കാർലോസ് മഗ്ദലന, പ്രായമുള്ള ചെടിയുടെ ഇലകൾക്ക് വന്ന രൂപമാറ്റം| Andrew McRobb, CC BY 4.0 , via Wikimedia Commons
1979 ല്‍ മൗറീഷ്യസിലെ റോഡ്രിഗസ് ദ്വീപില്‍ തന്റെ അധ്യാപകന് വരച്ച ചിത്രവുമായി സസ്യങ്ങളെ ശേഖരിക്കാന്‍ പുറത്തുപോയ ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന ചെടിയുടെ ശാഖ സസ്യശാസ്ത്രമേഖലയെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. കഫെ മാറോണ് എന്നറിയപ്പെടുന്ന രാമോസ്മാനിയ റോഡ്രിഗസി (Ramosmania rodriguesi) ആയിരുന്നു അത്. ആ ചെടിയെപ്പറ്റി ഇതിനുമുന്പുള്ള വിവരണം 1877 ല്‍ അതുവഴി കടന്നുപോയ ഒരു യൂറോപ്യന്‍ സന്ദര്ശകന്റേതായിരുന്നു. കാപ്പി കുടുംബമായ റൂബിയേസീയിലെ ഈ ചെടി കോളനിവല്‍ക്കരണകാലത്ത് എത്തിച്ചേര്‍ന്ന ജീവികള്‍ തിന്നുതീര്‍ത്ത് വംശനാശം സംഭവിച്ചെന്നു കരുതിയിരുന്നതാണ്. ആ കുട്ടി കമ്പുമുറിച്ചു കൊണ്ടുവന്നത് ആ ദ്വീപില്‍ അവശേഷിച്ചിരുന്ന ഏക കഫെ മാറോണ് ചെടിയുടേതായിരുന്നു.
വാര്‍ത്ത വേഗം പരന്നു. നാട്ടുവൈദ്യത്തില്‍ ലൈംഗികരോഗങ്ങള്ക്കടക്കം നിരവധിരോഗങ്ങള്ക്ക് ഉപയോഗിക്കുന്ന ചെടിയായിരുന്നു അത്. എല്ലാവരും ചെന്ന് ശാഖകള്‍ ഒടിക്കാന്‍ തുടങ്ങിയതുകാരണം അതിനെ രക്ഷിക്കാന്‍ വലിയ വേലികെട്ടിത്തിരിക്കേണ്ടിവന്നു. പക്ഷേ അന്യംനിന്നു പോകുന്നതില്‍ നിന്നും കഫെ മാറോണ് ചെടിയെ രക്ഷിക്കാന്‍ അതൊക്കെ അപര്യാപ്തമായിരുന്നു. ഉടന്‍തന്നെ ചെടിയുടെ ശാഖകള്‍ എടുത്ത് ലണ്ടനിലെ ക്യൂ ഉദ്യാനത്തില്‍ എത്തിച്ചു. ചില ശാഖകള്‍ വിജയകരമായി വേരുപിടിച്ചു, പലതും നന്നായി പുഷ്പിക്കാനും തുടങ്ങി. സമാധാനമായി, ഒരു ചെടിയെ വംശനാശത്തില്‍ നിന്നും രക്ഷിക്കാനായല്ലോ. പക്ഷേ അതില്‍ ഒരുതരത്തിലും പരാഗണം നടക്കുന്നില്ല. അത് എന്നേക്കും നഷ്ടമായ ഒരു സസ്യത്തിന്റെ അവസാനത്തെ അംഗമായി മാറാനാണ് സാധ്യത എന്ന് അവര്‍ക്കു തോന്നി. ഒരിക്കലും വന്യതയില്‍ ഇത് ബാക്കിയാവുകയുമില്ല. എന്നാല്‍ അപ്പോഴാണ് ഇത്തരം കാര്യങ്ങളില്‍ വിദഗ്ദ്ധനായ കാര്‍ലോസ് മഗ്ദലെന രംഗത്തെത്തിയത്.

ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാകുന്നുണ്ട്, കേസരങ്ങളില്‍ നിറയെ പൂമ്പൊടികളും ഉണ്ട്, പക്ഷേ ജനിപുടങ്ങള്‍ ഒന്നിനേയും സ്വീകരിക്കുന്നില്ല. ഇതിന്റെ വംശത്തിലെ അവശേഷിക്കുന്ന ഈ ഒറ്റച്ചെടി ഇനി അഥവാ ആണ് ചെടി ആയിരിക്കുമോ? അപ്പോഴാണ് കാര്‍ലോസിന്റെ അനുഭവജ്ഞാനം ഉപകാരപ്പെട്ടത്. പഴയ ചില പരീക്ഷണങ്ങളില്‍ കേസരത്തിന്റെ മുകള്‍ ഭാഗം മുറിച്ച് ആ മുറിവില്‍ നേരെ പൂമ്പൊടി വച്ച് ബീജസങ്കലനം നടത്തി വിജയിച്ച രീതി ഇവിടെയും പരീക്ഷിച്ചു. ആദ്യത്തെ പൂവില്‍ നിന്നുതന്നെ ഏഴു വിത്തുകള്‍ ഉണ്ടായി. എന്നാല്‍ അവയൊന്നും പരീക്ഷണശാലയില്‍ മുളച്ചില്ല. എന്നാലും പ്രതീക്ഷയ്ക്ക് വക നല്കിയ സംഭവമായിരുന്നു അത്. ഇനി എങ്ങാനും ഈ ചെടി വളരുന്ന ചുറ്റുപാടുകള്‍ വല്ലതുമായിരിക്കുമോ വിത്തുകള്‍ മുളയ്ക്കാന്‍ തടസ്സം നില്‍ക്കുന്നത്? ഈ ചെടിയേപ്പറ്റിയോ അതിന്റെ സ്വഭാവത്തെപ്പറ്റിയോ കാര്യമായ അറിവൊന്നും ശാസ്ത്രലോകത്തിന് ഇല്ലതാനും. ആദ്യത്തെ ചെടി ലഭിച്ച സ്ഥലത്തെ ചുറ്റുപാടുകള്‍ അനുകരിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ ക്ലോണ്‍ ചെയ്ത ചില ചെടികളുടെ പുഷ്പിക്കലില് ചില വ്യത്യാസങ്ങള്‍ കാണാനായി. ചൂടുകാലാവസ്ഥയില്‍ വിരിഞ്ഞ പൂക്കള്‍ പുഷ്പിക്കുന്നതിന്റെ അവസാനഭാഗമായപ്പോഴേക്കും വ്യത്യസ്തമായ ചില പ്രത്യേകതകള്‍ കാണിച്ചു. അത്തരം പൂക്കളില്‍ ഏതാണ്ട് മുന്നൂറോളം തവണ പരാഗണം നടത്തിയ ശേഷം ഉണ്ടായ നൂറോളം കായകള്‍ക്ക് മുളയ്ക്കല്‍ ശേഷിയും ഉണ്ടായി. അവ മുളച്ചുണ്ടായ ആരോഗ്യമുള്ള ചെടികളില്‍ ആവട്ടെ ആണ്‍ചെടികളും പെണ്‍ചെടികളും ഉണ്ടായിരുന്നു.

