ചോണനുറുമ്പുകൾ | Photo-Wiki/By Seychelles Islands Foundation - [1], CC BY 4.0, https://commons.wikimedia.org/w/index.php?curid=85339009
ലോകത്തിലെ ഏറ്റവും അക്രമണാത്മക അധിനിവേശക്കാരായ നൂറു ജീവികളില്‍ ഒന്നാണ് ചോണനുറുമ്പ്. തദേദശീയരെ തുരത്തി സ്വേഛാധിപത്യം നടത്തുന്നവർ. കഴിഞ്ഞ രണ്ട് ദശകം കൊണ്ട് 15-20 ദശലക്ഷം ജീവികളെ ഇവര്‍ കൊന്നിട്ടുണ്ടാകും എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്
ചിലര്‍ പാവങ്ങളെപ്പോലെ കാഴ്ചയിലും പെരുമാറ്റത്തിലും തെറ്റിദ്ധരിപ്പിക്കും. വലിയ ബഹളവും ആക്രമണവും ഒന്നും ചെയ്യില്ല. പക്ഷെ അവരോളം പ്രശ്നക്കാര്‍ വേറെ ഉണ്ടാവില്ല. അതുപോലെ ഒരു കൂട്ടരാണ് ചോണനുറുമ്പുകള്‍. പുളിയുറുമ്പിന്റെ അത്ര വലിപ്പമില്ലാത്ത, നമ്മെ കടിക്കുകയൊന്നും ചെയ്യാതെ കാലിലും കൈയിലും ചറുപിറ ഓടിക്കളിച്ച് ഇക്കിളിയാക്കുക മാത്രം ചെയ്യുന്ന ചോണനുറുമ്പുകള്‍ എന്നാല്‍ അത്ര സാധുക്കളല്ല. yellow crazy ant എന്ന പേരിവര്ക്ക് കിട്ടിയത് ഇവരുടെ ക്രേസി പെരുമാറ്റം കൊണ്ടാണ്. ശരീരത്തിന് ചേരാത്തപോലുള്ള നീളന്‍ കാലുകള്‍ ഉള്ളതിനാല്‍ long-legged ant എന്നും വിളിക്കാറുണ്ട്. Anoplolepis gracilipes എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നവരാണ് ഇവര്‍. ലോകത്തിലെ ഏറ്റവും അക്രമണാത്മക അധിനിവേശക്കാരായ നൂറു ജീവികളില്‍ ഒന്നായാണ് International Union for Conservation of Nature IUCN , ഇന്‍വേസീവ് സ്പീഷിസ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് (SSC) ഒക്കെ ഇവരെ കണക്കാക്കീട്ടുള്ളത്. മറ്റ് ഉറുമ്പുകള്‍ക്ക് മേല്‍കൈയുള്ള പ്രദേശങ്ങളില്‍ എത്തിയാല്‍ അവരെ പതുക്കെ ഒഴിവാക്കി അവിടം സ്വന്തമാക്കാന്‍ വലിയ കഴിവുള്ളവരാണിവര്‍. കൂടാതെ തദ്ദേശീയ സസ്യ ജന്തുജാലങ്ങള്‍ക്ക് വന്‍ ഭീഷണിയും ആകും.
യുദ്ധത്തില്‍ അതികായര്‍
ഉറുമ്പുകളോട് യുദ്ധം ചെയ്ത് വിജയിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും ദുരാഗ്രഹമാണെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഏത് നെപ്പോളിയന് ബോണപ്പാര്‍ട്ടിനും തോല്‍പ്പിക്കാന്‍ കഴിയാത്ത സാമ്രാജ്യങ്ങളുടെ അധിപരാണ് ഉറുമ്പുകള്‍. ആര്‍ക്കും കീഴടങ്ങാത്തവര്‍. പതിനാലായിരത്തോളം സ്പീഷിസ് ഉറുമ്പുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും എത്രയോ ഇനം ഉറുമ്പുകള്‍ തിരിച്ചറിയാനുണ്ട്. അവയില്‍ നീറുകളേയും കട്ടുറുമ്പുകളേയും ചോണനുറുമ്പുകളേയും മറ്റും മാത്രമാണ് നമുക്ക് പേരെടുത്ത് പറഞ്ഞ് തിരിച്ചറിയാനുള്ള പരിചയം ഉള്ളത്. മറ്റുള്ള നൂറുകണക്കിന് ഇനങ്ങളെ വെറും ഉറുമ്പുകള്‍ എന്നു മാത്രമായി നമുക്ക് അറിയാം. ചോണനുറുമ്പ് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും. വീട്ടിലും നാട്ടിലും എവിടെയും. നീളങ്കാലികളായ ഇവയ്ക്ക് നീളമുള്ള ആന്റിനകളും വലിയ കണ്ണുകളും പ്രത്യേകതകളാണ്.
ഉറുമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും സാധുക്കളായി കണക്കാക്കുന്നത് ചോണനുറുമ്പുകളെയാണ്.
ചോണനുറുമ്പുകള്‍ നീറുകളെപ്പോലെ കൂട്ടമായി ആക്രമിക്കില്ല, നീറിപ്പിക്കുന്ന കടിയില്ല . കട്ടുറുമ്പുകളെപ്പോലെ കടികിട്ടിയ സ്ഥലത്ത് തിണിര്‍ത്ത് പൊന്തി നേരത്തോട് നേരം വേദനയും പുകച്ചിലും ഒന്നും ഇവര്‍ ഉണ്ടാക്കില്ല. ഇതൊക്കെയാണ് ഈ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒരു കാരണം. നിലാവത്തിറങ്ങിയ കോഴിയെപ്പോലെ ബേജാറായ ഓച്ചലും പാച്ചലും കൂടാതെ നീളന്‍ സ്വര്ണ്ണക്കാലുകളുമായി ചറപറതിരിഞ്ഞ് കളിക്കുന്ന മന്ദപ്പന്മാര് എന്നാണ് നമ്മുടെ കരുതല്‍. ദേഹത്ത് കയറിയാലും ഇക്കിളിയെടുപ്പിക്കുന്ന ഒരു പാഞ്ഞുകളി മാത്രമേ ഉള്ളു. അതുകൊണ്ട് കൊല്ലാനൊന്നും തോന്നില്ല. സൗത്ത് ഈസ്റ്റ് ഏഷ്യയിലോ പടിഞ്ഞാറന്‍ ആഫ്രിക്കയിലോ ഉരുത്തിരിഞ്ഞ് പിന്നീട് യാദൃശ്ചികമായി മറ്റ് ഉഷ്ണമേഖല പ്രദേശങ്ങളിലേക്ക് എത്തപ്പെട്ടവരാണിവര്. മനുഷ്യ യാത്രകള്‍ക്ക് മുന്‍പ് തന്നെ കടലിലൂടെ ഒഴുകി കരകളില്‍ അടിഞ്ഞ മരത്തടികളിലൂടെയാവാം ഇവര്‍ ചിലപ്പോള്‍ പസഫിക്കിലെ പല ദ്വീപുകളിലും എത്തിയത്. പിന്നീട് വാണിജ്യ നീക്കങ്ങളില്‍ ചരക്കുകളോടൊപ്പം ഇവരും പല തുറമുഖങ്ങളിലും ആരുമറിയാതെ കപ്പലിറങ്ങി. അങ്ങനെ എത്തപ്പെട്ട സ്ഥലങ്ങളിലെ തദ്ദേശീയ ജൈവ ലോകത്തിന് വലിയ ഭീഷണിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വീണേടം വിഷ്ണുലോകമാക്കി, അവിടെ പുതു സാമ്രാജ്യങ്ങള്‍ പതുക്കെ പണിതുയര്‍ത്തുന്ന അലഞ്ഞു നടക്കുന്ന സ്വഭാവക്കാരായതിനാല്‍ ഇവരെ tramp ants എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

രാജ്ഞിക്ക് വേണ്ടിയുള്ള ഭക്ഷണ ശേഖരണം
