ധ്രുവ ദീപ്തി അഥവാ അറോറ ഫോട്ടോ : AP
നേരം ഏതാണ്ട് ആറുമണി ആയിക്കാണും. നീല നിറമുണ്ടായിരുന്ന ആകാശത്ത് ചെറിയ മേഘങ്ങളുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ നീലയും നേരിയ പച്ചയും ഇടകലര്‍ന്ന് ആകാശം കൂടുതല്‍ സുന്ദരിയായി. നോക്കിക്കൊണ്ടിരിക്കെ ഓറഞ്ചും ചുവപ്പും എല്ലാം ചേര്‍ന്ന് സുന്ദരമായ ഒരു വര്‍ണപ്രപഞ്ചം. 22 വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലിരുന്നുകൊണ്ട് കണ്ട ആ അപൂര്‍വ ആകാശം മനസ്സിലിപ്പോഴും മായാതെ നില്‍ക്കുന്നു.
ആകാശത്തിലെ ഇത്തരം വര്‍ണക്കാവടികള്‍ നോക്കിനില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. പ്രപഞ്ചത്തിന്റെ സുന്ദരമായ ക്യാന്‍വാസില്‍ വിരിയുന്ന ചായക്കൂട്ട്. ഇത്തരമൊരു ആകാശക്കാഴ്ച ഭൂമിയിലേക്ക് ഇറങ്ങിവരുന്നതിനെക്കുറിച്ച് സങ്കല്‍പിച്ചിട്ടുണ്ടോ? ഒരേ സമയം മനോഹരവും ഭയാനകവുമായ ഒരു കാഴ്ച. ഭൂമിയും സൂര്യനുംചേര്‍ന്ന് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമായി അങ്ങനെയുമൊരു വര്‍ണവിസ്മയം ഒരുക്കിവെച്ചിട്ടുണ്ട്. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്ട്രേലിസ് (Aurora Australis) എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് (Aurora Borealis) എന്നും അറിയപ്പെടുന്ന ധ്രുവദീപ്തി.
.jpg?$p=8fd324d&&q=0.8)
പൊട്ടിവീഴുന്ന നിറക്കൂട്ട്
വിദൂരതയില്‍നിന്ന് പൊടുന്നനെ ഒരു ജ്വലനം. അത് കണക്കാക്കാനാവാത്ത വേഗത്തില്‍ ആകാശത്തുനിന്നും ഭൂമിയിലേക്കെന്നപോലെ വന്നുംപോയുമിരുന്നാല്‍ ആദ്യം ആരായാലുമൊന്ന് ഭയക്കും. അതുകൊണ്ടുതന്നെ ഭയംകൂടിനല്‍കുന്ന സൗന്ദര്യമാണ് ധ്രുവദീപ്തിക്ക്.
ഭൂമിക്കും ആകാശത്തിനുമിടയില്‍ അഴിച്ചിട്ട തിരശ്ശീലപോലെ വിവിധ വലിപ്പത്തിലും വര്‍ണത്തിലുമുള്ള പ്രകാശനാടകളായി കാണുന്നു. ചിലപ്പോള്‍ ഇവ ഞൊടിയില്‍ അപ്രത്യക്ഷമാകുകയോ അല്‍പസമയം നിന്നശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയോ ചെയ്യും. ചിലപ്പോള്‍ ഈ ജ്വലിക്കുന്ന നിറക്കാഴ്ച കുറച്ച് മണിക്കൂറുകള്‍ അങ്ങനെത്തന്നെനില്‍ക്കും. ഒഴുകുന്ന നിറമേഘം പോലെ തോന്നിക്കുമെങ്കിലും അതിന്റെ വേഗത നിര്‍ണയാതീതമാണ്. പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്.
