്കളെ ഭയപ്പെടുത്താന്‍ ഇവര്‍ നോക്കും.
ചില ഇനം അരണകള്‍ക്ക് ചുറ്റുപാടുകള്‍ക്ക് ഇണങ്ങും വിധം രാത്രിയും പകലും മാറുമ്പോള്‍ ചെറുതായി നിറം മാറ്റാനുള്ള കഴിവുണ്ട്. പക്ഷെ ഓന്തുകളുടെ അത്രമാത്രം പ്രകടമായ രീതിയില്‍ നിറമാറ്റം സാദ്ധ്യമല്ല.
പൊതുവെ മുട്ടയിടുന്നവര്‍ കൂട്ടത്തില്‍ പ്രസവിക്കുന്നവരും ഉണ്ട്
അരണ അതിന്റെ മുന്നില്‍ പെട്ട കുഞ്ഞു പ്രാണികളെ ഒന്നിനെയും വിടില്ല. ചീവീടുകള്‍, ചിലന്തികള്‍, തുള്ളന്മാര്‍, വണ്ടുകള്‍ , മണ്ണീര, ഒച്ച്, തേരട്ട തുടങ്ങിയവയേയെല്ലാം ശാപ്പിടും. കൂടാതെ മറ്റ് കുഞ്ഞ് പല്ലിവര്‍ഗക്കാരെയും അകത്താക്കും.

ചില സ്പീഷിസുകള്‍ മാളങ്ങള്‍ പണിയും , കുറേപ്പേര് അടുത്തടുത്ത് ഒന്നിച്ച് കൂട്ടമായി ജീവിക്കും. ചിലര്‍ മാളത്തിനടുത്ത് ശത്രു സാന്നിദ്ധ്യം നിരീക്ഷിച്ച് ഊഴമിട്ട് കാവല്‍ നില്ക്കും.
ലോകത്തിലെ അരണ ഇനങ്ങളില്‍ പകുതിയുംമുട്ടയിടല് രീതിക്കാരാണ്. ഓവോ വൈവിപാരസ് ആയിട്ടുള്ള ഇനങ്ങളും ഉണ്ട്. അവ വയറിനുള്ളില്‍ തന്നെ മുട്ടകള്‍ വിരിയാറാകും വരെ കൊണ്ടു നടക്കുന്ന ശീലം ഉള്ളവയാണ്. ബാക്കിയുള്ള ഇനങ്ങള്‍ ഇണചേര്‍ന്ന് മുട്ട ഉള്ളില്‍ തന്നെ വെച്ച് വിരിയിച്ച ശേഷമാണ് പുറത്തേക്ക് വിടുക. ഒരുതരം പ്രസവം എന്നും പറയാം. ആസ്ത്രേലിയയില്‍ കാണപ്പെടുന്ന നീല നാവന്‍ അരണയായ Tiliqua rugosa കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. 40-50 % അരണ ഇനങ്ങളും വൈവി പാരസ് - കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്വഭാവം ഉള്ളവയാണ് . കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഏര്‍പ്പാടൊന്നും പൊതുവെ ഇല്ല. വിരിഞ്ഞിറങ്ങിയ, അല്ലെങ്കില്‍ 'പെറ്റിട്ട' കുഞ്ഞുങ്ങളെ കാര്യമായി ശ്രദ്ധിക്കുന്ന പതിവ് ഇല്ല. അവരായി അവരുടെ പാടായി എന്ന മട്ട്. നമ്മുടെ നാട്ടിലെ അരണകള്‍ പലതുംമുട്ടയിടല്കാരാണ്. മണ്ണു മാന്തി കുഴിയാക്കിയോ, ദ്രവിച്ച ഇലകള്‍ക്കും മരക്കമ്പുകള്‍ക്കും അടിയിലോ ഒറ്റപ്രാവശ്യം 2 മുതല്‍ 20 മുട്ടകള്‍ വരെ കൂട്ടമായി ഇട്ടു വെക്കും. ആഗസ്ത് സപ്തംബര്‍ മാസക്കാലത്താണ് മുട്ടയിടുക. മെയ് ജൂണ്‍ മാസത്തില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരും. അതിജീവനത്തിനുള്ള പാഠങ്ങള്‍ മറക്കാതെഇരതേടിയും,ഇരയാകാതെനോക്കിയും ജീവിതം മുന്നോട്ട് കൊണ്ടുപോകും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..