ബിറ്റർലിങ് മത്സ്യവും മുട്ടയിടുന്ന കുഴലും | AJC1, CC BY-SA 2.0 , via Wikimedia Commons
പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ജീവികൾ നിലനില്‍പ്പിനായി പരസ്പരം പോരടിക്കുന്നതിനും സഹകരിക്കുന്നതിനും ജീവലോകത്തില്‍ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ കാണിക്കാന്‍ കഴിയും. എന്നാല്‍, യൂറോപ്യന്‍ ബിറ്റര്‍ലിങ്ങും (Rhodeus amarus) ശുദ്ധജലത്തില്‍ ജീവിക്കുന്ന ഒരുതരം കക്കകളും തമ്മില്‍ ഉള്ള ബന്ധം ഭാവനയ്ക്കും എത്രയോ മുകളില്‍ ആണെന്നു പറയാം.
സാധാരണഗതിയില്‍ മത്സ്യങ്ങളുടെ പുനരുത്പാദനം ലളിതമാണ്. ആണും പെണ്ണും അടുത്തുവരുന്നു. മുട്ടയും ബീജവും വെള്ളത്തില്‍ നിക്ഷേപിക്കുന്നു, അവ തമ്മില്‍ ബീജസങ്കലനം നടക്കുന്നു, കഴിഞ്ഞു. ഇതില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ വിരിയുന്നുപോലുമുള്ളൂ. ഇവിടെയാണ് ബിറ്റര്‍ലിങ് എന്ന മത്‌സ്യത്തിന്റെ അതിജീവനരീതി സവിശേഷമാകുന്നത്. നല്ല വലിപ്പമുള്ള ഒരുതരം കക്കകളെ ഇവരുടെ ആണ്‍മല്‍സ്യം കണ്ടുപിടിക്കുന്നിടത്താണ് ഇവയുടെ ജീവിതചക്രം തുടങ്ങുന്നതെന്നു പറയാം. മറ്റുള്ള ആണുങ്ങളെ ഓടിച്ചിട്ട് നല്ല കക്കകള്‍ കണ്ടുപിടിക്കാന്‍ ശേഷിയുള്ള ആണുങ്ങളുടെ കൂടെ പെൺമല്‍സ്യങ്ങള്‍ കക്കകളുടെ അടുത്തേക്ക് ചെല്ലും. ഏതാണ്ട് മൂന്നിഞ്ചു നീളമേ ഉള്ളൂ ഈ മല്‍സ്യത്തിന്. തനിക്കിഷ്ടപ്പെട്ട ആണിന്റെ സാന്നിധ്യത്തില്‍ മുട്ടയിടാന്‍ തയ്യാറെടുക്കുന്ന സമയത്ത് പെണ്‍മത്സ്യത്തിന്റെ അടിവശത്തുനിന്ന് മുട്ടയിടാനുള്ള ഒരു കുഴല്‍ നീണ്ടുവരുന്നു. ഏതാനും മണിക്കൂര്‍ കൊണ്ട് ഇതിന് രണ്ടിഞ്ചുവരെ നീളം വയ്ക്കും.
.jpg?$p=b44d685&&q=0.8)
കക്കകള്‍ക്ക് വെള്ളം ഉള്ളിലേക്ക് വലിച്ചെടുക്കാനും പുറത്തേക്കു വിടാനും രണ്ട് സിഫണുകള്‍ ഉണ്ട്. പെൺമല്‍സ്യം തലകീഴോട്ടാക്കി കക്കയുടെ അടുത്തേക്ക് ചെല്ലുന്നു. ഉള്ളിലേക്ക് വെള്ളം വലിച്ചെടുക്കുന്ന സിഫണിന്റെ അടുത്ത് മുട്ടകള്‍ നിക്ഷേപിക്കുന്നു. വെള്ളത്തിനൊപ്പം മുട്ടകള്‍ കൂടി ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോഴേക്കും ആണ്‍മത്സ്യം അവിടെ തന്റെ ബീജങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടാവും. കക്കയുടെ ഉള്ളില്‍ വിരിയുന്ന മല്‍സ്യങ്ങള്‍ ഏതാണ്ട് ഒരു മാസത്തോളം അവിടെ കക്ക വലിച്ചെടുക്കുന്ന ഭക്ഷ്യാംശങ്ങളും വായുവും സ്വീകരിച്ച് ജീവിക്കുന്നു. കക്കയുടെ തോടിനുള്ളില്‍, ശത്രുക്കളില്‍ന്നുള്ള ആക്രമണങ്ങൾ നേരിടാതെ സുരക്ഷിതമായി അവ ജീവിച്ചുവളരുന്നു. തങ്ങളുടെ വാടക ഗര്‍ഭപാത്രത്തിനുടമകളായ കക്കകളെ അവ മറ്റൊരു തരത്തിലും ഉപദ്രവിക്കാറില്ല. അവയുടെ പ്രധാന പോഷകം തങ്ങള്‍ തന്നെ വിരിഞ്ഞുവന്ന മുട്ടകളുടെ അവശേഷിപ്പുകളാണ്. തനിയെ ജീവിക്കാമെന്നാകുമ്പോഴേക്കും കക്കയുടെ ഉള്ളില്‍നിന്നു അവ പുറത്തേക്കുവരുന്നു.