ഒരേസ്ഥലത്തുതന്നെ വിവിധ ദിവസങ്ങളില്‍ വിവിധരീതികളിലാണ് ഇവ കാണുന്നത്. ഇതുകാണാന്‍ പ്രത്യേകിച്ച് കാലമൊന്നുമില്ല. എങ്കിലും സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെ, ദിവസങ്ങള്‍ ഏറ്റവും ചെറുതും പലപ്പോഴും ഇരുണ്ടതുമായിരിക്കുമ്പോള്‍, ഉത്തരധ്രുവദീപ്തി ഏറ്റവും തിളക്കമുള്ളതായിരിക്കും. രാവും പകലും സംഭവിക്കുന്ന പ്രതിഭാസമാണിത്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തെളിച്ചത്തില്‍ വര്‍ണ്ണപ്പകിട്ടോടെ ഇത് ആസ്വദിക്കാമെന്നുമാത്രം. പ്രാദേശിക കാലാവസ്ഥ, നമ്മള്‍ നില്‍ക്കുന്ന നഗരത്തില്‍നിന്നുള്ള പ്രകാശ മലിനീകരണം, പൂര്‍ണ്ണ ചന്ദ്രന്‍, മറ്റ് ഘടകങ്ങള്‍ എന്നിവയും വര്‍ണഭംഗിയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കും.
.jpg?$p=6958444&&q=0.8)
ധുവദീപ്തിയെ പേടിക്കണോ?
ധ്രുവദീപ്തിയെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. മിന്നലേല്‍ക്കുന്നപോലെ മനുഷ്യശരീരത്തിലേക്ക് ഇത് എത്തുമോ എന്നതാണ് പലര്‍ക്കും സംശയം. എന്നാല്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുന്ന ആളുകള്‍ക്ക് ധ്രുവദീപ്തി ഒരു ഭീഷണിയും സൃഷ്ടിക്കുന്നില്ല. ഒരു അറോറയുടെ ഏറ്റവും താഴ്ന്ന ഭാഗങ്ങള്‍ വായുവില്‍നിന്ന് കുറഞ്ഞത് 100 കി.മീ.അകലെയാണ്. അതുകൊണ്ടുതന്നെ മനുഷ്യന് അത് സ്പര്‍ശിക്കുക സാധ്യമല്ല. ആഗോളതാപനംപോലും അറോറയെ ബാധിക്കില്ല. എന്നാല്‍ ഇവ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുത ചാര്‍ജുള്ള കണികകള്‍ നമ്മുടെ സാങ്കേതികവിദ്യയേയും അടിസ്ഥാനസൗകര്യങ്ങളേയും ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് സിഗ്നലുകളെ നശിപ്പിച്ച് എല്ലാത്തരം വാര്‍ത്താവിനിമയ ഉപാധികളെയും ചിലപ്പോള്‍ തകരാറിലാക്കും. ചില പ്രത്യേക തരംഗദൈര്‍ഘ്യത്തില്‍ കൃത്രിമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അറോറ ബാധിക്കാറുണ്ട്.
.jpg?$p=5187b53&&q=0.8)
നോര്‍വേയിലെ ട്രോംസോ ആണ് ഉത്തരധ്രുവ ദീപ്തി കാണാന്‍ ഏറ്റവും മികച്ചയിടം
നോര്‍വീജിയന്‍ ആര്‍ട്ടിക്കിലെ അറോറ സോണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം വടക്കന്‍
ധ്രുവദീപ്തികള്‍ കാണാനുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് .
സ്വീഡനിലെ ലാപ് ലാന്റ്, ഐസ് ലന്റിലെ റേയ്ക്ജവിക്, കാനഡയിലെ യുകോണ്‍, ഫിന്‍ലന്‍ഡിലെ റൊവാനിയേമി, ഗ്രീന്‍ലന്റിലെ ഇലുലിസറ്റ് തുടങ്ങിയിവിടങ്ങളിലെല്ലാം ധ്രുവദീപ്തി ഭംഗിയായി കാണാം.