വിത്തും ധാന്യങ്ങളും മറ്റ് ഷഡ്പദങ്ങളും കശേരുകികളുടെ ജീര്ണ്ണശവവും ഒക്കെ ഭക്ഷണമാക്കും. ഒച്ചുകള്‍ , ഞണ്ടുകള്‍, മണ്ണിരകള്‍, പ്രാണികള്‍ തുടങ്ങിയവയെ ഒക്കെ ആക്രമിച്ച് കൊന്ന് തിന്നും. മുട്ടകളുടെ നിര്‍മ്മാണത്തിന് രാജ്ഞിക്കായി പ്രോട്ടീന്‍ ആഹാരങ്ങള്‍ കൂടുതല്‍ ശേഖരിക്കണം എന്നതു കൂടാതെ ബാക്കിയുള്ള ജോലിക്കാരികള്‍ക്ക് മുഴുവന്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഊര്‍ജ്ജ ദായക ഭക്ഷണം ആണ് കൂടുതല്‍ വേണ്ടത്. ഇതിനായി തേന്‍ പോലുള്ളവയ്ക്കായി അവര്‍ അലയും. പഞ്ചസാര ഒരു തരി മുറിയില്‍ വീണാല്‍ അവര്‍ നിമിഷം കൊണ്ട് അവിടെ എത്തും. പഞ്ചസാര ഭരണികളില്‍ നിന്ന് എത്ര ഓടിച്ച് വിടാന്‍ നോക്കിയാലും ചത്താലും പോകില്ല എന്ന വാശിയില്‍ തിരിഞ്ഞ് കളിക്കും.

മധുര ദ്രാവക കൊതിയന്മാര്
ചെടികളിലെ ശല്ക്കപ്രാണികളേയും ആഫിഡുകളെയും (മൃദുവും സുതാര്യവുമായ ശരീരത്തോട് കൂടിയ നീലി മൂട്ട) കൊണ്ട് മധുര ദ്രവം ചുരത്തിപ്പിക്കും. കൃഷി ചെയ്യുന്ന വിളകള്‍ക്ക് വലിയ ദോഷം ചെയ്യുന്ന അഫിഡുകള്‍, ശല്ക്കപ്രാണികള് മിലിമൂട്ടകള്‍ എന്നിവയൊക്കെയും ആയി മ്യൂച്ചലിസം എന്ന സഹവര്‍ത്തിത്വത്തില്‍ കഴിയുന്നവരാണ് ചോണനുറുമ്പുകള്‍. ഈ കീടങ്ങള്‍ ചെടിത്തണ്ടുകളുടെ നീരൂറ്റിക്കുടിക്കുകയാണ് ചെയ്യുക. ഉറുമ്പുകള്‍ ഇവയുടെ പിറകില്‍ നിന്ന് ഊറുന്ന മധുര ദ്രവത്തിന്റെ കൊതിയന്മാരാണ്. ഉറുമ്പുകള്‍ ആന്റിന കൊണ്ട് പതുക്കെ പിറകില്‍ തട്ടിക്കൊടുത്താല്‍ പശുക്കള്‍ അകിട് ചുരത്തി പാലൊഴുക്കുന്നതുപോലെ അപ്പപ്പോള്‍ തേന്‍ തുള്ളിപോലുള്ള മധുരനീര് ഒഴുക്കിക്കൊടുക്കും. ഇതിനാല്‍ ഈ ഉറുമ്പുകള്‍ അഫിഡുകളുടെയും ശല്ക്കപ്പ്രാണികളുടെയും ഒക്കെ ശത്രുക്കളായ ഇരപിടിയന്‍ ചിലന്തികളേയും, ലേഡിബേഡുകളേയും ഒക്കെ ഓടിച്ച് വിടും. സംരക്ഷണം കൊടുക്കും. കാവല്‍ നില്ക്കും. കൂടുതല്‍ നീരുള്ള ചെടിത്തണ്ടുകളിലേക്ക് കീടങ്ങളെ തെളിച്ച്കൊണ്ടുപോകും. ശരിയ്ക്കും പശുവളര്‍ത്തല്‍ പോലെ തന്നെ. ചോണനുറുമ്പുകള്‍ ഇത്തരത്തില്‍ കൃഷിയ്ക്ക് നേരിട്ട് ദോഷം ചെയ്യുന്ന കീടങ്ങളുടെ സംരക്ഷകര്‍ ആകുന്നതിനാല്‍ പരോക്ഷകീടം ആയാണ് കണക്കാക്കുന്നത്.