_(6103149398).jpg?$p=ff6e8de&&q=0.8)
വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞെങ്കിലും അത്ര ലളിതമല്ല കാര്യങ്ങള്‍. ഇണ അടുത്തുള്ളതു കൊണ്ടുമാത്രം പെൺമത്സ്യം മുട്ടയിടണമെന്നില്ല. നിര്‍ബന്ധമായും കക്കയുടെ സാമീപ്യവും സിഫണിലേക്ക് വെള്ളം വലിച്ചെടുക്കുന്നതും മുട്ടയിടാന്‍ അത്യാവശ്യമാണ്. ചിലപ്പോള്‍ ആണ്‍മത്സ്യങ്ങള്‍ സമീപത്തില്ലാത്തപ്പോഴും കക്കയില്‍ മുട്ടയിടാറുണ്ട് പെണ്‍ മത്സ്യങ്ങള്‍, പക്ഷേ ആ മുട്ടകള്‍ വിരിയാറില്ല. കക്കയിലല്ലാതെ ഈ മല്‍സ്യത്തിന് മുട്ടയിടാനേ ആകില്ല. ഇവിടെ വലിയൊരു അപകടം കിടക്കുന്നുണ്ട്. എന്തെങ്കിലും ചെറിയൊരു സ്പര്‍ശനമേറ്റാല്‍ അപ്പോള്‍ത്തന്നെ കക്ക പുറംതോട് അടച്ചുകളയും. മുട്ടയിടുന്ന കുഴല്‍ കക്കയില്‍ തൊട്ടുപോയാല്‍ മിക്കവാറും കക്ക തോടുകള്‍ അടയ്ക്കുകയും കുഴലിന് ആപ്പിനിടയില്‍പ്പെട്ടതുപോലെ പരിക്കേല്‍ക്കുകയും ചെയ്‌തേക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കാൻ മുട്ടയിടുന്നതിനു മുന്‍പ് മല്‍സ്യം പതിയെ തല കുമ്പിട്ട് കക്കയെ തൊട്ടുതലോടി ആശ്വസിപ്പിക്കുന്നു. റിസ്‌ക് എടുക്കാന്‍ വയ്യാത്തതുകൊണ്ട് പെട്ടെന്ന് പെട്ടെന്ന് നിരവധി കക്കകളില്‍ കുറച്ചുവീതം മുട്ടകള്‍ ഇടുകയാണ് പെൺമല്‍സ്യം ചെയ്യുന്നത്. മുട്ടയിടുന്നതിന്റെ വേഗം അത്രയ്ക്കധികമായതിനാല്‍ പല നിരീക്ഷകരും പല തരം നിരീക്ഷണങ്ങളും വിശദീകരണങ്ങളുമാണ് ഇതേപ്പറ്റി നല്‍കുന്നത്.
കഥ കഴിഞ്ഞെന്നു കരുതിയോ? ശരിക്കും കഥ തുടങ്ങുന്നേയുള്ളൂ: ഈ പരിപാടിയില്‍ കക്കയ്ക്ക് എന്താണ് മെച്ചം? അങ്ങനെ ഓസില്‍ മുട്ടയിട്ടുപോയ മത്സ്യക്കുഞ്ഞുങ്ങളുടെ വാടക ഗര്‍ഭപാത്രമായി തുടരുക മാത്രമാണോ കക്കയുടെ ധര്‍മ്മം?