അല്പം ശാസ്ത്രം
.jpg?$p=9bc9305&&q=0.8)
ഭൂമിയെ മൂന്നായി തിരിച്ചാല്‍ ഖരാവസ്ഥയിലുള്ള ഉപരിതലമായ ക്രസ്റ്റ് അഥവാ ഭൂവല്‍ക്കത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ വരെയാണ് കനമെന്ന് സ്‌കൂളില്‍ നാം പഠിച്ചതാണ്. അതിനുതാഴെയാണ് ഉരുകിയ പാറയുംമറ്റുമുള്ള ദ്രാവകാവസ്ഥയിലുള്ള മാന്റില്‍ എന്ന ഭാഗം. ഈ ദ്രവപദാര്‍ത്ഥം ചാര്‍ജുള്ള കണങ്ങള്‍ കൊണ്ട് നിര്‍മിതമാണ്. ഈ കണങ്ങള്‍ ചലിച്ചുണ്ടാകുന്ന വൈദ്യുതി കാന്തികക്ഷേത്രത്തിനു കാരണമാകും. ഭൂമിയുടെ ഈ കാന്തികക്ഷേത്രം 'മാഗ്നെറ്റോസ്ഫിയര്‍' എന്നറിയപ്പെടുന്നു. ഈ കാന്തികക്ഷേത്രത്തില്‍ അകപ്പെടുന്ന ഇലക്ട്രോണുകള്‍ അന്തരീക്ഷത്തിലെ നൈട്രജനും ഓക്സിജനുമായി കൂട്ടിയിടിക്കുകയും, ഇലക്ട്രോണുകളുടെ ഊര്‍ജം നൈട്രജനും ഓക്സിജനും ഏറ്റെടുക്കുകയും ചെയ്യും. ഇങ്ങനെ ഊര്‍ജം ലഭിച്ച കണങ്ങള്‍ക്ക് അതിവേഗം സഞ്ചരിക്കുന്നതിനൊപ്പം ഊര്‍ജം പുറത്തേക്ക് കളയാന്‍ ശ്രമിക്കുകയും ചെയ്യും.
അറോറകള്‍ക്ക് ഊര്‍ജവും ഇലക്ട്രോണും പ്രധാനമായും ലഭിക്കുന്നത് സൂര്യനില്‍നിന്നാണ്. സൂര്യനില്‍നിന്നും സെക്കന്റില്‍ ഏകദേശം 3,200 കി.മീ വേഗത്തില്‍ വരുന്ന കണങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സാന്നിധ്യത്തില്‍ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചു പോകുന്നു. പക്ഷേ ഈ പ്രവൃത്തി ഭൂമിയുടെ കാന്തിക ക്ഷേത്രത്തില്‍ ഭീമന്‍ വിടവ് സൃഷ്ടിക്കും. ഇത് സൂര്യന്റെ ഊര്‍ജം ഭൂമിയുടെ കാന്തികക്ഷേത്രത്തിലേക്ക് വരാന്‍ കാരണമാകും. ഈ ഊര്‍ജം വൈദ്യുതകാന്തിക ഊര്‍ജമായി താല്‍ക്കാലികമായി കാന്തികക്ഷേത്രത്തില്‍ ശേഖരിക്കപ്പെടും. ഊര്‍ജം പ്രകാശമായാണ് പുറത്തുവിടുക. ലഭിച്ച ഊര്‍ജത്തിന്റെ അളവിനും, നൈട്രജനും ഓക്സിജനും ഉത്തേജിതമായതിന്റെ അളവിനുമനുസരിച്ച് പ്രകാശത്തിന്റെ നിറങ്ങള്‍ മാറിക്കൊണ്ടിരിക്കും.
ടൈറ്റാനിക് മുങ്ങിയത്!