സഹജീവികളോട് കരുണ തീരെ കുറവ്
മറ്റ് ഉറുമ്പുകളോടും മനുഷ്യരോടും തന്ത്രപരമായ ഒഴിഞ്ഞുമാറ്റമാണ് ആക്രമണത്തിനുപകരം ഇവര്‍ പയറ്റുക. സഹ ജോലിക്കാരായ കൂട്ടത്തിലൊരാള്‍ക്ക് അപകടം പറ്റിയാല്‍, വേറെ ഉറുമ്പിനങ്ങള് കൂട്ടത്തിലൊരാളെ ആക്രമിച്ചാല്‍, മറ്റുള്ളവര്‍ എല്ലാം ചേര്‍ന്ന് തിരിച്ച് ആക്രമിക്കുന്ന പെരുമാറ്റം ഇവര്‍ക്ക് ഇല്ല. ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ സംഭവം അവഗണിച്ച് അന്തംവിട്ടപോലെ തേരാ പാരാ ചറപറ ഓടി നടക്കും. അത്രതന്നെ. കൂടതല്‍ പേര് അപകടത്തില്‍ പെട്ട് എണ്ണം കുറക്കുന്നതില്‍ കാര്യമില്ല എന്നതാണവരുടെ നിലപാട്. കുഴിയാനക്കുഴികളില് വീണ കൂട്ടുകാരെ ഇവര്‍ തിരിഞ്ഞ് നോക്കില്ല, കുഴിയില്‍ നിന്ന് കയറാന്‍ സഹായിക്കില്ല. ചാവേറുകളായി ചാടിവീണ് ശത്രുക്കളോട് പൊരുതിച്ചാവാന്‍ നില്‍ക്കില്ല. അവര്‍ അവരുടെ സാമ്രാജ്യം പക്ഷെ വികസിപ്പിച്ച് കൊണ്ടിരിക്കും.

കോളനിവത്കരണത്തില്‍ സമര്‍ത്ഥര്‍
ബഡിങ്ങ് എന്ന പരിപാടിയിലൂടെ പുതു കോളനികള്‍ സ്ഥാപിച്ച് വ്യാപിപ്പിക്കാന്‍ സമര്‍ത്ഥരാണ് ചോണനുറുമ്പുകള്‍. ഒരു കോളനി അംഗസംഖ്യ തരക്കേടില്ലാത്ത വിധം വളര്‍ന്നുകഴിഞ്ഞാല്‍ കോളനിയിലെ പ്രത്യുത്പാദന കഴിവുള്ള പെണ് ഉറുമ്പുകള്‍ രാജ്ഞിമാരായി കുറേ ജോലിക്കാരെ അടര്‍ത്തിയെടുത്ത് കൂടെ കൂട്ടി പതുക്കെ സംഘമായി നടന്ന് കുറച്ച് ദൂരെപോയി പുതിയ ബ്രാഞ്ച് തുടങ്ങും. അതൊരു കോളനിയായി വളരും. സാധാരണയായി മറ്റ് യൂസോഷ്യല്‍ ഇന്‍സെക്റ്റുകള്‍ വിവാഹ പറക്കല്‍ നടത്തി, ഇണകളെ ആകര്‍ഷിച്ച് , അവരുമായി ഇണചേര്‍ന്ന് മുട്ടയിട്ട് അവയെ വിരിയിച്ച്, ആ കുഞ്ഞുങ്ങളുടെ സഹായത്തോടെ കൂടു പണിത്, പതുക്കെ പതുക്കെ കോളനി വികസിപ്പിക്കുന്ന രീതിയാണ് പിന്തുടരുക. വലിയ അപായ സാധ്യതയും വെല്ലുവിളിയും അതില്‍ ഉണ്ട്. ബഡിങ്ങ് കുറേക്കൂടി എളുപ്പമായതിനാലാണ് ഈ ഇനം ഉറുമ്പുകള്‍ ലോകം ഇത്ര വേഗം കീഴടക്കിയത്.
ആയിരം വര്‍ഷമായി അവിടം പ്രത്യേക ഇനം ചുവപ്പന്‍ കര ഞണ്ടുകളുടെ സാമ്രാജ്യമായിരുന്നു. പക്ഷെ കുറഞ്ഞ കാലം കൊണ്ട് അവയുടെ കുലം മുടിയലിന്റെ അതിരിലെത്തിച്ച ഭീകരരാണ് ചോണനുറുമ്പുകള്‍.