ഈ സ്പീഷിസിന്റെ സ്വഭാവത്തെപ്പറ്റി ധാരാളം അറിവുകള്‍ കാര്‍ലോസും കൂട്ടരും ഈ പഠനം വഴി നേടിയെടുത്തു. അവരുടെ പഠനത്തില്‍ നിന്നും ഇപ്പോള്‍ നമുക്കറിയാം കഫെ മാറോണില് ആണ്‍പൂക്കള്‍ ആണ് പെണ്‍പൂക്കളേക്കാള്‍ മുന്‍പ് ഉണ്ടാകുന്നതെന്ന് (ഈ സവിശേഷത protandrous എന്നാണ് സസ്യശാസ്ത്രത്തില്‍ അറിയപ്പെടുന്നത്). ഇവിടെയും കൗതുകങ്ങള്‍ അവസാനിച്ചില്ല. മുളച്ചുവന്ന ചെടികള്‍ മാതൃസസ്യവുമായി യാതൊരു സാമ്യവും ഉള്ളതായിരുന്നില്ല. വലിയ ചെടിക്ക് പച്ചനിറത്തില്‍ നീണ്ടുരുണ്ട ഇലകള്‍ ഉള്ളപ്പോള്‍ തൈകള്ക്കാവട്ടെ തവിട്ടുനിറത്തില്‍ നീണ്ട ഇലകള്‍ ആയിരുന്നു. ഇതിന്റെ ചെറിയ തൈകള്‍ ആരും കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യം ഒരു അമ്പരപ്പ് ഉണ്ടായെന്നുതന്നെ പറയാം. എന്നാല്‍ അവ വളര്‍ന്നപ്പോള്‍ മാതൃസസ്യത്തെപ്പോലെ തന്നെ ആയിത്തീരുകകയും ചെയ്തു. എന്താവും ചെറുപ്പത്തിലും പ്രായപൂര്ത്തിയിലും ഒരു ചെടിക്ക് ഇത്രമാത്രം വ്യത്യാസങ്ങള്‍ ഉണ്ടാവാന്‍ കാരണം? കഫെ മാറോണിന്റെ സ്വാഭാവികമായ ശത്രുവാണ് ഭീമന് ആമ. വലിയചെടിയുടെ തിളക്കമുള്ള പച്ച ഇലകള്‍ ഈ ആമകളെ ആകര്‍ഷിക്കും. തവിട്ടുനിറത്തില്‍ മെലിഞ്ഞ ഇലയോടുകൂടിയ തൈകള്‍ ആകട്ടെ നല്ലൊരു വലിപ്പം വയ്ക്കുന്നതുവരെ ആമകള്‍ കാണുകപോലും ചെയ്തില്ല. തങ്ങളെ തിന്നുന്ന ആമകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത വലിപ്പമെത്തുന്നതുവരെ ആ ചെടികള്‍ അങ്ങനെ രഹസ്യമായി മറ്റൊരു രൂപത്തില്‍ വളര്‍ന്നു.
ക്യൂ ഉദ്യാനത്തില്‍ കാര്‍ലോസിന്റെയും കൂട്ടരുടെയും ശ്രമഫലമായി കഫെ മാറോണ് ചെടികളുടെ നിറയെ വിത്തുകള്‍ ഉണ്ടായി. ആയിരത്തോളം വിത്തുകളില്‍ പകുതിയും റോഡ്രിഗസ് ദ്വീപില്‍ അവയുടെ സ്വാഭാവിക സ്ഥലത്ത് വളര്‍ത്താന്‍ നല്കി. 2010 കാലമായപ്പോഴേക്കും മൂന്നൂറോളം വിത്തുകള്‍ മുളച്ചുകഴിഞ്ഞു. വംശനാശഭീഷണിയില്‍ എന്നേക്കുമായി നഷ്ടപ്പെടാന്‍ പോയ ഒരു ചെടിയെ സാങ്കേതികവിദ്യയുടെ മികവ് ഉപയോഗിച്ച് രക്ഷിക്കാന്‍ സാധിച്ച വിജയകഥ ഇനിയും ഇത്തരം ചെടികളെ രക്ഷിക്കാനും ജീവനെ തിരിച്ചുപിടിക്കാനും കാരണമാവുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്.
Content Highlights: Eco story,Vinay raj,Ramosmania rodriguesi Plant , how science recover it from extinction,environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..