ധ്രുവദീപ്തിയുമായി ചേര്‍ന്ന് ഒരുപാട് കഥകളും വസ്തുതകളുമുണ്ട്. ടൈറ്റാനിക് ദുരന്തവുമായി ചേര്‍ന്നുള്ള പഠനമാണ് ഇതിലൊന്ന്. വെതര്‍ ജേണലാണ് ഇത്തരമൊരു പഠനം പ്രസിദ്ധീകരിച്ചത്. ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ട ചിലരുടേയും മൊഴികളില്‍ ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്ന് പറയുന്നുണ്ട്. സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പഠനം. ഈ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്.

അറോറയെന്ന ദേവത
സൂര്യോദയം എന്നര്‍ത്ഥംവരുന്ന ഗ്രീക്ക് പദമാണ് അറോറ. ബോറിയസ് എന്നാല്‍ കാറ്റ് എന്നാണര്‍ത്ഥം. പുരാതന ഗ്രീക്കില്‍ ഇത്തരമൊരു ദീപ്തി കാണണമെങ്കില്‍ അവിശ്വസനീയമാംവിധം ശക്തമായ സോളാര്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടാവണം. അറോറ ഹീലിയോസിന്റെയും സെലിന്റയും (സൂര്യന്റെയും ചന്ദ്രന്റെയും) സഹോദരിയാണെന്ന് ഗ്രീക്കുകാര്‍ വിശ്വസിച്ചു. എല്ലാദിവസവും പ്രഭാതം വിടര്‍ന്നെന്ന് തന്റെ സഹോദരങ്ങളെ അറിയിക്കാന്‍ അവള്‍ തന്റെ ബഹുവര്‍ണ്ണ രഥത്തില്‍ ആകാശത്തിലൂടെ പോകുമായിരുന്നെന്നും അതാണ് ആകാശത്തിലെ ദീപ്തിക്കുപിറകിലെന്നും അവര്‍ കരുതി.
ഉത്തരധ്രുവദീപ്തിയെ ഒരു പുതിയ ദിനവുമായി ബന്ധപ്പെടുത്തിയാണ് റോമക്കാര്‍ കണ്ടത്. പ്രഭാതത്തിന്റെ ദേവതയായ അറോറയാണ് ദീപ്തിക്കുപിന്നിലെന്ന് അവര്‍ വിശ്വസിച്ചു.
കഥകള്‍ പലവിധം
യുദ്ധത്തില്‍ ആരു മരിക്കണമെന്നും ആരൊക്കെ പോരാടാന്‍ ജീവിക്കാമെന്നും തിരഞ്ഞെടുക്കാന്‍ അവകാശമുള്ള വനിതാ പോരാളികളായ വാല്‍ക്കറിയുടെ കവചങ്ങളില്‍ നിന്നും ആയുധങ്ങളില്‍നിന്നുമുള്ള പ്രതിഫലനങ്ങളാണ് ധ്രുവദീപ്തിയെന്നാണ് സ്‌കാന്‍ഡിനേവിന്‍ പുരാണങ്ങള്‍ പറയുന്നത്.
വിസ്മയകരമായ ഒരു വിവാഹത്തിന് സ്വര്‍ഗ്ഗീയ അതിഥികളെ കൊണ്ടുപോകുന്ന അതിമനോഹരമായ കുതിരവണ്ടികളാണ് വിളക്കുകള്‍ എന്ന് എസ്തോണിയക്കാര്‍ വിശ്വസിച്ചു.
ധ്രുവദീപ്തിക്കുകീഴില്‍വെച്ച് ഗര്‍ഭം ധരിച്ചുണ്ടാവുന്ന കുട്ടിക്ക് ഭാഗ്യവും നല്ല രൂപവും ലഭിക്കുമെന്ന് ചൈനക്കാരും ജപ്പാന്‍കാരും ഇപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ധ്രുവദീപ്തി കാണുന്ന മാസങ്ങളില്‍ നോര്‍വെയിലെ ട്രോംസോയില്‍ ജപ്പാനില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇപ്പോഴും കൂടുതലാണ്. എന്നാല്‍ അയര്‍ലണ്ടുകാരുടെ വിശ്വാസം മറ്റൊരു രീതിയിലാണ്. പ്രസവ സമയത്ത് അമ്മ അറോറയിലേക്ക് നോക്കിയാല്‍ ജനിക്കുന്ന കുഞ്ഞിന് കോങ്കണ്ണായിരിക്കും എന്നാണ് അവര്‍ കരുതുന്നത്.