ക്രിസ്തുമസ് ദ്വീപും ചോണനുറുമ്പകളും
1930ൽ ആണ് ചോണനുറുമ്പുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ക്രിസ്തുമസ് ദ്വീപില്‍ (Christmas Island) എത്തപ്പെടുന്നത്. അവിടത്തെ പ്രത്യേക സസ്യ ജന്തു വൈവിധ്യം വലിയ പ്രതിസന്ധിയിലായത് ചോണനുറുമ്പുകളുടെ വരവോടെ ആണ്. നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും ഇവര്‍ ദ്വീപിന്റെ 28 ശതമാനം പ്രദേശത്തേക്കും എത്തിക്കഴിഞ്ഞിരുന്നു. ഓരൊ ചതുരശ്ര മീറ്ററിലും 2000 ചോണനുറുമ്പ് എന്ന അളവില്‍ സൂപ്പര്‍ കോളനികള്‍ അവരുണ്ടാക്കി. എത്രയോ ആയിരം വര്‍ഷമായി അവിടം പ്രത്യേക ഇനം ചുവപ്പന്‍ കര ഞണ്ടുകളുടെ സാമ്രാജ്യമായിരുന്നു. പക്ഷെ കുറഞ്ഞ കാലം കൊണ്ട് അവയുടെ കുലം മുടിയലിന്റെ അതിരിലെത്തിച്ച ഭീകരരാണ് ചോണനുറുമ്പുകള്‍. പ്രതി ദിനം മൂന്നു മീറ്റര്‍ തോതില്‍ ഈ സൂപ്പര്‍ കോളനികള്‍ അവയുടെ വലിപ്പം വര്ദ്ധിപ്പിച്ച്കൊണ്ടിരുന്നു. അതായത് ഒരു വര്‍ഷ 1.1 കിലോ മീറ്റര്‍ എന്ന തോതില്‍. കടിക്കാനും കുത്താനും ഒന്നും ചോണനുറുമ്പിന് ആവില്ല. പക്ഷെ ശരീരത്തിലെ ഫോര്‍മിക് ആസിഡ് തങ്ങളുടെ റ്റെറിട്ടറിയില് തൂവിപ്പരത്തും ഇവ. ഈ ആസിഡ് ഞണ്ടുകളുടെ കണ്ണില്‍ എത്തിയാല്‍ കാഴ്ച പോകും. ഇരതേടാനാകാതെ പലതും ചാവും.

കൂടാതെ ദേഹത്ത് പുരണ്ട ആസിഡ് ഉണക്കിക്കളയാന്‍ ഇവ വെയിലത്ത് നിന്ന്, ഡിഹൈഡ്രേഷന് വന്നും ചത്ത് പോകും. ചത്ത ഞണ്ടുകളുടെ ശരീരത്തിലെ പ്രോട്ടീന്‍ ചോണനുറുമ്പുകള്‍ ശേഖരിക്കും. കഴിഞ്ഞ രണ്ട് ദശകം കൊണ്ട് ഇത്തരത്തില്‍ 15-20 ദശലക്ഷം ജീവികളെ ഇവര്‍ കൊന്നിട്ടുണ്ടാകും എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കരയിലെ ജൈവാവശിഷ്ടങ്ങള്‍ തിന്നും ദഹിപ്പിച്ചും മണ്ണ് ഫലഭൂയിഷ്ടമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ ഇനം ഞണ്ടുകളുടെ നാശം അവിടത്തെ ഇക്കോ സിസ്റ്റത്തിന്റെ സ്വാഭാവിക സംന്തുലനത്തെ കാര്യമായി ബാധിച്ചുകഴിഞ്ഞു. അവിടത്തെ കാടുകളുടെ സ്വഭാവം തന്നെ മാറിക്കഴിഞ്ഞു. അതുകൊണ്ട് കരുതിക്കോളൂ. കടിച്ചുപദ്രവിക്കാത്ത ചോണനുറുമ്പുകള്‍ അത്ര പാവങ്ങളല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..