Also Read
മത്സ്യം മുട്ടയിട്ടുകൊണ്ടിരിക്കുന്ന അതേസമയം കക്ക തന്റെ ലാര്‍വയെ (ഇതിനെ ഗ്ലോക്കീഡിയ എന്നുവിളിക്കും) പുറത്തേക്കുവിടും. ഈ ലാര്‍വയ്ക്ക് രണ്ടു ചെറിയതോടുകള്‍ ഉണ്ട്. വക്കുകളില്‍ നല്ല മൂര്‍ച്ചയുള്ള കൊച്ചരിപ്പല്ലുകളുമുണ്ടാവും. ആ പല്ലുകള്‍ ഉപയോഗിച്ച് കക്കയുടെ ലാര്‍വകള്‍ ബിറ്റര്‍ലിങ് മല്‍സ്യത്തിന്റെ ചിറകിലെയോ വാലിലേയോ തൊലിപ്പുറത്ത് കടിച്ചുപിടിക്കും. കുറച്ചുനാള്‍ കൊണ്ട് ചിറകിലും വാലിലും തൊലിവളര്‍ന്ന് ഈ ലാര്‍വകളെ മൂടും. അങ്ങനെ രണ്ടുമൂന്നു മാസം പോഷകങ്ങള്‍ സ്വീകരിച്ച് ഈ ഗ്ലോക്കീഡിയകള്‍ മല്‍സ്യശരീരത്ത് ജീവിച്ചുവളരും. ഇതിനിടയില്‍ പുതിയൊരു പുറംതോട് പഴയതിനടിയില്‍ വളര്‍ന്നുവരികയും തനിയെ ജീവിക്കാമെന്നാവുമ്പോൾ അവ മത്സ്യശരീരത്തിൽനിന്നു വിട്ടുപോവുകയും ചെയ്യും.

വളരെ പതുക്കെ മാത്രം നീങ്ങാനാവുന്ന കക്കയെ സംബന്ധിച്ചിടത്തോളം തന്റെ വംശത്തെ കൂടുതല്‍ ദൂരേയ്ക്ക് എത്തിക്കാനും ഇതൊരു മികച്ച മാര്‍ഗമാണ്. ഈ കക്കകളുടെ പുനരുല്‍പ്പാദനത്തിന് ബിറ്റര്‍ലിങ് മല്‍സ്യങ്ങള്‍ നിര്‍ബന്ധമല്ല. മല്‍സ്യങ്ങള്‍ ഇല്ലാത്തപ്പോള്‍ കക്കകളില്‍നിന്ന് വെറുതേ വെള്ളത്തിലേക്ക് തന്നെ വീഴുന്ന ഗ്ലോക്കീഡിയകള്‍ കുറെനേരം പൊങ്ങിക്കിടക്കുകയും കുറച്ചുകഴിഞ്ഞ് വെള്ളത്തിനടിയിലേക്ക് ആഴ്ന്നുപോയി ചത്തുപോകുകയും ചെയ്യും, മറ്റു ചിലവ വെള്ളത്തിലെ ചെടികളില്‍ പറ്റിപ്പിടിച്ച് ഏതെങ്കിലും മത്‌സ്യങ്ങളെ കിട്ടുന്നതുവരെ കാത്തിരിക്കുകയും ചെയ്യും. ഇവ ബിറ്റര്‍ലിങ്ങ് തന്നെയാവണമെന്നില്ല. ഇങ്ങനെ പുറത്തേക്കുവരുന്ന മിക്ക ലാര്‍വകളും മത്‌സ്യങ്ങളെ കിട്ടാതെ ചത്തുപോകുകയാണ് ചെയ്യുന്നത്. അതായത് കക്കകളെ സംബന്ധിച്ചും ബിറ്റര്‍ലിങ്ങുമായുള്ള ബന്ധം മെച്ചം തന്നെയാണ്.
വാല്‍ക്കഷണം: പണ്ടുകാലത്ത് ഗര്‍ഭനിര്‍ണയത്തിന് ഗര്‍ഭിണികളുടെ മൂത്രം ബിറ്റര്‍ലിങ്ങിന്റെ പെണ്‍മത്സ്യത്തില്‍ കുത്തിവച്ചിരുന്നു, ഗര്‍ഭിണിയാണെങ്കില്‍ ഇവയുടെ മുട്ടയിടാനുള്ള കുഴല്‍ നീണ്ടുവരുമായിരുന്നത്രേ.
Content Highlights: Ecostory, European bitterling fish and clam co existence,rhodeus amarus,environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..