ഗ്രീന്‍ലാന്‍ഡുകാരുടെയും വിശ്വാസം ജനനവുമായി ചേര്‍ന്നതാണ്. അവരുടെ വിശ്വാസപ്രകാരം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആത്മാവോ അതുമല്ലെങ്കില്‍ ജനനത്തില്‍ത്തന്നെ മരിച്ചുപോയ കുഞ്ഞിന്റെ ആത്മാവോ ആണ് ധ്രുവദീപ്തിയായി വരുന്നത് എന്നാണ്. ഫിന്‍ലന്‍ഡിലാണ് ദീപ്തിയെക്കുറിച്ച് ഏറ്റവും രസകരമായ കഥകളിലൊന്നുള്ളത്. നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്കുള്ള ഫിന്നിഷ് പദം 'റിവന്റ്യൂലെറ്റ്' എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ 'തീ കുറുക്കന്‍' എന്നാണ് ഇതിന്റെ അര്‍ത്ഥം. മഞ്ഞിലൂടെ ഈ തീ കുറുക്കന്‍ ഓടുമ്പോള്‍ അതിന്റെ വാല് ഉരഞ്ഞുണ്ടാകുന്ന തീപ്പൊരി രാത്രിയുടെ ആകാശത്തില്‍ സൃഷ്ടിക്കുന്ന വെളിച്ചമാണ് അറോറയെന്നാണ് അവരുടെ വിശ്വാസം. തിമിംഗലങ്ങള്‍ പുറന്തള്ളുന്ന വെള്ളത്തിന്റെ നുരയില്‍നിന്നാണ് ഈ വെളിച്ചം സൃഷ്ടിക്കപ്പെടുന്നതെന്നാണ് ഫിന്‍ലന്‍ഡ് ലാപ്ലാന്‍ഡിലെ സാമി ജനതയുടെ വിശ്വാസം.
സ്വീഡനില്‍, അറോറ നല്ല വാര്‍ത്തകളുടെ അടയാളമായാണ് കണക്കാക്കുന്നത്. ദൈവങ്ങളില്‍നിന്നുള്ള സമ്മാനമാണ് ഈ വെളിച്ചമെന്നായിരുന്നു സ്വീഡനില്‍ ജീവിച്ചിരുന്ന പൂര്‍വികരുടെ വിശ്വാസം. വടക്ക് അഗ്നിപര്‍വ്വതത്തില്‍നിന്നാണ് അവ വരുന്നതെന്നും ഇവര്‍ കരുതി. ചില മത്സ്യക്കൂട്ടങ്ങളുടെ കണ്ണുകളില്‍നിന്നും ഒരുമിച്ച് പ്രവഹിക്കുന്ന വെളിച്ചമാണിതെന്ന് ചില മീന്‍പിടപത്തക്കാര്‍ വിശ്വസിച്ചു. വരും വര്‍ഷത്തിലെ നല്ല വിളവെടുപ്പിന്റെ ലക്ഷണമായാണ് സ്വീഡനിലെ കര്‍ഷകര്‍ ഈ വെളിച്ചത്തെ കണ്ടത്.
വിശ്വാസങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രപഞ്ചമൊരുക്കുന്ന അത്ഭുതക്കാഴ്ച തന്നെയാണ് അറോറകള്‍. ഈ പ്രതിഭാസത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഓരോ വര്‍ഷവും ആളുകള്‍ കൂടുതലായി എത്തുന്നതും അതുകൊണ്ടുതന്നെ.
Content Highlights: Aurora, Natural wonders, environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..